സുനിൽ പി ഇളയിടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
സോദരത്വേന.....
അളവില്ലാത്തത്ര
കരുതലും സാഹോദര്യവുമായി
എണ്ണമറ്റ ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും പല രൂപത്തിൽ പിൻതുണ അറിയിക്കുകയും ചെയ്തത്. "ശ്രദ്ധിക്കണം" എന്ന് ഏറെപ്പേരും ഓർമ്മിപ്പിച്ചു. പ്രിയപ്പെട്ട സുഹൃത്തുക്കൾക്കെല്ലാം ഹൃദയം നിറഞ്ഞ സ്നേഹം. നന്ദി.
"ശ്രദ്ധിക്കണം" എന്ന കരുതലും അതിനു പിന്നിലെ സ്നേഹവും എനിക്കു മാത്രമായുള്ളതല്ലെന്നും ഈ നാടിന്റെ പാരമ്പര്യമായി മാറിയ വലിയ ചില മൂല്യങ്ങളിൽ നിന്ന് ഉറവ പൊട്ടിയവയാണ് അതെന്നും ഞാൻ തിരിച്ചറിയുന്നുണ്ട്.
ശ്രദ്ധിക്കുന്നുണ്ട്.
അതിനുമപ്പുറം ഭയക്കാതിരിക്കുന്നുമുണ്ട്.
ധീരത കൊണ്ടല്ല.
നീതിയുടെ ബലം കൊണ്ട്.
ഒരു മാരകശക്തിയോടാണ് ഏറ്റുമുട്ടുന്നത് എന്ന ഉത്തമ ബോധ്യത്തോടെ മാത്രമേ ഹൈന്ദവ വർഗ്ഗീയതയോട് ആർക്കും എതിരിടാനാവൂ.ഗാന്ധിജിയെ വെടിവച്ചു കൊന്ന പാരമ്പര്യമാണ് അതിന്റേത്. അതിനു മുന്നിൽ ഏവരും എത്രയോ ചെറിയ ഇരകളാണെന്നും എനിക്കറിയാം.
എങ്കിലും ഈ സമരം നമുക്ക് തുടരാതിരിക്കാനാവില്ല.
"സോദരത്വേന... " എന്ന് ചരിത്രത്തിന്റെ ചുവരിലെഴുതിയ ആ മഹാവാക്യത്തെ മതഭ്രാന്തിന്റെ പടയോട്ടങ്ങൾ
മായ്ചു കളയുന്നത് നമുക്ക് അനുവദിക്കാനാവില്ല.
ശബരിമല വിഷയത്തിൽ സംസാരിച്ചു തുടങ്ങിയതിനു ശേഷം കഴിഞ്ഞ മൂന്ന് നാല് ആഴ്ചകളിൽ സംഘടിതമായി വലിയ ആക്രമണങ്ങളാണ് ഒരുമിച്ചരങ്ങേറിയത്. തെറിക്കത്തുകൾ മുതൽ വധഭീഷണി വരെ.
സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾ മുതൽ അപവാദങ്ങൾ വരെ... എല്ലാം ഉപയോഗിക്കപ്പടുന്നുണ്ട്. അത് ഉടനെ അവസാനിക്കാൻ ഇടയുമില്ല.
എങ്കിലും എന്റെ സംസാരം പതറാതെ ഇനിയും തുടരുക തന്നെ ചെയ്യും.
ഭയം വിതച്ച് ഭയം കൊയ്യുന്ന ഒരു ലോകമായി ഈ നാടിനെ മാറ്റിയെടുക്കാൻ ആർക്കുംഎളുപ്പം സാധ്യമാവില്ല എന്നെനിക്കറിയാം.
എത്രയോ പേർ ചുറ്റും ഉണർന്നിരിക്കുന്നു!!
പലരും വേട്ടയാടപ്പെടുന്നുണ്ട്.
ബിന്ദു കല്യാണി തങ്കം, ശ്രീചിത്രൻ....... ഈ പരമ്പരയിൽ ഇപ്പോൾ ഏറെപ്പേരുണ്ട്.
എതിർത്തു നിൽക്കുന്നവരെ ഇല്ലാതാക്കാൻ ഫാസിസ്റ്റുകൾ എന്നും ശ്രമിച്ചിട്ടുണ്ട്.
പക്ഷേ, നീതിബോധത്തെയും അതിന്റെ മൂല്യങ്ങളെയും ഇല്ലാതാക്കാം എന്ന ഫാസിസ്റ്റ് സ്വപ്നം പരാജയപ്പെടുകയേ ഉള്ളൂ.
മതനിരപേക്ഷത, ജനാധിപത്യം, സാമൂഹ്യ നീതി തുടങ്ങിയ ചില അടിസ്ഥാന മൂല്യങ്ങൾക്കു വേണ്ടി വൈജ്ഞാനികമായ പ്രചാരണപ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ഞാൻ കഴിഞ്ഞ കുറെക്കാലമായി ചെയ്തു വരുന്നത്. അതിനു വേണ്ടി തെരുവോരങ്ങളിലും വഴിവക്കുകളിലും സമ്മേളനമുറികളിലും എല്ലാം നാനാതരം ആശയങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുന്നു. അത്തരം അറിവുകൾ തന്നെവരോടെല്ലാം ഇന്നാട്ടിലെ സാമാന്യമനുഷ്യരോടൊപ്പം ഞാനും കൃതജ്ഞതയുള്ളവനാണ്. "ഒരാശയം ഭൗതികശക്തിയായിത്തീരുന്നത് ജനങ്ങൾ അതേറ്റെടുക്കുമ്പോഴാണ് " എന്ന പഴയ ഒരു ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആശയങ്ങൾ തെരുവോരങ്ങളിൽ നിർത്താതെ പറഞ്ഞു കൊണ്ടേയിരിക്കുന്നത്. മതവർഗ്ഗീയതക്കെതിരായ സമരത്തിന്റെ ദൃഢീകരണത്തിന് നമ്മുടെ കാലം ഇത്തരം പ്രചാരണപ്രവർത്തനങ്ങൾ കൂടുതൽ ആവശ്യപ്പെടുന്നുണ്ട് എന്നാണെന്റെ വിശ്വാസം.
"സാമൂഹിക ബന്ധങ്ങളുടെ സമുച്ചയമാണ് മനുഷ്യൻ " എന്ന പ്രമാണവാക്യമാണ് എക്കാലത്തും നീതിയുടെ അടിപ്പടവുകളിലൊന്ന് എന്നാണ് ഞാൻ കരുതുന്നത്. അത് നമ്മെ നമുക്കപ്പുറത്തേക്ക് കൂട്ടികൊണ്ടു പോകുന്നു. അപ്പോൾ നീതി പ്രവർത്തിക്കാൻ തുടങ്ങുന്നു.
ഏവരോടും സ്നേഹം.
No comments:
Post a Comment