ഇടതുപക്ഷത്തിന്റെ ചെലവാകാത്ത നവോത്ഥാനം
നവോത്ഥാന നായകര്‍ ഉഴുതുമറിച്ച മണ്ണില്‍ വിത്തെറിഞ്ഞ് വിളയിച്ചെടുത്തതാണ് കേരളത്തില്‍ ഇന്നുകാണുന്ന ഇടതുപക്ഷമെന്ന് നേരത്തേ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നവോത്ഥാനത്തിെൻറ നൈതികവും രാഷ്ട്രീയവുമായ തുടര്‍ച്ച സൃഷ്ടിക്കുകയാണോ യഥാര്‍ഥത്തില്‍ ഇടതുപക്ഷം ചെയ്തത് എന്ന ചോദ്യം പ്രസക്തമാണ്. ജാതിവ്യവസ്ഥ അധികാരവും അവകാശവും നിഷേധിച്ച സമൂഹങ്ങള്‍ക്ക് അവകാശവും അധികാരവും വിഭവങ്ങളും ലഭ്യമാക്കുക എന്നതായിരുന്നു കേരളീയ നവോത്ഥാനത്തിെൻറ അന്തസ്സത്ത. ഈ അധികാര സ്ഥാപനത്തിനാവശ്യമായ ആശയങ്ങളും പ്രായോഗിക പ്രവര്‍ത്തനങ്ങളുമായിരുന്നു കേരളീയ നവോത്ഥാനത്തില്‍ നടന്നത്. ബംഗാളിലെ നവോത്ഥാനത്തില്‍നിന്ന് വ്യത്യസ്തമായി കേരളീയ നവോത്ഥാനത്തിെൻറ സവിശേഷത, അത് കീഴാള സമൂഹങ്ങളില്‍നിന്ന് ആരംഭിച്ച് മുന്നാക്ക സമൂഹങ്ങളില്‍ പ്രതിഫലിച്ച സാമൂഹിക പരിവര്‍ത്തന ശക്തിയായിരുന്നു എന്നതാണ്. ജാതിവ്യവസ്ഥ അധികാരാവകാശങ്ങള്‍ നിഷേധിച്ച സമൂഹങ്ങളുടെ അധികാര-വിഭവ പങ്കാളിത്തത്തോട് ഇടതുപക്ഷത്തിെൻറ സമീപനമെന്താണ് എന്നതാണ് നവോത്ഥാനവുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യം.
നവോത്ഥാനമൂല്യങ്ങളുടെ നേര് എതിര്‍പക്ഷത്തുനില്‍ക്കുന്ന സവര്ണാധിപത്യത്തിന് പോറലേല്ക്കാത്ത വര്ഗവ്യാഖ്യാനമാണ് ഇന്ത്യയിലെയും കേരളത്തിലെയും ഇടതുപക്ഷം എന്നും നടത്തിപ്പോന്നിട്ടുള്ളത്. കേരളത്തില്‍ ഇന്നും അവശേഷിക്കുന്ന സവര്‍ണാധിപത്യത്തെ തകര്‍ക്കാന്‍ ശേഷിയുള്ള രണ്ടുവിഷയങ്ങളിലെ ഇടതുസമീപനം പരിശോധിച്ചാല്‍ നവോത്ഥാനത്തിെൻറ വര്‍ത്തമാന സന്ധിയില്‍ ഇടതുപക്ഷം എവിടെയാണ് നില്‍ക്കുന്നതെന്ന് വ്യക്തമാകും. ഉടമസ്ഥതയും സംവരണവും സവര്‍ണാധികാര കുത്തകയെ തകര്‍ക്കുകയും അവര്‍ണ അധികാര പങ്കാളിത്തത്തെ സ്ഥാപിക്കുകയും ചെയ്യുന്ന സുപ്രധാനമായ രണ്ടു സാമൂഹിക ഉപാധികളാണ്. കേരളീയ നവോത്ഥാനത്തിെൻറ വഴിമുട്ടിച്ച രണ്ട് പ്രധാനകാര്യങ്ങള്‍ ഭൂമിപ്രശ്നവും സംവരണവുമാണ്. ദലിത് വിരുദ്ധമായ രീതിയില്‍ ഭൂമിപ്രശ്നത്തെ ഇടതുപക്ഷം സമീപിച്ചതിെൻറ ഫലമായാണ് കേരളത്തിലെ ദലിതുകള്‍ ഭൂരഹിതരായിത്തീര്ന്നത്. യൂറോകേന്ദ്രിത രീതിയില്‍ വര്‍ഗ കാഴ്ചപ്പാടിനെ വ്യാഖ്യാനിച്ചതിെൻറ ഫലമായി സംഭവിച്ചതായിരുന്നു ഇത്. യൂറോപ്യന്‍ ഭൂബന്ധവ്യവസ്ഥയില് രണ്ടു വിഭാഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ജന്മിമാരും കുടിയാന്മാരും. ജന്മിമാര് പാരമ്പര്യമായി സ്വത്തിെൻറ അധികാരമുള്ളവരായിരുന്നു. കുടിയാന്മാര് ഉടമസ്ഥാവകാശമില്ലാതെ ജന്മിയുടെ അനുവാദത്തോടെ ഭൂസ്വത്ത് കൈവശംവെച്ച് അതില്‍ കൃഷി ചെയ്യുന്ന കര്‍ഷകരായിരുന്നു. ഈ കൃഷിക്കാരായിരുന്നു യൂറോപ്യന്‍ ഭൂബന്ധത്തിലെ അടിസ്ഥാനവര്‍ഗവും.
ജന്മിമാരുടെ സ്വത്തിന് പരിധി നിശ്ചയിച്ച് ഭൂരഹിത കുടിയാന്മാര്ക്ക് ഭൂമി നല്കിയാല് തീരുമായിരുന്നു യൂറോപ്പിലെ ഭൂമിപ്രശ്നം. എന്നാല്‍, കേരളത്തില്‍ ജന്മിയില്‍നിന്ന് ഭൂമി പാട്ടത്തിനെടുത്ത കുടിയാന്മാര് മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരായിരുന്നില്ല. മണ്ണില്‍ പണിയെടുത്തിരുന്നത് ദലിത് സമൂഹമായിരുന്നു. പക്ഷേ, ചാതുര്‍വർണ്യ വ്യവസഥപ്രകാരം അവര്‍ക്ക് ഭൂമി കൈവശം വെക്കാന്‍ അധികാരമുണ്ടായിരുന്നില്ല. ഇവരുടെ ഭൂ അവകാശത്തെ അഭിമുഖീകരിക്കാതെ യൂറോപ്യന്‍ മോഡലില്‍ ഭൂമി കൈവശമുള്ളവര്‍ക്ക് ഭൂമിയുടെമേല്‍ അധികാരം നല്കി അവസാനിപ്പിക്കുകയാണ് ഇടതുപക്ഷം രൂപകല്പനചെയ്ത് നടപ്പാക്കിയ കേരളത്തിലെ ഭൂപരിഷ്കരണം. അത് പുനഃപരിശോധിക്കാന്‍ സാധ്യമല്ല എന്ന ദലിത് വിരുദ്ധ പിടിവാശിയിലാണ് കേരളത്തിലെ ഇടതുപക്ഷം. കേരളത്തില്‍ ജാതിയുണ്ടോ എന്ന് അത്ഭുതം കൂറുന്നവരുണ്ട്. ഇത് ഇടതുപക്ഷ കേരളമല്ലേ? ജാതി നിര്‍മാര്‍ജന സംസ്ഥാനമല്ലേ? എന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടി, ചൂണ്ടിക്കാണിച്ചതുപോലെ ഒരുനൂറ്റാണ്ട് മുമ്പ് കേരളത്തില്‍ ആരായിരുന്നോ അധികാരവും വിഭവങ്ങളും കൈവശം വെച്ചിരുന്നത് അവര്‍ തന്നെയാണ് ഇപ്പോഴും അതെല്ലാം കൈവശം വെക്കുന്നത് എന്നതാണ്. അതില്‍ ഇടപെടാനും അവര്ണന് വിഭവത്തിലും അധികാരത്തിലുമുള്ള പങ്ക് നിഷേധിക്കുന്ന ആശയ സംഹിതകളെ തകര്‍ത്ത് തങ്ങളുടെ പങ്ക് നേടിയെടുക്കാനുമാണ് കീഴാള മുന്‍കൈയില്‍ നടന്ന കേരള നവോത്ഥാനം ശ്രമിച്ചത്.
ഇതിന് തുടര്‍ച്ച സൃഷ്ടിക്കാനല്ല പില്ക്കാല കേരളത്തില്‍ ഇടതുപക്ഷം ശ്രമിച്ചത്. ദലിതുകള്‍ക്കെതിരായ സവര്‍ണ ഗൂഢാലോചന എന്നതോടൊപ്പം യൂറോകേന്ദ്രീകൃതമായി മാത്രം ഇന്ത്യയിലെയും കേരളത്തിലെയും സാമൂഹിക യാഥാര്ഥ്യങ്ങെള വിശകലനം ചെയ്തതിെൻറ കൂടി ഫലമായി സംഭവിച്ചതാണത്. ഇടതുപക്ഷത്തിന് നേതൃത്വം നല്‍കിയവരുടെ സവര്‍ണ ഉപബോധവും ഇതിനകത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭൂമിപ്രശ്നത്തിലെന്നപോലെ യൂറോ കേന്ദ്രിതമായ ഈ സാമൂഹിക കാഴ്ചപ്പാടാണ് കേരള നവോത്ഥാന ചരിത്രത്തിലെ മുസ്ലിംകളുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും പങ്കിനെ അംഗീകരിക്കാന്‍ കഴിയാത്തവരാക്കി ഇടതുപക്ഷത്തെ മാറ്റുന്നത്. മധ്യകാലത്തില്നിന്ന് ആധുനിക കാലത്തിലേക്കുള്ള മാറ്റ പ്രക്രിയയാണ് നവോത്ഥാനമെന്ന് കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി. ഗോവിന്ദപ്പിള്ള എഴുതുന്നുണ്ട്. മധ്യകാലം യൂറോപ്പിന് ഇരുട്ടായതുകൊണ്ട് ലോകത്തിന് മുഴുവനും എല്ലാ സംസ്കാരങ്ങള്‍ക്കും ഇരുട്ടായിരുന്നോ എന്ന് ഇടതുപക്ഷം ഇനിയെങ്കിലും ആലോചിക്കണം.
സവര്‍ണ സാമൂഹിക വ്യവസ്ഥ അവകാശാധികാരങ്ങള് നിഷേധിച്ച പിന്നാക്കസമൂഹത്തിന് അത് ലഭിക്കാനുള്ള ഭരണഘടനാപരമായ വഴിയാണ് സമുദായ സംവരണം. സംവരണ വിഷയത്തില്‍ അടിസ്ഥാനപരമായി ഇടതുപക്ഷം സവര്ണവാദികളെയും സംഘ്പരിവാറിനെയും പോലെത്തന്നെ സാമ്പത്തിക സംവരണവാദികളാണ്. നവോത്ഥാന മതില് കെട്ടിപ്പൊക്കുന്നതിനിടയില്തന്നെയാണ് കെ.എ.എസ് എന്ന കേരളത്തിെൻറ സിവില്‍ സര്‍വിസില്‍ രണ്ട് സ്ട്രീമുകളില്‍ സംവരണം വേണ്ടെന്ന നിലപാടെടുക്കുകയും സാമൂഹിക നീതിവാദികളുടെ എല്ലാ എതിര്‍പ്പുകളും അവഗണിച്ച് അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നത്. ദേവസ്വം ബോര്‍ഡ് ഉദ്യോഗങ്ങളില്‍ സംവരണത്തിെൻറ അന്തസ്സത്തയെ അട്ടിമറിച്ച് മുന്നാക്ക വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തി. പൊതുവില്‍, മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണമേര്‍പ്പെടുത്താന്‍ ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് പറഞ്ഞ പിണറായി വിജയനാണ് ഇപ്പോള്‍ ഭരണഘടന മൂല്യങ്ങള്‍ മറ്റെല്ലാ മൂല്യങ്ങള്‍ക്കും മുകളിലാണെന്ന് ആണയിടുന്നത്.
ഇപ്പോള്‍ ഇടതുപക്ഷം നടത്തുന്നത് ചെലവില്ലാത്ത നവോത്ഥാനമാണ്. വിഭവങ്ങളും അധികാരവും സവര്‍ണരില്‍ത്തന്നെ കുടികൊള്ളുന്നു എന്ന് ഉറപ്പുവരുത്തിയശേഷം ആചാര പരിഷ്കരണത്തിനുവേണ്ടി മാത്രമുള്ള നവോത്ഥാനം. അതുകൊണ്ടാണ് ശബരിമല ആചാരത്തിെൻറ കാര്യത്തിലല്ലാതെ മറ്റൊരു കാര്യത്തിലും ഞങ്ങള്‍ക്ക് ഗവണ്മെൻറുമായി ഭിന്നതയില്ല എന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞത്. വിശ്വാസികളല്ലാത്ത കമ്യൂണിസ്റ്റുകാര്‍ ആചാരത്തിെൻറ കാര്യത്തില്‍ നവോത്ഥാനമാവാം എന്നുപറയുന്നത് വലിയ കാര്യമൊന്നുമല്ല. ദലിതരുടെ ഭൂ അവകാശത്തിെൻറയും ദലിത് പിന്നാക്ക സമൂഹങ്ങളുടെ ഉദ്യോഗസംവരണത്തിെൻറയും അവരുടെ ഭരണ-അധികാര പങ്കാളിത്തത്തിെൻറയും കാര്യത്തില്‍ ഇടതുപക്ഷം സവര്‍ണ പക്ഷത്തോ നവോത്ഥാന പക്ഷത്തോ എന്നതാണ് നവോത്ഥാനവുമായി ബന്ധപ്പെട്ട് ഇന്ന് ജീവിതത്തെ സ്പര്‍ശിക്കുന്ന ചോദ്യം.
ഒരു ചെലവുമില്ലാതെ അവര്‍ണരെ കൂടെ നിര്‍ത്താനുള്ള വൃഥാശ്രമം മാത്രമാണ് ഇടതുപക്ഷത്തിെൻറ നവോത്ഥാന കാമ്പയിന്. അവര്‍ണര്‍ക്ക് വിഭവത്തിലും അധികാരത്തിലും നിഷേധിക്കപ്പെട്ട പങ്ക് കൊടുക്കാന്‍ തയാറുണ്ടോ എന്നതാണ് നവോത്ഥാനം ഇന്ന് എല്ലാവരോടും ചോദിക്കുന്നത്. ഈ ചോദ്യത്തില്‍നിന്ന് ഒളിച്ചോടാന്‍ നവോത്ഥാനത്തിെൻറ മറപിടിക്കുകയാണ് കേരളത്തില്‍ ഇപ്പോള്‍ ഇടതുപക്ഷം ചെയ്യുന്നത്.
No comments:
Post a Comment