ഉണര്‍വേകുന്ന ഉപദേശങ്ങള്‍
ഇസ്ലാമിക ലോകം കണ്ട ഉന്നതനായ പണ്ഡിതനാണ്ശൈഖ് അബ്ദുല്ഖാദിര്‍ ജീലാനി. ഹിജ്റ 470ല്‍ ഇറാന്റെ വടക്കുപടിഞ്ഞാറുള്ള ജീലാനില്‍ ജനിച്ചു. അസാധാരണവിജ്ഞാനവും അപൂര്‍വ ഭക്തിയും സമന്വയിപ്പിച്ചമഹാനായ വ്യക്തിത്വമായിരുന്നു അദ്ദേഹം.വ്യക്തിശുദ്ധിയിലും സമൂഹസംസ്കരണത്തിലുംഒരേവിധം വിജയിച്ച ചരിത്രമാണ് അദ്ദേഹത്തിന്റേത്. ചെറുപ്പം തൊട്ടേ വിശ്രുതനായ പ്രഭാഷകനും പ്രബോധകനുമായിരുന്ന ശൈഖ് ജീലാനിക്ക് ഭക്തയായ ഉമ്മയില്‍ നിന്നാണ് മതബോധവും വിജ്ഞാനദാഹവും പകര്ന്നു കിട്ടിയത്. കളവു പറയരുതെന്ന ഉമ്മയുടെ ഉപദേശം ജീവിത കാലം മുഴുവന്‍ അദ്ദേഹം പാലിച്ചു. അക്കാലത്തെ രാജാവിനു പോലും കിട്ടാത്ത ജന സ്വീകാര്യതയും ആദരവും നേടിയെടുത്ത വ്യക്തിത്വമായിരുന്നു ശൈഖിന്റേത്. രാജാവും മന്ത്രിമാരും അദ്ദേഹത്തിന്റെ ജ്ഞാന സദസ്സില്‍ ഹാജരായിരുന്നു.
ഉന്നതനായ പണ്ഡിതനായിരിക്കുമ്പോള്‍ തന്നെ അതീവ ലളിതവും വിനയാന്വിതവുമായ ജീവിതമായിരുന്നു ഇമാമിന്റേത്. കുട്ടികള്‍ സംസാരിക്കുമ്പോള്‍ പോലും എഴുന്നേറ്റു നിന്ന് കേള്‍ക്കും. പട്ടിണിപ്പാവങ്ങളെ തേടിപ്പോയി അവരുടെ വസ്ത്രങ്ങള്‍ വൃത്തിയാക്കുകയും ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും. അധികാരികളുടെ വാതില്പ്പടിയില്‍ ഒരിക്കല്‍ പോലും പോയില്ല. അദ്ദേഹത്തോടൊപ്പം ഏറെക്കാലം സഹവസിച്ച ഹറാദ പറയുന്നു: ``ശൈഖ് ജീലാനിയെക്കാള്‍ സദ്സ്വഭാവിയും വിശാലഹൃദയനും സ്നേഹ ധന്യനുമായ ഒരാളെ ഞാന്‍കണ്ടിട്ടില്ല. ഇത്രയും മഹദ്ഗുണങ്ങളോടൊപ്പം താഴ്ന്നവരെ പരിഗണിക്കുകയും മുതിര്ന്നവരെ ആദരിക്കുകയും സാധുക്കളെ അടുത്തിരുത്തുകയും ചെയ്യുമായിരുന്നു അദ്ദേഹം.'' (ത്വബഖാത് ശഅ്റാനി 128)
ഇമാം ഖര്സാലി പറയുന്നു: ``ധാരാളം പ്രാര്ഥിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഗുണപാഠമുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുനിറയും. എപ്പോഴും ദിക്റുകള്‍ ചുണ്ടിലുണ്ടാവും. മുഖപ്രസന്നത, മാന്യത, വിജ്ഞാനം, ഉന്നതസ്വഭാവം, ഉത്തമകുടുംബം ഇവയെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. ജീവിതം മുഴുവന്‍ ത്യാഗപരിശ്രമങ്ങളിലും ഇബാദത്തുകളിലും നിരതനായിരുന്നു അദ്ദേഹം'' (ഖലാഇദുല്‍ ജവാഹിര്‍ 9).ഇറാഖിലെ മുഫ്തി എഴുതുന്നു: ``സംസ്കാരമില്ലാത്ത കാര്യങ്ങളില്‍ നിന്ന് അദ്ദേഹം അങ്ങേയറ്റം അകലും. സത്യവും ന്യായവുമായ കാര്യങ്ങളോട് അടുപ്പം പുലര്‍ത്തും. ദീനിന്റെ വിഷയത്തില്‍ കര്ക്കശനിലപാടായിരുന്നു. സ്വന്തം കാര്യങ്ങള്ക്ക് ആരോടും കോപിച്ചിരുന്നില്ല. വെറും കൈയോടെ ആരെയും മടക്കി അയക്കില്ല. ഒന്നുമില്ലെങ്കില്‍ സ്വന്തം വസ്ത്രമെങ്കിലും എടുത്തു കൊടുക്കും.'' (ഖലാഇദ് 9)
ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ പറയുന്നു: ``നിര്ജീവ മനസ്സുകളെ ജീവിപ്പിച്ച വിജ്ഞാനിയാണദ്ദേഹം. അദ്ദേഹത്തിന്റെ വചന ശക്തിയിലൂടെ ലക്ഷക്കണക്കിന് ആളുകള്ക്ക് അല്ലാഹു സന്മാര്ഗം കനിഞ്ഞരുളി. അദ്ദേഹത്തിന്റെ ജീവിതം ഇസ്ലാമിന് ഒരുവസന്തമായിരുന്നു. ഇസ്ലാമിക ലോകത്ത് സത്യവിശ്വാസത്തിന്റെയും ആത്മീയതയുടെയും തിരമാലകള്‍ അലയടിച്ച കാലഘട്ടമാണ് അദ്ദേഹത്തിന്റേത്'' (ജലാഉല്‍ അയ്നയ്ന്‍ 130). ശൈഖ്ഉമര്‍ കയ്സാനി പറയുന്നു: ``അദ്ദേഹത്തിന്റെ മിക്ക സദസ്സുകളിലും അമുസ്ലിംകള്‍ ഇസ്ലാമിലേക്കെത്തുമായിരുന്നു. അധാര്‍മിക ജീവിതം നയിച്ചവര്‍ പശ്ചാത്തപിക്കുമായിരുന്നു. ദുഷിച്ച വിശ്വാസമുള്ളവര്‍ സത്യവിശ്വസത്തിലേക്ക് മടങ്ങുമായിരുന്നു. ശൈഖ് ഞങ്ങളോട് പറയും: അല്ലാഹുഅവന്റെ അടിമകള്ക്ക് എന്നെക്കൊണ്ട് പ്രയോജനംവരുത്താനുദ്ദേശിക്കുന്നു. അയ്യായിരത്തിലേറെ ജൂത-ക്രൈസ്തവര്‍ എന്നിലൂടെ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണത്.''
പ്രവാചകചര്യയെ പരിപൂര്ണമായി പിന്തുടര്ന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ശൈഖ് ഉപദേശിക്കുന്നു: ``അല്ലാഹുവിന്റെ നിയമങ്ങളില്‍ വല്ലതും നിങ്ങളില്‍ നിന്ന് ഇല്ലാതായാല്‍ നിങ്ങള്‍ ഫിത്നയില്‍ കുടുങ്ങിയെന്നും പിശാച് നിങ്ങളെ കളിപ്പാവയാക്കിയെന്നും മനസ്സിലാക്കുക. വേഗംശരിയായ ദീനിലേക്ക് മടങ്ങുക. ദീന് മുറുകെ പിടിക്കുക. ഊഹങ്ങളെ കൈവെടിയുക. ദീനില്‍ ഇല്ലാത്തതെല്ലാം അസത്യമാകുന്നു.''
ഇമാം ഉപദേശിക്കുന്നു: ``മനുഷ്യര് വല്ല പ്രശ്നത്തിലും അകപ്പെടുമ്പോള്‍ ഭൗതികമായ പരിഹാര മാര്‍ഗങ്ങള്‍തേടുന്നു. ഒന്നും ശരിയാകാതാവുമ്പോള്‍ അല്ലാഹുവിനോട്പ്രാര്ഥിക്കുന്നു. ജനങ്ങളില്‍ നിന്ന് പരിഹാരം ലഭിക്കുമ്പോള്‍ അല്ലാഹുവിനെ കൈവിടുന്നു. അല്ലാഹുവില്‍ നിന്ന് പരിഹാരം കിട്ടുമ്പോള്‍ ജനങ്ങള് നിസ്സാരന്മാരാണെന്ന് തിരിച്ചറിയുന്നു. തൗഹീദിലുള്ളദൃഢവിശ്വാസം മനസ്സിലുള്ളവര്ക്ക് അല്ലാഹുവിലുള്ള പ്രതീക്ഷ ഒരിക്കലും നഷ്ടപ്പെടില്ല. തൗഹീദില്ലാത്തവര്ക്ക് പല അഭയങ്ങളും മനസ്സില്‍ തെളിഞ്ഞുവരും. പക്ഷേ, അതെല്ലാം ദുര്ബലങ്ങളാണെന്ന് പിന്നീട് തിരിച്ചറിയുകതന്നെ ചെയ്യും. സമ്പത്തും ദാരിദ്ര്യവും രോഗവുംസുഖവുമെല്ലാം അല്ലാഹുവില്‍ നിന്നാണെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴേ ഒരാളുടെ തൗഹീദ് പൂര്‍ത്തിയാകൂ. ആയയുടെ കൈയിലെ കുഞ്ഞിനെപ്പോലെ, കുളിപ്പിക്കുന്നവരുടെ കൈയിലെ മയ്യിത്തിനെപ്പോലെ, ഹോക്കി കളിക്കാരന്റെ കൈയിലെ വടിയുടെ മുന്നിലെ പന്തുപോലെ- വേറൊരാളുടെ തീരുമാനങ്ങള്ക്കനുസരിച്ചാണ് നമ്മളും ജീവിക്കുന്നത്. അല്ലാഹുവിന്റെ നിശ്ചയങ്ങള്‍ മാത്രമാണീ ജീവിതത്തില് സംഭവിക്കുന്നതെല്ലാം. അല്ലാഹുവിന്റെ വചനത്തോട് അടുപ്പം കാണിക്കുക. ജീവിതസുഖങ്ങളില് വിരക്തികാണിക്കുക. സ്വന്തത്തിനു വേണ്ടിയുള്ളതിനേക്കാള്‍ മറ്റുള്ളവര്ക്കുവേണ്ടി പ്രാര്‍ഥിക്കുക. അവര്‍ക്കു വേണ്ടിഹൃദയം മിടിക്കുക, കണ്ണു നിറയുക.അല്ലാഹുവിനെക്കുറിച്ച ഓര്മയാല്‍ ഹൃദയംകുളിര്ക്കട്ടെ.'' (ഫുതൂഹുല്‍ ഗൈബ് 279)
``അല്ലാഹുവിനെ സദാ ഭയക്കുക. അവനില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കുക. എല്ലാ ആവശ്യങ്ങളും അവനില്‍ അര്‍പ്പിക്കുക. തൗഹീദ് മുറുകെ പിടിക്കുക'' എന്നായിരുന്നു ശൈഖിന്റെ അന്ത്യ ഉപദേശം. ``അല്ലാഹുഅന്തസ്സുള്ളവന്‍!'' എന്ന് ആവര്ത്തിച്ചുപറഞ്ഞ്, അല്ലാഹ്, അല്ലാഹ് എന്നുച്ചരിച്ച് ആ തല്ക്കാല ജീവിതം ശാശ്വതജീവിതത്തിലേക്ക് യാത്രയായി. l
ഉണര്‍വേകുന്ന ഉപദേശങ്ങള്‍