കള്ളങ്ങളുടെ പെരുമഴക്കാലം
14 NOV, 2018 - 07:23 AM
കള്ളം നൂറു തവണ ആവർത്തിച്ചാൽ നേരാണെന്ന് ജനങ്ങൾ ധരിച്ചുകൊള്ളും എന്ന ആപ്തവാക്യം നാസി ജർമനിയുടെ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ പ്രചാരണകാര്യ മന്ത്രി ഗീബൽസിലേക്കാണ് ചേർക്കപ്പെടാറ്. ഫാഷിസ്റ്റ് രാഷ്ട്രീയക്കാരും ഭരണാധികാരികളും മുറതെറ്റാതെ കൊണ്ടുനടക്കുന്ന സമവാക്യംതന്നെയാണത്. ഉള്ളത് ഉള്ളപോലെ ജനങ്ങളെ അറിയിച്ചാൽ തങ്ങളുടെ മിഥ്യാസിംഹാസനങ്ങൾ തകർന്ന് നിലംപൊത്തും എന്ന് അവർക്കറിയാം. ഹിറ്റ്ലറെ മാതൃകാപുരുഷനായി കരുതുന്ന സമകാലിക ഇന്ത്യൻ ഫാഷിസ്റ്റുകളും തങ്ങളുടെ വിനാശകരമായ ലക്ഷ്യപ്രാപ്തിക്കുവേണ്ടി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത് വ്യാജ പ്രചാരണങ്ങളും നിറംപിടിപ്പിച്ച നുണകളുംതന്നെയാണെന്ന് ഒരായിരം അനുഭവങ്ങളിലൂടെ തെളിഞ്ഞുകഴിഞ്ഞതാണ്. ഏറ്റവും പുതുതായി വിശ്വാസ്യത ഒെട്ടാക്കെ ഇപ്പോഴും നിലനിർത്തുന്ന ലോക മാധ്യമമായ ബി.ബി.സി പുറത്തുവിട്ട വിവരങ്ങൾ ഇൗ സത്യത്തിന് അടിവരയിടുകയാണ് ചെയ്യുന്നത്.
ദേശീയ വികാരം ഉൽപാദിപ്പിക്കുന്ന വ്യാജവാർത്തകൾ ഇന്ത്യയിൽ വളരെ വേഗത്തിൽ പ്രചരിക്കുന്നതായി ബി.ബി.സി ചാനൽ കഴിഞ്ഞദിവസം പുറത്തിറക്കിയ പഠനം വ്യക്തമാക്കുന്നു. വലതുപക്ഷ കക്ഷികൾ വളരെ ആസൂത്രിതമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുേമ്പാൾ ഇതിനെ പ്രതിരോധിക്കുന്നവരുടെ ശക്തി വളരെ ദുർബലമാെണന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. ദേശീയത പ്രമേയമാകുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുേമ്പാൾ ജനങ്ങൾ സത്യത്തെ പരിഗണിക്കുന്നില്ലെന്ന് ‘ബിയോണ്ട് ഫെയ്ക് ന്യൂസ്’ എന്ന പരിപാടിക്കുവേണ്ടി ബി.ബി.സി നടത്തിയ പഠനത്തിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കുന്നവരുടെ സോഷ്യൽ മീഡിയയിലെ ഇടപെടലുകളിലൂടെ വ്യാജ വാർത്തകൾ നിരന്തരം പ്രചരിക്കുകയാണത്രെ. ട്വിറ്റർ വഴിയാണ് വ്യാജ വാർത്തകൾ കൂടുതൽ പ്രചരിക്കുന്നത്. ഹിന്ദു ദേശീയത അഥവാ ഇന്ത്യ ഹിന്ദുരാജ്യമാണെന്ന സങ്കൽപം സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി ന്യൂനപക്ഷ വിരുദ്ധത, വൈദിക കാലഘട്ടത്തെ പ്രകീർത്തിക്കൽ, പഴയ ആചാരങ്ങൾ നിലനിർത്തലും പുനഃസ്ഥാപിക്കലും, മോദിയുടെ മാഹാത്മ്യങ്ങൾ വർണിക്കൽ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും വ്യാജ വാർത്തകൾക്ക് വിഷയീഭവിക്കുന്നതെന്നും ബി.ബി.സി റിസർച് അനാവരണം ചെയ്യുന്നു. പ്രധാനമന്ത്രി ട്വിറ്ററിൽ പിന്തുടരുന്നവരിൽ 56.2 ശതമാനവും യഥാർഥമാണെന്നുറപ്പില്ലാത്ത അക്കൗണ്ടുകളാണ്. വ്യാജ വാർത്തകൾ സൃഷ്ടിക്കുന്ന 30 ട്വിറ്റർ അക്കൗണ്ടുകൾ പരിശോധിച്ചതിൽ 15 എണ്ണവും മോദി പിന്തുടരുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒരു ജനാധിപത്യ രാജ്യത്തിെൻറ പ്രധാനമന്ത്രിപോലും നേരും വ്യാജവും തമ്മിേലാ സത്യവും അസത്യവും തമ്മിലോ എന്തെങ്കിലും അന്തരമുള്ളതായി വിശ്വസിക്കുന്നില്ലെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ? മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002 ഫെബ്രുവരിയിൽ സംസ്ഥാനത്ത് മുസ്ലിം ന്യൂനപക്ഷത്തിെൻറ ചോരപ്പുഴ ഒഴുക്കിയ വംശീയ കലാപം പടർത്തുന്നതിൽ രണ്ടു വലതുപക്ഷ പത്രങ്ങൾ പ്രചരിപ്പിച്ച വ്യാജ വാർത്തകൾ വഹിച്ച പങ്ക് പ്രസ് കൗൺസിലിെൻറ രൂക്ഷവിമർശനത്തിന് വിധേയമായിട്ടുള്ളതാണെന്നോർക്കണം. ശബരിമലയിലെ സ്ത്രീസാന്നിധ്യ പ്രശ്നം ആവോളം കുത്തിയിളക്കി ഹൈന്ദവരുടെ പിന്തുണ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള കോഴിക്കോട്ട് യുവമോർച്ചക്കാരെ അഭിമുഖീകരിച്ചു ചെയ്ത പ്രസംഗം വൻ വിവാദമായത് കേരളം കണ്ടു. ശബരിമല ശ്രീ അയ്യപ്പക്ഷേത്രത്തിലെ തന്ത്രി നടയടക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിനുമുമ്പ് തന്നോടാലോചിച്ചിരുന്നു എന്നാണ് കവിയും എഴുത്തുകാരനും അഭിഭാഷകനുംകൂടിയായ ശ്രീധരൻപിള്ള പറഞ്ഞത്. പക്ഷേ, തന്ത്രി അത് നിഷേധിച്ചപ്പോൾ അദ്ദേഹം മലക്കംമറിഞ്ഞു.
ശ്രീധരൻ പിള്ള കള്ളം പറഞ്ഞു എന്ന് വിശ്വസിക്കാൻ ജനങ്ങൾ നിർബന്ധിതരായി. അദ്ദേഹത്തിെൻറ വന്ദ്യവയോധിക നേതാവ് വാജ്പേയി മന്ത്രിസഭയിൽ അംഗമായിരിക്കെ തട്ടിമൂളിച്ച പച്ചക്കള്ളവും ഇൗയവസരത്തിൽ ഒാർക്കാവുന്നതാണ്. ശ്രീനഗറിൽനിന്ന് അഫ്ഗാനിസ്താനിലെ കാന്തഹാറിലേക്ക് ഇന്ത്യൻ വിമാനം തട്ടിക്കൊണ്ടുപോയ പാക് ഭീകരസംഘത്തിെൻറ ഡിമാൻഡുകളിലൊന്ന് കോയമ്പത്തൂരിലെ തടവറയിൽ കിടക്കുന്ന അബ്ദുന്നാസിർ മഅ്ദനിയെ മോചിപ്പിക്കണം എന്നതായിരുന്നു എന്ന് അങ്ങോര് കണ്ണുംചിമ്മി തട്ടിവിട്ടു. ശബരിമലയിൽ െപാലീസുകാരൻ ഭക്തെൻറ നെഞ്ചിൽ ചവിട്ടുന്ന വ്യാജ ചിത്രം കേരളത്തിൽ പാളിയെങ്കിലും ഡൽഹിയിൽ അത് ലക്ഷക്കണക്കിന് കോപ്പികളാണ് സംഘ്പരിവാർ വിതരണം ചെയ്യുന്നതെന്നതും ഇതോട് ചേർത്തുവായിക്കേണ്ടതാണ്. െപാതുതെരഞ്ഞെടുപ്പ് സമീപിക്കുംതോറും കള്ളങ്ങളുടെ പെരുമഴതന്നെ പ്രതീക്ഷിക്കണം. നേരുപറഞ്ഞോ നന്മചെയ്തോ ജനങ്ങളുടെ വോട്ട് നേടാൻ തങ്ങൾക്കാവില്ലെന്ന് ബോധ്യപ്പെട്ട തീവ്ര ഹിന്ദുത്വശക്തികൾക്ക് വെള്ളം ചേർക്കാത്ത നുണകളെ ആശ്രയിക്കുകയല്ലാതെ മറ്റെന്തു വഴി? അതൊക്കെ ഒരുവിധ അന്വേഷണമോ വിവേചനമോ ഇല്ലാതെ പകർത്തിവിടുന്ന ദേശീയ മാധ്യമങ്ങളാണ് ബി.ബി.സി നടേപറഞ്ഞ പഠനത്തിൽ സൂചിപ്പിച്ചപോലെ ഇന്ത്യയുടെ ശാപം. എന്തു പറഞ്ഞാലും വ്യാജങ്ങൾ അൽപായുസ്സായ ചരിത്രമേയുള്ളൂ. നോട്ട് റദ്ദാക്കൽ നടപടിപോലെ വ്യാജ പ്രചാരണങ്ങളും കേവലം മിഥ്യകളായിരുന്നുവെന്ന് കാലം തെളിയിക്കും. അപ്പോഴേക്ക് പക്ഷേ, രാജ്യത്തിെൻറ സമാധാനവും സുരക്ഷയും ജനാധിപത്യക്രമവും കൈവിട്ടുപോവുന്നോ എന്ന് ന്യായമായും ആശങ്കിക്കണം. ജനങ്ങളുടെ ജാഗ്രതയും, നേരും നുണയും തിരിച്ചറിയാനുള്ള ശേഷിയും മാത്രമാണ് പ്രതിവിധി.
കടപ്പാട് - മാധ്യമം എഡിറ്റോറിയൽ
No comments:
Post a Comment