scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Oct 25, 2017

ജമാഅത്തിനെക്കുറിച്ചുള്ള "വര്‍ത്ത"മാനങ്ങള്‍


ജമാഅത്തിനെക്കുറിച്ചുള്ള "വര്‍ത്ത"മാനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയിലെ ഏതാണ്ട്‌ എല്ലാ സംസ്ഥാനങ്ങളിലും സാനിധ്യമുള്ള ശക്തവും വ്യവസ്ഥാപിതവുമായി പ്രവർത്തിച്ചുവരുന്ന പ്രസ്ഥാനമാണ്‌. ജമാഅത്ത്‌ ഒരേ സമയം വ്യക്തമായ ആദർശാടിത്തറയുള്ള ഐഡിയോളജിക്കൽ മൂവ്‌മെന്റും പ്രായോഗിക പരിജ്ഞാനമുള്ള സാമൂഹിക നവോഥാന പ്രസ്ഥാനവുമാണ്‌. അതത്‌ കാലത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തി യുക്തിഭദ്രവും പ്രായോഗികവുമായ കർമ്മപദ്ധതികൾ ആവിഷ്കരിച്ചാണ്‌ ജമാഅത്ത്‌ പ്രവർത്തിച്ചുവരുന്നത്‌. എല്ലാ നാല്‌ വർഷങ്ങളിലും നയപരിപാടികൾ പരിഷ്കരിച്ച്‌ കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഒരു പിശുക്കും ജമാഅത്ത്‌ കാണിക്കാറില്ല. ഈ നയവികാസങ്ങൾ പല സന്ദർഭങ്ങളിൽ സംഘടനക്കകത്തും പുറത്തും ഏറിയും കുറഞ്ഞും വിമർശിക്കപ്പെടുകയും നിരൂപണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്‌. പ്രസ്ഥാനം വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ഥ വേദികളിൽ നടത്തുന്ന കൂടിയാലോചനയുടെ ഫലമായി രൂപപ്പെടുന്ന നയവികാസങ്ങൾ ഉൾക്കൊള്ളുന്നവരും ഉൾക്കൊള്ളാത്തവരും മനസ്സിലാകുന്നവരും മനസ്സിലാകാത്തവരും പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. അഥവാ ഒരു നവോഥാന പ്രസ്ഥാനത്തിൽ ഇതൊന്നും പുതുമയുള്ള കാര്യമല്ല.ജമാഅത്ത്‌ അഭ്യന്തര ജനാധിപത്യവും ഉൾപാർട്ടി വിമർശനവും വേണ്ടുവോളം അനുവദിക്കുന്ന പ്രസ്ഥാനമാണ്‌. ഒരു ഐഡിയോളജിക്കൽ മൂവ്‌മെന്റ്‌ കെട്ടുറപ്പോടെ മുന്നേറാൻ അത്‌ അനിവാര്യമാണെന്ന് ജമാഅത്ത്‌ മനസ്സിലാക്കുന്നു. എന്നല്ല സംഘടനക്കകത്തെ ആശയ സംഘട്ടനങ്ങളാണ്‌ യുക്തവും വ്യക്തവുമായ തീരുമാനങ്ങളിലെത്താൻ സഹായിക്കുക എന്നും ജമാഅത്തിന്‌ ഉറച്ച ബോധ്യമുണ്ട്‌. 

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ യു.പി ഘടകം കൂടിയാലോചനാ സമിതിയംഗം ഡോ. തൻവീർ അഹ്‌മദ്‌ ഉൾപ്പെടെ ഏതാനും അംഗങ്ങൾ ജമാഅത്തിൽ നിന്നും രാജി വെക്കാൻ തീരുമാനിച്ച സംഭവത്തെ ഈയൊരു പശ്ചാത്തലത്തിലാണ്‌ വിലയിരുത്തേണ്ടത്‌. രാജി വെച്ചവരിൽ ചിലർ രാജി പിൻവലിച്ചതായാണ്‌ ഏറ്റവുമൊടുവിൽ അറിയാൻ കഴിഞ്ഞത്‌. ഒരു സംഘടനയിൽ നിന്നും അതിന്റെ അംഗങ്ങൾ രാജി വെക്കുന്നത്‌ നിർഭാഗ്യകരവും വേദനയുണ്ടാക്കുന്നതുനാണ്‌. പ്രസ്ഥാന നേതൃത്വവും അതിന്റെ പ്രവർത്തകരും തമ്മിൽ ഊഷമളമായ ബന്ധം പുലർത്തുന്ന ജമാഅത്തിനെ സംബന്ധിച്ചിടത്തോളം ഇത്‌ ഇരട്ടിവേദനയാണ്‌. അതിനാൽ തന്നെ മാസങ്ങളായി ഇവരുമായി ജമാഅത്ത്‌ നേതൃത്വം ബന്ധപ്പെടുകയും ആശയ വ്യക്തതക്ക്‌ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്‌. അത്തരം ചർച്ചകൾക്കൊടുവിലാണ്‌ ഇവർ രാജി പ്രഖ്യാപിച്ചിരിക്കുന്നത്‌. ഒരു പ്രസ്ഥാനവുനായി ഒരു നിലക്കും പൊരുത്തപ്പെട്ടു പോകാൻ സാധിക്കാതെ വന്നാൽ അതിൽ നിന്നും രാജിവെച്ചു പുറത്തുപോവുകയല്ലാതെ വേറെ മാർഗ്ഗമില്ല. 

രാജി വെക്കലും പുറത്തുപോകലും തിരിച്ചുവരലും വരാതിരിക്കലുമെല്ലാം എല്ലാ സംഘടനകളിലും സംഭവിക്കുന്ന സാധാരണ പ്രതിഭാസം മാത്രമാണ്‌. ജമാഅത്തിനെ സംബന്ധിച്ചിടത്തോളവും ഇത്‌ ആദ്യാനുഭവവുമല്ല. പ്രഗൽഭരും അഗ്രഗണ്യരുമായ പലരും ജമാഅത്ത്‌ ഘടനയിൽ നിന്നും പുറത്തുപോയിട്ടുണ്ട്‌. മൗലാനാ അമീൻ അഹ്‌സൻ ഇസ്‌ലാഹി, അബുൽ ഹസൻ അലി നദ്‌വി, വഹീദുദ്ദീൻ ഖാൻ തുടങ്ങിയ പ്രമുഖർ ജമാഅത്തിനോട്‌ നിലപാട് പരമായ വിയോജിപ്പ്‌ പ്രജടിപ്പിച്ച്‌ സംഘടനാ ബന്ധം ഉപേക്ഷിച്ചവരാണ്‌. പ്രസ്ഥാനത്തിനകത്ത്‌ വലിയ അളവിൽ സ്വാധീനമുണ്ടായിരുന്ന ഈ മഹത്‌ വ്യക്തിത്വങ്ങളുടെ രാജി ജമാഅത്തിന്‌ സംഘടനാ പരമായി ഒരു പരിക്കുമേൽപ്പിച്ചിട്ടില്ല. കേരളത്തിലും ചിലപ്പോൾ വ്യക്തികളും മറ്റുചിലപ്പോൾ കൂട്ടങ്ങളും പ്രസ്ഥാന നിലപാടുകളോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ച്‌ സംഘടനാ ബന്ധം വിഛേദിച്ചിട്ടുണ്ട്‌. ജമാഅത്ത്‌ യോജിക്കാനും വിയോജിക്കാനും അതിന്റെ വക്താക്കൾക്ക്‌ സ്വാതന്ത്ര്യം നൽകുന്നുണ്ട്‌. അത്‌ ഇസ്‌ലാമിന്റെ തന്നെ സവിശേഷതയുമാണ്‌. 

ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങൾക്കിടയിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അഭിപ്രായ സ്വാതന്ത്ര്യവും വിമർശിക്കാനും നിരൂപിക്കുവാനുമുള്ള അവകാശവും വേണ്ടെന്ന് തോന്നുമ്പോൾ ഇറങ്ങിപ്പോകാനുള്ള വിവേകാധികാരവും ജമാഅത്ത്‌ അതിന്റെ എല്ലാ തലങ്ങളിലും പ്രവർത്തിക്കുന്നവർക്ക്‌ വകവെച്ചു നൽകുന്നു. അങ്ങിനെ പിരിഞ്ഞുപോയവർക്ക്‌ വീണ്ടും തിരിച്ചുവരണമെന്ന് തോന്നിയാൽ യാതൊരു അസഹിഷ്ണുതയുമില്ലാതെ അവരെ സ്വീകരിക്കാനും ജമാഅത്ത്‌ മടികാണിക്കാറില്ല. 

ഇപ്പോൾ സംഭവിച്ച രാജി ജമാഅത്തിന്‌ സംഘടനാപരമായി ഒരു പരിക്കുമേൽപ്പിക്കുന്നില്ല. അതേസമയം രാജി ദൗർഭാഗ്യകരമാണെന്ന് ജമാഅത്ത്‌ മനസ്സിലാക്കുന്നു. അവരെ തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ ശ്രമങ്ങൾ ഇനിയും നടത്തുമെന്ന് ഉത്തരവാദപ്പെട്ടവർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്‌. എന്നാൽ സോഷ്യൽ മീഡിയകളിലും ചില ദൃശ്യ മാധ്യമങ്ങളിലും അതിയശയോക്തി കലർന്ന ചർച്ചകളാണ്‌ ഇതുസംബന്ധിച്ച്‌ നടന്നു കൊണ്ടിരിക്കുന്നത്‌. ജമാഅത്തെ ഇസ്‌ലാമി നെടുകെ പിളരാൻ പോകുന്നു, രാജി വെക്കുന്നവരുടെ എണ്ണം ഇനിയും പെരുകും, ജമാഅത്ത്‌ അപരിഹാര്യമായ അഭ്യന്തര ശൈഥില്യം നേരിട്ടുകൊണ്ടിരിക്കുകയാണ്‌, കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളിലും ജമാഅത്ത്‌ നേതൃത്വത്തിനെതിരെ കലാപമുയരുന്നു കൊണ്ടിരിക്കുന്നു തുടങ്ങിയ ഗമണ്ടൻ വാർത്തകളും അവലോകനകങ്ങളുമാണ്‌ പലരും നടത്തുന്നത്‌. കാള പെറ്റെന്ന് കേൾക്കുമ്പോഴേക്ക്‌ കയറെടുത്ത്‌ പിറകെപായുന്നവരും കിട്ടുന്ന കച്ചിത്തുരുമ്പിൽ പിടിച്ചുകയറാൻ നോമ്പുനോറ്റിരിക്കുന്നവരും തല്ലാനുള്ള വടിയുമന്യേഷിച്ച്‌ അലഞ്ഞഞ്ഞ്‌ ഉറക്കം നഷ്ടപ്പെട്ടവരുമെല്ലാമാണ്‌ ഇത്തരം പ്രചാരണങ്ങൾക്ക്‌ കോപ്പുകൂട്ടുന്നവർ. കുരക്കുന്നവർ കുരക്കട്ടെ. ഉറഞ്ഞുതുള്ളുന്നവർ ഉറഞ്ഞുതുള്ളട്ടെ. 

ജമാഅത്തെ ഇസ്‌ലാമി അതിന്റെ പ്രഖ്യാപിത ലക്ഷ്യനിർവ്വഹണ വഴിയിൽ മുന്നേറുക തന്നെ ചെയ്യും. തടസ്സങ്ങളും പ്രതിബന്ധങ്ങളും വകഞ്ഞുമാറ്റി, തിരുത്തേണ്ടത്‌ തിരുത്തി, അനീതിക്കും അധർമ്മത്തിനുമെതിരെ പെരുവിരലുയർത്തി, ധർമ്മേച്ചുക്കളെ കൂടെ നിർത്തി ഈ സംഘം മുന്നോട്ടുതന്നെ സഞ്ചരിക്കും. സർവ്വ ശക്തന്റെ സഹായവും അതിന്റെ പ്രവർത്തകരുടെ സംഘശക്തിയും നന്മേച്ചുക്കളുടെ അകമഴിഞ്ഞ പിന്തുണയുമാണ്‌ ഈ പ്രസ്ഥാനത്തിന്റെ ചാലകശക്തി.

ഈ സംഘം വിജയിക്കാനുള്ളതാണ്‌. വിജയിക്കേണ്ടതുമാണ്‌. കാരണം ഇതിന്‌ പകരം വെക്കാൻ മറ്റൊന്നും കാണുന്നില്ല എന്നത്‌ തന്നെ. നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ

അബ്ദുൽ ഹകീം നദ്‌വി

Share/Bookmark

No comments: