ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പു നയം
1948 ഏപ്രില്‍ 16ന് ഇലാഹാബാദില്‍വെച്ച് സ്വതന്ത്ര ഇന്ത്യയില്‍ ജമാഅത്തെ ഇസ്ലാമി പുനഃസംഘടിപ്പിക്കപ്പെട്ടു. മൌലാനാ അബുല്ലൈസ് ഇസ്ലാഹി നദ്വി പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിംകളെ സാമുദായിക ധ്രുവീകരണത്തിന്റെ പാതയില്‍നിന്ന് പിന്തിരിപ്പിക്കാനും അവരെ മാനുഷികാദര്‍ശമായ ഇസ്ലാമിന്റെ യഥാര്‍ഥ വക്താക്കളും പ്രയോക്താക്കളുമാക്കാനുമുള്ള യത്നത്തിലാണ് അന്നുമുതല്‍ ജമാഅത്ത് ഏര്‍പ്പെട്ടത്. അതോടൊപ്പം ഇന്ത്യയിലെ മഹാ ഭൂരിപക്ഷം വരുന്ന അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുവാന്‍, വിവിധ പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരണങ്ങള്‍ പുറ ത്തിറക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. വിഭജനം സൃഷ്ടിച്ച സങ്കീര്‍ണമായ പ്രശ്നങ്ങളും സാമുദായിക ധ്രുവീകരണം മനുഷ്യമനസ്സുകളില്‍ വിട്ടേച്ചുപോയ ആഴമേറിയ മുറിവുകളും രാജ്യത്ത് നാലര കോടി മുസ്ലിംകളുടെ ജീവിതത്തെ നിസ്സഹായതയുടെയും അനിശ്ചിതത്വത്തിന്റെയും തടവറകളില്‍ തളച്ചിട്ട സന്ദര്‍ഭമായിരുന്നു അത്. അതിനാല്‍, കറകളഞ്ഞ വിശ്വാസത്തിന്റെ അടിത്തറകളില്‍ സമുദായത്തിന്റെ പുനരുദ്ധാരണം സാധിക്കാനും അവരില്‍ ലക്ഷ്യബോധമുളവാക്കാനും ജമാഅത്ത് അതിന്റെ പരിമിതമായ കഴിവുകള്‍ വിനിയോഗിച്ചു. തദവസരത്തിലായിരുന്നു ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ ചരിത്രത്തില്‍ പ്രഥമ പൊതുതെരഞ്ഞെടുപ്പ് സമാഗതമായത്.
1952-ലെ ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ പൊതുവെ ഗുരുതരമായ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടു. മലബാറില്‍മാത്രം മുസ്ലിംലീഗ് പുനര്‍ജീവിപ്പിക്കപ്പെടുകയുണ്ടായി. വിഭജനത്തിന്റെയും ആത്യന്തിക സാമുദായികതയുടെയും തിക്തസ്മരണകള്‍ പച്ചയായി നിലനിന്നിരുന്നതിനാല്‍ മലബാറില്‍പോലും നല്ലൊരു വിഭാഗം മുസ്ലിംകള്‍ ആശയക്കുഴപ്പത്തിലായിരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലാവട്ടെ, അവരെ ഇതികര്‍ത്തവ്യതാ മൂഢത വ്യാപകമായിത്തന്നെ പിടികൂടി. ഒരുവശത്ത് മുസ്ലിംകളെ തികച്ചും നിരാശപ്പെടുത്തിയ നാഷനല്‍ കോണ്‍ഗ്രസ്. മറുവശത്ത്,ആത്യന്തിക വര്‍ഗീയതയുടെ വക്താക്കള്‍. രണ്ടിനും മധ്യേ,നാസ്തികരും മതനിഷേധികളുമായ കമ്യൂണിസ്റുകളും അവരില്‍നിന്ന് വളരെയൊന്നും ഭിന്നരല്ലാതിരുന്ന സോഷ്യലിസ്റുകളും. ഇവര്‍ക്കെല്ലാം വേണ്ടി മുസ്ലിംകളെ അണിനിരത്താന്‍ രംഗത്തിറങ്ങിയവര്‍ സമുദായത്തിലുണ്ടായിരുന്നുവെങ്കിലും മുസ്ലിംജനസാമാന്യത്തില്‍ വിശ്വാസവും പ്രതീക്ഷയും വളര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. എത്രത്തോളമെന്നാല്‍, അന്നോളം കോണ്‍ഗ്രസ്സിനോട് ഒട്ടിനിന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിലെ ചില പ്രമുഖ പണ്ഡിതന്മാര്‍ പോലും ഇലക്ഷന്‍ ബഹിഷ്കരിക്കാനാണ് മുസ്ലിംകളെ ആഹ്വാനം ചെയ്തത്.
ഈ പശ്ചാത്തലത്തിലായിരുന്നു 'തെരഞ്ഞെടുപ്പ് പ്രശ്നവും ഇന്ത്യന്‍ മുസ്ലിംകളും' എന്ന പ്രൌഢമായ ലേഖന പരമ്പര ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ മൌലാനാ അബുല്ലൈസ് നദ്വി തയ്യാറാക്കി പ്രസിദ്ധീകരിച്ചത് ('മുസ്ലിംകളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും' എന്ന പേരില്‍ 'പ്രബോധനം' പ്രതിപക്ഷപത്രം വാള്യം 3, ലക്കം 10 മുതല്‍ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്) ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞതോടൊപ്പം, പാശ്ചാത്യന്‍ ജനാധിപത്യത്തിന്റെയും ഇലക്ഷന്‍ സമ്പ്രദായത്തിന്റെയും ദൂഷ്യങ്ങള്‍ ഇസ്ലാമിക വീക്ഷണത്തിലൂടെ അമീര്‍ പ്രസ്തുത ലേഖനത്തില്‍ അനാവരണം ചെയ്യുകയുണ്ടായി. അതുപോലെ നിഷിദ്ധവും അനിസ്ലാമികവുമായ വ്യവസ്ഥിതിയെ താങ്ങിനിര്‍ത്താനോ അത്തരമൊരു വ്യവസ്ഥിതിക്കുവേണ്ടി നിലകൊള്ളുന്ന പാര്‍ട്ടികളെ അധികാരത്തിലേറ്റാനോ മുസ്ലിംകള്‍ക്ക് പാടില്ലെന്ന ജമാഅത്തിന്റെ വീക്ഷണഗതിയും അദ്ദേഹം വ്യക്തമാക്കി.
ഇലക്ഷന്‍ പ്രശ്നത്തിലെ ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍
രാജ്യത്തിലെ ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പിനെ സംബന്ധിച്ചേടത്തോളം ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് ഇതായിരുന്നുവെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇലക്ഷന്‍ പ്രശ്നത്തെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ നോക്കിക്കാണാനും യഥാസമയം ഉചിതമായ തീരുമാനങ്ങളെടുക്കാനും ജമാഅത്ത് അനുസ്യൂതം ശ്രദ്ധിച്ചിട്ടുണ്ട്. അടിസ്ഥാനാദര്‍ശത്തിലും ലക്ഷ്യത്തിലും വിട്ടുവീഴ്ച ചെയ്യാതെത്തന്നെ, തെരഞ്ഞെടുപ്പുകളെ ലക്ഷ്യപ്രാപ്തിക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതായിരുന്നു തദ്വിഷയകമായി കേന്ദ്ര മജ്ലിസ് ശൂറയിലും പ്രതിനിധി സഭയിലും പര്യാലോചനക്കുവന്ന മുഖ്യ പ്രശ്നം. അതോടൊപ്പം,അംഗങ്ങള്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിലുള്ള വിലക്ക് ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ഉത്തമ താല്‍പര്യങ്ങള്‍ മുന്‍നിറുത്തി എപ്പോള്‍, എങ്ങനെ നീക്കണമെന്നതും ചര്‍ച്ചാവിഷയമായി. സ്വാഭാവികമായും ചര്‍ച്ചകളില്‍ ഭിന്നമായ വീക്ഷണങ്ങളും വാദഗതികളും മുമ്പില്‍ വന്നു. ജമാഅത്തിന്റെ മൌലികാദര്‍ശത്തിലോ ലക്ഷ്യത്തിലോ മാറ്റം വേണമെന്ന അഭിപ്രായം ഒരാള്‍ക്കും ഉണ്ടായിരുന്നില്ല.
എന്നാല്‍, ലക്ഷ്യപ്രാപ്തിക്ക് സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ത്?
തെരഞ്ഞെടുപ്പുകള്‍ അതിനെത്രത്തോളം സഹായകമാണ്?
ഒരു അനിസ്ലാമിക വ്യവസ്ഥിതിയുടെ കീഴില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നത് ഇസ്ലാമിക പ്രസ്ഥാനത്തിന് ആശാസ്യമാണോ?
ഇന്ത്യയിലെ മതേതര ജനാധിപത്യ വ്യവസ്ഥിതി, ബ്രിട്ടീഷിന്ത്യന്‍ ഭരണക്രമത്തെപ്പോലെത്തന്നെ തീര്‍ത്തും നിഷിദ്ധവും അനിസ്ലാമികവുമാണെന്ന് വിധിയെഴുതാമോ?
തെരഞ്ഞെടുപ്പ് അനിസ്ലാമിക വ്യവസ്ഥയുടെ ഭാഗം തന്നെയാണെങ്കിലും,വ്യവസ്ഥിതിയുടെ മാറ്റത്തിനുവേണ്ടി അതിനെ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിക്കൂടാ?
സമ്മതിദാനാവകാശംപോലും വിനിയോഗിക്കാതെയുള്ള നിഷ്ക്രിയത്വം രാജ്യത്ത് ഇസ്ലാമിനും മുസ്ലിംകള്‍ക്കും ദ്രോഹകരമായ ശക്തികള്‍ അധികാരത്തില്‍ വരാന്‍ ഇടവരുത്തുകയില്ലേ?
ഇത്തരം, പ്രസക്തങ്ങളായ നിരവധി ചോദ്യങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. പ്രമാണങ്ങളുടെ വ്യാഖ്യാനം, ജമാഅത്തിന്റെ പ്രസിദ്ധീകരണങ്ങളില്‍ ഭരണകൂടം, ജനാധിപത്യം, സെക്യുലരിസം,ഇലക്ഷന്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുവന്ന പ്രതിപാദനങ്ങള്‍,മാറിമാറിവരുന്ന സാഹചര്യങ്ങളുടെ വിശകലനം എന്നിവയില്‍ സ്വാഭാവികമായുണ്ടാകാവുന്ന വീക്ഷണ വ്യത്യാസങ്ങളും ഭിന്നാഭിപ്രായങ്ങളും ഈ ചര്‍ച്ചകളില്‍ പ്രകടമാവാതിരുന്നില്ല. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനും ഇസ്ലാമിലെ ശൂറാ വ്യവസ്ഥക്കും പരമാവധി പ്രാധാന്യം കല്‍പിക്കുന്ന ജമാഅത്തിന്, ഈ വീക്ഷണവ്യത്യാസങ്ങളെ കഴിവതും സമന്വയിപ്പിച്ചു, യഥോചിതം തീരുമാനങ്ങളെടുത്തു മുമ്പോട്ടു നീങ്ങാന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ നേട്ടം.
സമകാലീന ഇസ്ലാമിക പ്രസ്ഥാനങ്ങളില്‍ പൊതുവെത്തന്നെ ആഭ്യന്തര ഭിന്നതക്കും ശൈഥില്യത്തിനും കാരണമാക്കിത്തീര്‍ത്ത പ്രശ്നങ്ങളാണ് പരിവര്‍ത്തനത്തിന്റെ അഭികാമ്യമായ മാര്‍ഗവും ഗവണ്‍മെന്റുകളോടുള്ള സമീപനവും. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ, ഇത്തരം ചര്‍ച്ചകള്‍ ശൈഥില്യത്തിലേക്ക് നയിച്ചില്ലെന്നത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അതേയവസരത്തില്‍, ചിന്തിക്കുകയും സാഹചര്യങ്ങളെ വിലയിരുത്തുകയും ചെയ്യുന്ന കുറേ വ്യക്തികള്‍ ഒരു പ്രസ്ഥാനത്തില്‍ ഒത്തുചേരുമ്പോള്‍, ഏത് പ്രശ്നത്തിലും അവര്‍ ആദ്യാവസാനം ഏകാഭിപ്രായക്കാരായിരിക്കുമെന്നും, അവരെടുക്കുന്ന ഏത് തീരുമാനവും മാറ്റമില്ലാതെ തുടരുമെന്നും ബുദ്ധിയുള്ളവരാരും കരുതുകയില്ല. ഇജ്തിഹാദിലെ ശരിയും തെറ്റും പ്രവാചകന്‍ അംഗീകരിക്കുകയുണ്ടായി. അടിസ്ഥാന പ്രമാണങ്ങളില്‍നിന്ന് വ്യതിചലിക്കാതെ, പരിതസ്ഥിതികളെ വിലയിരുത്തി,ആര്‍ജവത്തോടും സത്യസന്ധതയോടുംകൂടി തീരുമാനങ്ങളെടുക്കുക;ഭിന്നസാഹജര്യങ്ങളില്‍ തീരുമാനങ്ങള്‍ തിരുത്തുകയോ പരിഷ്കരിക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടിവരുമ്പോള്‍ അറച്ചുനില്‍ക്കാതെ സധൈര്യം അതിന് സന്നദ്ധമാവുക- ഇതാണ് ജീവസ്സുറ്റ പ്രസ്ഥാനങ്ങളുടെ, വിശിഷ്യാ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സ്വഭാവം. തീരുമാനങ്ങളിലും നയങ്ങളിലും സമീപനങ്ങളിലുമുള്ള മാറ്റം പ്രതിയോഗികളും ശത്രുക്കളും പ്രചാരണായുധങ്ങളായി കൊണ്ടുനടക്കുമെന്നതും അനുഭവസത്യമാണ്. എന്നാല്‍, മാറ്റങ്ങള്‍ക്കു വിധേയമാവാത്ത ഒരു പ്രസ്ഥാനവും ഭൂമുഖത്തുണ്ടായിട്ടില്ലെന്നതുകൊണ്ട് ഇത്തരം പ്രചാരണങ്ങള്‍ വലുതായ പ്രയോജനമൊന്നും ആര്‍ക്കും ചെയ്യാറില്ല. കേരളത്തിലെ മുസ്ലിം മതസംഘടനകള്‍ തന്നെ,ഒട്ടുവളരെ നയംമാറ്റങ്ങളിലൂടെ കടന്നുവന്നതിന്റെ ഉദാഹരണങ്ങള്‍ സുലഭമാണ്.
ഈയടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഇലക്ഷനെക്കുറിച്ച് ഇതഃപര്യന്തം നടത്തിയ ചര്‍ച്ചകളും കൈക്കൊണ്ട തീരുമാനങ്ങളും, പ്രസ്ഥാനത്തിന്റെയും ഇസ്ലാമിന്റെയും സമുദായത്തിന്റെയും രാജ്യത്തിന്റെയും ഉത്തമ താല്‍പര്യങ്ങള്‍ മുന്‍നിറുത്തി ആയിരുന്നുവെന്ന് കാണാം.
ഇലക്ഷനെക്കുറിച്ച ശൂറാ തീരുമാനങ്ങള്‍
ഇലക്ഷന്‍ പ്രശ്നത്തെക്കുറിച്ച് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഉന്നതാധികാര സമിതിയായ മജ്ലിസ് ശൂറാ വിചിന്തനം ആരംഭിച്ചത് 1960 മുതല്‍ക്കായിരുന്നു. 1961 ജൂലായ് 15 മുതല്‍ 18വരെ സമ്മേളിച്ച കേന്ദ്ര മജ്ലിസ് ശൂറാ, ഇലക്ഷന്‍ പ്രശ്നത്തെക്കുറിച്ച വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം, അതിന്റെ വിവിധ വശങ്ങളെപ്പറ്റി വിചിന്തനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു സബ്കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. ഇഖാമത്തുദ്ദീന്‍ എന്ന ലക്ഷ്യത്തിനുവേണ്ടി ഇലക്ഷന്റെ ഏതെല്ലാം രീതികള്‍, എത്രത്തോളം, എന്തെല്ലാം ഉപാധികള്‍ക്കു വിധേയമായി സ്വീകരിക്കാം? ഇവ്വിഷയകമായി ജമാഅത്ത് നിലവിലുള്ള സാഹചര്യത്തില്‍ എന്തു തീരുമാനമെടുക്കണം?ഇതേക്കുറിച്ചായിരുന്നു കമ്മിറ്റി അതിന്റെ ശിപാര്‍ശകള്‍ സമര്‍പ്പിക്കേണ്ടിയിരുന്നത്. ജമാഅത്തിലെ മതപണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും അഭിപ്രായങ്ങള്‍ ആരായുന്നതോടൊപ്പം,ജമാഅത്തിനു പുറത്തുള്ള മതപണ്ഡിതന്മാരുടെ വീക്ഷണഗതികള്‍ മനസ്സിലാക്കാനും സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തുകയുണ്ടായി.1961 ഡിസംബര്‍ 14 മുതല്‍ 18 വരെ ചേര്‍ന്ന മജ്ലിസ് ശൂറാ യോഗത്തില്‍ ഇലക്ഷന്‍ സബ്കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെയും ജമാഅത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും ലഭിച്ച അഭിപ്രായങ്ങളുടെയും വെളിച്ചത്തില്‍ സവിസ്തരമായ ചര്‍ച്ചകള്‍ നടത്തിയ ശൂറാ താഴെ പറയുന്ന തീരുമാനങ്ങള്‍ അംഗീകരിച്ചു:
ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടത്തേണ്ടതിനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ളിയില്‍ പോവുകയും ചെയ്യുന്ന പക്ഷം അത് തൌഹീദിന് വിരുദ്ധവും പാടില്ലാത്തതുമാണ്. എന്നാല്‍,മനുഷ്യന്റെ പരമാധികാരത്തിനു പകരം ദൈവത്തിന്റെ പരമാധികാരം എന്ന സിദ്ധാന്തത്തിനനുസൃതമായി ഭരണഘടന മാറ്റാന്‍ താഴെ പറയുന്ന ഉപാധികളോടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്:
1. പൊതുജനാഭിപ്രായം ഏതെങ്കിലും ഒരു വ്യവസ്ഥക്കനുകൂലമാവുക എന്നതുതന്നെ പ്രായോഗിക തലത്തില്‍ അത് സ്ഥാപിതമാവാന്‍ മതിയാവുന്ന സ്ഥിതി രാജ്യത്തുളവാകുക.
2. തെരഞ്ഞെടുപ്പില്‍ പങ്കെടുത്താല്‍ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം പൊതുജനാഭിപ്രായം അനുകൂലമായിത്തീരുക.
രണ്ടാമത്തെ ഉപാധി പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍, ഇന്നത്തെ സ്ഥിതിയില്‍, പ്രസ്തുത ലക്ഷ്യത്തിനു വേണ്ടി ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കുന്ന പ്രശ്നം ഉത്ഭവിക്കുന്നില്ല. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ക്രിയാത്മകമോ നിഷേധാത്മകമോ ആയ താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രം ഒരാള്‍, ഒരു ദൈവേതര വ്യവസ്ഥിതിയുടെ തെരഞ്ഞെടുപ്പില്‍ പങ്കടുക്കുന്നത് അനുവദനീയമാണോ അല്ലേ എന്ന പ്രശ്നവും ശൂറാ പര്യാലോചിക്കുകയുണ്ടായി. അതിന്റെ ചില രൂപങ്ങള്‍ അനുവദനീയമാവാമെന്ന് ശൂറാ ഭൂരിപക്ഷാഭിപ്രായ പ്രകാരം തീരുമാനിച്ചു. പക്ഷേ, 1962-ലെ തെരഞ്ഞെടുപ്പില്‍ അതിന്റെ രൂപങ്ങള്‍ വിശദമായി വിചിന്തനം ചെയ്യപ്പെടുകയുണ്ടായില്ല. അതിനാല്‍ തദനുസൃതമായി ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കാന്‍ വേണ്ടുന്ന ഉപാധികളും ചര്‍ച്ച ചെയ്യപ്പെട്ടില്ല.
ഇസ്ലാമിന്റെയും മുസ്ലിംകളുടെയും താല്‍പര്യങ്ങള്‍ വീണ്ടും ഇലക്ഷന്‍ പ്രശ്നം മജ്ലിസ് ശൂറാ പരിഗണിക്കുന്നത്, 1967-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ്, 1966 ജൂലൈ 15 മുതല്‍ 22 വരെ ചേര്‍ന്ന യോഗത്തില്‍വെച്ചാണ്. മുന്‍ തീരുമാനങ്ങളുടെ തന്നെ വെളിച്ചത്തില്‍, ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു യോഗത്തിന്റെ അന്തിമ തീരുമാനം. എന്നാല്‍, പുതുതായി ചില തീരുമാനങ്ങള്‍ കൂടി ശൂറാ കൈക്കൊള്ളുകയുണ്ടായി:
1. നിലവിലുള്ള ഭരണവ്യവസ്ഥ അനിസ്ലാമികവും സത്യവിരുദ്ധവുമാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും സുപ്രധാന താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇലക്ഷനില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്.
2. മറ്റേതെങ്കിലും സംഘടനയോ വ്യക്തിയോ ജമാഅത്ത് അംഗീകരിക്കുന്ന ലക്ഷ്യങ്ങള്‍ക്കു വേണ്ടി 1967-ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയാണെങ്കില്‍ താത്വികമായി അതിനെ, അഥവാ അയാളെ പിന്താങ്ങാവുന്നതാണ്.
3. 1967- ലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവന്നാല്‍ മജ്ലിസ് ശൂറാ യോഗം വിളിക്കുന്നതും ഏതെങ്കിലും നിയോജക മണ്ഡലത്തിലെ ജമാഅത്തംഗങ്ങളില്‍നിന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിലുള്ള വിലക്ക് എടുത്തുകളയേണ്ടതുണ്േടാ എന്ന് തീരുമാനിക്കുന്നതുമാണ്.
1961 ഡിസംബറിലെ ശൂറാ പ്രമേയത്തില്‍ മുസ്ലിംകള്‍ക്ക് നല്‍കിയനിര്‍ദേശങ്ങള്‍, 1966 ജൂലൈയിലെ പ്രമേയത്തില്‍ കൂടുതല്‍ വിശദീകരണങ്ങളോടെ അവര്‍ത്തിക്കുകയുണ്ടായി.
1967 ജനുവരിയില്‍ യോഗം ചേര്‍ന്ന മജ്ലിസ് ശൂറാ, മുന്‍ തീരുമാനത്തിന്റെ വെളിച്ചത്തില്‍, ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ജമാഅത്തംഗങ്ങളില്‍നിന്ന് വോട്ടിംഗ് വിലക്ക് എടുത്തുകളയേണ്ടതുണ്േടാ എന്ന് പരിഗണിച്ചു. നിരോധം റദ്ദാക്കുന്നതു തെരഞ്ഞെടുപ്പ് ഫലത്തില്‍ സ്വാധീനം ചെലുത്തുമെങ്കില്‍, താഴെ പറയുന്ന പരിതസ്ഥിതികളില്‍ വോട്ടിംഗ് വിലക്ക് എടുത്തുകളയാവുന്നതാണ് എന്നായിരുന്നു തീരുമാനം:
1. ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ ബദ്ധവൈരികളായ ഏതെങ്കിലും പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വന്നേക്കുമെന്നു ശക്തിയായ ആശങ്കയുണ്ടായിരിക്കുക.
2. സമഗ്രാധിപത്യപരമോ ഏകാധിപത്യപരമോ ആയ വ്യവസ്ഥ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന വല്ല പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വന്നേക്കുമെന്ന ശക്തിയായ ആശങ്കയുണ്ടായിരിക്കുക.
3. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പ്രധാന താല്‍പര്യങ്ങളോട് യോജിപ്പും അനുഭാവവും വെച്ചുപുലര്‍ത്തുകയും ഇസ്ലാമിന്റെയും മുസ്ലിംകളുടെയും താല്‍പര്യങ്ങളെ സംരക്ഷിക്കുമെന്ന് വാഗ്ദത്തം നല്‍കുകയും ചെയ്യുന്ന ഏതെങ്കിലും പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വരുമെന്ന ശക്തിയായ പ്രതീക്ഷയുണ്ടായിരിക്കുക.
4. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പ്രധാന താല്‍പര്യങ്ങളെ സേവിക്കുന്ന വ്യക്തികള്‍ സംസ്ഥാന അസംബ്ളികളിലോ പാര്‍ലമെന്റിലോ എത്തിപ്പെടാതിരിക്കുക.
എന്നാല്‍, ഈ തീരുമാനങ്ങളുടെ വെളിച്ചത്തില്‍, 1967-ലെ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് ജമാഅത്തംഗങ്ങള്‍ വോട്ടു നല്‍കേണ്ടതാണെന്ന് ശൂറാ അഭിപ്രായപ്പെടുക യുണ്ടായില്ല.
പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍
1968 മെയില്‍ ചേര്‍ന്ന മജ്ലിസ് ശൂറാ യോഗവും 1968സെപ്റ്റംബറില്‍ ചേര്‍ന്ന മജ്ലിസെ നുമാഇന്തഗാന്‍ (പ്രതിനിധിസഭ) യോഗവും, ജമാഅത്തംഗങ്ങളുടെ വോട്ടിംഗ് വിലക്ക് എടുത്തുകളയുന്ന പ്രശ്നം ചര്‍ച്ച ചെയ്യുകയുണ്ടായെങ്കിലും നിരോധം റദ്ദാക്കിയില്ല. പിന്നീട് 1974 ജൂണില്‍ ബാംഗ്ളൂരില്‍ സമ്മേളിച്ച മജ്ലിസ് ശൂറയാണ് ഇലക്ഷന്‍ പ്രശ്നം സമഗ്രമായി ചര്‍ച്ച ചെയ്ത ശേഷം, സുപ്രധാനമായ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടത്. അതിപ്രകാരം സംഗ്രഹിക്കാം:
ജമാഅത്തെ ഇസ്ലാമിക്ക് യുക്തമായ സന്ദര്‍ഭത്തില്‍ സ്വന്തം തത്ത്വങ്ങള്‍ക്കു വിധേയമായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്. എങ്കിലും ജമാഅത്തിന്റെ സന്ദേശം വിവിധ മതക്കാരും ജാതിക്കാരുമായ ഭാരത ജനതയുടെ മധ്യത്തില്‍ ഇതേവരെ ഗണ്യമായ തോതില്‍ പ്രചരിപ്പിക്കുന്നതിനോ പൊതുജനാഭിപ്രായത്തിന്റെ വലിയൊരു ഭാഗത്തെ ജമാഅത്തിന്റെ ആദര്‍ശ ലക്ഷ്യങ്ങള്‍ക്കനുകൂലമാക്കിത്തീര്‍ക്കുന്നതിനോ സാധിച്ചിട്ടില്ലാത്തതിനാല്‍, ഇന്ത്യയിലെ നിയമ നിര്‍മാണ സഭകളിലേക്കുള്ള അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ജമാഅത്തു പങ്കെടുക്കുന്നതല്ല.
എന്നാല്‍ രാജ്യത്ത് നിവസിക്കുന്ന എല്ലാവര്‍ക്കും ജമാഅത്തിന്റെ സന്ദേശം എത്തിക്കുവാനും ബഹുജനാഭിപ്രായം അനുകൂലമാക്കിത്തീര്‍ക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര മജ്ലിസ് ശൂറാ ജമാഅത്ത് പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. ജമാഅത്തിന്റെ ലക്ഷ്യം മുമ്പില്‍ വെച്ചുകൊണ്ട്, അതിന്റെ നയപരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടി ഗ്രാമ-പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണെന്നും കേന്ദ്ര മജ്ലിസ് ശൂറാ തീരുമാനിച്ചു. ഇവ്വിഷയകമായി, ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ സ്വാധീനം ലഭിക്കുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രായോഗികമായി പങ്കടുക്കാന്‍ സാധ്യത തെളിയുകയും ചെയ്യുന്ന പ്രദേശങ്ങളുടെ സര്‍വെ നടത്താന്‍ രണ്ട് സബ് കമ്മിറ്റികള്‍ നിയോഗിക്കപ്പെടുകയുണ്ടായി. കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ചുരുങ്ങിയത് 100ഗ്രാമങ്ങളെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ബോധ്യമായാല്‍ മാത്രം ജമാഅത്ത്,ഗ്രാമപഞ്ചായത്ത് ഇലക്ഷനില്‍ പങ്കെടുക്കുന്നതിന് പ്രായോഗിക നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നും തീരുമാനിക്കപ്പെട്ടു. ബാംഗ്ളൂര്‍ സമ്മേളനത്തില്‍ താഴെ കൊടുത്ത പ്രമേയവും അംഗീകരിക്കപ്പെടുകയുണ്ടായി:
"ഇന്ത്യയില്‍ നിലവിലുള്ള ഭരണക്രമം ജനാധിപത്യത്തിലധിഷ്ഠിതമാണ്. ജനങ്ങള്‍ക്ക് ശരിയായ മാര്‍ഗദര്‍ശനവും ശിക്ഷണവും നല്‍കുകയാണെങ്കില്‍ അവരുടെ വിധി ഇസ്ലാമിക വ്യവസ്ഥയുടെ സംസ്ഥാപനത്തിനനുകൂലമായി ഉപയോഗപ്പെടുത്താന്‍ തികഞ്ഞ സാധ്യതയുണ്െടന്നതിനാല്‍ നിലവിലുള്ള ഈ ഭരണ സമ്പ്രദായം നമ്മെ സംബന്ധിച്ചേടത്തോളം അഭിലഷണീയമാണ്. എന്നാല്‍ ഇവിടത്തെ ജനപ്രതിനിധികള്‍ ഏതൊരു ഭരണവ്യവസ്ഥയുടെ ആവിഷ്കാരത്തിനാണോ നിശ്ചയം ചെയ്തിരിക്കുന്നത് ആ വ്യവസ്ഥ, ദൈവത്തിന്റെ അധികാര പദവിയുടെ അംഗീകാരത്തിലോ ദൈവത്തിന്റെ പരമാധികാര വിഭാവനയിലോ അധിഷ്ഠിതമല്ല. പ്രത്യുത, ജനങ്ങളുടെ തന്നെ സ്വന്തം ആധിപത്യത്തിലും പരമാധികാര സങ്കല്‍പത്തിലുമധിഷ്ഠിതമാണ്. ഈ സമ്പ്രദായം ദൈവത്തിന്റെ ആധിപത്യത്തിനോ പരമാധികാരി ദൈവമാണെന്ന മൌലിക സങ്കല്‍പത്തിനോ യാതൊരു ഉറപ്പും നല്‍കുന്നില്ല. അതിനാല്‍ ഈ വ്യവസ്ഥ അതിന്റെ അടിസ്ഥാനം പരിഗണിക്കുമ്പോള്‍ അനിസ്ലാമികവും സത്യവിരുദ്ധവുമാണ്. അതിനാല്‍ ഈ വ്യവസ്ഥയിലെ അബദ്ധവും അപകടവും അതിന്റെ ദുരന്തഫലങ്ങളും ജമാഅത്ത് വ്യക്തമാക്കിക്കൊണ്ടിരിക്കും. അതിനെതിരില്‍ ഇസ്ലാമിക വ്യവസ്ഥയുടെ സത്യനിഷ്ഠയും പ്രയോഗ തലത്തിലുള്ള അതിന്റെ അനുഗ്രഹങ്ങളും വിവരിച്ചുകൊടുക്കും. ഈ ദ്വിവിധ ശ്രമങ്ങളിലൂടെ രാജ്യ നിവാസികളെ സത്യമതത്തിലേക്കു പ്രബോധനം ചെയ്യുന്നതായിരിക്കും. നിലവിലുള്ള ഭരണവ്യവസ്ഥയെക്കുറിച്ചു മുമ്പ് അംഗീകരിച്ച ഈ തീരുമാനം ഇപ്പോഴും നിലവിലുണ്ട്.
"ഇതോടൊപ്പം തന്നെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനും മൊത്തത്തിലുള്ള താല്‍പര്യങ്ങള്‍ക്കും വേണ്ടി നിലവിലുള്ള ഭരണകൂടത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ-സാമൂഹികക്ഷേമ സ്ഥാപനങ്ങളില്‍നിന്ന് ശറഇന്റെ പരിധിക്കകത്തു നിന്നുകൊണ്ട് പ്രയോജനങ്ങള്‍ സ്വീകരിക്കുകയും അവയെ കൂടുതല്‍ പ്രയോജനകരമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നതാണ്. കൂടാതെ, ഇസ്ലാമിന്റെയും ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും അനിവാര്യ താല്‍പര്യങ്ങള്‍ക്കു വേണ്ടി, ജമാഅത്തിന്റെ തീരുമാനങ്ങള്‍ക്കനുസൃതമായി,രാഷ്ട്രീയസ്ഥാപനങ്ങളെയും പ്രയോജനപ്പെടുത്താവുന്നതാണ്. ഉപര്യുക്തമായ എല്ലാ രൂപത്തിലും, ഈ പ്രയോജനപ്പെടുത്തല്‍ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന കാര്യം പ്രത്യേകം ദീക്ഷിക്കുന്നതായിരിക്കും.''
അടിയന്തരാവസ്ഥക്കു ശേഷം
1975 ജൂണ്‍ 26-ാംതിയതി രാജ്യത്ത് നടപ്പാക്കപ്പെട്ട അടിയന്തരാവസ്ഥ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. തികച്ചും അന്യായമായും അകാരണമായും സംഘടന നിരോധിക്കപ്പെടുകയും നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ700-ല്‍ പരം പേര്‍ കാരാഗൃഹത്തിലടക്കപ്പെടുകയും ചെയ്തു. ഹൈന്ദവ തീവ്രവാദി പ്രസ്ഥാനമായ ആര്‍.എസ്.എസിനോടൊപ്പം,സന്തുലിതത്വം നിലനിര്‍ത്താന്‍ ജമാഅത്തെ ഇസ്ലാമിയെ ബലിയാടാക്കുകയായിരുന്നു ഇന്ദിരാ സര്‍ക്കാര്‍. പക്ഷേ,നീതിമാനായ അല്ലാഹു തന്റെ അടിമകളെ സഹായിക്കുക തന്നെ ചെയ്തു. ബാഹ്യമായ എല്ലാ കണക്കുകൂട്ടലുകളും തനിക്കനുകൂലമാണെന്നു കണ്ട ശ്രീമതി ഇന്ദിരാഗാന്ധി 1977-ല്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി അവര്‍ക്കെതിരെ അണിനിരന്നു. അടിയന്തരാവസ്ഥ എടുത്തുകളയാനും കേന്ദ്രസര്‍ക്കാരിന് അമിതാധികാരങ്ങള്‍ ഉറപ്പുവരുത്തുന്ന 42-ാം ഭരണഘടനാ ഭേദഗതി റദ്ദാക്കാനും സംഘടനകളുടെ പേരിലുള്ള നിരോധം നീക്കാനുമായിരിക്കും തങ്ങള്‍ സര്‍വഥാ പ്രാധാന്യം കല്‍പിക്കുകയെന്ന് അവര്‍ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി. ജമാഅത്ത് നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നുവെങ്കിലും, നേതാക്കളും പ്രവര്‍ത്തകരും സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു. പ്രവര്‍ത്തന സ്വാതന്ത്യ്രം വീണ്െടടുക്കാനും, രാജ്യത്തെ ഏകാധിപത്യ പ്രവണതകളില്‍നിന്ന് രക്ഷിക്കാനും ഇലക്ഷനെ പ്രയോജനപ്പെടുത്തുന്നത് തികച്ചും ഇസ്ലാമികവും ന്യായവുമായ അവകാശമാണെന്നവര്‍ മനസ്സിലാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന സംസ്ഥാന അസംബ്ളി തെരഞ്ഞെടുപ്പുകളിലും ജമാഅത്ത് പ്രതിപക്ഷത്തിനനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഫലം സന്തുഷ്ടിക്കും സംതൃപ്തിക്കും വക നല്‍കുന്നതായിരുന്നു. ഇന്ദിരാ സര്‍ക്കാര്‍ തറപറ്റി; ജനതാ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. അടിയന്തരാവസ്ഥ നീങ്ങി;ഭരണഘടനാ ഭേദഗതി റദ്ദായി. ജമാഅത്തെ ഇസ്ലാമിക്ക് പ്രവര്‍ത്തന സ്വാതന്ത്യ്രം വീണ്ടുകിട്ടി. എന്നാല്‍, അംഗങ്ങള്‍ അല്ലാത്ത ജമാഅത്ത് പ്രവര്‍ത്തകര്‍ ചരിത്രത്തിലാദ്യമായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത് ഒരിക്കലും ഏതെങ്കിലും പാര്‍ട്ടിക്കനുകൂലമായോ പ്രതികൂലമായോ ഏതെങ്കിലും അനിസ്ലാമിക പ്രത്യയശാസ്ത്രത്തോടുള്ള വിധേയത്വം മൂലമോ ആയിരുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. സംഘടനയുടെ പ്രവര്‍ത്തന സ്വാതന്ത്യ്രം പുനഃസ്ഥാപിക്കപ്പെടാനും രാജ്യത്ത് ജനാധിപത്യപരവും മൌലികവുമായ അവകാശങ്ങള്‍ വീണ്ടുകിട്ടുവാനും വഴി തുറക്കുകയായിരുന്നു ജമാഅത്തിന്റെ ലക്ഷ്യം. അതിനാല്‍തന്നെ, സാഹചര്യം മാറുകയും, 1980-ല്‍ ജനതാ ഗവണ്‍മെന്റിന്റെ പതനത്തെത്തുടര്‍ന്ന് ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവരികയും ചെയ്തപ്പോള്‍ ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കുകയോ സമ്മതിദാനാവകാശം ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ ഉപയോഗപ്പെടുത്തുകയോ ചെയ്തില്ല. ചിലര്‍ ആരോപിക്കും പോലെ, ജനതാ ഗവണ്‍മെന്റിനോട് ഏതെങ്കിലും പ്രതിബദ്ധതയോ കോണ്‍ഗ്രസിനോട് സ്ഥിരമായ ശാത്രവമോ ജമാഅത്തിനുണ്ടായിരുന്നുവെങ്കില്‍ 1980-ലെ തെരഞ്ഞെടുപ്പിലും അതിലെ അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തുമായിരുന്നുവല്ലോ.
എന്നാല്‍, 1977 മാര്‍ച്ചില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം പുനരാരംഭിച്ചശേഷം തെരഞ്ഞെടുപ്പുനയം ചര്‍ച്ചാവിഷയമാക്കുകയും പുനഃപരിശോധിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായിരുന്നു 1978 മെയ് 26 മുതല്‍30 വരെ ഭോപാലില്‍ ചേര്‍ന്ന ജമാഅത്തംഗങ്ങളുടെ അഖിലേന്ത്യാ കണ്‍വെന്‍ഷന്‍. സമ്മേളനത്തില്‍ ഇനി പറയുന്ന വിഷയങ്ങള്‍ സവിസ്തരം ചര്‍ച്ച ചെയ്യപ്പെട്ടു:
1) രാജ്യത്ത് നിലവിലുള്ള വ്യവസ്ഥയുടെ സ്വഭാവം.
2) ഇന്ത്യയില്‍ ഇഖാമത്തുദ്ദീനിനുള്ള മാര്‍ഗം.
3) ജമാഅത്തെ ഇസ്ലാമിയും സാമുദായിക പ്രശ്നങ്ങളും.
4) ജമാഅത്തെ ഇസ്ലാമിയും ഇലക്ഷനും.
രാജ്യത്തിലെ വ്യവസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍, അത് അനിസ്ലാമികവും സത്യവിരുദ്ധവുമാണെന്നും അത് മാറ്റുകയും തദ്സ്ഥാനത്ത് സത്യവ്യവസ്ഥ സ്ഥാപിക്കുകയുമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും പൊതുവെ അംഗീകരിക്കുകയുണ്ടായി. എന്നാല്‍ മറ്റു വിഷയങ്ങളില്‍ വ്യത്യസ്തവും ഭിന്നവുമായ വീക്ഷണഗതികള്‍ ഉയര്‍ന്നുവന്നു. ജമാഅത്തിന്റെ ഇതഃപര്യന്തമുള്ള ഇലക്ഷന്‍ നയത്തില്‍ ഒരു മാറ്റവും സമ്മേളനം നിര്‍ദേശിക്കുകയുണ്ടായില്ല. അതോടൊപ്പം,തെരഞ്ഞെടുപ്പിനെ ലക്ഷ്യപ്രാ പ്തിക്കുള്ള മാര്‍ഗമായി പ്രയോജനപ്പെടുത്തണമെന്ന അഭിപ്രായഗതി ജമാഅത്തില്‍ ശക്തിപ്പെട്ടുവരികയായിരുന്നു.
യുക്തമെന്നുതോന്നുന്ന സന്ദര്‍ഭത്തില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതാണെന്ന് ജമാഅത്ത് പോളിസിയില്‍ മുമ്പേ പറഞ്ഞുപോന്നിട്ടുണ്ട്. 1981-1986 കാലത്തെ പോളിസി പ്രോഗ്രാമിന്റെ ആമുഖത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം:
"ലക്ഷ്യപ്രാപ്തിക്ക് ഖുര്‍ആന്റെയും സുന്നത്തിന്റെയും നിര്‍ദേശങ്ങളനുസരിച്ച് ധാര്‍മികവും നിര്‍മാണപരവും സമാധാനപൂര്‍വകവും നിയമാനുസൃതവുമായ മാര്‍ഗങ്ങളാണ് ജമാഅത്തെ ഇസ്ലാമി അവലംബിക്കുന്നത്.
"വിശ്വസ്തതക്കും സത്യസന്ധതക്കും നിരക്കാത്തതോ,വര്‍ഗീയവൈരവും വര്‍ഗീയസംഘട്ടനവും നാട്ടില്‍ കലാപവും സൃഷ്ടിക്കുന്നതോ ആയ എല്ലാ കാര്യങ്ങളില്‍നിന്നും ജമാഅത്ത് വിട്ടുനില്‍ക്കുന്നതാണ്. 'സമാധാനപരവും നിയമാനുസൃതവും'എന്നതിന്റെ വിവക്ഷയില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നതും ഉള്‍പ്പെടുന്നു. ആകയാല്‍ ജമാഅത്ത് സ്വന്തം തത്വങ്ങള്‍ക്കു വിധേയമായി യുക്തമായ സന്ദര്‍ഭത്തില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടക്കുന്നതാണ്.''
1983 ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ മൌലാനാ അബുല്ലൈസുമായി 'ഖൌമി ആവാസ്' പത്രത്തിന്റെ പ്രതിനിധി നടത്തിയ ഇന്റര്‍വ്യൂയില്‍ ഇപ്രകാരം ചോദിക്കുകയുണ്ടായി: "നിലവിലുള്ള ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണോ, ജമാഅത്ത് തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാത്തത്?''
അമീര്‍ മറുപടി നല്‍കി: "ജമാഅത്ത് തെരഞ്ഞെടുപ്പുകളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം ചോദ്യത്തില്‍ സൂചിപ്പിച്ചതല്ല. പാശ്ചാത്യന്‍ ജനാധിപത്യവും ഇസ്ലാമിക ജനാധിപത്യവും തമ്മില്‍ അന്തരമുണ്ട്.
പാശ്ചാത്യ ജനായത്തത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയസംവിധാനം അതിന്റെ എല്ലാ വശങ്ങളോടുംകൂടി സ്വീകാര്യമാണെന്നു ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍ ഏകാധിത്യപരവും സമഗ്രാധിപത്യപരവുമായ സംവിധാനങ്ങളെ അപേക്ഷിച്ച് ഈ സംവിധാനം എത്രയോ മെച്ചപ്പെട്ടതും മുന്‍ഗണനാര്‍ഹവുമാകുന്നു. അതിനാല്‍ ഇലക്ഷനില്‍നിന്നുള്ള ജമാഅത്തിന്റെ വിട്ടുനില്‍പിനെ നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തോടുള്ള അനിഷ്ടവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. ഇലക്ഷനില്‍ പങ്കെടുക്കാന്‍ അനുയോജ്യമായ പരിസ്ഥിതിയല്ല ഇപ്പോള്‍ ഉള്ളത് എന്നതാണ് അതിന്റെ യഥാര്‍ഥ കാരണം. അനുയോജ്യമായ സന്ദര്‍ഭത്തില്‍ ജമാഅത്തിനു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണെന്ന് ഞങ്ങളുടെ പോളിസി പ്രോഗ്രാമില്‍ എഴുതിയത് നിങ്ങള്‍ക്കു കാണാന്‍ കാഴിയും.
'' സോപാധികമായ അനുവാദം തുടര്‍ന്ന്, ജമാഅത്തിന്റെ ഉന്നതതലത്തില്‍ ഇലക്ഷനെക്കുറിച്ചു നടന്ന ചര്‍ച്ചകളില്‍ പ്രാമുഖ്യം ലഭിച്ചത്, അംഗങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിലുള്ള നിരോധം എടുത്തുകളയുന്ന പ്രശ്നത്തിനാണ്. കാരണം, ഇലക്ഷനില്‍ ജമാഅത്തിനു താത്വികമായി പങ്കെടുക്കാവുന്നതാണെന്ന് നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നു. പ്രയോഗത്തില്‍ അതിനു സാഹചര്യം അനുകൂലമായിത്തീര്‍ന്നിട്ടില്ലെന്നും പൊതുവെ മനസ്സിലാക്കപ്പെടുകയുണ്ടായി. മറുവശത്ത്, പ്രസ്ഥാനത്തിന്റെ സ്വാധീനവലയം വികസിച്ചു വരുന്നതിനനുസരിച്ച്, രാജ്യത്തിലെ മാറ്റങ്ങള്‍ നന്മക്കും പ്രസ്ഥാനത്തിനും ഇസ്ലാമിനും സമുദായത്തിനും അനുകൂലമാക്കിത്തീര്‍ക്കുമാറ് പ്രസ്ഥാനബന്ധുക്കളുടെ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെട്ടുകൊണ്േട വന്നു. ഈ പരിതസ്ഥിതിയിലായിരുന്നു, 1984 ഏപ്രിലിലും ഒക്ടോബറിലും നവംബറിലും യോഗം ചേര്‍ന്ന് മജ്ലിസ് ശൂറ വോട്ടവകാശ വിലക്ക് നീക്കം ചെയ്യുന്നതിനെക്കുറിച്ച് സവിസ്തരമായ വിചിന്തനം നടത്തിയത്. നവംബറിലെ യോഗം,ജമാഅത്ത് അംഗങ്ങള്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ സോപാധികം അനുവാദം നല്‍കാവുന്നതാണെന്നു താത്വികമായി തീരുമാനിച്ചു. യഥാര്‍ഥത്തില്‍, 1967 ജനുവരിയില്‍ ശൂറാ തന്നെ കൈക്കൊണ്ട ഒരു തീരുമാനത്തിന്റെ വെളിച്ചത്തിലായിരുന്നു പുതിയ തീരുമാനം(അത് നേരത്തെ ഉദ്ധരിച്ചിട്ടുണ്ട്). വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഉപാധികള്‍ പഠിച്ച് ശിപാര്‍ശ ചെയ്യാന്‍ ശൂറ ഒരു ഉപസമിതിയെ നിയോഗിക്കുകയും ചെയ്തു. ഉപസമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ വെളിച്ചത്തില്‍, 1985ഫെബ്രുവരി 15 മുതല്‍ 20 വരെ യോഗം ചേര്‍ന്ന മജ്ലിസ് ശൂറാ താഴെ പറയുന്ന തീരുമാനം കൈക്കൊണ്ടു:
"നിഷിദ്ധങ്ങളുടെയും സര്‍വവിധ തിന്മകളുടെയും നിര്‍മൂലനവും രാജ്യത്ത് മാനുഷിക മൂല്യങ്ങളുടെ പ്രചാരണവുമാണ് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നതെന്ന് അതിന്റെ പ്രബോധനത്തില്‍നിന്നും നയപരിപാടികളില്‍നിന്നും നല്ലപോലെ വ്യക്തമാകുന്നതാണ്. അക്രമവും അനീതിയും ഇല്ലാതാക്കി ന്യായവും നീതിയും സംസ്ഥാപിക്കാനാണ് അത് പരിശ്രമിക്കുന്നത്. മനുഷ്യന്റെ മൌലികാവകാശങ്ങള്‍, വിശിഷ്യാ, ജീവനും ധനവും അഭിമാനവും പൂര്‍ണമായി സുരക്ഷിതമായിരിക്കണമെന്ന് അത് ആഗ്രഹിക്കുന്നു. സാമൂഹിക-സാമ്പത്തിക നീതി എല്ലാവര്‍ക്കും സുപ്രാപ്യമായിരിക്കണം. വര്‍ഗീയതയും സാംസ്കാരികമായ ആക്രമണവാഞ്ഛയും അവസാനിപ്പിക്കുകയും ഏകാധിപത്യ-സമഗ്രാധിപത്യ പ്രവണതകളുടെ പഴുതടക്കപ്പെടുകയും വേണം. ജനാധിപത്യ മൂല്യങ്ങള്‍ വളര്‍ന്നു പരിപുഷ്ടമായിത്തീരണം. രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക ചൂഷണ മാര്‍ഗങ്ങള്‍ അവസാനിപ്പിക്കപ്പെടുകയും ദാരിദ്യ്രവും പട്ടിണിയും രോഗവും അജ്ഞതയും ഉന്മൂലനം ചെയ്യപ്പെടുകയും വേണം. അസമത്വം,ഉച്ചനീചത്വം, ഐത്തം തുടങ്ങിയ സാമൂഹ്യദോഷങ്ങള്‍ക്കറുതിവരുത്തി പിന്നാക്ക വിഭാഗങ്ങളെ സാമ്പത്തിക-സാമൂഹിക മേഖലകളിലേക്ക് ഉയര്‍ത്തപ്പെടണം. പ്രാദേശികവും ഭാഷാപരവുമായ പക്ഷപാതിത്വങ്ങളും മത-ഭാഷാ-സാംസ്കാരിക ന്യൂനപക്ഷങ്ങളോടുള്ള വിദ്വേഷവും അസ്തമിക്കണം. ഇതൊക്കെയാണ് ജമാഅത്തിന്റെ ആഗ്രഹം.
"നമ്മുടെ രാജ്യം വ്യത്യസ്ത മത-സാംസ്കാരിക ന്യൂനപക്ഷങ്ങളുടെ തൊട്ടിലാണ്. തങ്ങളുടെ വ്യക്തിത്വവും ഭാഷയും സവിശേഷ സംസ്കാരവും പരിരക്ഷിക്കാനും പുഷ്ടിപ്പെടുത്താനുമുള്ള അവകാശം ഭരണഘടന അവര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ദൌര്‍ഭാഗ്യവശാല്‍, ഈ മൌലികാവകാശങ്ങളുടെ പാതയില്‍ സാംസ്കാരികമായ ആക്രമണ മനഃസ്ഥിതിയും വര്‍ഗീയ വിദ്വേഷവും ശക്തമായ പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇത് സാമുദായികോദ്ഗ്രഥനത്തിനും രാജ്യത്തിന്റെ ഭദ്രതക്കും ഒരുപോലെ ഹാനികരമായി ഭവിക്കുന്നു. വിശിഷ്യാ, ഈ വിഷയകമായി വ്യക്തിനിയമം, മത വിദ്യാഭ്യാസം, വഖഫുകള്‍,ഭാഷ തുടങ്ങിയ സുപ്രധാന മുസ്ലിം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന സങ്കുചിതവും വിദ്വേഷാത്മകവുമായ സമീപനത്തെയും അനിശ്ചിതത്വത്തെയും സംബന്ധിച്ചു കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. ഏകാധിപത്യപരവും സമഗ്രാധിപത്യപരവുമായ പ്രവര്‍ത്തനരീതി ഇഷ്ടപ്പെടുകയും അത്തരം പ്രവണതകള്‍ പ്രകടമാക്കുകയും ചെയ്യുന്ന ശക്തികളെയും ഗൌരവപൂര്‍വം കണക്കിലെടുക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ പുനഃസ്ഥാപനവും പരിരക്ഷണവും ജമാഅത്തിന്റെ പക്കല്‍ സുപ്രധാനമായ ഒരാവശ്യമത്രെ.
"ജമാഅത്ത് അതിന്റെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും നേടിയെടുക്കുവാന്‍ ഭരണഘടനാപരവും ജനാധിപത്യപരവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങളാണ് അവലംബിച്ചുവരുന്നത്. ബഹുജനാഭിപ്രായം വളര്‍ത്തിയെടുക്കാന്‍ ഉദ്ബോധനപരവും പ്രേരണാത്മകവുമായ രീതികള്‍ ഉപയോഗപ്പെടുത്തിവരുന്നു. പൊതുവെ, ജാതി-മത പരിഗണനകള്‍ കൂടാതെ മൊത്തം രാജ്യനിവാസികളുടെയും വിശിഷ്യാ മുസ്ലിം സമൂഹത്തിന്റെയും സഹകരണ-പങ്കാളിത്തങ്ങള്‍ ജമാഅത്ത് ആഗ്രഹിക്കുന്നു;അതിനായി യത്നിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നമ്മുടെ ദൃഷ്ടിയില്‍ ഈ ലക്ഷ്യം സാധിതമാക്കുന്നതിന് തെരഞ്ഞെടുപ്പാകട്ടെ,ഫലപ്രദമായ നല്ലൊരു മാര്‍ഗം തന്നെ. ഇക്കാരണത്താലാണ് 1977-ല്‍ നടന്ന ചില അസംബ്ളി തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിന്റെ സംരക്ഷണത്തിന്റെയും അതോടനുബന്ധിച്ച്42-ാം ഭരണഘടനാ ഭേദഗതി റദ്ദ് ചെയ്യുന്നതിന്റെയും മുഖ്യ പ്രശ്നങ്ങള്‍ രാജ്യത്തിന്റെ മുമ്പാകെ വന്നപ്പോള്‍ ജമാഅത്ത് അംഗങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ അനുമതി നല്‍കിയത്. പ്രസ്തുത കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ 1985ഫെബ്രുവരിയില്‍ ചേര്‍ന്ന ജമാഅത്തിന്റെ കേന്ദ്ര മജ്ലിസ് ശൂറയുടെ ഈ യോഗം പാര്‍ലമെന്റ് അസംബ്ളി തെരഞ്ഞെടുപ്പുകളില്‍ ചില നിബന്ധനകള്‍ക്കു വിധേയമായി ജമാഅത്ത് അംഗങ്ങള്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാവുന്നതാണെന്ന് തീരുമാനിച്ചിരിക്കുന്നു.
"ജമാഅത്തിന്റെ മേല്‍പറഞ്ഞ സുപ്രധാന ലക്ഷ്യങ്ങളോട് യോജിപ്പുള്ള സ്ഥാനാര്‍ഥികള്‍ മാത്രമേ, അയാള്‍ മുസ്ലിമാകട്ടെ അമുസ്ലിമാകട്ടെ, ഞങ്ങളുടെ വോട്ടിന് അര്‍ഹരാവുകയുള്ളൂ. അവയ്ക്കുവേണ്ടി പരമാവധി പരിശ്രമിക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്യുകയും ആ വാഗ്ദാനം പാലിക്കപ്പെടുമെന്ന് അവരെക്കുറിച്ച് പ്രതീക്ഷയുണ്ടായിരിക്കുകയും വേണം. കൂടാതെ ഞങ്ങളുടെ വോട്ടിനര്‍ഹരായ സ്ഥാനാര്‍ഥികള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം ന്യൂനപക്ഷത്തിന് ഇന്ത്യന്‍ ഭരണഘടന നല്‍കിയ ഉറപ്പുകളെക്കുറിച്ച് മൊത്തത്തില്‍ ഗ്രാഹ്യതയുള്ളവരും അവയോട് അനുഭാവം പുലര്‍ത്തുന്നവരും ആയിരിക്കേണ്ടതുണ്ട്. തങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നപക്ഷം ന്യൂനപക്ഷങ്ങളുടെ നിലപാടിനും ആവശ്യങ്ങള്‍ക്കും പിന്തുണ നല്‍കുമെന്ന് മാത്രമല്ല, അവര്‍ക്ക് ദേഷകരമാകുന്ന ഏതു നിയമനിര്‍മാണത്തെയും പിന്തുണക്കുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുമെന്നു കൂടി അവര്‍ വാഗ്ദാനം ചെയ്യേണ്ടതാണ്.
"ജനാധിപത്യ ശത്രുക്കളും ന്യൂനപക്ഷവിരോധികളുമായ ചില വിഭാഗങ്ങളും ഇവിടെയുണ്െടന്നതാണ് നമ്മുടെ രാജ്യത്തിന്റെ മറ്റൊരു ഹതഭാഗ്യം. ഏകാധിപത്യ സമഗ്രാധിപത്യ വ്യവസ്ഥകളോട് ആഭിമുഖ്യം പുലര്‍ത്തുന്ന അത്തരം ഏതെങ്കിലും പാര്‍ട്ടിയുമായി ബന്ധമുള്ള സ്ഥാനാര്‍ഥികള്‍ ഒരിക്കലും ഞങ്ങളുടെ വോട്ടിന്നര്‍ഹരായിരിക്കുന്നതല്ല.
"രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്ന ധാര്‍മികാരാജകത്വത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളുടെ സ്വഭാവദാര്‍ഢ്യവും ജീവിതവിശുദ്ധിയും കൂടി പരിഗണിക്കേണ്ടത് വളരെ ആവശ്യമാണ്. അതിനാല്‍ തങ്ങളുടെ പരിചിത വൃത്തത്തില്‍ സത്യസന്ധരും സദ്ഗുണസമ്പന്നരുമായി അറിയപ്പെടുന്ന വ്യക്തികളായിരിക്കണം വോട്ടിനര്‍ഹരായ സ്ഥാനാര്‍ഥികളായി പരിഗണിക്കപ്പെടേണ്ടത്.''
ഇത്തരമൊരു തീരുമാനം അനിവാര്യമാക്കിത്തീര്ത്ത് സാഹചര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
ഒന്ന്, രാജ്യത്ത് ധര്‍മച്യുതിയും മൂല്യത്തകര്‍ച്ചയും മുമ്പൊരിക്കലുമില്ലാത്ത വിധം രൂക്ഷമാവുകയും സുപ്രധാന രാജ്യരക്ഷാ രഹസ്യങ്ങള്‍ വരെ മദ്യത്തിനും മദിരാക്ഷിക്കും വേണ്ടി ഉന്നതന്മാര്‍ വില്‍പന നടത്തുന്ന സ്ഥിതിയോളം രംഗം വഷളാവുകയും ചെയ്തിരിക്കുന്നു. അഴിമതി രാഷ്ട്രജീവിതത്തെയാസകലം അര്‍ബുദം കണക്കെ കാര്‍ന്നുതിന്നുകയാണ്. ഈ പരിതസ്ഥിതിയില്‍ താരതമ്യേന ധര്‍മബോധവും ജീവിതവിശുദ്ധിയും കര്‍ത്തവ്യ നിഷ്ഠയുമുള്ള ജനപ്രതിനിധികള്‍ ഉന്നത തലങ്ങളില്‍ എത്തിപ്പെടാന്‍ വഴിയൊരുക്കേണ്ടത് രാജ്യത്തിന്റെ പൊതുനന്മയില്‍ താല്‍പര്യമുള്ള എല്ലാവരുടെയും ചുമതലയാകുന്നു.
രണ്ട്, ഫാഷിസ്റ് തീവ്രവര്‍ഗീയശക്തികള്‍ മുമ്പെന്നത്തേക്കാളും കരുത്താര്‍ജിച്ചിരിക്കുന്നു. മത ന്യൂനപക്ഷങ്ങളുടെ നിലനില്‍പിനും സുരക്ഷിതത്വത്തിനും നേരെയുള്ള ഈ ഭീഷണി നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരികയാണ്. സെക്യുലറിസത്തോടുള്ള പ്രതിബദ്ധത ആണയിട്ടു പറയുന്ന ഭരണാധികാരികളാവട്ടെ, വോട്ടുകള്‍ക്കും സീറ്റുകള്‍ക്കും വേണ്ടിയുള്ള വ്യഗ്രതയില്‍ അത്തരം ശക്തികളെ പ്രീണിപ്പിക്കുന്നതായിട്ടാണനുഭവം. ഈ സാഹചര്യത്തില്‍ മതനിരപേക്ഷതയിലും മതമൈത്രിയിലും ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വത്തിലും താരതമ്യേന ആത്മാര്‍ഥതയുള്ളവര്‍ ജയിച്ചുവരാന്‍ സമ്മതിദായകര്‍ പൊതുവിലും ന്യൂനപക്ഷങ്ങള്‍ വിശേഷിച്ചും പ്രത്യേക താല്‍പര്യമെടുക്കേണ്ടതാണ്.
മൂന്ന്, ഇസ്ലാമികപ്രസ്ഥാനം ശൈശവദശ പിന്നിട്ട് ക്രമേണ വളരുകയും വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതില്‍ നാം സര്‍വശക്തനെ സ്തുതിക്കുന്നു. പൊതുനന്മയെ ലാക്കാക്കി പ്രസ്ഥാനം സംഘടിപ്പിക്കുന്ന സംരംഭങ്ങളില്‍ ദൃശ്യമാകുന്ന ജനകീയ പങ്കാളിത്തം പ്രോല്‍സാഹജനകവും സന്തോഷദായകവുമാണ്. ജനങ്ങളുടെ ഈ ഔല്‍സുക്യത്തെ,രാജ്യത്തിന്റെ ഭാഗധേയത്തെ നന്മയുടെ ശക്തികള്‍ക്ക് അനുകൂലമാക്കിത്തീര്‍ക്കാനുള്ള ശ്രമത്തില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍, സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത് ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. തുടര്‍ന്നു രാജ്യത്ത് നടന്ന ലോകസഭ, നിയമസഭ, പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പുകളില്‍ ഉപര്യുക്ത ഉപാധികള്‍ക്ക് വിധേയമായി ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അംഗങ്ങളും പ്രവര്‍ത്തകരും വോട്ട് രേഖപ്പെടുത്തുകയുണ്ടായിട്ടുണ്ട്.
ഫാഷിസത്തിനെതിരെ
ജനാധിപത്യശക്തികളുടെ കൂട്ടായ്മ
1995 ഒക്ടോബറില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ കേന്ദ്ര കൂടിയാലോചനാ സമിതി രാജ്യത്തെ നിലവിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുകയും സുപ്രധാനമായ ചില തീരുമാനങ്ങളെടുക്കുകയും ചെയ്തു. ആസന്നമായ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, വര്‍ധിച്ചുവരുന്ന ഫഷിസ്റു ശക്തകളുടെ മുന്നേറ്റത്തിന് തടയിടാന്‍ ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ രൂപപ്പെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ കേന്ദ്രശൂറാ തദ്സംബന്ധമായി താഴെ പറയുന്ന തീരുമാനങ്ങളെടുക്കുകയുണ്ടായി:
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നിലനില്‍പിനും പുരോഗതിക്കും,രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെയും മുസ്ലിംസമുദായത്തിന്റെയും വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്ത് നീതിനിഷ്ഠമായ ഒരു വ്യവസ്ഥ നിലവില്‍ വരുത്തുന്നതിനും രാഷ്ട്രീയ പ്രക്രിയയില്‍ പങ്കുകൊള്ളേണ്ടത് അനിവാര്യമാണ്.
രാജ്യത്ത് ജനാധിപത്യാന്തരീക്ഷം നിലനിര്‍ത്താനും വര്‍ധിച്ചുവരുന്ന തീവ്രവാദത്തെയും വര്‍ഗീയതയെയും ചെറുക്കാനും പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും അര്‍ഹമായ അവകാശങ്ങള്‍ അനുവദിച്ചുകിട്ടാനും പൊതുജനാഭിപ്രായം സ്വരൂപി ക്കാന്‍ ജമാഅത്ത് പരിശ്രമിക്കും. അതിനുവേണ്ടി സെമിനാര്‍, സിമ്പോസിയം, പൊതുയോഗം,കോര്‍ണര്‍ മീറ്റിംഗ്, ഗ്രൂപ്പ് ചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനും രാഷ്ട്രീയത്തിലെ ക്രിമിനലീകരണം തടയുന്നതിനും പരിശ്രമിക്കും. ദേശീയ-സംസ്ഥാന രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശകലനം ചെയ്യാനും അത് ജമാഅത്തിന്റെ ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താനും ജമാഅത്തു കേന്ദ്രത്തില്‍ ഒരു രാഷ്ട്രീയ സെല്‍ രൂപവത്കരിക്കും. വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരെ ചിന്തിക്കുന്ന രാഷ്ട്രീയകക്ഷികളുമായി ബന്ധപ്പെടുകയും അന്യോന്യമുള്ള കിടമത്സരം ഒഴിവാക്കി തെരഞ്ഞെടുപ്പില്‍ പരസ്പര ധാരണയുണ്ടാക്കുവാനും വര്‍ഗീയ കക്ഷികള്‍ക്കെതിരെ ഒരു പൊതുസ്ഥാനാര്‍ഥി എന്ന ആശയം അംഗീകരിപ്പിക്കുവാനും ശ്രമിക്കും. ക്രിമിനലിസത്തിന്റെയും വര്‍ഗീയതയുടെയും കറപു രളാത്ത, സ്വന്തം നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ സുസമ്മതനായ സ്ഥാനാര്‍ഥികളെ കണ്െടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളെ പ്രേരിപ്പിക്കും. മണ്ഡലത്തില്‍ മേല്‍പറഞ്ഞ ധാരണക്കുവേണ്ടിയുള്ള ശ്രമം വിജയിക്കാതെവന്നാല്‍ വര്‍ഗീയതയെ എതിര്‍ക്കുന്ന ജനപിന്തുണയുള്ള സ്ഥാനാര്‍ഥിയെ കണ്െടത്തുകയും അദ്ദേഹത്തിനുവേണ്ടി വോട്ടര്‍മാരുടെ അഭിപ്രായം സ്വരൂപിക്കുകയും ചെയ്യും. എഫ്.ഡി.സി.എയുടെയും മറ്റും സഹായത്തോടെ മേല്‍ പറഞ്ഞ ഉപാധികളോടെ ജമാഅത്തിന്റെ പി ന്തുണക്ക് അര്‍ഹരായിത്തീരുന്ന സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി വോട്ടര്‍മാരെ ബോധവല്‍ക്കരിക്കും.
ലോകസഭാ ഇലക്ഷനില്‍ ഫാഷിസ്റ് വര്‍ഗീയ ശക്തികളെ തോല്‍പിക്കാന്‍ പ്രാപ്തരായ മതേതര സ്ഥാനാര്‍ഥികള്‍ക്കാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്ലാമി വോട്ട് ചെയ്തുവന്നിട്ടുള്ളത്. തന്നെയുമല്ല 1999-ലും 2004-ലും തെരഞ്ഞെടുപ്പിനുമുമ്പ് മതേതര ജാധിപത്യ ശക്തികളുടെയും മതന്യൂനപക്ഷങ്ങളുടെയും വോട്ടുകളുടെ ശൈഥില്യംഫാഷിസ്റുകള്‍ക്ക് ഗുണകരമാവാതിരിക്കാന്‍ ജമാഅത്ത് പരമാവധി പണിയെടുക്കുകയുണ്ടായി. ഇതേറ്റവും സഫലമായത്2004-ലെ ലോകസഭാ തെരഞ്ഞെടുപ്പിലായിരുന്നു. കേരളത്തിലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ രണ്ട് മതേതര മുന്നണികളാണ് സ്ഥിരമായി ഏറ്റുമുട്ടുന്ന പ്രബല ശക്തികള്‍. ഫാഷിസ്റ് ശക്തികള്‍ ഇതേവരെ നിയമസഭയില്‍ എക്കൌണ്ട് തുറന്നിട്ടില്ല. അതിനാല്‍ സര്‍ക്കാരുകളുടെ പ്രദര്‍ശനവും വ്യക്തികളുടെ മൂല്യനിഷ്ഠയും വിലയിരുത്തി ഇരു മുന്നണികളുടെയും സ്ഥാനാര്‍ഥികളില്‍ താരതമ്യേന കൊള്ളാവുന്നവരെ പി ന്തുണക്കാറാണ് പതിവ്. രാജ്യത്ത് മതന്യൂനപക്ഷങ്ങളുടേതടക്കം എല്ലാ വിഭാഗം പൌരന്മാരുടെയും ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതോടൊപ്പം ഇഖാമത്തുദ്ദീനിനു വേണ്ടിയുള്ള പ്രവര്‍ത്തന സ്വാതന്ത്യ്രം നിലനില്‍ക്കുക എന്നതാണ് ജമാഅത്ത് ഇതപര്യന്തം സ്വീകരിച്ചുവന്ന ഇലക്ഷന്‍ നയത്തിന്റെ അന്തസ്സത്ത.
പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ക്രിയാത്മക പങ്കു വഹിക്കും
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി സമാധാനപരവും ഭരണഘടനാനുസൃതവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളാണ് അവലംബിക്കാറുള്ളത്. ജമാഅത്തിന്റെ പ്രബോധനം മുഴുവന്‍ മനുഷ്യരോടുമാണ്. അതിനാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും പ്രശ്നങ്ങള്‍ അത് സ്വന്തം പ്രശ്നങ്ങളായാണ് ഗണിക്കുന്നത്. അക്രമവും അനീതിയും അവസാനിപ്പിച്ച് നീതി പുനഃസ്ഥാപിക്കാന്‍ ജമാഅത്തെ ഇസ്ലാമി പ്രതിജ്ഞാബദ്ധമാണ്. മൌലികമനുഷ്യാവകാശങ്ങള്‍ വിശിഷ്യാ, ജീവനും ധനവും അഭിമാനവും സംരക്ഷിക്കാനും ഫാഷിസത്തെ തളയ്ക്കാനും ദാരിദ്യ്രം, രോഗം, അജ്ഞത എന്നിവ നിഷ്കാസനം ചെയ്യാനും സാമൂഹിക ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്യാനും അതാഗ്രഹിക്കുന്നു. ഈ ലക്ഷ്യസാധ്യത്തിന് മത-സമുദായ ഭേദമന്യേ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും സഹകരണം ജമാഅത്ത് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നു. താരതമ്യേന മെച്ചപ്പെട്ട വ്യക്തിത്വം പു ലര്‍ത്തുന്നവരും ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചുനില്‍ക്കുന്നവരുമായ വ്യക്തികള്‍ തെരഞ്ഞെടുക്കപ്പെടുക എന്ന ഉദ്ദേശ്യത്തോടെ പാര്‍ലമെന്റ്-അസംബ്ളി തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനും സംഘടന ശ്രമിക്കുന്നു. പൊതുജനത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി എളുപ്പം പരിഹാരമുണ്ടാക്കാന്‍ സാധിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയില്‍ വലിയ പ്രാധാന്യമുണ്ട്. ദൌര്‍ഭാഗ്യവശാല്‍ അവയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും പൊതുപ്രശ്നങ്ങളില്‍ താല്‍പര്യം കുറഞ്ഞവരും വൈയക്തിക-വിഭാഗീയ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവരുമാണ്. ഇക്കാരണത്താല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭ്യമായ അധികാരങ്ങളുടെയും വിഭവങ്ങളുടെയും പ്രയോജനം പൊതുജനങ്ങളിലെത്താതെ പോകുന്നു. മാത്രമല്ല, ചില സംസ്ഥാനങ്ങളിലെ തദ്ദേശസ്ഥാപനങ്ങളില്‍ ഫാഷിസ്റുകളുടെ ശക്തിയും സ്വാധീനവും വമ്പിച്ചതാണ്. വര്‍ഗീയ പക്ഷപാതിത്വങ്ങളുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം അതുവഴി ശക്തിപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യങ്ങള്‍ മൂലമുള്ള ദോഷമനുഭവിക്കുന്നത് ന്യൂനപക്ഷങ്ങളാണ്. വിശിഷ്യാ മുസ്ലിംകളും മറ്റു പിന്നാക്ക വിഭാഗങ്ങളും. ഈ പശ്ചാത്തലത്തില്‍ 2005 സെപ്റ്റംബര്‍ 17 മുതല്‍ 20 വരെ തീയതികളില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്ലാമി കേന്ദ്ര മജ്ലിസ് ശൂറ താഴെ പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നു:
നല്ലവരും വിശ്വസ്തരും സേവനതല്‍പരരും ഉത്തരവാദിത്വബോധമുള്ളവരും കാര്യനിര്‍വഹണശേഷിയുള്ളവരുമായ ആളുകള്‍ തെരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി ജമാഅത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ക്രിയാത്മക പങ്കാളിത്തം വഹിക്കും. അതിനായി ജമാഅത്ത് വ്യക്തിസംഭാഷണം, സ്കോഡുകള്‍, പൊതുപ്രഭാഷണങ്ങള്‍,കവലയോഗങ്ങള്‍, ലഘുലേഖാ വിതരണം തുടങ്ങി മുഴുവന്‍ മാര്‍ഗങ്ങളും അവലംബിക്കും.
പൂര്‍ണവിശ്വാസത്തോടെയുള്ള ജനസേവനവും വ്യാപകമായ അധാര്‍മികതകള്‍ക്ക് തടയിട്ടുകൊണ്ടുള്ള പൊ തുജനത്തിന്റെ പ്രശ്നപരിഹാരവും സാധ്യമാകുന്ന വിധം, രാജ്യത്തിന്റെയും സമുദായത്തിന്റെയും കടുത്ത സമ്മര്‍ദം താല്‍പര്യപ്പെടുമ്പോള്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്നതാണ്.
ജമാഅത്ത് ബന്ധമുള്ള സ്ഥാനാര്‍ഥികള്‍ നിലവിലില്ലാത്തിടങ്ങളില്‍ നിര്‍ണിത ഉപാധികള്‍ക്കു വിധേയമായി, നല്ലവനായി അറിയപ്പെടുന്ന; ഫാഷിസ്റ് വിരുദ്ധനായ; തെരഞ്ഞെടുക്കപ്പെട്ടാല്‍ മത-വംശ-ഭാഷാ-കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി ജനസേവനം നടത്തുമെന്ന് വാക്കുനല്‍കിയ; മദ്യപാനം, അധാര്‍മികത, അഴിമതി എന്നീ തിന്മകളില്‍നിന്ന് പ്രദേശത്തെ രക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായ; അനാഥര്‍, വിധവകള്‍,അംഗവൈകല്യമുള്ളവര്‍, അവശവിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള സേവനത്തില്‍ വീഴ്ചവരുത്താത്ത; വിദ്യാഭ്യാസ-സാമ്പത്തിക-കാര്‍ഷിക-ചികിത്സാ സൌകര്യങ്ങളുടെ സമാഹരണത്തില്‍ യാതൊരു വിധ വിവേചനവും കാണിക്കാത്ത; സമുദായ സൌഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും നിലനില്‍പ്പും ജീവന്റെയും അഭിമാനത്തിന്റെയും സംരക്ഷണവും മുഖ്യോത്തരവാദിത്വമായി ഗണിക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ടുനല്‍കും
No comments:
Post a Comment