വിചാരണ...
അബ്ദുല്‍ ഖാദര്‍ മുല്ല വരെ
Muhammed Shameem
ചരിത്രം ഒരു പാട് വിചാരണകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഔദ്യോഗികവും
വ്യവസ്ഥാനുരൂപവുമായ പലതുമെന്ന പോലെ ഇതും അധീശവര്‍ഗത്തിന്റെ
ഒരായുധവുമായിരുന്നു. വിചാരണകള്‍ക്കിടയില്‍ത്തന്നെ അതിശക്തവും മാനസികമായും
ബൗദ്ധികമായും സ്വാധീനിക്കുന്നതുമായ പ്രചാരണപ്രവര്‍ത്തനങ്ങളും അരങ്ങേറുന്നു.
പാരമ്പര്യം, ആചാരങ്ങള്‍, സംസ്‌കാരം തുടങ്ങിയവയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള
സ്വാധീനപ്പെടുത്തലുകള്‍ ആയിനത്തില്‍ ധാരാളമായി നമുക്കു കണ്ടെത്താന്‍
പറ്റുമെങ്കില്‍ പുതിയ കാലത്ത് ദേശസുരക്ഷ, ദേശീയത തുടങ്ങിയ ന്യായങ്ങളും
കാണം. ഇപ്പോള്‍ വിചാരണകളെയും ശിക്ഷകളേയും സംബന്ധിച്ചോര്‍ക്കുന്നത് നമ്മുടെ
അയല്‍ ദേശമായ ബംഗ്ലാദേശില്‍ സാത്വികനും ജ്ഞാനിയുമായ അബ്ദുല്‍ ഖാദര്‍ മുല്ല
എന്ന വന്ദ്യ വയോധികനെ അവിടുത്തെ സര്‍ക്കാര്‍ തിരക്കു പിടിച്ചു
തൂക്കിലേറ്റിയതിന്റെ പശ്ചാത്തലത്തില്‍ത്തന്നെയാണ്.
ഫ്രാന്‍സ്
കാഫ്കയുടെ The Trial എന്ന നോവല്‍ വിചാരണയുടെ കഥയാണ് പറയുന്നത്. ആധുനികതാ
വിമര്‍ശവും അസ്തിത്വവാദവുമായി ബന്ധപ്പെടുന്ന അസംബന്ധ സാഹിത്യത്തിന്റെ
(Absurdist Fiction) ഉത്തമമാതൃകയായി വിലയിരുത്തപ്പെടുന്ന കൃതിയാണ് വിചാരണ
(ദ ട്രയല്‍). ഒര്‍സന്‍ വെല്‍സ് ഈ നോവല്‍ ഇതേ പേരില്‍
സിനിമയാക്കിയിട്ടുണ്ട്. നോവലിലെ പ്രധാനകഥാപാത്രമായ ജോസഫ് കെ അറസ്റ്റു
ചെയ്യപ്പെടുകയാണ്. ഒരു unspecified ഏജന്‍സിയുടെ രണ്ട് unidentified
ഏജന്റുമാരാണ് കെയെ അറസ്റ്റു ചെയ്യുന്നത്. അതും unspecified ആയ ഒരു
കുറ്റത്തിന്റെ പേരില്‍. ജോസഫ് കെ പിന്നീട് നോവലില്‍ കെ എന്നു മാത്രമാണ്
വിളിക്കപ്പെടുന്നത്. (കാഫ്കയുടെ തന്നെ കോട്ട -The Castle- എന്ന മറ്റൊരു
നോവലിലും കെ എന്നു തന്നെയാണ് കേന്ദ്രകഥാപാത്രത്തിന്റെ പേര്. ലാന്റ്
സര്‍വേയര്‍ കെ. അത്യധികം നിഗൂഢവും ദുര്‍ഗമവുമായ കോട്ട കൊളോണിയല്‍ കാലത്തെ
അധീശത്വം നിര്‍മിക്കുന്ന ജീവിതം പോലിരിക്കുന്നു). കെ.യുടെ വിചാരണക്ക്
നേതൃത്വം നല്‍കുന്നത് അതിവിദൂരവും അഗമ്യവുമായ (inaccessible) ഒരു
അതോറിറ്റിയാണ്. നോവല്‍ അവസാനിക്കുമ്പോഴും കെ.യോ വായനക്കാരോ അറിയുന്നില്ല
എന്താണ് അദ്ദേഹം ചെയ്ത കുറ്റമെന്ന്.
സത്യത്തിലിതുപോലുള്ള
വിചാരണകള്‍ ചരിത്രത്തിലെമ്പാടും കാണാന്‍ പറ്റും. അബ്രഹാമിനെയും മോശയേയും
ആമോസിനെയും സ്‌നാപകയോഹന്നാനെയും യേശുവിനെയും വിചാരണ ചെയ്തതിന്റെ കഥകള്‍
വേദഗ്രന്ഥങ്ങളില്‍ കാണാം. സോക്രട്ടീസിനെപ്പോലുള്ള മഹാജ്ഞാനികളെ മുതല്‍
ഗലീലിയോയെപ്പോലുള്ള ശാസ്ത്രജ്ഞരെയും ജോന്‍ ഒഫ് ആര്‍ക്, ഭഗത് സിങ് തുടങ്ങിയ
പോരാളികളെയും വരെ നമുക്കാ നിരയില്‍ കണ്ടെത്താന്‍ പറ്റും. അധീശത്വത്തെ
വെല്ലുവിളിക്കാനും പാരമ്പര്യത്തെയും വ്യവസ്ഥിതിയെയും ചോദ്യം ചെയ്യാനും
യുവാക്കളെ പ്രാപ്തരാക്കിയതായിരുന്നു ഇവരെല്ലാം ചെയ്ത കുറ്റം.
ഫ്രാന്‍സിനെതിരായ അധിനിവേശശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പിലാണ് നാം
ജോന്‍ ഒഫ് ആര്‍ക്കിനെ ആദ്യം കണ്ടുമുട്ടുന്നത്. എന്നാല്‍ പിന്നീടവരെ വിചാരണ
ചെയ്തു ചുട്ടെരിക്കുന്നതിനു നേതൃത്വം നല്‍കിയത്, അധിനിവേശശക്തികള്‍ക്കൊപ്പം
ചേര്‍ന്നു കൊണ്ട് ഫ്രാന്‍സിലെ തന്നെ മതപൗരോഹിത്യം. മിസ്‌റിലെ
പ്രഭുവര്‍ഗത്തിനിടയില്‍ നിലനിന്നിരുന്ന ലൈംഗികാരാജകത്വവുമായി സന്ധി
ചെയ്യാനും അധാര്‍മികമായ ബന്ധങ്ങളില്‍ ആനന്ദം കണ്ടെത്താനും
തയ്യാറാവാത്തതിന്റെ പേരിലാണ് യൂസഫിനെ വിചാരണ ചെയ്തു ജയിലിലടച്ചതെന്ന്
വേദപുസ്തകം പറയുന്നു.
സ്ഥാപിതവും എന്നാല്‍ അമാനവികവുമായ
പ്രവണതകളെ ചോദ്യം ചെയ്യുകയാണ് മേല്‍ സൂചിപ്പിച്ച കലാപകാരികള്‍ ചെയ്തത്.
എന്നാല്‍ അവരുടെ ചോദ്യങ്ങളെ രാജ്യസുരക്ഷയും സംസ്‌കാര പാരമ്പര്യങ്ങളുടെ
നിലനില്‍പ്പുമായി ബന്ധപ്പെടുത്തി, രാജ്യദ്രോഹമായി മുദ്ര കുത്തുകയാണ്
ഭരണകൂടം ചെയ്യുന്നത്. രാജ്യം രൂപീകൃതമായി നാലു പതിറ്റാണ്ടോളം രാഷ്ട്രീയ
പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന, പാര്‍ലിമെന്റംഗങ്ങളും
മന്ത്രിമാരുമുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയെ
ദേശവിരുദ്ധരാക്കുന്നതില്‍ എത്ര പെട്ടെന്നാണ് ബംഗ്ലാദേശ് ഭരണകൂടം
വിജയിച്ചത്. ഫറോവയുടെ ചോദ്യം ചെയ്യലിനിടയില്‍ തന്റെ നിലപാട് ധീരമായുറക്കെ
പ്രഖ്യാപിച്ച മൂസായുടെ ശബ്ദം ജനക്കൂട്ടത്തില്‍ ചില അനുരണനങ്ങള്‍
സൃഷ്ടിച്ചതായി ഖുര്‍ആനില്‍ പറയുന്നുണ്ട് (സൂറ: ത്വാഹാ 62). ജനത്തിനിടയില്‍
അനുകൂലാഭിപ്രായങ്ങളുണ്ടായി. ഉടനെ ഭരണകൂടത്തിന്റെ പ്രഖ്യാപനം, നിശ്ചയമായും ഈ
രണ്ടുപേര്‍ (മൂസായും സഹോദരന്‍ ഹാറൂനും) കടുത്ത ആഭിചാരപ്രയോഗക്കാരാണ്.
അവര്‍ നിങ്ങളെ നിങ്ങളുടെ നാട്ടില്‍ അരക്ഷിതരാക്കാനും മഹിതവും
മാതൃകായോഗ്യവുമായ നിങ്ങളുടെ സംസ്‌കാരത്തില്‍ നിന്ന് നിങ്ങളെ വഴി
തെറ്റിക്കാനും ശ്രമിക്കുകയാണ്. ഏതന്‍സിലെ ജനാധിപത്യത്തെ തകര്‍ക്കാനും
സാംസ്‌കാരിക പൈതൃകത്തെ നിഷേധിക്കാനുമാണ് സോക്രട്ടീസ് ശ്രമിക്കുന്നതെന്ന്
അഥീനിയന്‍ ഭരണകൂടവും പൗരോഹിത്യവും ആരോപിച്ചു. നിരീശ്വരവാദിയെന്നു
മുദ്രകുത്തി. സോക്രട്ടീസിന്റെ പ്രതികരണം, താന്‍ പ്രമാണിമാരുടെ പ്രാമാണികതയെ
താങ്ങി നിര്‍ത്തുന്ന ദൈവങ്ങളെയാണ് നിഷേധിക്കുന്നതെന്നായിരുന്നു.
പ്രകൃതിയുടെ ആദിമകാരണമായ ദൈവത്തെ താന്‍ അംഗീകരിക്കുന്നുണ്ട്. തന്നില്‍
ആന്തരികമായി പ്രവര്‍ത്തിക്കുന്ന, ആ ദൈവത്തിന്റെ ശബ്ദവും തന്റെ
യുക്തിബോധവുമാണ് തന്റെ ജ്ഞാനത്തിന്റെ ആധാരങ്ങളെന്നദ്ദേഹം പ്രഖ്യാപിച്ചു.
നിരുപദ്രവികളായ ബിംബങ്ങളെ ഉടക്കുകയല്ല ഇബ്‌റാഹീം ചെയ്തത്. അധീശ വ്യവസ്ഥയെ
താങ്ങി നിര്‍ത്തുന്ന, അനൈതികതയുടെ ദൈവങ്ങളെ തകര്‍ക്കുകയായിരുന്നദ്ദേഹം.
തുടര്‍ന്നു നടന്ന വിചാരണയിലും ജനങ്ങള്‍ക്കു ചിലതെല്ലാം ബോധ്യപ്പെട്ടതായി
ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട് (അല്‍ അംബിയാ 61). അധികാരികള്‍ക്ക്
ഈ'യപകടം' ബോധ്യപ്പെട്ടപ്പോഴേക്കും ഉടന്‍ വിധി പ്രസ്താവമുണ്ടായെന്ന്
തുടര്‍ന്നു കാണാം. രായ്ക്കു രാമാനമാണ് നമ്മുടെ കാലത്തും ചില വിധികള്‍
നടപ്പിലാക്കപ്പെടുന്നത്. പുനഃപരിശോധനാ ഹരജി തള്ളിയ ഉടനെയാണല്ലോ, അന്നു
രാത്രി തന്നെ അബ്ദുല്‍ ഖാതര്‍ മുല്ലയെ തൂക്കിലേറ്റിയത്.
രാഷ്ട്രീയവും സാമൂഹികവുമായ നിലപാടുകളുടെ പേരില്‍ ഗൂഢമായ വിചാരണയ്ക്കു
വിധേയമാക്കപ്പെടുന്നവരുടെ വ്യക്തിത്വത്തിലും ധാര്‍മികതയിലും
സംശയങ്ങളുളവാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കാറുണ്ട്. പാകിസ്ഥാന്‍
പട്ടാളത്തെ കൊലയിലും ബലാല്‍സംഗത്തിലും സഹായിച്ചു എന്ന, ജമാഅത്തിനു മേലുള്ള
ആരോപണം അക്കൂട്ടത്തില്‍പ്പെടുത്താവുന്ന താണ്.
പാകിസ്ഥാന്‍ വിഭജനവുമായി ബന്ധപ്പെട്ട് അന്നത്തെ പാകിസ്ഥാന്‍ ജമാഅത്തെ
ഇസ്ലാമിക്ക് ഒരു നിലപാടുണ്ടായിരുന്നു. അത് ശരിയായ നിലപാടായിരുന്നില്ലെന്നു
വേണമെങ്കില്‍ വാദിക്കാം. ഒരു ദേശത്തിലെയും കാലത്തിലെയും ശരി ആ ദേശത്തിലെയും
കാലത്തിലെയും മാത്രം ശരിയാവാം ചിലപ്പോള്‍. എന്നാല്‍ പട്ടാളത്തിന്റെ
അതിക്രമങ്ങള്‍ക്കു കൂട്ടുനിന്ന ഒരു സംഘടന ഇത്രയും കാലം കുറവല്ലാത്ത
ജനപിന്തുണയോടെ രാജ്യത്ത് പ്രവര്‍ത്തിച്ചതെങ്ങനെയാണ്? ഒരു തെളിവുമില്ലാത്ത
ഇത്തരം ആരോപണങ്ങള്‍ (വിചാരണ ചെയ്യപ്പെടുന്ന നേതാക്കളില്‍ച്ചിലരെങ്കിലും
യുദ്ധം നടക്കുന്ന സമയത്ത് ജമാഅത്തിലില്ലാത്തവരാണ്, മറ്റു ചിലര്‍ അക്കാലത്ത്
നന്നേ ചെറുപ്പവുമാണ്) മുകളില്‍പ്പറഞ്ഞ തത്വത്തെ സാധൂകരിക്കുന്നതാണ്.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സോക്രട്ടീസിനെ അഥീനിയന്‍ ഭരണകൂടം ജയിലില്‍
കൊലപാതകികളോടൊപ്പമാണ് പാര്‍പ്പിച്ചത്. യൂസഫിനൊപ്പം ജയിലില്‍
പ്രവേശിപ്പിക്കപ്പെട്ടത് രണ്ട് കുറ്റവാളികള്‍ തന്നെയായിരുന്നുവെന്ന്
വേദപരാമര്‍ശത്തില്‍ നിന്നും മനസ്സിലാകുന്നു. യേശുവിനെ രണ്ട്
കള്ളന്മാര്‍ക്കൊപ്പം, അവര്‍ക്കു നടുവില്‍ ക്രൂശിലേറ്റാന്‍ തീരുമാനിച്ചതും
ഇപ്പറഞ്ഞ വ്യക്തിത്വഹത്യാശ്രമങ്ങളുടെ ഭാഗമായിക്കാണാം.
ഒപ്പമുണ്ടായിരുന്ന കൊലയാളി സോക്രട്ടീസിനോടു ചോദിച്ചത്രേ, അങ്ങാരെയാണ്
കൊന്നതെന്ന്. അദ്ദേഹം പറഞ്ഞു, ഞാന്‍ ഏഥന്‍സിലെ ദൈവങ്ങളെയാണ് കൊന്നത്.
പ്രമാണിമാരുടെ ദൈവങ്ങളെ. ദൈവങ്ങളെയും ദിവ്യത്വങ്ങളെയും നിരാകരിക്കുകയും
പരിവേഷങ്ങളെ തകര്‍ക്കുകയും ചെയ്യുമ്പോഴാണ് പുതിയ കാലത്തും
വിചാരണകളരങ്ങേറുന്നത്.
അവിഭക്തഭാരതത്തില്‍ പ്രവര്‍ത്തിച്ചിരുന്ന
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി രാജ്യവിഭജനത്തെ ശക്തിയായെതിര്‍ത്തിരുന്നു.
വിഭജനത്തെ ഇരട്ടവിഡ്ഢിത്തമെന്ന് മൗലാനാ മൗദൂദി വിശേഷിപ്പിച്ചു. രണ്ട്
രാജ്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ പില്‍ക്കാലത്തനുഭവിക്കേണ്ടി വന്നേക്കാവുന്ന
പീഡകളെ ഇതിന്റെ കാരണങ്ങളിലൊന്നായദ്ദേഹം എടുത്തു പറയുകയും ചെയ്തു. കേവല
ദേശീയതയെ ആധാരമാക്കിയുള്ളതായിരുന്നില്ല വിഭജനത്തിനെതിരായ ജമാഅത്തിന്റെ
നിലപാട്. എന്തായാലും ശരിയോ തെറ്റോ ആയി നമുക്ക് വിലയിരുത്താവുന്ന രാഷ്ട്രീയ
നിലപാടുകളുടെ ആധാരത്തില്‍ ബ്ംഗ്ലാദേശ് വിഭജനകാലത്തെ പാക് ജമാഅത്തും അതിനെ
എതിര്‍ത്തു. സത്യത്തില്‍ കൊളോണിയല്‍ ആധുനികത നിര്‍മിച്ചിട്ടുള്ള വിശുദ്ധ
തത്വങ്ങളില്‍ പ്രധാനപ്പെട്ടതാണ് ദേശ രാഷ്ട്ര സങ്കല്പമെന്നിരിക്കേ, ദേശ
വിഭജനത്തിനെതിരായ രാഷ്ട്രീയ നിലപാടിനെ എങ്ങനെയാണ് അന്നത്തെ സെക്കുലര്‍
ആധുനികത വിമര്‍ശിച്ചതെന്നറിയില്ല. എന്തായാലും ജമാഅത്തിന്റെ ആ നിലപാട്
തീര്‍ത്തും ശരിയായിരുന്നുവെന്ന വാദമൊന്നും ഇതെഴുതുന്നയാള്‍ക്കില്ല.
നിലപാടുകളിലെ ശരിതെറ്റുകളുടെ ആപോക്ഷികതയെപ്പറ്റി ഈ കുറിപ്പില്‍ മുകളില്‍
സൂചിപ്പിച്ചിട്ടുണ്ടു താനും. എന്നാല്‍ രാഷ്ട്ര വിഭജനത്തിനു ശേഷം
പതിറ്റാണ്ടുകള്‍ കഴിഞ്ഞ്, അതു വരെയുള്ള രാഷ്ട്ര പുനര്‍നിര്‍മാണ
യത്‌നങ്ങളിലെല്ലാം സജീവ പങ്കാളിത്തം വഹിച്ചിരുന്ന ഒരു പ്രസ്ഥാനത്തെ
യുദ്ധക്കുറ്റങ്ങളാരോപിച്ച് വിചാരണ നടത്തുന്നത് ദുരൂഹമാണ്.
യാതൊരന്തര്‍ദ്ദേശീയ മര്യാദകളും പാലിക്കാതെ, നിയമവിരുദ്ധമായ ഒരു
ട്രൈബ്യൂണലിനു കീഴിലാണ് വിചാരണയെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട് പലരും.
കാഫ്കയുടെ നോവലില്‍ വിചാരണ നടത്തുന്ന അതോറിറ്റിയെപ്പറ്റി പറഞ്ഞതും ഇതു
തന്നെയാണല്ലോ.
തങ്ങളുടെ അധികാരപ്രാപ്തിക്കനുഗുണമായ മാനസികാവസ്ഥ
സൃഷ്ടിക്കുന്നതിനു വേണ്ടി നിര്‍മ്മിച്ചെടുക്കുന്ന വിചാരണകളില്‍
ഹനിക്കപ്പെടുന്ന ഇരകളുടെ മനുഷ്യാവകാശങ്ങളെപ്പറ്റി ഏകാധിപത്യമനസ്സുള്ള
അധികാരികള്‍ ചിന്തിക്കാറേയില്ല. അഫ്‌സല്‍ ഗുരു മുതല്‍ പേരറിവാളന്‍
വരെയുള്ളവരുടെ ചരിത്രം നമുക്കു മുന്നിലുണ്ടല്ലോ. സ്വദേശ് ദീപക്കിന്റെ
വിഖ്യാത ഹിന്ദി നാടകം കോര്‍ട് മാര്‍ഷല്‍ ഇത്തരത്തിലുള്ള വിചാരണകളുടെ കഥ
പറയുന്നു. (ഈ നാടകത്തിന്റെ കോപ്പിയാണ് സൂര്യാ കൃഷ്ണമൂര്‍ത്തി സ്‌ക്രിപ്റ്റ്
ചെയ്ത് മാധവ് രാംദാസ് നിര്‍മിച്ച, മേല്‍വിലാസം എന്ന സിനിമ). ജാതീയതയുടെയും
അധികാരതാല്പര്യങ്ങളുടെയും ഇരകള്‍.
ഇരകളെ സൃഷ്ടിക്കുന്ന,
ദേശത്തെയും ദേശീയതയെയും കുറിച്ച വ്യാജസങ്കല്പങ്ങളിലധിഷ്ഠിതമായ,
എതിര്‍ക്കുന്നവരെ നിശ്ശബ്ദരാക്കുന്ന എല്ലാ വിചാരണകളെയും
വിധിപ്രസ്താവങ്ങളെയും തിരിച്ചറിയേണ്ടതാണ്. എല്ലാവര്‍ക്കും വേണ്ടി എല്ലാവരും
ശബ്ദിക്കുകയും.
മൗലാനാ അബ്ദുല്‍ ഖാദര്‍ മുല്ലയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
വിചാരണ... അബ്ദുല്‍ ഖാദര്‍ മുല്ല വരെ
No comments:
Post a Comment