ബഹളം! എവിടെയും ബഹളം....!
സുഹൃത്തേ, നമ്മളെല്ലാം യാത്രക്കാരാണ്. ഒരേ ലക്ഷ്യം വെച്ചാണ് നമ്മള്‍ യാത്ര ആരംഭിച്ചത്, പക്ഷെ ഇടക്കെവിടെ വെച്ചോ നമ്മുടെ ലക്‌ഷ്യം മാറിപ്പോയോ? അതോ നമുക്ക് വഴി തെറ്റി ഇപ്പോള്‍ ഇരുട്ടില്‍ നടക്കുക്കയാണോ? ഞാന്‍ എവിടെ നിന്നും ആരംഭിച്ചു എന്നും എങ്ങോട്ട് പോകുന്നു എന്നും നമ്മള്‍ മറന്നു പോയോ? അതല്ല ബൌദ്ധിക ബ്രമത്തിലകപ്പെട്ടു തല്‍കാലം നമ്മുടെ 'ലക്‌ഷ്യം' മാറ്റിവെക്കാം എന്ന് തന്നത്താന്‍ തീരുമാനിച്ചതാണോ?
എങ്ങോട്ടേക്കാണീ ഓട്ടം? ആരെ തോല്പിക്കാന്‍ വേണ്ടിയാണ് ഇത്ര ധൃതിയിലുള്ള ഈ പോക്ക്? ഒന്ന് നില്കുമോ? ഒരല്‍പ നേരം, സൌകര്യമുണ്ടെങ്കില്‍ താങ്കളുമായി ഒന്ന് സംവദിക്കണമായിരുന്നു. ഒരു പത്ത് മിനുറ്റ്, അതില്‍ കൂടുതല്‍ ആവശ്യമില്ല. എനിക്കുറപ്പുണ്ട്, ഇത് നിങ്ങളുടെ ജീവിതത്തില്‍ തീര്‍ച്ചയായും ലാഭാകരമാകും. വരൂ നമുക്കല്‍പനേരം ഇവിടെ ചിലവിടാം. മനസ്സിലെ ഭാരങ്ങളൊക്കെ താഴെയിറക്കി, ഒന്ന് "റിലാക്സ്" ആയിട്ട് തിരിച്ചു പോകാം. എന്താ സമ്മതമല്ലേ?!!
സ്വകാര്യത സത്യവിശ്വാസിക്ക് അനിവാര്യമാണ്. ഒറ്റയ്ക്കിരുന്ന്, അല്ലാഹുവിനെ ഓര്‍ത്ത് കണ്ണീര്‍വാര്‍ക്കുന്നവര്‍ക്ക് മഅ്‌ശറയിലെ വെയില്‍ചൂടില്‍ അല്ലാഹുവിന്റെ തണല്‍ ലഭിക്കുമെന്ന് നബിതിരുമേനി(സ) പറയുകയുണ്ടായി. അങ്ങനെ കണ്ണീര്‍വാര്‍ക്കുന്നവര്‍, കറന്നെടുത്ത പാല്‍ അകിട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയാത്തപോലെ നരകത്തില്‍ പ്രവേശിക്കില്ലെന്നും നബി(സ) പറഞ്ഞു.
അവനവന്റേതുമാത്രമായി വീണുകിട്ടുന്ന നിമിഷങ്ങളില്‍ സ്വന്തം ഭൂതകാലത്തെയും സ്വഭാവ സമീപനങ്ങളെയും വിശ്വാസജീവിതത്തെയും നിര്‍ദയവും കഠിനവുമായി ചോദ്യംചെയ്യുവാനും തിരുത്താനും സാധിക്കുക എന്നത് വലിയ സൗഭാഗ്യമാണല്ലോ.
ഇത്തരം സ്വകാര്യതകളാണ് പലരെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത്രയും കാലം ജീവിച്ചുപോന്നത് വിശ്വാസത്തിന്റെ വഴിയിലൂടെയല്ല എന്നും,ഇനിയുള്ള കാലത്തെ ജീവിതം അലകും പിടിയും മാറ്റിവെച്ച്, നേരും നെറിയും നന്മയുമുള്ള ഒന്നാക്കുവാന്‍ പരിശ്രമിക്കണമെന്നും സ്വകാര്യതയിലെ ദൈവചിന്ത നമ്മെ ഓര്‍മിപ്പിക്കും.
ഒരു വ്യക്തി സ്വകാര്യതയില്‍ എങ്ങനെയാണോ, ആരാണോ, അതാണ് യഥാര്‍ഥത്തില്‍ അയാള്‍. അതല്ലാത്തതെല്ലാം വെറും പുറംമോടിയാണ്. മറ്റുള്ളവര്‍ക്ക് മുന്നിലാവുമ്പോള്‍ നന്മകളേ പുറത്തുകാണൂ. ആവുന്നത്ര `ആത്മാര്‍ഥത'യുള്ളയാളാകുവാനും ശ്രമിക്കും. നല്ല നമസ്‌കാരക്കാരനും ഭക്തനും പ്രാസംഗികനും ഉപദേശിയുമെല്ലാമായിരിക്കും. പക്ഷേ, സ്വകാര്യതയില്‍ നല്ലവനാകില്ല. ആരും കാണാത്തപ്പോള്‍ തിന്മകള്‍ ചെയ്യുന്നു, മറ്റാരും കൂടെയില്ലാത്തപ്പോള്‍ പാപങ്ങള്‍ക്ക്‌വശംവദരാവുന്നു. സ്വകാര്യതയില്‍ അല്ലാഹുവിനെ മറക്കുന്നു. അവന്റെ ശിക്ഷയെക്കുറിച്ച് അറിഞ്ഞുകൊണ്ട് അലസരാവുന്നു. ഇത് നമ്മില്‍ പലരുടെയും പ്രശ്‌നമല്ലേ? അതെ. വീണുകിട്ടുന്ന സ്വകാര്യസമയങ്ങളെ നന്മയ്‌ക്കും ആത്മവിചാരണയ്‌ക്കും വേണ്ടി ഉപയോഗിക്കുന്നവര്‍ വളരെ കുറവേയുള്ളൂ.
സ്വഹാബിവര്യനായ അനസിനോടൊപ്പം നടന്നുപോവുന്ന സമയത്ത് ഒരു മതിലിന്നപ്പുറത്തെത്തിയപ്പോള്‍, കിട്ടിയ ഒരല്‍പം സ്വകാര്യ നിമിഷങ്ങളില്‍ ഉമര്‍(റ) സ്വന്തത്തോട് കടുത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതായി ഹദീസില്‍ കാണാം.
ജീവിതം, മരണം, പരലോകം, സ്വര്‍ഗനരകങ്ങള്‍......ഇവയൊക്കെ നമ്മെ പേടിപ്പെടുത്തുന്നില്ലേ? ക്രൂരനായ ഭരണാധികാരിയേക്കാളും നിഷ്‌കരുണമായി സ്വന്തം മനസ്സാക്ഷിയെ ചോദ്യം ചെയ്യേണ്ടതില്ലേ?
എല്ലാ തിരക്കുകളില്‍ നിന്നും മാറിനിന്ന് അത്തരമൊരു ചോദ്യം ചെയ്യലിന് നമുക്ക് സാധിക്കണം. പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും ആത്മാര്‍ഥത കുറഞ്ഞുപോകുന്നതും മറ്റൊന്നുകൊണ്ടല്ല. പ്രവര്‍ത്തനങ്ങളെല്ലാം എന്തിനുവേണ്ടിയുള്ളതാണെന്ന ചോദ്യം സ്വയം ചോദിക്കാന്‍ നാം മറുന്നുപോയി.
ഇമാം ഗസ്സാലി (റ)യുടെ `ഇഹ്‌യാ ഉലൂമിദ്ദീനി'ന്റെ ആമുഖത്തില്‍ ആത്മവിമര്‍ശനത്തിന്റെ പ്രാധാന്യവും പരിഗണനയും എടുത്ത് പറയുന്നതായി കാണാം. ഓരോരുത്തരും സ്വന്തം ജീവിതത്തിലേക്ക് വിരല്‍ചൂണ്ടി ഈ ചോദ്യങ്ങള്‍ ചോദിച്ചുനോക്കൂ:
*പ്രഭാതത്തില്‍ പ്രാര്‍ഥിക്കാനായി നബി(സ) പഠിപ്പിച്ച ദിക്‌റുകള്‍ ചൊല്ലിയാണോ എന്റെ ഇന്നത്തെ ദിവസം ആരംഭിച്ചത്?
*നമസ്‌കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്താറുണ്ടോ?
*വിശുദ്ധഖുര്‍ആനില്‍ നിന്ന് അല്‍പമെങ്കിലും എല്ലാ ദിവസങ്ങളിലും പാരായണം ചെയ്യാറുണ്ടോ?
*ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വായിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്താറുണ്ടോ?
*അല്ലാഹു കൂടെയുണ്ടെന്ന ചിന്തയാല്‍ തെറ്റുകുറ്റങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാറുണ്ടോ?
*അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നല്ലൊരു സുഹൃത്ത് എനിക്കുണ്ടോ?
*ഓരോ ദിവസവും ഒരു പാവപ്പെട്ടയാളെയെങ്കിലും ഏതെങ്കിലും വിധത്തില്‍ സഹായിക്കാറുണ്ടോ?
*നാളെ അല്ലാഹുവിന്റെ മുമ്പില്‍ എന്റെ കുടുംബം എനിക്കെതിരെ അല്ലാഹുവിനോട് പറയേണ്ടിവരാത്ത വിധത്തില്‍ അവരോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നുണ്ടോ?
*ഏതു പ്രയാസങ്ങളിലും പടച്ചവന്‍ കൂടെയുണ്ടെന്ന വിചാരം മനശ്ശാന്തി നല്‌കാറുണ്ടോ?
*ഓരോ ദിവസവും ഒരു സുന്നത്തെങ്കിലും പുതുതായി പഠിക്കുകയും പുലര്‍ത്തുകയും ചെയ്യാറുണ്ടോ?
*മറ്റുള്ളവര്‍ക്കായി പ്രാര്‍ഥിക്കാറുണ്ടോ?
*കളവോ ചതിയോ വഞ്ചനയോ ആരോടും നടത്തുകയില്ലെന്ന് നിര്‍ബന്ധം പുലര്‍ത്താറുണ്ടോ? സംസാരങ്ങള്‍ സത്യസന്ധമാണോ?
*ഓരോസമയത്തുമായി നബി(സ) പഠിപ്പിച്ച പ്രാര്‍ഥനകള്‍ മനഃപാഠമാക്കിയിട്ടുണ്ടോ?
*തഹജ്ജുദ് നമസ്‌കരിക്കണമെന്ന ആഗ്രഹത്തോടെയാണോ ഉറങ്ങുന്നത്?
*മറ്റുള്ളവരോട് ഉപദേശിക്കുന്ന കാര്യങ്ങള്‍ സ്വയം ചെയ്യാറുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ?
*ഒറ്റയ്‌ക്കിരിക്കുമ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയുണ്ടാവാറുണ്ടോ?
*മരണം ഏതുനിമിഷവും കൂടെയുണ്ടെന്ന ചിന്ത ഭയപ്പെടുത്താറുണ്ടോ?
*ഹറാമായ ഒരു കാര്യവും ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യാമോ?
*ചെയ്‌തുപോയ തെറ്റുകളുടെ പേരില്‍ തൗബ ചെയ്‌തുവോ?
*സകാത്തും സ്വദഖയും കൃത്യമായി നല്‍കുന്നുണ്ടോ?
*ആഴ്‌ചയിലൊരിക്കലെങ്കിലും ജുമുഅക്ക് പുറമെയുള്ള ഒരു ദീനീ സദസ്സില്‍ പങ്കെടുക്കുന്നുണ്ടോ?
*നന്മ ചെയ്യുന്നവരെ മാതൃകയാക്കാറുണ്ടോ?
*തെറ്റുകളെയും അനീതികളെയും ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം കാണിക്കാറുണ്ടോ?
*വിശ്വാസിയുടെ ഏറ്റവം നല്ല സദ്‌ഗുണങ്ങളിലൊന്നായ സമയനിഷ്‌ഠ ജീവിതത്തില്‍ നിലനിര്‍ത്താറുണ്ടോ?
*ഉത്തരവാദിത്തങ്ങളില്‍ പൂര്‍ണമായ സത്യസന്ധത പുലര്‍ത്തുന്നുണ്ടോ?
*സ്വകാര്യസമയങ്ങളില്‍ സ്വന്തത്തെ വിചാരണ ചെയ്യാറുണ്ടോ?
വെളിച്ചമായ് ഒരാള്‍
തര്‍ബിയ-അബ്‌ദുല്‍വദൂദ്
ഖലീഫ ഉമറി(റ)ന്റെ ജീവിതം ഉപമകളില്ലാത്ത അധ്യായമാണ്. അനുഭവങ്ങളുടെ കരുത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ മൂര്‍ച്ഛയേറിയത്. അവയില്‍ ചിലത്:
* എന്റെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ച് തരുന്നവരാണ് എനിക്കേറ്റവും പ്രിയപ്പെട്ടവര്‍. എന്റെ പോരായ്‌മകള്‍ ശ്രദ്ധയില്‍ പെടുത്തുന്നവരെ അല്ലാഹു അനുഗ്രഹിക്കട്ടെ.
* നേതാവല്ലാത്തപ്പോള്‍ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാല്‍ അനുയായിയെപ്പോലെയും പ്രവര്‍ത്തിക്കുന്നവരെയാണ് നമുക്കാവശ്യം.
* അഹങ്കാരം മനുഷ്യനെ അധമനാക്കും. ഞാന്‍ വഞ്ചകനല്ല. വഞ്ചിക്കപ്പെടുകയുമില്ല.
* നാഥാ നിന്നില്‍ ഞാന്‍ അഭയം തേടുന്നു. നീ നല്‌കിയതില്‍ നീയെന്നെ വഞ്ചിതനാക്കരുതേ.
* ഐഹിക ജീവിതത്തെ മഹത്തരമായി തോന്നാത്തിടത്തോളം കാലമേ മനുഷ്യര്‍ അല്ലാഹുവിലേക്ക് അടുക്കൂ.
* ഇസ്‌ലാമിന്റെ നിയമം എല്ലാവര്‍ക്കും തുല്യമാണ്. ആര്‍ക്കെങ്കിലും വേണ്ടി ഉമര്‍ അത് മാറ്റുകയില്ല.
* നിങ്ങളുടെ ഏതെങ്കിലുമൊരു സഹോദരന്‍ തെറ്റുചെയ്യുന്നതായി അറിഞ്ഞാല്‍ അയാളെ നേര്‍വഴിലാക്കുകയും അയാള്‍ക്കു വേണ്ടി അയാള്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യുക.
* ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഞാനും അനുഭവിക്കാതെ എനിക്കെങ്ങനെ അവരുടെ സ്ഥിതി മനസ്സിലാകും?
* സാധാരണക്കാര്‍ക്ക് ലഭിക്കാത്ത ഭക്ഷണം ഖലീഫയായ എനിക്കു വേണ്ട.
* ഒരാളുടെ നമസ്‌കാരത്തിലേക്കും നോമ്പിലേക്കുമല്ല നിങ്ങള്‍
നോക്കേണ്ടത്. മറിച്ച് സംസാരത്തില്‍ സത്യസന്ധത പാലിക്കുന്നുണ്ടോ എന്നും വിശ്വസിച്ചേല്‌പിച്ചവ പൂര്‍ത്തിയാക്കുന്നുണ്ടോ എന്നും പാപം പ്രവര്‍ത്തിക്കാന്‍ തോന്നിയാല്‍ സൂക്ഷ്‌മത പുലര്‍ത്തുന്നുണ്ടോ എന്നുമാണ്.
* ഐഹിക ജീവിതവും അതിന്റെ വര്‍ണപ്പൊലിമയും നമ്മെ വഞ്ചിതരാക്കരുത്.
* നാഥാ! ശത്രുക്കളുടെ പാദങ്ങളെ നീ തളര്‍ത്തേണമേ. അവരുടെ മനസ്സുകളെ വിറപ്പിക്കേണമേ. ഞങ്ങള്‍ക്ക് സമാധാനം നല്‌കേണമേ. ഞങ്ങളില്‍ ഭക്തി വര്‍ധിപ്പിക്കേണമേ. സമരം ഞങ്ങള്‍ക്ക് പ്രിയങ്കരമാക്കേണമേ. രക്തസാക്ഷിത്വം ഞങ്ങളുടെ അന്ത്യാഭിലാഷമാക്കേണമേ.
* താങ്കളൊരു നേതാവാണെങ്കില്‍ പക്ഷഭേദം കാണിക്കുമെന്ന് താങ്കളെക്കുറിച്ച് പ്രമാണികള്‍ വിചാരിക്കാതിരിക്കട്ടെ. താങ്കളുടെ നീതിനിഷ്‌ഠയെക്കുറിച്ച് ഒരു ദുര്‍ബലനും നിരാശനാവാതിരിക്കുകയും ചെയ്യട്ടെ.
* ഒരാളുടെ അഭിപ്രായം ഒറ്റയിഴ മാത്രമുള്ള നൂലാണ്. രണ്ടാളുകളുടേത് പിരിച്ച നൂലാണ്. രണ്ടില്‍ കൂടുതല്‍ പേരുടേത് പൊട്ടാത്ത കയറാണ്.
* യൂഫ്രട്ടീസിന്റെ തീരത്ത് ഒരു ആട്ടിന്‍കുട്ടി വിശന്നു ചത്താല്‍ ഞാനതിന്റെ പേരില്‍ പരലോകത്ത് ഉത്തരം പറയേണ്ടി വരും.
* അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരുന്നാല്‍, കൊല്ലം മുഴുവന്‍ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കും. എത്ര നല്ല നാളുകളായിരിക്കും അത്!
* മുസ്‌ലിംകളുടെ നേതാക്കള്‍ അവരുടെ അടിമകളെപ്പോലെയാവണം. അടിമ യജമാനന്റെ സ്വത്ത് സംരക്ഷിക്കും പോലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം.
* എന്റെ പകല്‍ ജനങ്ങള്‍ക്കുവേണ്ടിയാണ്. എന്റെ രാത്രി അല്ലാഹുവിനുള്ളതാണ്.
* പണം അധികം സമ്പാദിക്കരുത്. ഇന്നത്തെ ജോലി നാളേക്ക് നീട്ടരുത്.
* ഉമറിനെയും ഒരു സാധാരണ മുസ്‌ലിമിനെയും സമമായി കാണാനാകാത്തിടത്തോളം കാലം ഞാന്‍ ഭരണാധികാരിയാവുകയില്ല.
* സദുദ്ദേശ്യത്തോടെയും ആത്മാര്‍ഥതയോടെയും പ്രവര്‍ത്തിക്കുന്നവരിലുള്ള വീഴ്‌ചകള്‍ അല്ലാഹു പൊറുത്തുതരും.
* കുട്ടികളെ നീന്തലും കായികാഭ്യാസങ്ങളും നല്ല കവിതകളും പഠിപ്പിക്കണം.
* ദൈവ ഭക്തിയാണ് ശത്രുവിനെ തോല്‌പിക്കാനുള്ള ഏറ്റവും നല്ല ആയുധം. കൂടെയുള്ളവരുടെ പാപങ്ങളാണ് ശത്രുവിന്റെ ആയുധത്തേക്കാള്‍ പേടിക്കേണ്ടത്.
* പാപം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അതില്‍ നിന്നൊഴിഞ്ഞു നില്‌ക്കുന്നവരുടെ ഹൃദയത്തിലാണ് അല്ലാഹു ഭക്തി നിക്ഷേപിക്കുക.
* സ്വന്തം ദൗര്‍ബല്യങ്ങളെക്കുറിച്ച് പരാതി പറയുന്നവനാണ് ഏറ്റവും വലിയ പ്രതിഭാശാലി.
* ചിന്തയിലും സംസാരത്തിലും പ്രവൃത്തിയിലും അല്ലാഹുവിനെ സൂക്ഷിക്കുക.
* നമ്മുടെ ആരുടെയെങ്കിലും അടുക്കല്‍ പണമുള്ള കാലത്തോളം പണമില്ലാത്തവരുടെ ആവശ്യം പൂര്‍ത്തീകരിക്കാതെ കിടക്കരുത്.
* ഒരിക്കല്‍, ഒരു ഗര്‍ഭിണി വെള്ളപ്പാത്രവുമായി കിണറ്റിന്‍ കരയിലേക്ക് പോകുന്നതു കണ്ട ഉമര്‍, അവളില്‍ നിന്ന് കുടം വാങ്ങി വെള്ളം കോരിനിറച്ച് വീട്ടിലെത്തിച്ചു. അന്നദ്ദേഹം അന്നാട്ടിലെ ഭരണാധികാരിയായിരുന്നു.
* നാഥാ, ഞാന്‍ ദുസ്സ്വഭാവിയായാല്‍ എന്നെ നീ സൗമ്യനാക്കേണമേ. ഞാന്‍ ദുര്‍ബലനായാല്‍ ശക്തനാക്കേണമേ.
* കുട്ടികളെ പാലൂട്ടുന്ന ഉമ്മമാര്‍ മക്കളെ വലിച്ചെറിയുകയും ഗര്‍ഭിണികളെല്ലാം ഭയം കാരണം പ്രസവിച്ചുപോവുകയും ചെയ്യുന്ന ഭയങ്കര ദിവസത്തെ ഞാന്‍ ഭയക്കുന്നു.
* കൊച്ചു കുട്ടികളെ കണ്ടാല്‍ ഉമര്‍ പറയും: ``മോനെ എനിക്കു വേണ്ടി നീ പ്രാര്‍ഥിക്കണം. ഒരു കുറ്റവും ചെയ്യാത്ത കുട്ടിയാണല്ലോ നീ.''
* മരണത്തിനു തൊട്ടുമുമ്പ് അദ്ദേഹം പറഞ്ഞു: ``ഞാനൊരു പുല്‍ക്കൊടിയായിരുന്നെങ്കില്‍! ഞാന്‍ സൃഷ്‌ടിക്കപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍! ഉമ്മ എന്നെ പ്രസവിച്ചില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!
മുഹമ്മദ് നബിയുടെ (صلى الله عليه وسلم) വാക്കുകള്‍
* സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനംചെയ്യുന്നവനാണ് വിശ്വാസി.
* ദൈവം ഏറ്റവും വേഗം ശിക്ഷ നല്കുന്നത് കുടുംബബന്ധം വിഛേദിക്കുന്നതിനാണ്.
* അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
* നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
* ദരിദ്രന് ന്ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്കുന്നു.ദരിദ്രനായ
ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്കുന്നു. ദാനത്തിന്റെതും ബന്ധം
ചേര്‍ത്തതിന്റെതും.
* മതം ഗുണകാഷയാകുന്നു.
* മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
* കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍പ്പെട്ടവനല്ല.
* വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത്വിശ്വാസത്തിന്റെ ഭാഗമണ്.
* വിവാഹം നിങ്ങള്‍ പരസ്യപ്പെടുത്തണം.
* ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പറയരുത്.
* നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോചെയ്യരുത്.
* നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
*നിങ്ങള്‍ മരിച്ചവന്റെ പേരില് അലമുറ കൂട്ടരുത്.
* മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
* നന്മ കല്പിക്കണം തിന്മ വിരോധിക്കണം.
* ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം..
* ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
* പരസ്പരം കരാറുകള്‍ പാലിക്കണം.
* അതിഥികളെ ആദരിക്കണം.
* അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോവന്നാലും സ്വീകരിക്കരുത്.
* ആപല്‍കരമെങ്കിലും സത്യം പറയുക. വിജയംഅതിലാണുള്ളത്.
* തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച്അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യനാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
* വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയസ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്.
* അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള് പ്രതീക്ഷിക്കുക.
* ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്തവഞ്ചനയില്ല.
* മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില് യാതൊരു മറയുംഇല്ല.
* നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
* ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ചകാര്യമാണ് വിവാഹ മോചനം.
* നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
* സ്വന്തം ഭാര്യക്ക് ഭക്ഷണംനല്കുന്നതില്‍ പോലുംനിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
* ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നതയും സത്സ്വഭാവവും എല്ലാവര്ക്കും നല്കാന്‍ കഴിയും.
* ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗരാജ്യത്തേക്കടുപ്പിക്കും.
* അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ ... ധനം നല്ലമാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനംഅഭ്യസിക്കുന്നവനും.
* സദ് വൃത്തയായ ഭാര്യയാണ് ഐഹിക വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
* ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവകോപം മാതാപിതാക്കളുടെ കോപത്തിലാണ്.
ക്ഷണം സ്വീകരിച്ചു ഇവിടം വരെ വന്നതിനു നന്ദി. ഇത് നിങ്ങള്‍ക്കുപകാരമായി എന്ന് വിശ്വസിക്കുന്നു. ഇനി മറിച്ചാണ് സംഭവിച്ചതെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ തിരക്ക് പിടിച്ച ജീവിത യാത്രയിലെ വിലപ്പെട്ട സമയം അപഹരിച്ചതിനു.
പോകുനതിനു മുന്‍പ്, ഇതിനെക്കുറിച്ചു ഒന്നും ഉരിയാടാന്‍ മറക്കരുത്.
പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുമല്ലോ?
ദൈവം അനുഗ്രഹിക്കട്ടെ
No comments:
Post a Comment