ജമാഅത്തിനെക്കുറിച്ചുള്ള "വര്‍ത്ത"മാനങ്ങള്‍
ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും സാനിധ്യമുള്ള ശക്തവും വ്യവസ്ഥാപിതവുമായി പ്രവർത്തിച്ചുവരുന്ന പ്രസ്ഥാനമാണ്. ജമാഅത്ത് ഒരേ സമയം വ്യക്തമായ ആദർശാടിത്തറയുള്ള ഐഡിയോളജിക്കൽ മൂവ്‌മെന്റും പ്രായോഗിക പരിജ്ഞാനമുള്ള സാമൂഹിക നവോഥാന പ്രസ്ഥാനവുമാണ്. അതത് കാലത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തി യുക്തിഭദ്രവും പ്രായോഗികവുമായ കർമ്മപദ്ധതികൾ ആവിഷ്കരിച്ചാണ് ജമാഅത്ത് പ്രവർത്തിച്ചുവരുന്നത്. എല്ലാ നാല് വർഷങ്ങളിലും നയപരിപാടികൾ പരിഷ്കരിച്ച് കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഒരു പിശുക്കും ജമാഅത്ത് കാണിക്കാറില്ല. ഈ നയവികാസങ്ങൾ പല സന്ദർഭങ്ങളിൽ സംഘടനക്കകത്തും പുറത്തും ഏറിയും കുറഞ്ഞും വിമർശിക്കപ്പെടുകയും നിരൂപണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്ഥാനം വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ഥ വേദികളിൽ നടത്തുന്ന കൂടിയാലോചനയുടെ ഫലമായി രൂപപ്പെടുന്ന നയവികാസങ്ങൾ ഉൾക്കൊള്ളുന്നവരും ഉൾക്കൊള്ളാത്തവരും മനസ്സിലാകുന്നവരും മനസ്സിലാകാത്തവരും പലപ്പോഴും ഉണ്ടായിട്ടുണ്ട്. അഥവാ ഒരു നവോഥാന പ്രസ്ഥാനത്തിൽ ഇതൊന്നും പുതുമയുള്ള കാര്യമല്ല.