ഇടതുപക്ഷത്തിന്റെ ചെലവാകാത്ത നവോത്ഥാനം
നവോത്ഥാന നായകര്‍ ഉഴുതുമറിച്ച മണ്ണില്‍ വിത്തെറിഞ്ഞ് വിളയിച്ചെടുത്തതാണ് കേരളത്തില്‍ ഇന്നുകാണുന്ന ഇടതുപക്ഷമെന്ന് നേരത്തേ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നവോത്ഥാനത്തിെൻറ നൈതികവും രാഷ്ട്രീയവുമായ തുടര്‍ച്ച സൃഷ്ടിക്കുകയാണോ യഥാര്‍ഥത്തില്‍ ഇടതുപക്ഷം ചെയ്തത് എന്ന ചോദ്യം പ്രസക്തമാണ്. ജാതിവ്യവസ്ഥ അധികാരവും അവകാശവും നിഷേധിച്ച സമൂഹങ്ങള്‍ക്ക് അവകാശവും അധികാരവും വിഭവങ്ങളും ലഭ്യമാക്കുക എന്നതായിരുന്നു കേരളീയ നവോത്ഥാനത്തിെൻറ അന്തസ്സത്ത. ഈ അധികാര സ്ഥാപനത്തിനാവശ്യമായ ആശയങ്ങളും പ്രായോഗിക പ്രവര്‍ത്തനങ്ങളുമായിരുന്നു കേരളീയ നവോത്ഥാനത്തില്‍ നടന്നത്. ബംഗാളിലെ നവോത്ഥാനത്തില്‍നിന്ന് വ്യത്യസ്തമായി കേരളീയ നവോത്ഥാനത്തിെൻറ സവിശേഷത, അത് കീഴാള സമൂഹങ്ങളില്‍നിന്ന് ആരംഭിച്ച് മുന്നാക്ക സമൂഹങ്ങളില്‍ പ്രതിഫലിച്ച സാമൂഹിക പരിവര്‍ത്തന ശക്തിയായിരുന്നു എന്നതാണ്. ജാതിവ്യവസ്ഥ അധികാരാവകാശങ്ങള്‍ നിഷേധിച്ച സമൂഹങ്ങളുടെ അധികാര-വിഭവ പങ്കാളിത്തത്തോട് ഇടതുപക്ഷത്തിെൻറ സമീപനമെന്താണ് എന്നതാണ് നവോത്ഥാനവുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യം.