ഖത്തറിലെ സൗഹൃദങ്ങളോട് 😍
നിയമങ്ങളെ ബഹുമാനിക്കുക - മുറിവൈദ്യം ആപത്താണ്
പ്രവാസികൾ എപ്പോഴും താൻ ജീവിക്കുന്ന നാട്ടിലെ നിയമങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം, എന്ന് വെച്ച് സ്വന്തം രാജ്യത്തെ നിയമങ്ങളിൽ അഞ്ജരാവണം എന്നല്ല കേട്ടോ. നിയമം അറിയാതിരുന്നു പാലിക്കപ്പെടാതെ പോയാൽ ധന നഷ്ടം അടക്കമുള്ള നഷ്ടങ്ങൾ നാം സഹിക്കേണ്ടി വരും, ചിലപ്പോൾ തീരാ ദുരിതത്തിലാവുകയും ചെയ്യും
ഇവിടെ കുറിക്കുന്നത്, എന്റെ സുഹൃത്തിനുണ്ടായ നേരനുഭവമാണ്, അവന്റെ കൂടെ മുനിസിപ്പാലിറ്റി ഓഫീസ് വരെ ഞാനും ചെന്നിരുന്നു, അവിടന്ന് മനസ്സിലാക്കിയ കാര്യങ്ങൾ നിങ്ങളെ ഒന്നോർമ്മിപ്പിക്കാൻ വേണ്ടി കുറിച്ചിടുന്നു.
ഇത് സുഹൃത്തിനു ആഴ്ചകൾക്ക് മുൻപ് ലഭിച്ച അവാർഡ്.
അവൻ നാട്ടിൽ പോയപ്പോൾ ഒരാഴ്ച വണ്ടി വില്ലയുടെ മുൻപിൽ പൊടിയും ചളിയും പിടിച്ചു കിടന്നിരുന്നു. തിരിച്ചു വന്നപ്പോൾ വണ്ടിയിൽ ഈ ഫോട്ടോ കണ്ടു, ഉടനെ തന്നെ ഇവിടത്തെ സാദാ മലയാളികളെ പോലെ അവനും ചെയ്‌തു ഒന്ന് രണ്ടു ഘടികളെ വിളിച്ചു കാര്യം പറഞ്ഞു. അവർ "ഉപദേശിച്ചു" കുഴപ്പമില്ലടാ, നീ അതങ്ങു കീറിക്കളഞ്ഞേക്ക്, വണ്ടി കഴുകി ഉപയോഗിച്ചോ എന്ന്.
ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞു, ഇന്ന് രാവിലെ ടിയാന് ഓഫീസിൽ നിന്നും വിളി, വിളിച്ചത് പിആർ ആണ്, നിന്റെ വണ്ടിയും കൊണ്ട് പോലീസ് സ്റ്റേഷനിൽ ചെല്ലാൻ.
ചങ്ങാതിക്ക് സംശയമായി, എന്തിനാപ്പാ പോലീസ് സ്റ്റേഷനിൽ വിളിപ്പിക്കുന്നത് എന്ന്.ആലോചിച്ച ഒരു വഴിക്കായി രാവിലെ തന്നെ പോലീസ് സ്റ്റേഷനിൽ ചെന്ന്, അവിടെ നിന്നും കിട്ടി ഒരു സർട്ടിഫിക്കറ്റ്, അവർ പറഞ്ഞു ഇതുമായി മുനിസിപ്പാലിറ്റിയിൽ പോകണം, അവിടെ നിന്ന് ക്ലിയറൻസ് മേടിച്ചു ഉടനെ വരണം അല്ലെങ്കിൽ കോടതിയിലേക്ക് അയക്കും എന്ന്.
എന്നാൽ പിന്നെ മുനിസിപ്പാലിറ്റിയിൽ പോയിക്കളയാം എന്ന് പറഞ്ഞു അങ്ങോട്ട് ചെന്ന്. ഞാനും ചെന്ന് മൂപ്പരുടെ കൂടെ, കാര്യമറിയണമല്ലോ!
റിസപ്‌ഷനിൽ ഇരിക്കുന്ന ചങ്ങാതി പറഞ്ഞു, നിങ്ങളുടെ കാറിൽ സ്റ്റിക്കർ പതിച്ചിട്ടുണ്ടായിരുന്നില്ലേ? അതാണ് കാര്യം എന്ന്..
കൗണ്ടറിൽ പോയപ്പോൾ അവിടെ ഇരിക്കുന്ന നാട്ടുകാരൻ ഖത്തറി പറഞ്ഞു, നിങ്ങൾക്ക് സ്റ്റിക്കർ ഒട്ടിച്ചു ഒരാഴ്ച വരെ ഞങ്ങൾ വെയിറ്റ് ചെയ്തു (ചിലപ്പോൾ രണ്ടോ മൂന്നോ ആഴ്ച വരെ അവർ കാത്തിരിക്കും), എന്നിട്ട് ആളെ കാണാത്തത് കൊണ്ട് പൊലീസിലേക്ക് കൈമാറി, ഇനി ഇതിൽ ഒന്നും ചെയ്യാനില്ല ഇപ്പോൾ ആയിരം റിയാൽ ഫൈൻ, ഇനി വൈകിയാൽ അത് അഞ്ചും പത്തും ഇരുപത്തഞ്ചു വരെയും ആകും എന്ന്. (പൊലീസിന് കൈമാറി കഴിഞ്ഞാൽ അവർ വാഹന ഉടമയെ നേരിട്ട് വിളിക്കും, അവർ ഹാജരാവാൻ വേണ്ടി ഒന്നോ ചിലപ്പോൾ രണ്ടോ ആഴ്ച കാത്തിരിക്കും, തുടർന്ന് ആൾ ഹാജരാവുന്നില്ലെങ്കിൽ കോടതിക്ക് കൈമാറും, കോടതിയിൽ എത്തിയാൽ പിന്നെ അവർ നിശ്ചയിക്കുന്ന ഫൈൻ അടക്കാൻ നാം ബാധ്യസ്ഥരാണ് )
ഇനി വിഷയം പറയാം
നിങ്ങളുടെ വണ്ടി വൃത്തിയായി കൊണ്ട് നടന്നില്ലെങ്കിൽ,
ഒരേ സ്ഥലത്തു രണ്ടു മൂന്നു ദിവസം വൃത്തികേടായി കിടന്നാൽ,
ബലദിയ ടീം വന്നു വണ്ടിയിൽ ഇതുപോലെ സ്റ്റിക്കർ ഒട്ടിക്കും,
സ്റ്റിക്കർ ലഭിച്ച ഉടനെ നിങ്ങൾ അതുമായി മുനിസിപ്പാലിറ്റിയിൽ ചെല്ലണം,
അവിടെ നിശ്ചിത ദിവസത്തിനകം റിപ്പോർട്ട് ചെയ്‌താൽ അവർ അത് ഒരു ഫൈനും ചുമത്തത്തെ കീറി കളയും.
ഇനി നിങ്ങൾ തന്നെ കീറി കളഞ്ഞാൽ, ഇത് പോലെ രണ്ടാഴ്ചക്ക് ശേഷം നിങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ നിന്നും വിളി വരും ഫൈൻ ആയിരം മുതൽ ഇരുപത്തയ്യായിരം വരെ ലഭിക്കും.
ഇനി അഥവാ നിങ്ങൾ രണ്ടാഴ്ചക്ക് ശേഷമാണ് ഇത് ശ്രദ്ധയിൽ പെടുന്നത് എങ്കിലും ആദ്യം മുനിസിപ്പാലിറ്റിയിൽ ചെല്ലുക , കൂടുതൽ വൈകിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ നിന്നും വിളി വരും, അതായത് വണ്ടിയുടെ ഇസ്തിമാറ ആരുടെ പേരിലാണോ അവർക്ക്, (അത് ചിലപ്പോൾ വ്യക്തി ആവാം അല്ലെങ്കിൽ നിങ്ങളുടെ കമ്പനിയും ആവാം)
പോലീസ് സ്റ്റേഷനിൽ നിന്നും വിളി ലഭിച്ചാൽ ഉടനെ പ്രസ്തുത പോലീസ് ഓഫീസിൽ ചെല്ലുക ഇസ്തിമാറ ഡീറ്റെയിൽസ് കൊടുത്താൽ അവർ ഒരു പേപ്പർ തരും, അതുമായി മുനിസിപ്പാലിറ്റിയിൽ ചെന്ന് അത് ക്ലിയർ ചെയ്യാൻ പറയും, കുറഞ്ഞത് ആയിരം റിയാൽ ആയിരിക്കും അതിലുള്ള ഫൈൻ (സാഹചര്യത്തിനനുസരിച്ചു ഫൈൻ തുക മാറാനുള്ള സാധ്യത ഉണ്ട്) മുനിസിപ്പാലിറ്റിയുടെ പതിമൂന്നാം നമ്പർ കൗണ്ടറിൽ ചെല്ലുക, അവർ നിങ്ങൾക്ക് ഫൈൻ അടക്കാനുള്ള പേപ്പർ ശരിയാക്കി തരും, കാശ് അടച്ചു കഴിഞ്ഞാൽ റസിപ്റ്റുമായി പോലീസ് സ്റ്റേഷനിൽ പോവുക സംഭവം ക്ളീൻ..
ഇനി നിങ്ങൾക്ക് പോലീസ് വിളി കിട്ടാതിരിക്കുകയോ, പോലീസ് വിളിക്ക് ഉത്തരം നൽകി അവിടെ പോകാതിരിക്കുകയോ ചെയ്‌താൽ, ഒന്നോ രണ്ടോ ആഴ്ച കാത്തിരുന്നു പോലീസ് സ്റ്റേഷനിൽ നിന്നും അവർ നിങ്ങളുടെ വണ്ടിയുടെ പേപ്പർ കോടതിക്ക് കൈമാറും, അടുത്ത വ്യവഹാരം കോടതിയിൽ വെച്ചാണ് നടക്കുക, നിങ്ങൾക്ക് അവിടെ വാദിക്കണം എന്നുണ്ടെങ്കിൽ നേരെ വക്കീലിനെ നിശ്ചയിക്കാം (ഇവിടെയും കേസിനനുസരിച്ച് കാര്യങ്ങളിൽ മാറ്റം ഉണ്ടാവാനുള്ള സാധ്യതയുണ്ട്) അല്ലെങ്കിൽ അവർ നിശ്ചയിക്കുന്ന ഫൈൻ നൽകി സ്ഥലം കാലിയാക്കാം, എന്തായാലും ധന നഷ്ടം ഉറപ്പ്.!!
.
ഉപദേശി സുഹൃത്തുക്കളോട് സ്നേഹ പൂർവ്വം:🙏
ഒരു വിഷയത്തിൽ നിങ്ങൾക്ക് കൃത്യമായ അറിവിലില്ലെങ്കിൽ ദയവ് ചെയ്ത മുറി വൈദ്യന്മാർ ആവാതിരിക്കുക. ഇവിടത്തെ നിയമം മാറിക്കൊണ്ടിരിക്കുന്നുണ്ട്. അത് കൊണ്ട് ഇതുപോലെ അവാർഡ് ലഭിച്ചവർ ഉടൻ തന്നെ പ്രസ്തുത ഓഫീസിൽ കയറി ചെന്ന് കാര്യം തിരക്കുക. എല്ലാവര്ക്കും കാര്യം മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു.
അപ്പൊ എല്ലാം പറഞ്ഞത് പോലെ ഉസ്സാർക്കി മുന്തിരി !!!
#FromSana
No comments:
Post a Comment