scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Aug 27, 2013

പശ്ചിമേഷ്യ കത്തുന്നു ദിശയറിയാതെ അറബ് ലോകം

പശ്ചിമേഷ്യ കത്തുന്നു

ദിശയറിയാതെ അറബ് ലോകം

 
അത്യപൂര്‍വവും അതീവ ഗുരുതരവുമായ പ്രതിസന്ധി നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് പശ്ചിമേഷ്യ കടന്നുപോകുന്നത്. പ്രശ്‌ന പരിഹാരത്തിന് ഒന്നിച്ച് നിന്ന് പോരാടേണ്ടുന്ന 'ഫലസ്തീന്‍' വിഷയത്തെ അവഗണിച്ച് തമ്മിലടിക്കുകയാണ് അറബ് ലോകം! സിറിയയില്‍ രാസായുധ പ്രയോഗത്തിലൂടെ നൂറുക്കണക്കിന് സ്ത്രീകളും പിഞ്ചോമനകളും ക്രൂരമായി വധിക്കപ്പെട്ട, നടുക്കുന്ന വാര്‍ത്തകള്‍ക്കിടയിലും സ്വജനതയെ കൊന്നൊടുക്കി ഭീകരതക്ക് പുതിയ മാനം തേടുകയാണ് ഈജിപ്തിലെ സൈനികര്‍. ലബനാനില്‍ സ്‌ഫോടനം, ഇറാഖില്‍ വെടിയൊച്ചയും ബോംബ് സ്‌ഫോടനവും കേള്‍ക്കാത്ത ദിവസങ്ങള്‍ വിരളവും!! ബാഹ്യശക്തികളുടെ ചരട് വലിയില്‍ പാവകളായി. അങ്കംവെട്ടുന്ന അറബ് ലോകത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ ബാധ്യസ്ഥരായ അറബ്‌ലീഗും ബന്ദനസ്ഥര്‍ .




ഈജിപ്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ ഭരിക്കാന്‍ അനുവദിക്കാതെ സൈനിക അട്ടിമറിയിലൂടെ അധികാരം കവര്‍ന്നവരുടെ ലക്ഷ്യം, ഹുസ്‌നി മുബാറക്കിനെ ജയിലില്‍നിന്ന് പുറത്തെത്തിച്ചതോടെ മറനീക്കിക്കഴിഞ്ഞു. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയെ ജയിലില്‍ അടച്ച സൈനിക ഭരണകൂടം, യജമാനനായ ഏകാധിപതി ഹുസ്‌നി മുബാറക്കിനെ മോചിപ്പിച്ചു. മുഹമ്മദ് മുര്‍സിയുടെ ഭരണം ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന സന്ദര്‍ഭം നോക്കി സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭത്തിന്നിറങ്ങിയ പ്രതിപക്ഷം ഒന്നര മാസം പിന്നിടുന്ന സൈനികഭരണകൂടത്തിന്റെ നീക്കം കണ്ട് അന്ധാളിച്ച് കഴിയുന്നു.



മുര്‍സിയെ പുറത്താക്കാന്‍ ഒത്താശ ചെയ്ത് കൊടുത്തവര്‍, അബദ്ധം തിരിച്ചറിയുമ്പോഴേക്കും സൈനിക നേതൃത്വം അധികാരത്തില്‍ പിടിമുറുക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ രണ്ട് ശതമാനം പോലും വോട്ട് ലഭിക്കാത്ത പാര്‍ട്ടിയാണ് മുഹമ്മദ് അല്‍ബറാദി നേതൃത്വം നല്‍കിയ ഇടതു മതേതര മുന്നണിയായി അറിയപ്പെടുന്ന നാഷണല്‍ സാല്‍വേഷന്‍ ഫ്രന്റ്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ ലോക പ്രശസ്തനായ അല്‍ബറാദി മുര്‍സി വിരുദ്ധ പ്രക്ഷോഭത്തിന്റെ നേതാവാണ്. അട്ടിമറിയെ തുടര്‍ന്ന് സൈനികഭരണകൂടം വൈസ് പ്രസിഡണ്ട് ആയി ബറാദിയെ നിയോഗിച്ചു. ജനങ്ങള്‍ക്ക് നേരെ സൈനികാതിക്രമണം ഭീകരമായപ്പോള്‍ ''ഈ രക്തത്തില്‍ തനിക്ക് പങ്കില്ലെ''ന്ന് പ്രഖ്യാപിച്ച് വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് രാജ്യം വിട്ടിരിക്കുകയാണ് ബറാദി.



എന്നാല്‍ വഞ്ചനാ കുറ്റം ചുമത്തി ബറാദിയെ വിചാരണ ചെയ്യാനാണ് സൈനികഭരണകൂടത്തിന്റെ നിലപാട്. ഒന്നര മാസത്തിനുള്ളില്‍ സൈനികാതിക്രമണത്തില്‍ രക്തസാക്ഷികളായത് മൂവായിരം സാധാരണക്കാര്‍. 'റാബിഅ അദവിയ' ചത്വരത്തിലെ കൂട്ട കുരുതിയില്‍ ആയിരത്തോളം നിരായുധര്‍ കൊലപ്പെട്ടപ്പോള്‍, ബ്രദര്‍ഹുഡ് വിരുദ്ധരും സര്‍ക്കാര്‍ അനുകൂലികളുമായ സലഫിസ്റ്റ് അന്നൂര്‍ പാര്‍ട്ടിക്കാരും മറ്റും എതിരായി രംഗത്ത് വന്നു. ബ്രദര്‍ഹുഡിന്റെയും രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റീസ് പാര്‍ട്ടിയുടെയും പ്രമുഖര്‍ ഉള്‍പ്പെടെ അറസ്റ്റിലാണെങ്കിലും ജനരോഷം കെട്ടടങ്ങുന്നില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രധാന കവലകളില്‍ സൈനികരെ വിന്യസിച്ചിട്ടും ഈജിപ്ത് കലാപകലുഷിതം തന്നെ. പൂര്‍ണ്ണ അഭ്യന്തര കുഴപ്പത്തിലേക്കാണ് ഈജിപ്ത് നീങ്ങുന്നത്.
രാഷ്ട്രാന്തരീയ തലത്തില്‍ സൈനിക ഭരണകൂടത്തിന് എതിരെ ലോകരാഷ്ട്രങ്ങള്‍ നിലപാട് സ്വീകരിക്കുമ്പോള്‍ ഭരണകൂടത്തിന് പിന്തുണ സഊദി, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മാത്രം. അമേരിക്കയും യൂറോപ്പും സൈനിക ഭരണകൂടവുമായി അകലം പാലിക്കാനാണ് ശ്രമിച്ചുകാണുന്നത്. അമേരിക്കയുടെ സമീപനം കാപട്യം നിറഞ്ഞതാണെന്ന് രാഷ്ട്രാന്തരീയ സമൂഹം വിലയിരുത്തുന്നു. മുര്‍സിയെയും ബ്രദര്‍ഹുഡിനെയും അവര്‍ അംഗീകരിക്കുന്നില്ല. ജനാധിപത്യാടിസ്ഥാനത്തില്‍ അറബ് നാടുകളില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു കക്ഷിയെയും അവര്‍ ഭരിക്കാന്‍ അനുവദിച്ച ചരിത്രവുമില്ല.



അല്‍ജീരിയയില്‍ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം നേടിയിരുന്ന സാല്‍വേഷന്‍ ഫ്രന്റിന് അധികാരം ഏല്‍പ്പിക്കാന്‍ സമ്മതിക്കാതെ അമേരിക്കയും ഫ്രാന്‍സും സൈനിക നേതൃത്വത്തിന് പിന്തുണ നല്‍കിയതാണ് ചരിത്രം. ഫലസ്തീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ (ഗാസയിലും വെസ്റ്റ്ബാങ്കിലും) അട്ടിമറി വിജയം നേടിയ ഹമാസിനെ ശ്വാസം മുട്ടിച്ച്, പരാജിതരായ ഫത്താ പാര്‍ട്ടിക്കാരനായ പ്രസിഡണ്ട് മഹ്മൂദ് അബാസിന് അധികാരം കയ്യടക്കാന്‍ കരുനീക്കിയത് അമേരിക്കയും ഇസ്രാഈലും! പശ്ചിമേഷ്യയിലെ ഏറ്റവും തന്ത്രപ്രധാന രാജ്യമായ ഈജിപ്ത് കൈവിട്ട് പോകുമെന്ന് പാശ്ചാത്യ നാടുകള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല. അറബ് വസന്തത്തെ തുടര്‍ന്ന് മുപ്പത് വര്‍ഷത്തെ ഹുസ്‌നി മുബാറക്ക് ഭരണകൂടം കടപുഴകി വീണപ്പോള്‍, പിടിച്ച് നിര്‍ത്താന്‍ പരമാവധി നോക്കി. അവസാനം തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മുര്‍സിയെ പരാജയപ്പെടുത്താന്‍ പതിനെട്ടടവും പയറ്റിനോക്കി. കഴിയാതെ വന്നപ്പോഴാണ് നിലപാടില്‍ അയവ് വരുത്തിയത്.



ഭരണ പരിചയമോ ലോക രാഷ്ട്രീയത്തിലെ ചതിക്കുഴികളോ അറിയാതെ, ആദര്‍ശ ധീരതയിന്മേല്‍ അധരവ്യായാമം നടത്തിവന്ന ബ്രദര്‍ഹുഡ്, അധികാരം കയ്യിലെത്തിയ ഒരു ഘട്ടത്തില്‍ അമേരിക്കയുമായി രഹസ്യധാരണയിലെത്തിയെന്നായിരുന്നു വിലയിരുത്തല്‍. ബ്രദര്‍ഹുഡ് പ്രഖ്യാപിതനയങ്ങളില്‍ നിന്ന് പിറകോട്ട് പോയി. ക്യാമ്പ് ഡേവിഡ് കരാറില്‍ നിന്ന് പിന്‍മാറില്ലെന്ന് പോലും ബ്രദര്‍ഹുഡ് വ്യക്തമാക്കി. അതേസമയം അവസരം കാത്തിരുന്ന പാശ്ചാത്യ ശക്തികള്‍, ഈജിപ്തിലെ മുര്‍സി വിരുദ്ധര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ ഒഴുക്കി. 'അല്‍ജസീറ' രേഖകള്‍ പുറത്തുവിട്ടു. അമേരിക്കയുടെയും ഇസ്രാഈലിന്റെയും ഇഷ്ടപുത്രനായ ഉമര്‍ അറഫീഫി സുലൈമാന്‍ മുതല്‍ അല്‍ ബറാദിക്ക് വരെ, ഈജിപ്തില്‍ ''ജനാധിപത്യം ശക്തിപ്പെടുത്താന്‍'' അമേരിക്കന്‍ ഡോളര്‍ കയ്യിലെത്തി.



അധികാരത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ ബ്രദര്‍ഹുഡ് പ്രായോഗിക നടപടികളൊന്നും സ്വീകരിച്ചില്ലെന്നത് വലിയ അബദ്ധമായി. ഇപ്പോഴത്തെ താല്‍ക്കാലിക പ്രസിഡണ്ട് ജസ്റ്റീസ് മഹമൂദ് മന്‍സൂറിനെ ഭരണഘടനാ കോടതി തലവനാക്കിയത് ഇക്കഴിഞ്ഞ ജൂലായ് മാസമാണ്. സൈനികമേധാവി അബ്ദുല്‍ ഫത്ത അല്‍സിസി അറിയപ്പെടുന്ന മുബാറക്ക് പക്ഷപാതിയാണെന്ന് അറിയാമായിരുന്നിട്ടും മുര്‍സി ഭരണകൂടം സ്ഥാനത്ത് നിന്ന് നീക്കാന്‍ തയാറാകാതെ പോയതാണ്, അട്ടിമറിക്ക് സൗകര്യമൊരുക്കിയത്.



ഈജിപ്തില്‍ ഇസ്‌ലാമിസ്റ്റ് കക്ഷി അധികാരത്തില്‍ വന്നതില്‍ വളരെയേറെ അസ്വസ്ഥരായത് ഇസ്രാഈല്‍ നേതൃത്വമാണ്. ഇസ്രാഈലിന് എതിരായ നീക്കത്തില്‍ നിന്ന് ഈജിപ്തിനെ പിന്തിരിപ്പിക്കാന്‍ അമേരിക്കയുടെ ഒത്താശയോടെ ഒപ്പ് വെച്ച ക്യാമ്പ് ഡേവിഡ് കരാര്‍ സഹായകമായതാണ്. ഈജിപ്ത് ഇസ്രാഈലിനെ അംഗീകരിച്ചതിന് പിന്നാലെ അമേരിക്കന്‍ ഭക്തനായ അബ്ദുല്ല രാജാവിന്റെ ജോര്‍ദ്ദാനും തയ്യാറായി. ഈജിപ്തിലെ ഭരണമാറ്റം ഇസ്രാഈലിന്റെ ഉറക്കം കെടുത്തുക സ്വാഭാവികം.



അമേരിക്കയുടെയും ഇസ്രാഈലിന്റെയും താല്‍പര്യത്തിന് എതിരെ ഹുസ്‌നി മുബാറക്ക് ചെറുവിരല്‍ അനക്കിയില്ല. അദ്ദേഹത്തിന്റെ മുന്‍ഗാമി അന്‍വര്‍സാദാത്ത് ആണ് അമേരിക്കയിലെ ക്യാമ്പ് ഡേവിഡില്‍ പോയി കരാറില്‍ ഒപ്പ് വെച്ചിരുന്നത്. 1954-ല്‍ ജമാല്‍ അബ്ദുനാസറിന്റെ കാലം മുതല്‍ ഏകാധിപതികളെ സഹിച്ചുവന്ന ഈജിപ്ഷ്യന്‍ ജനത ഒരിക്കല്‍ കൂടി സൈനിക ഭരണത്തിന്റെ പിടിയിലായി. മുബാറക്കിന്റെ അനുയായികള്‍ തികച്ചും ആഹ്ലാദത്തിലാണ്. ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെട്ടു. മുബാറക്ക് ഭരണത്തില്‍ ഇല്ലെങ്കിലും 'മുബാറക്കുമാര്‍' അധികാരം കയ്യാളുമ്പോള്‍ അവര്‍ എന്തിന് ആഹ്ലാദിക്കാതിരിക്കണം?! മുര്‍സി ഭരണത്തെ അട്ടിമറിക്കാന്‍ അമേരിക്കയെ പോലെ ചരട് വലിച്ച ഇസ്രാഈലി നേതൃത്വത്തിനും ആശ്വാസം. സൈനിക അട്ടിമറിക്ക് പിന്നില്‍ ഇസ്രാഈല്‍ ആണെന്ന് തുറന്നടിച്ച തുര്‍ക്കി പ്രധാനമന്ത്രി തയ്യബ് റജബ് ഉറുദുഗാന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ ഈജിപ്തും ഇസ്രാഈലും തയ്യാറാകാത്തത് അര്‍ത്ഥഗര്‍ഭമാണ്.



സിറിയയില്‍ അത്യന്തം ഭീകരമാണ് ചിത്രം. രാസായുധം പ്രയോഗിച്ചുവെന്ന് പ്രസിഡണ്ട് ബശാറുല്‍ അസദും പ്രതിപക്ഷവും സമ്മതിക്കുന്നു. യു.എന്‍. രക്ഷാസമിതി പതിവ്‌പോലെ അപലപിച്ചു. ആരാണ് ഉത്തരവാദികള്‍? അസദിന്റെ സൈന്യമാണെന്ന് പ്രതിപക്ഷവും അവരെ പിന്താങ്ങുന്ന അറബ് ലീഗും പാശ്ചാത്യനാടുകളും ആരോപിക്കുമ്പോള്‍, വിമത സൈന്യമാണെന്ന് റഷ്യയും ചൈനയും ഇറാനും തിരിച്ചടിക്കുന്നു. ഇത്രയും ക്രൂരതക്ക് 'അപലപിക്കല്‍' തന്നെ ധാരാളം എന്ന നിലയിലാണ് യു.എന്‍. രക്ഷാസമിതി! സിറിയക്ക് എതിരെ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നുവെന്ന സന്ദേശവുമായി നാവികപ്പട സിറിയന്‍ തീരത്തേക്ക് നീങ്ങുകയാണത്രെ. സൈനിക ഇടപെടല്‍ നടത്തുന്നതിന് എതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് ഇറാന്‍. സിറിയയിലെ ന്യൂനപക്ഷ ശിയാ ഭരണകൂടത്തെ താഴെയിറക്കാന്‍ അറബ് ലീഗും വിമത വിഭാഗത്തോടൊപ്പമാണ്. സിറിയയില്‍ ശിയാ ഭരണകൂടത്തിന് എതിരെ രംഗത്തുള്ള അറബ് ലീഗ് ഈജിപ്തിലെത്തുമ്പോള്‍, കളംമാറി ചവിട്ടുന്ന വിചിത്രമായ നിലപാടിലാണ്. സുന്നി വിഭാഗത്തിലെ തന്നെ മുര്‍സിയെ പുറത്താക്കാന്‍ അറബ്‌ലീഗിനും തിടുക്കമായിരുന്നു. എല്ലാം യജമാനതൃപ്തി കാംക്ഷിച്ച് തന്നെ!
 

Share/Bookmark

No comments: