ഇറ്റാലിയന്‍ നാവികരും മൂന്നു മുഖപ്രസംഗങ്ങളും
ഇറ്റാലിയന്‍ വെടിവെപ്പും അതിനെ തുടര്‍ന്നുണ്ടായ നയതന്ത്ര പ്രശങ്ങളും മലയാളത്തിലെ മൂന്നു പ്രമുഖ മാധ്യമങ്ങള്‍ സമീപിച്ചതെങ്ങിനെ എന്ന് നോക്കാം
കൊല്ലം നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ രണ്ടു തൊഴിലാളികളെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15നു കടലില്‍ വെടിവച്ചുകൊന്ന കേസിലെ പ്രതികളായ രണ്ടു നാവികരെ ഇറ്റലിയില്‍നിന്നു മടക്കിക്കൊണ്ടുവരുന്നതിനെച്ചൊല്ലിയുണ്ടായ കോലാഹലങ്ങള്‍ക്ക് അവര്‍ തിരിച്ചു വന്നതോടെ താല്‍കാലിക അറുതിയായി എന്ന് പറയാം. ഈ വിഷയത്തെ നമ്മുടെ പ്രമുഖമായ മൂന്നു പത്രങ്ങള്‍ മുഖപ്രസംഗത്തിലൂടെ വിലയിരുത്തിയിട്ടണ്ട്.
ആദ്യം വിഷയത്തില്‍ പ്രതികരിച്ചത് തൊട്ടടുത്ത ദിവസം മനോരമയാണ് , തുടര്‍ന്ന് മാതൃഭൂമിയും പിന്നീട് മാധ്യമവും വിഷയം വിലയിരുത്തി അവരുടെ നിലപാടുകള്‍ സ്വന്തം പത്രങ്ങളിലൂടെ മാലോകരെ അറിയിച്ചു.
ഈ വര്‍ഷം ആരംഭം മുതല്‍ ഞാന്‍ Editorials എന്നാ പേരില്‍ (മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ മുഖപ്രസംഗങ്ങള്‍ ഒരോ ദിവസവും കോര്‍ത്തിണക്കി വായനക്കാരില്‍ എത്തിക്കാനുള്ള ചെറിയ ശ്രമം.) ഒരു ബ്ലോഗ് ആരംഭിച്ചിരുന്നു. ദിവസവും മനോരമ മാധ്യമം മാതൃഭൂമി പത്രങ്ങളുടെ മുഖപ്രസംഗങ്ങള്‍ അതില്‍ പുന പ്രസിദ്ധീകരിക്കുകയും ചെയ്തിര്‍ന്നു. ഓരോ വിഷയത്തെയും നമ്മുടെ പ്രമുഖ പത്രങ്ങള്‍ വിശകലനം ചെയ്യുന്നത് മനസ്സിലാക്കാന്‍ ഇതുതകുമെന്നു മനസ്സിലാക്കിയാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് മുതിര്‍ന്നത്. അത് പോലെ ഭാവിയില്‍ ഇതൊരു ഡാറ്റാബാങ്ക് ആയി ഉപയോഗിക്കുകയുമാവാം. ഈ ഉദ്യമത്തില്‍ എന്റെ കൂടെ ഒമാനില്‍ നിന്നും സാജിദും ദുബായില്‍ നിന്ന് രവൂഫും ഒപ്പമുണ്ട്
ഇനി വിഷയത്തിലേക്ക് വരാം.
നടെ പറഞ്ഞ വിഷയത്തില്‍ ആദ്യം മുഖപ്രസംഗമെഴുതിയത് മനോരമയാണ് , അത് ഇങ്ങനെ വായിക്കാം..
തര്‍ക്കങ്ങളുടെ ഇടവേളയ്ക്കുശേഷം ഇറ്റാലിയന്‍ നാവികര്‍ വിചാരണ നേരിടാന്‍ ഇന്നലെ മടങ്ങിവന്നപ്പോള്‍ ഇന്ത്യ നേടിയത് അഭിമാനാര്‍ഹമായ നയതന്ത്രവിജയമാണ്. അതോടൊപ്പം, സുപ്രീം കോടതിയും രാഷ്ട്രവും ജനതയും ഒരുപോലെ ഒരു സങ്കീര്‍ണ വെല്ലുവിളിയെ തരണംചെയ്തിരിക്കുകയുമാണ്. ഇന്ത്യന്‍ തീരത്തു മീന്‍പിടിക്കുന്ന മൂന്നുലക്ഷം മത്സ്യബന്ധന ബോട്ടുകളിലെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും രക്ഷകസ്ഥാനത്തുള്ള വിശ്വാസ്യത ഉറപ്പിക്കാനും രാജ്യത്തിനു കഴിഞ്ഞു.
ലേഖനം തുടരുന്നു ..
ഇറ്റലിയുടെ നിഷേധാത്മക നിലപാടിനോടു സുപ്രീം കോടതിയും ഭരണകൂടവും ഭരണമുന്നണിയുടെ അധ്യക്ഷയായ സോണിയ ഗാന്ധിയും കടുത്ത ഭാഷയിലാണു പ്രതികരിച്ചത്. ഇറ്റാലിയന്‍ നാവികരെ എന്തുവില കൊടുത്തും തിരികെ കൊണ്ടുവരണമെന്ന കേരളത്തിന്റെ വികാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തില്‍ ശക്തമായി അവതരിപ്പിച്ചിരുന്നു. ഇറ്റലി വിശ്വാസവഞ്ചന കാട്ടിയെന്നു കോടതി പറഞ്ഞപ്പോള്‍ നമ്മുടെ പരമോന്നത കോടതിയുടെ നിര്‍ദേശം ഇറ്റാലിയന്‍ നാവികര്‍ പാലിക്കുന്നതില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന് ഇന്ത്യന്‍ ഭരണകൂടവും വ്യക്തമാക്കി. ഇറ്റാലിയന്‍ സ്ഥാനപതി ഇന്ത്യ വിടാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ഈ നിര്‍ദേശം നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയ സര്‍ക്കാര്‍, സമാന്തരമായി, ഇറ്റലിയെ വരുതിയില്‍ കൊണ്ടുവരാന്‍ നയതന്ത്ര നീക്കങ്ങളും നടത്തി. യൂറോപ്യന്‍ യൂണിയനില്‍ ഇറ്റലിക്കെതിരെ ശക്തമായ സമ്മര്‍ദമൊരുക്കാനും ഇന്ത്യ ശ്രമിച്ചു. ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡര്‍ നിയമനമേല്‍ക്കുന്നതു തല്‍ക്കാലം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചുനിര്‍ത്തുകയും ചെയ്തു.
ഇറ്റാലിയന്‍ നാവികരുടെ കേസ് വധശിക്ഷ ലഭിക്കാവുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഗണത്തില്‍പ്പെടുന്നതല്ലെന്നും ഇക്കാര്യം ഇറ്റലിയെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഇന്നലെ ലോക്സഭയില്‍ പറഞ്ഞു. നിശ്ചിത സമയത്തിനുള്ളില്‍ മടങ്ങിയെത്തിയാല്‍ നാവികരെ അറസ്റ്റ് ചെയ്യില്ലെന്നും ഇറ്റലിയെ അറിയിച്ചിരുന്നു.
മനോരമയുടെ മുഖപ്രസംഗം അവസാനിക്കുന്നത് ഇങ്ങനെയാണ്
ഇന്ത്യന്‍ ജുഡീഷ്യറിയുടെ കരുത്തും അതിനു ഭരണകൂടവും ജനതയും നല്‍കുന്ന മതിപ്പും എടുത്തുകാട്ടപ്പെട്ട സംഭവമാണിത്. കൊല്ലത്തെ കോടതിയില്‍ തുടങ്ങി, സുപ്രീം കോടതിവരെ അതു പ്രതിഫലിച്ചു. നീതിപീഠത്തിന്റെ അന്തസ്സ് കാത്തുസംരക്ഷിക്കാന്‍ വിദേശകാര്യ, നിയമമന്ത്രാലയങ്ങള്‍ കാട്ടിയ ശുഷ്കാന്തി ശ്ളാഘനീയമാണ്.
ഇന്ത്യയുടെ അന്തസ്സിനോട് ഒത്തുപോകുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തിയതില്‍ സന്തോഷമുണ്ടെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവനയില്‍ തെളിയുന്നതും മറ്റൊന്നല്ല.
ഇനി, പ്രത്യേക കോടതി രൂപവല്‍ക്കരിച്ചു വിചാരണ വേഗത്തില്‍ സാധ്യമാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്.
തൊട്ടടുത്ത ദിവസം മാതൃഭൂമി വിഷയത്തില്‍ നിലപാടറിയിച്ചു
മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ട് സൈനികരെ, നാട്ടില്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളില്‍നിന്ന് എതിര്‍പ്പ് നേരിടുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ, വിചാരണ നേരിടുന്നതിന് ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാന്‍ തീരുമാനിച്ച ഇറ്റലി സര്‍ക്കാര്‍, നയതന്ത്ര മര്യാദകളുടെയും മനുഷ്യത്വത്തിന്റെയും ശരിയായ വഴിയിലേക്കാണ് തിരിച്ചുവന്നിരിക്കുന്നത്. ഇന്ത്യയെപ്പോലെ ജനാധിപത്യരാജ്യമാണ് ഇറ്റലിയും. തങ്ങളുടെ സര്‍ക്കാറിന്റെ ഈ നിലപാടുമാറ്റം അവിടെ എതിര്‍പ്പുയര്‍ത്തുക സ്വാഭാവികമാണ്. തങ്ങളുടെ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേറ്റിരിക്കുന്നു എന്ന് അവിടെ ചിലര്‍ക്കെങ്കിലും തോന്നുകയും ചെയ്‌തേക്കാം. എന്നാല്‍, സൈനികരെ തിരിച്ചയയ്‌ക്കേണ്ട എന്നായിരുന്നു അന്തിമതീരുമാനമെങ്കില്‍ അതായിരുന്നു ആ രാജ്യത്തിന്റെ യശസ്സിന് തീരാകളങ്കമാവുക. ഇന്ത്യയുമായുള്ള ബന്ധം വഷളാവുക മാത്രമല്ല, മറ്റു രാജ്യങ്ങളും ഇറ്റലിയെ സംശയത്തോടെ കാണുന്ന സ്ഥിതി ഉണ്ടാകുമായിരുന്നു. ഒരുഘട്ടത്തില്‍ വളരെ പരിഹാസ്യമായ നിലപാട് സ്വീകരിച്ച ഇറ്റലി ആ തെറ്റാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.
മാതൃഭൂമി തുടരുന്നു ..
നിയമത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ള സുപ്രീം കോടതിയുടെ ശക്തമായ നിലപാടാണ് ഇറ്റലിയെ ചുവടുമാറ്റത്തിന് പ്രേരിപ്പിച്ച പ്രധാന സംഗതിയെന്ന് കരുതേണ്ടിയിരിക്കുന്നു.
തുടക്കത്തില്‍ മടിച്ചുനില്‍ക്കുകയാണെന്ന് തോന്നിച്ച കേന്ദ്രസര്‍ക്കാറിന്റെ നിലപാടും കര്‍ക്കശമായി. ഇക്കാര്യത്തില്‍ ഇടപെട്ട സോണിയാ ഗാന്ധി ഇറ്റലിയുടെ നിലപാട് അസ്വീകാര്യമാണെന്ന് പറയുകയുണ്ടായി. സര്‍ക്കാറിന്റെ നീക്കങ്ങളെ ഇത് ബലപ്പെടുത്തി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നായിരുന്നു പൊതുവെ പൊതുജനാഭിപ്രായവും.
സൈനികര്‍ക്ക് കോടതി വധശിക്ഷ വിധിക്കില്ലെന്ന് ഉറപ്പുകിട്ടിയതുകൊണ്ടാണ് അവരെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാന്‍ തീരുമാനിച്ചത് എന്ന് ഇറ്റലി പറയുകയുണ്ടായി. വധശിക്ഷയുടെ കാര്യം ഇറ്റലി തുടക്കത്തില്‍ ഒരുഘട്ടത്തിലും ഉന്നയിക്കുകയുണ്ടായില്ല. മറ്റു നിയമപ്രശ്‌നങ്ങളായിരുന്നു അവര്‍ ഉന്നയിച്ചിരുന്നത്. തീരുമാനം മാറ്റിയതിന് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റിയ ഒരു ന്യായം എന്ന നിലയ്ക്കാണ് ഇത് ഇപ്പോള്‍ പറഞ്ഞിട്ടുണ്ടാവുക. ഇന്ത്യന്‍ അധികൃതരുമായി അവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുമുണ്ടാകണം. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് തീര്‍ത്തും അജ്ഞരായിരിക്കുകയില്ലല്ലോ ഇവിടത്തെ ഇറ്റലി എംബസി. മാത്രമല്ല, ഇന്ത്യന്‍ അഭിഭാഷകരുടെ സേവനം അവര്‍ തേടിയിരുന്നതുമാണ്. ഔപചാരികമായി ഇത്തരത്തില്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. മത്സ്യത്തൊഴിലാളികളുടെ കൊല നിയമത്തിന്റെ ഭാഷയില്‍ 'അപൂര്‍വങ്ങളില്‍ അപൂര്‍വമായ' കേസ് അല്ലെന്നും ആ നിലയ്ക്ക് ഇതിന് വധശിക്ഷ വിധിക്കാവതല്ലെന്നും ഇറ്റലിക്കാരെ ബോധ്യപ്പെടുത്തിയതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല.
മാതൃഭൂമി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്
ഇന്ത്യയിലെ ഒരു മീന്‍പിടിത്തബോട്ടില്‍ ജോലിചെയ്യവെ രണ്ട് ഇന്ത്യക്കാര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളായവരെ കസ്റ്റഡിയിലെടുത്ത് വിചാരണ ചെയ്യാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നത് നമ്മുടെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യമാണ്. അതേ സമയം ഇറ്റലിസൈനികര്‍ നിയമദൃഷ്ട്യാ കൊലയ്ക്ക് ഉത്തരവാദികളാണോ എങ്കില്‍ എന്താണ് അവരുടെ ശിക്ഷ എന്നൊക്കെ വിചാരണക്കോടതിയാണ് തീരുമാനിക്കുക. കടലിലെ അന്താരാഷ്ട്രമേഖലയില്‍വെച്ചാണ് സംഭവം നടന്നിട്ടുള്ളതെന്നും കൊള്ളക്കാരെന്നു ധരിച്ച് ആത്മരക്ഷാര്‍ഥം വെടിവെച്ചതാണെന്നും സൈനികരെന്ന നിലയില്‍ തങ്ങളില്‍ അര്‍പ്പിതമായ ചുമതല നിറവേറ്റുകയായിരുന്നു തങ്ങളെന്നും അവര്‍ വാദിച്ചേക്കാം. ഇന്ത്യന്‍നിയമങ്ങള്‍ക്കു പുറമെ ഐക്യരാഷ്ട്ര കടല്‍ നിയമവും ഇക്കാര്യത്തില്‍ പരിഗണിക്കപ്പെടും. സൈനികര്‍ക്ക് ലഭിക്കുന്ന ശിക്ഷ എന്തുതന്നെയായാലും ഇക്കാര്യത്തില്‍ വിചാരണ ഇന്ത്യയില്‍ത്തന്നെ നടക്കുക എന്നതാണ് പ്രധാനം.
ഇന്ന് വിഷയവുമായി ബന്ടപ്പെട്ടു മാധ്യമവും തങ്ങളുടെ നിലപാടുകള്‍ നിരത്തി, മാധ്യമം രണ്ടു വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്, അതില്‍ ആദ്യതെതായിട്ടാണ് ഈ വിഷയം പറഞ്ഞിരിക്കുന്നത്
ജനാധിപത്യത്തിന്‍െറ കാതലാണ് സുതാര്യത. പൗരന്മാരുടെ അറിയാനുള്ള അവകാശത്തിനു മറ തീര്‍ക്കുന്നത് ജനാധിപത്യ റിപ്പബ്ളിക്കിനു ചേര്‍ന്നതല്ല. എന്നാല്‍, ഈ പ്രാഥമികമര്യാദ പാടേ അവഗണിച്ചാണ് ഏറെ നാളായി ഇന്ത്യയില്‍ ഭരണകൂടം മുന്നോട്ടുനീങ്ങുന്നത്. വിവരവിനിമയത്തിന്‍െറ വാതിലുകള്‍ ലോകം മലര്‍ക്കെ തുറന്നിടുമ്പോള്‍ വിവരാവകാശത്തെ ചിറകെട്ടി നിര്‍ത്താനുള്ള നീക്കത്തിന് സര്‍ക്കാര്‍തന്നെ മുന്‍കൈയെടുക്കുന്നു. ജനാധിപത്യത്തെ മുഖമുദ്രയായി സ്വീകരിക്കുമ്പോള്‍തന്നെ കാടന്‍ നിയമങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും അതിന്‍െറ ഘടകങ്ങളെ ഓരോന്നായി പ്രയോഗതലത്തില്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച നടന്ന രണ്ടു പ്രമാദസംഭവങ്ങള്‍ ജനാധിപത്യരാഷ്ട്രത്തിന്‍െറ ഈ പരിതോവസ്ഥയെ യഥാതഥം അനാവരണം ചെയ്യുന്നുണ്ട്.
പാവപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ മൃഗയാവിനോദമെന്നു പറയാവുന്ന തരത്തില്‍ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്ന വിഷയത്തില്‍ കുറ്റകരമായ അമാന്തവും നട്ടെല്ലില്ലായ്മയുമാണ് കേന്ദ്രസര്‍ക്കാര്‍ കാണിച്ചത്. രാജ്യത്തിന്‍െറ പരമാധികാരത്തെയും സുരക്ഷയെയും വെല്ലുവിളിച്ച ഇറ്റാലിയന്‍ നാവികര്‍ക്കും അതിനെ അന്ധമായി പിന്തുണച്ച അവരുടെ ഭരണകൂടത്തിനും മുന്നില്‍ തോറ്റു തൊപ്പിയിടുകയായിരുന്നു രാഷ്ട്രനേതൃത്വം. ലഭ്യമായ സ്വാതന്ത്ര്യത്തിന്‍െറ പരിധിയില്‍നിന്ന് വാചാ പ്രതികരണങ്ങളുയര്‍ത്തുന്ന സ്വന്തം പൗരന്മാരെ പരമാധികാരത്തെ ചോദ്യംചെയ്ത രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലിടുന്ന ഭരണകൂടം നാട്ടുകാരെ കൊന്നു കൊലവിളിച്ച വിദേശിക്രിമിനലുകളെ അവരുടെ താളത്തിനു തുള്ളാന്‍ വിട്ടു. നാടിനെ പച്ചക്കു പറ്റിക്കാനൊരുങ്ങിയ അവരെ വരുതിയില്‍ നിര്‍ത്താന്‍ പരമോന്നത നീതിപീഠത്തിന്‍െറ ശക്തമായ ഇടപെടല്‍ വേണ്ടിവന്നു. നയതന്ത്രസമ്മര്‍ദമുയര്‍ത്തി അവരെ കൊണ്ടുവന്നപ്പോഴും ഇന്ത്യയെ നാണംകെടുത്താനുള്ള അവസരം ഇറ്റലി പാഴാക്കിയില്ല. തിരിച്ചുവരില്ലെന്നു ശഠിച്ച നാവികരെ കൊണ്ടുവരാന്‍ , അറസ്റ്റില്ലാത്ത വിചാരണയും വധശിക്ഷയില്ലാത്ത വിധിയും രേഖാമൂലം ഇന്ത്യ ഗാരന്‍റി നല്‍കിയെന്ന് അവര്‍ ലോകത്തോടു വിളിച്ചുപറഞ്ഞു. അപ്പോഴും ‘ഇടപാട്’ ഒന്നും നടന്നില്ലെന്ന് ഇന്ത്യന്‍ ഭരണകൂടം ആണയിട്ടുകൊണ്ടേയിരിക്കുന്നു. നയതന്ത്രദൗത്യം വെളിപ്പെടുത്താനാവില്ലെന്നു വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് ഒഴിഞ്ഞുമാറുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ വിധിയെക്കുറിച്ച് സര്‍ക്കാറിന് ഒരു ഉറപ്പും നല്‍കാനാവില്ലെന്ന് നിയമമന്ത്രി അശ്വിനികുമാര്‍ പറയുന്നു. എന്നാല്‍ , ഇക്കാര്യത്തില്‍ രേഖാമൂലമുള്ള ഉറപ്പുണ്ടെന്ന് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തൂര തറപ്പിച്ചുപറയുന്നു. കേരളസര്‍ക്കാറിനെയും കേന്ദ്രഗവണ്‍മെന്‍റിനെയും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ കണക്കറ്റ് അപഹസിക്കുന്നു.
മൂന്നെണ്ണം വായിച്ചപ്പോള്‍ ഒരു കൌതുകം തോന്നി. അത് നിങ്ങളുമായി പങ്കുവെക്കുന്നു.
ഇത് മനോരമക്കാരന്‍ പറഞ്ഞത് പോലെ നയതന്ത്ര വിചയമാണോ ?
സര്‍ക്കാരിന്റെ പാപ്പരത്തമാന് ഇതിലൂടെ വെളിവായത്, ആദ്യം ഇടതു MPമാര്‍ക്ക് പ്രധാനമന്ത്രി നല്‍കിയ ഉറപ്പ് , പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ നിരാകരിച്ചത് മുതല്‍ അത് വെളിവായി തുടങ്ങി. പിന്നീട് മനോരമക്കാരന്‍ തന്നെ പറഞ്ഞത് പോലെ സോണിയാ ഗാന്ധിയുടെ "ശക്തമാ"യ ഇടപെടലാണ് ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലാപാട് കുറച്ചു കൂടി "ശക്തമാക്കാനും" പ്രധാനമന്ത്രി അടക്കമുള്ളവര്‍ ഇതില്‍ ഇടപെടാനും കാരണമായത !!!
അത് പോലെ മാത്രുഭൂമിക്കരന്‍ വിലയിരുത്തിയത് പോലെ നയതന്ത്രത്തിന്റെ നേരായ വഴിയാണോ ? ഒരിക്കലുമല്ല, കാരണം ഇറ്റലി നയതന്ത്രം ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ചെയ്യേണ്ടിയിരുന്നത് രണ്ടാമത്തെ പ്രാവശ്യവും ഇറ്റാലിയന്‍ സ്ഥാനപതിയെ വിശ്വാസത്തിലെടുത്ത നാവികരെ ഇന്ത്യയിലേക്ക് പറഞ്ഞ സമത് തിരിച്ചയച്ചു കൊണ്ടാവനമായിരുന്നു, അത് ചെയ്യാതെ ഇന്ത്യയെ ഉമ്മാക്കി കാണിച്ചു പേടിപ്പിക്കാം എന്നാ ഇറ്റലിയുടെ മൂടധാരണ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടല്‍ കാരണം പരാച്ചയപ്പെടുകയായിരുന്നു. തുടക്കത്തില്‍ യൂര്‍റോപയന്‍ യൂണിയന്‍ അവരെ പിന്തുനച്ചുവെങ്കിലും പിന്നീട് അവര്‍ക്ക് അവരുടെ നിലപാടുകളില്‍ നിന്നും പിന്നോക്കേം പോകേണ്ടി വന്നു എന്നാണ് തുടര്‍ന്ന് നടന്ന സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
ഇതില്‍ മാധ്യമക്കാരന്‍ പറഞ്ഞ വാചകമാണ് അല്പമെങ്കിലും സര്‍ക്കാരിനു ചേരുക
ഇറ്റാലിയന്‍ നാവികരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്ന വിഷയത്തില്‍ കുറ്റകരമായ അമാന്തവും നട്ടെല്ലില്ലായ്മയുമാണ് കേന്ദ്രസര്‍ക്കാര്‍ കാണിച്ചത്.
ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ എങ്ങനെ ന്യായീകരിക്കാം
സുപ്രീം കോടതിയുടെ മുന്നില്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ വേണ്ടി മാത്രം നടത്തിയ ഒരു നാടകം എന്നല്ലാതെ ഇതിനെ എങ്ങനെ ന്യായീകരിക്കാന്‍ പറ്റും?
ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം. ഈ വിഷയത്തില്‍ ഒരു വ്യക്തി എന്ന നിലയില്‍ നമ്മുടെ സമീപനം എങ്ങനെ ആവണം എന്ന്.
പിന്‍കുറി :
കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു സുര്‍ഹുതിന്റെ വാളില്‍ കണ്ടു, സോപ്രീം കോടതിയിലെ വിചാരണക്ക് മുന്പ് തന്നെ "വിധി"യറിഞ്ഞ ഭാഗ്യവാന്‍മാര്‍ എന്ന തരത്തില്‍ ഇറ്റാലിയന്‍ നാവികരുടെ പടം.
ഇരട്ട നീതി എന്ന് വിലപിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ, ഇത്തരം എ സംഭവങ്ങള്‍ തുടരെ തുടരെ സംഭവിക്കുന്നത് നമ്മുടെ ജഡീഷ്യറി യെയെയും, നീതിന്യായ വ്യവസ്ഥിതിയെയും സംശയത്തോടെ നോക്കിക്കാണാന്‍ മാത്രമേ ഉപകരിക്കൂ.
ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ കടും പിടുത്തമാണ് , കാര്യങ്ങള്‍ ഇന്ത്യയുടെ വഴിയില്‍ കൊണ്ടെത്തിച്ചത് എന്ന് നമുക്കാശ്വസിക്കാം.
No comments:
Post a Comment