ഇ.വി. അബ്ദു
മനുഷ്യനായ പ്രവാചകനാണ് മുഹമ്മദ് നബി. ദൈവത്തിന്റെ അടിമയായ ദൈവദൂതന്‍ . തനി മനുഷ്യനെന്ന നിലയില്‍ ആ വ്യക്തിത്വത്തെ പഠിക്കുമ്പോള്‍ നാം കാണുന്നത് പരിപൂര്‍ണത പ്രാപിച്ച ഒരു മനുഷ്യനെയാണ്. ഈ മാനവികമായ പൂര്‍ണതയോടു മാത്രമേ ചേരുകയുള്ളൂ പ്രവാചകത്വം എന്ന ദിവ്യദാനം. ഇതാണു ഖുര്‍ആന്‍ പറയുന്നത്:
'തന്റെ സന്ദേശം എവിടെ വെക്കണമെന്ന് അല്ലാഹുവിനറിയാം'. വിണ്ണിലെ നക്ഷത്രത്തിന്റെ പ്രകാശവും മണ്ണിലെ നറുമണമുള്ള പൂവിന്റെ ലാവണ്യവും ഒത്തുചേരുമ്പോള്‍ ഒരു യുഗപ്പിറവി നടക്കുന്നു; യുഗങ്ങളുടെ മാതൃകയായ ഒരു യുഗം, എക്കാലത്തെയും മനുഷ്യ കാമന പൂവണിയുന്ന വസന്തം!
പ്രവാചകത്വം എന്ന പദവി മുഹമ്മദ് എന്ന മനുഷ്യനെ മനുഷ്യരായ നമ്മില്‍ നിന്നകറ്റി ആകാശത്ത് നിര്‍ത്തുന്നതല്ല. മനുഷ്യരോട് എറ്റവുമധികം സംവദിക്കാന്‍ ഒരു മനുഷ്യനെ അല്ലാഹു തെരഞ്ഞെടുക്കുകയാണ്. മാനവികതയുടെ ദിവ്യമതത്തെ ഭൂമിയില്‍ വേരുറപ്പിക്കാനുള്ള ഉത്തരവാദിത്വമാണ് പ്രവാചകനിയോഗം. മനുഷ്യഹൃദയത്തിലൂടെയല്ലാതെ അല്ലാഹുവിലേക്ക് വഴിയില്ല ആര്‍ക്കും.
ആ മനുഷ്യഹൃദയം ഉറങ്ങിയില്ല