scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Mar 17, 2013

വിചാരണ തടവിന്റെ മതവും രാഷ്ട്രീയവും


വിചാരണ തടവിന്റെ മതവും രാഷ്ട്രീയവും


- തന്‍സീര്‍ കാവുംതറ

എവിടെയെങ്കിലും ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ അതിനുപിന്നില്‍ മുസ്‌ലിംകളാണ് എന്ന ധാരണ പൊതുസമൂഹത്തില്‍ വേരുറച്ചു വളരാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളായി. അങ്ങനെയൊരു ധാരണ വളര്‍ത്തിയെടുക്കുന്നതില്‍ നിയമപാലകരും മീഡിയയും പങ്കുവഹിച്ചിട്ടുണ്ടെന്ന് രാജ്യത്തിന്റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്കൊക്കെയും വളരെവേഗം മനസിലാവും. 



ഇപ്പോള്‍ പൊതുമുസ്‌ലിംകള്‍ എന്നതില്‍ നിന്നുമാറി, വിദ്യാസമ്പന്നരായ മുസ്‌ലിം ചെറുപ്പക്കാരെയാണ് ഈ വേട്ടക്കാര്‍ ലക്ഷ്യമിടുന്നത്. സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍പോലും തൃണവല്‍ക്കരിച്ച് കസ്റ്റഡിയിലെടുക്കാനും ഒരു രേഖയുമില്ലാതെ ദീര്‍ഘനാള്‍ ജയിലിലടച്ച് ചതച്ചരക്കാനും പൊലീസുകാര്‍ ജാഗ്രതയിലാണ്. അറസ്റ്റിലാവുന്ന വ്യക്തിയോട് എന്താണ് അയാളുടെ പേരിലുള്ള കുറ്റമെന്ന് പറയണമെന്നും അറസ്റ്റ് വിവരം ഉടന്‍ തന്നെ ബന്ധുക്കളെ അറിയിക്കണമെന്നും ഇരുപത്തിനാല് മണിക്കൂറിനകം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കണമെന്നുമാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. മുസ്‌ലിം യുവാക്കളെ (ഇവരിലധികവും ഉന്നത ബിരുദ വിദ്യാര്‍ത്ഥികളോ ബിരുദധാരികളോ ആണ്) വാറണ്ടുപോലുമില്ലാതെ തുറുങ്കിലടച്ചും ഭേദ്യമുറകളുപയോഗിച്ച് കുറ്റസമ്മതത്തിനു നിര്‍ബന്ധിതരാക്കുകയുമാണ് പൊലീസ്. ഒട്ടേറെ സ്ഥലങ്ങളില്‍ ഇത് ഭീതിയുടെയും സംഭ്രമത്തിന്റെയും വിരട്ടലിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ജയ്പൂര്‍, ബാംഗ്ലൂര്‍, അഹമ്മദാബാദ്, മക്കാമസ്ജിദ്, ഡല്‍ഹി, അസംഗഢ് എന്നിവിടങ്ങളിലെല്ലാം ഈ പ്രവണത വളരെ പ്രകടവുമാണ്. നിയമസംവിധാനത്തിന്റെയും നീതിന്യായാലയത്തിന്റെയും കാവല്‍ മാലാഖമാരാവേണ്ടവര്‍, സങ്കുചിത വീക്ഷണക്കാരാവുകയും ഇന്റലിജന്‍സ് മേധാവികള്‍ പണക്കെട്ടുകള്‍ക്ക് മീതെ പറക്കുകയും ചെയ്തതോടെ ഭീകരതയെയും സ്‌ഫോടനങ്ങളെയും മതത്തിന്റെ കണ്ണാടിയിലൂടെ നോക്കിക്കാണുന്ന അവസ്ഥ സംജാതമാവുകയായിരുന്നു.


കളങ്കിത പ്രതിഛായക്കപ്പുറം ഉയരാന്‍ നമ്മുടെ പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡുകള്‍ക്ക് കഴിയുന്നില്ലെന്നത് ലജ്ജാകരമാണ്. നിയമത്തിന്റെ സുവ്യക്തവും സുതാര്യവുമായ വഴികളേക്കാള്‍, കിരാതവും മൃഗീയവുമായ നടപടിക്രമങ്ങളോടാണ് അവര്‍ക്ക് താല്‍പര്യമെന്ന സംശയവും ഈ സാധ്യതയെ പൂര്‍ണമായി സാധൂകരിക്കുന്നുണ്ട്. നിലവിലെ ഭീകരവിരുദ്ധ തന്ത്രങ്ങളും നടപടികളും സമഗ്രമാറ്റത്തിനു വിധേയമാവുന്നില്ലെങ്കില്‍, ഇവര്‍ തെരഞ്ഞുപിടിച്ച് ഇരക്കുപ്പായം തയ്ച്ചു നല്‍കുന്ന ന്യൂനപക്ഷങ്ങള്‍ക്ക്/ മുസ്‌ലിംകള്‍ക്ക് ഒരിക്കലും സുരക്ഷിതാബോധമോ പൂര്‍ണ പൗരന്മാരെന്ന നിലയില്‍ ജീവിക്കുന്ന സമൂഹത്തിന്റെ ഭാഗമാണെന്ന ബോധമോ ഉണ്ടാവുകയില്ല. രാജ്യത്തിന് മനുഷ്യാവകാശങ്ങളോടും നിയമസംവിധാനങ്ങളോടും അരയിഞ്ചെങ്കിലും ആദരവുണ്ടെങ്കില്‍, തരിമ്പെങ്കിലും സാമൂഹിക സംസ്‌കൃതി ഉണ്ടാവണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ നിയമവാഴ്ചയെ വെല്ലുന്ന പൊലീസ് വാഴ്ചക്ക് കടിഞ്ഞാണിട്ട് 'മുസ്‌ലിം വേട്ട'ക്കിറങ്ങുന്നവരെ നിയന്ത്രിച്ചേ പറ്റൂ.


രാജ്യത്തിന്റെ അടിത്തറയിളക്കുന്ന സ്‌ഫോടനങ്ങളും വര്‍ഗീയ ലഹളകളും നിരന്തരം ആവര്‍ത്തിക്കപ്പെടുമ്പോള്‍, അകാരണമായും തെളിവിന്റെ ഒരംശംപോലുമില്ലാതെയും മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് കാരാഗ്രഹവാസം വിധിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രതികള്‍ സൈ്വരവിഹാരം നടത്തുന്ന കാഴ്ച നിത്യമാണ്. സര്‍വ്വതും ഏറ്റുപറഞ്ഞ് കീഴടങ്ങിയ സ്വാമി അസിമാനന്ദയും നരോദാ പാട്യക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി മായകോഡ്‌നാനിയുമെല്ലാം എത്രയോ കാലം മറക്കുമുമ്പില്‍ തന്നെ ആടിപ്പാടി തിമിര്‍ത്തവരാണ്. ബോംബെ കലാപത്തെ തുടര്‍ന്ന് ആയിരക്കണക്കിന് മുസ്‌ലിംകളാണ് പിറന്ന നാട്ടില്‍ അഭയാര്‍ത്ഥികളായി ജീവിക്കേണ്ടിവന്നത്. താക്കറെയുടെ പരസ്യമായ ആഹ്വാനം വഴി ശിവസേനയുടെ പ്രബല നേതാക്കളായിരുന്നു അതിക്രമങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. ഇതേകുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ ശിപാര്‍ശകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയുമെടുക്കാതെ മുസ്‌ലിം മനസ്സുകളില്‍ വീണ്ടും തീക്കനല്‍ ചൊരിയുകയാണ് സര്‍ക്കാറും കോടതികളും ചെയ്തത്. 


അന്യായമായി അറസ്റ്റ് ചെയ്യപ്പെടുന്നവരില്‍ അധികവും മേല്‍വിലാസമില്ലാത്ത മരണങ്ങളുടെ പട്ടികയിലാണ് പിന്നീട് പ്രത്യക്ഷപ്പെടുന്നത്. പിടികൂടിയവരെ വെടിവെച്ച് കൊന്ന് അതിനെ 'ഏറ്റുമുട്ടല്‍' പരിവേഷത്തിലൂടെ ന്യായീകരിക്കാനുള്ള നമ്മുടെ നിയമകാവലാളുകളുടെ വൈദഗ്ധ്യം അപാരമാണ്. ഇന്ത്യയിലുണ്ടാവുന്ന 99 ശതമാനം ഏറ്റുമുട്ടലുകളുടെയും സത്യചിത്രം അമ്പരപ്പിക്കുന്നതാണ്. മൃഗീയമായി കൊന്ന് മൃതദേഹങ്ങള്‍ മീഡിയാപ്രതിനിധികള്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ച് രക്ഷാകവചം തീര്‍ക്കുന്ന നൃശംസതയാണ് നമ്മുടെ പൊലീസ് സ്റ്റോറി. 2002 നവംബറില്‍ ഡല്‍ഹിയിലെ അന്‍സല്‍ പ്ലാസയില്‍ രണ്ടുപേരെ കൊന്നു. 2008 സപ്തംബറില്‍ ബട്‌ല ഹൗസില്‍ രണ്ട് ജാമിഅ വിദ്യാര്‍ത്ഥികളെ തോക്കിന്നിരയാക്കി. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 2560 ഏറ്റമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നുവെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.


ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിം വിദ്യാസമ്പന്ന യുവാക്കള്‍ മാത്രം അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ കാരണങ്ങള്‍ ചികഞ്ഞന്വേഷിക്കേണ്ട കാര്യമൊന്നുമില്ല. ഈ അറസ്റ്റുകളും വൈരുദ്ധ്യം നിറഞ്ഞ വിശദീകരണങ്ങളും ഒരു കാര്യം സുതരാം തെര്യപ്പെടുത്തുന്നു. മുസ്‌ലിംകളെ വിദ്യാഭ്യാസ രംഗത്തുനിന്നും ഉന്നതസ്ഥാനങ്ങളില്‍നിന്നും അകറ്റാനുള്ള കുത്സിത തന്ത്രങ്ങളുടെ ഭാഗമാണിത്. അതുകൊണ്ട് തന്നെ സംഘടിത ഗൂഢാലോചനയിലൂടെ മുസ്‌ലിംകള്‍ക്ക് പ്രൈവറ്റ് കമ്പനികളിലും മറ്റും സ്ഥാനങ്ങള്‍ തടഞ്ഞുവെക്കുന്നുണ്ട്. മാത്രമല്ല, ഇത്തരം കമ്പനികളില്‍ ഉദ്യോഗസ്ഥരായ മുസ്‌ലിം യുവാക്കളെ ഏറ്റുമുട്ടല്‍ പ്രതിയായും ഭീകരവാദിയായും ചിത്രീകരിച്ച് അറസ്റ്റ് ചെയ്യുന്നത് പതിവു വൃത്താന്തമായിരിക്കുന്നു. ഇതിന്റെ കണ്‍വെട്ടത്തുള്ള ചിത്രങ്ങള്‍ ഏറെയുണ്ട്. വിപ്രോ ബ്രാഞ്ചില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായിരുന്ന ആരിഫ് തൗഖിറിന്റെ അനുഭവം പ്രകടമായ തെളിവ് തന്നെ. മുംബൈയില്‍ ഒരു ലോക്കല്‍ ട്രെയിനില്‍ ഉണ്ടായ സ്‌ഫോടനത്തിന് ശേഷം ഇയാളെ കാണാനില്ല. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് കുടുംബത്തിന് പോലും അറിയില്ല. പക്ഷേ, അഹ്മദാബാദ്, ഡല്‍ഹി, ബോംബെ സ്‌ഫോടനങ്ങള്‍ക്ക് ശേഷം തൗഖിറിനെ അതിന്റെ മാസ്റ്റര്‍ മൈന്റായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരിക്കുന്നു. 


അസ്ഹര്‍ പീര്‍ ബഹിയുടേത് മറ്റൊരു ഉദാഹരണമാണ്. മള്‍ട്ടി നാഷണല്‍ കമ്പനിയായ 'യാഹു ഇന്ത്യ'യില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായി ജോലി ചെയ്യുകയായിരുന്നു. മാസവരുമാനം 19 ലക്ഷം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ജയ്പൂര്‍, അഹ്മദാബാദ്, ഡല്‍ഹി സ്‌ഫോടനങ്ങളുടെ സൂത്രധാരനെന്ന് ആരോപിപ്പിക്കപ്പട്ട് അറസ്റ്റ് ചെയ്യപ്പെടുന്നത്. ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയിലെ ളിയാഉര്‍റഹ്മാന്‍, ഭീഷാന്‍, സാഖിബ് എന്നിവരുടെ കഥകളും തഥൈവ. ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുകയും സ്‌ഫോടനങ്ങളുടെ പേരില്‍ തുറുങ്കിലടക്കപ്പെടുകയും ചെയ്യുന്നത് മുസ്‌ലിം വിദ്യാസമ്പന്ന സമൂഹമായിതീരുന്നതില്‍ സവര്‍ണ ഫാഷിസ്റ്റ് ശക്തികള്‍ക്ക് ഒരു ലക്ഷ്യമുണ്ട്. അതിന് അവര്‍ കണ്ടെത്തിയ ആശയമാവട്ടെ, പുരോഗതിയുടെ സര്‍വ്വ വാതായനങ്ങളും കൊട്ടിയടക്കുംവിധം അഭ്യസ്ഥവിദ്യരെ തന്നെ ഉന്മൂലനാശം വരുത്തുക എന്നതായിരുന്നു.


മരപ്പൊത്തിലും ബാനറുകള്‍ക്കിടയിലും ബോംബ് കണ്ടെത്തിയ സൂറത്തിലെ പൊലീസ് പുറത്തുവിട്ട ചിത്രം അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. ഇതില്‍ കുറ്റാരോപിതനായ 'സാഖ്ബ്' എന്ന മുസ്‌ലിം യുവാവ് സ്‌ഫോടന സമയത്ത് ഡല്‍ഹിയില്‍ യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതുകയായിരുന്നുവെന്ന് രേഖാമൂലം ചാനലുകളടക്കമുള്ളവര്‍ക്ക് മുമ്പാകെ പേര്‍ത്തും പേര്‍ത്തും പറഞ്ഞിട്ടും കണ്ണടച്ച് ഇരുട്ടാക്കിയ അധികൃതര്‍ മുമ്പേ തയാര്‍ ചെയ്ത 'പ്രതിപട്ടിക' ഫയല്‍ ചെയ്യുകയുണ്ടായി. മഹാരാഷ്ട്രയിലെ മലേഗാവിലും അതുപോലെ ഹൈദരാബാദിലും നടന്ന സ്‌ഫോടനങ്ങളില്‍ പ്രതികളെന്നു സംശയം തോന്നിയവരെകുറിച്ച് നാട്ടുകാര്‍ പൊലീസിന് സൂചന നല്‍കിയിരുന്നു. സമാന സംഭവമായിരുന്നു കാണ്‍പൂരിലേതും. സ്വാഭാവികമായി തോന്നുന്ന സംശയംപോലും ഈ കേസുകളില്‍ പൊലീസ് പ്രകടിപ്പിച്ചില്ല. മാത്രമല്ല, അങ്ങനെയൊന്ന് ഉണ്ടായില്ലെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം.


കര്‍ണാടകയില്‍ നടക്കുന്ന 'മുസ്‌ലിം വേട്ട'ക്ക് പൊലീസിനെ വെല്ലുന്ന നേതൃത്വമാണ് പല മാധ്യമങ്ങളും വഹിക്കുന്നത്. വിശ്വേശ്വര്‍ ഭട്ട് (സുവര്‍ണ ന്യൂസ് ചാനല്‍, കന്നടപ്രഭ, ദിനപത്രം എന്നിവയുടെ ചീഫ് എഡിറ്റര്‍) പ്രതാപ് സിന്‍ഹ (കോളമിസ്റ്റ് കന്നടപ്രഭ) വിജയ ശങ്കേശ്വര (ഉടമ, വിജയവാണി ദിനപത്രം), പ്രഹ്ലാദ് ജോഷി (ബി.ജെ.പി. എം.പി) തുടങ്ങിയവരാണ് കര്‍ണാടകയിലെ ന്യൂനപക്ഷ വേട്ടക്കാരുടെ മുന്നണിപ്പോരാളികളെന്ന് 'ഔട്ട്‌ലുക്ക് മാഗസിന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.


അപരാധികളെ കുടത്തിലൊളിപ്പിക്കുകയും നിരപരാധികളെ ഭൂതങ്ങളായി ചിത്രീകരിക്കുകയും ചെയ്ത് മാധ്യമങ്ങളും നിയമപാലകരും നടത്തുന്ന ട്രിപ്പീസ് കളിയുടെ പര്യവസാനം കുറിക്കപ്പെടുന്നത് എന്നാണോ അപ്പോള്‍ മാത്രമേ മുസ്‌ലിമിന് മേല്‍ പതിപ്പിച്ച ബാഡ്സ്റ്റിക്കര്‍ നീങ്ങുകയുള്ളൂ. പൊലീസ് എന്ന പദത്തിന് ജീഹശലേ, ഛയലറശലി,േ ഘീ്യമഹ, കിലേഹഹശഴലി,േ ഇീൗൃമഴലീൗ,െ ഋളളശരശലി േഎന്നാണ് പിരിച്ചെഴുത്ത്. അത് തിരുത്തിക്കുറിക്കേണ്ട അവസ്ഥയാണ് പലപ്പോഴും ഉണ്ടാവുന്നത്.

Share/Bookmark

No comments: