ആരാധനകളുടെയും ആഘോഷങ്ങളുടെയും ആത്മാവു തേടുമ്പോള്‍
പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍
ഇമാം അബ്ദുല്ലാഹിബ്‌നു മുബാറക്, പ്രവാചകന്റെ പിന്‍തലമുറയിലെ പുകള്‍പെറ്റ വിജ്ഞനായിരുന്നു. പണ്ഡിതന്‍, വാഗ്മി, പോരാളി, പ്രബോധകന്‍, ദൈവഭക്തന്‍, ജനസേവകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഇമാം, ഇടവിട്ട വര്‍ഷങ്ങളില്‍ ഹജ്ജിനും ജിഹാദിനും പുറപ്പെടുക പതിവായിരുന്നു. പതിവുപോലെ ഒരിക്കല്‍ അനുയായികളോടൊപ്പം ഹജ്ജിനായി പുറപ്പെട്ടു. യാത്രാ മധ്യേ ഒരു ഗ്രാമത്തില്‍ തമ്പടിച്ചു. അനുയായികളില്‍ ചിലര്‍ ഗ്രാമത്തില്‍ ചുറ്റിനടക്കവെ വിചിത്രമായ ഒരു കാഴ്ച കണ്ടു. ഒരു ഗ്രാമീണ യുവതി വഴിയരികില്‍ കിടന്ന ചത്ത പക്ഷിയെ എടുത്ത് വീട്ടിലേക്ക് പോകുന്നു. അതുകണ്ട് ജിജ്ഞാസയോടെ അവര്‍ ആ സ്ത്രീയുടെ പിന്നാലെ കൂടി. എന്തിനാണ് ചത്ത പക്ഷിയെ എടുത്തു കൊണ്ടുപോകുന്നതെന്നാരാഞ്ഞു. ആ സ്ത്രീ അല്‍പം മടിച്ചു. പിന്നെ കാര്യം വെളിപ്പെടുത്തി. 'പറക്കമുറ്റാത്ത എന്റെ കുഞ്ഞുങ്ങള്‍ അനേക ദിവസമായി പട്ടിണിയിലാണ്. ആഹാരത്തിന് ഒരു വഴിയുമില്ല. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ കുഞ്ഞുങ്ങളുടെ കരഞ്ഞുതളര്‍ന്ന മുഖം കാണാനാവാത്തതുകൊണ്ട് ഇതെങ്കിലും വേവിച്ചുകൊടുക്കാമെന്ന് കരുതി.' ഇത് കേട്ട് തിരിച്ചുപോയ ഇമാമിന്റെ അനുയായികള്‍ സംഭവം അദ്ദേഹത്തോട് പറഞ്ഞു. ഉടനെ അദ്ദേഹം അനുയായികളെ മുഴുവന്‍ ഒരുമിച്ചുകൂട്ടി.
ഗ്രാമത്തിലെ വീടുകള്‍ തോറും കയറിയിറങ്ങി അവരുടെ ജീവിതാവസ്ഥകള്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. അനുയായികള്‍ തിരിച്ചുവന്ന് പറഞ്ഞു: ഗ്രാമത്തിലെ ഏതാണ്ട് എല്ലാ വീടുകളും പട്ടിണിയിലാണ്. കടുത്ത ക്ഷാമം മൂലം അനേകം ദിവസങ്ങളായി പലരും ഭക്ഷണം കഴിച്ചിട്ടില്ല. ഇമാമിന്റെ മുഖം വിവര്‍ണമായി. കവിളിലൂടെ കണ്ണീര്‍ ചാലിട്ടൊഴുകി. ഉടനെ അനുയായികളോട് അവര്‍ കരുതിവെച്ച ഭക്ഷ്യവിഭവങ്ങള്‍ മുഴുവന്‍ കൊണ്ടുവരാന്‍ പറഞ്ഞു. ശേഷം അവരെ സംബോധന ചെയ്തു: ''സഹോദരന്മാരേ, അല്ലാഹുവിന് ഇഷ്ടപ്പെട്ട പുണ്യകര്‍മമെന്ന നിലക്ക് ഹജ്ജ് നിര്‍വഹിക്കാനാണ് നാം പുറപ്പെട്ടത്. എന്നാല്‍ നമ്മുടെ സഹോദരന്മാര്‍ പട്ടിണി കിടന്ന് മരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരെ അവഗണിച്ചുകൊണ്ട് പുണ്യം തേടി മക്കയിലേക്ക് പോകുന്നതില്‍ അര്‍ഥമില്ല. ഇപ്പോള്‍ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട പുണ്യകര്‍മം ഈ സഹോദരന്മാരുടെ പട്ടിണി തീര്‍ക്കലാണ്. അതുകൊണ്ട് നിങ്ങള്‍ ഈ വിഭവങ്ങള്‍ ഗ്രാമത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക. അതോടെ നമ്മുടെ ഹജ്ജ് സഫലമായി.'' അവര്‍ അപ്രകാരം ചെയ്തു. ആ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാതെ ഇമാം അബ്ദുല്ലാഹിബ്‌നു മുബാറകും അനുയായികളും തിരിച്ചുപോയി.
ഇസ്‌ലാമിലെ ഇബാദത്തുകളുടെ മഹത്വമറിഞ്ഞ് അത് സ്വജീവിതത്തില്‍ പകര്‍ത്തുന്നവരില്‍ ബദ്ധശ്രദ്ധനായ ഒരു മഹാ പണ്ഡിതന്റെ മാതൃകയാണിത്. ഇമാം അബ്ദുല്ലാഹിബ്‌നു മുബാറക്കിന്റെ നടപടി ഇസ്‌ലാമിന്റെ ആത്മാവുള്‍ക്കൊണ്ട മാതൃകാ തീരുമാനമായിരുന്നു. ഇത് ഒറ്റപ്പെട്ടതല്ല.
'വിധവക്കും അഗതിക്കും വേണ്ടി പണിയെടുക്കുന്നവന്‍ രാത്രി നമസ്‌കരിക്കുകയും പകല്‍ നോമ്പെടുക്കുകയും ചെയ്യുന്നവനെ പോലെ പുണ്യവാനാണ്' എന്ന നബിവചനം ആരാധനകളുടെ വിശേഷിച്ചും അധിക പുണ്യത്തിനു വേണ്ടി ചെയ്യുന്ന ഐഛിക ആരാധനകളുടെ സ്ഥാനം നിര്‍ണയിച്ചു തരുന്നുണ്ട്. ഹജ്ജ് ഇസ്‌ലാമിന്റെ മൗലിക സ്തംഭങ്ങളിലൊന്നാണ്. ഹജ്ജിന്റെ മഹത്വവും പ്രാധാന്യവും ഒട്ടും കുറച്ചു കാണുകയായിരുന്നില്ല ഇമാം. മറിച്ച്, ആ സന്ദര്‍ഭത്തില്‍, അവിടെ ചെയ്യേണ്ട ഏറ്റവും മഹത്തായ കടമ വിശക്കുന്നവന്റെ പട്ടിണിമാറ്റലാണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും പഠിപ്പിക്കുന്ന ഏറ്റവും ഉല്‍കൃഷ്ടമായ മാതൃക ഉയര്‍ത്തിപ്പിടിക്കുകയാണ് തന്റെ തീരുമാനത്തിലൂടെ ഇമാം ചെയ്തത്. പ്രശ്‌നം മുന്‍ഗണനാക്രമത്തിന്റേതാണ്.
ആരോഗ്യവും സമ്പത്തും ഉള്‍പ്പെടെ ഹജ്ജ് നിര്‍ബന്ധമാകുന്ന നിബന്ധനകള്‍ ഒത്തുവന്നാല്‍ തന്നെയും താന്‍ നിര്‍വഹിച്ചിരിക്കേണ്ട മറ്റു നിര്‍ബന്ധ ബാധ്യതകള്‍ അവഗണിച്ച് ഹജ്ജിന് പോകുന്നത് ആശാസ്യമല്ല. ഹജ്ജ്, വിശ്വാസി ജീവിതത്തില്‍ ഒരിക്കല്‍മാത്രം നിര്‍വഹിച്ചാല്‍ മതിയെന്ന് നിശ്ചയിച്ചതിന്റെ പൊരുള്‍ അത് അവന്റെ പൂര്‍ണതയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമാണ് എന്നതത്രെ. അല്ലാഹുവിനുള്ള സമര്‍പ്പണമാണ് ഹജ്ജ്. പ്രാഥമിക ബാധ്യതകള്‍ അതിനു മുമ്പേ നിര്‍വഹിച്ചിരിക്കണം. നമസ്‌കാരവും നോമ്പും നിര്‍വഹിക്കാത്തവന്റെ ഹജ്ജിന് ഒരര്‍ഥവുമില്ല. സകാത്തു കൊടുത്തു വീട്ടാതെ അതില്‍ വീഴ്ചവരുത്തി ഹജ്ജിനു പുറപ്പെടുന്നത് വൃഥാ വേലയാണ്. അതുപോലെ തന്റെ മാനുഷിക ബാധ്യതകളായ കുട്ടികളുടെയും കുടുംബത്തിന്റെയും സുരക്ഷിതത്വവും ജീവിതവിഭവങ്ങളും ഉറപ്പുവരുത്താന്‍ അയാള്‍ക്ക് കഴിയേണ്ടതുണ്ട്. അരക്ഷിതമായ ഒരു സാഹചര്യത്തില്‍ അവരെ വിട്ട്, അവരെ പട്ടിണിക്കിട്ട് ആരോടും ഹജ്ജിനു പോകാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നില്ല. എന്തിന് സ്വന്തം ആരോഗ്യവും ജീവിത നിലനില്‍പും അപകടപ്പെടുത്തിയും ഹജ്ജിന് പോകേണ്ടതില്ല. കടം ബാക്കി വെച്ചും അന്യരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തും ഹജ്ജിന് പോകാന്‍ പാടില്ല. നിര്‍ബന്ധ ഹജ്ജ് കര്‍മത്തിന്റെ കാര്യം ഇതാണെങ്കില്‍ ഐഛിക ഹജ്ജ് കര്‍മത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. അല്ലാഹുവിന്റെ പ്രീതിയും പുണ്യവുമാണല്ലോ ലക്ഷ്യം. അത് സാധിക്കണമെങ്കില്‍ അവന്റെ ഇംഗിതമനുസരിച്ചേ പറ്റൂ.
വര്‍ഷം തോറും വിശുദ്ധ ഹറമില്‍ ഒത്തുകൂടുന്ന ലക്ഷക്കണക്കായ ഹാജിമാരുണ്ട്. ഏറെ ഭക്തിയോടും ആവേശ വികാരങ്ങളോടും കൂടിയാണ് അവര്‍ ഹജ്ജിനെത്തുന്നത്. വളരെയേറെ ത്യാഗങ്ങള്‍ സഹിച്ചും കഷ്ടപ്പെട്ടും നിര്‍വഹിക്കുന്ന ഒരു കര്‍മം പാഴാക്കാന്‍ ആരും ഇഷ്ടപ്പെടുകയില്ല. ഇവിടെ ഒന്നിലേറെ ഹജ്ജ് ചെയ്യുന്നവരും പൊങ്ങച്ചത്തിനും ദുരഭിമാനത്തിനും വേണ്ടി ലക്ഷങ്ങള്‍ പൊടിച്ച് കൊല്ലം തോറും ഉംറ ചെയ്യുന്നവരും ഇക്കാര്യങ്ങളൊക്കെ ഗൗരവപൂര്‍വം ഓര്‍ക്കേണ്ടതുണ്ട്. ഹജ്ജും ഉംറയും ലാഭകരമായ ബിസിനസ്സാക്കിയ ടൂര്‍ പാക്കേജുകള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാര്‍ ഹജ്ജിന്റെയും ഉംറയുടെയും മഹത്വങ്ങള്‍ പറയുന്നതോടൊപ്പം നിര്‍ബന്ധമുള്ള സാമൂഹികബാധ്യതകളുടെ മറുവശം കൂടി പറയാനുള്ള സന്മനസ്സ് കാണിച്ചിരുന്നെങ്കില്‍!
പറഞ്ഞുവരുന്നതിതാണ്; മുന്‍ഗണനാക്രമങ്ങള്‍ തെറ്റിച്ച് ചെയ്യുന്ന ഒരു കര്‍മവും ലക്ഷ്യത്തിലെത്തുകയില്ല. ഖുര്‍ആനും പ്രവാചകചര്യയും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിലപാട് വളരെ കണിശമാണ്. പക്ഷേ, നാം പലപ്പോഴും അത് മറക്കുന്നു. അതുകൊണ്ടുണ്ടാവുന്ന ആപത്തുകള്‍ കൂടി നാം ഓര്‍ക്കണം. അനാവശ്യമായി ഇരച്ചുകയറിയെത്തുന്ന ഹാജിമാരുടെ തിരക്കുകാരണം, അതര്‍ഹിക്കുന്ന അവധാനതയോടും ഏകാഗ്രതയോടും കൂടി നിര്‍ബന്ധ ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. തിക്കിലും തിരക്കിലും പെട്ട് അനേകം പേര്‍ക്ക് ജീവഹാനിയുണ്ടാകുന്ന അനുഭവങ്ങളും ചിലപ്പോള്‍ ഉണ്ടാകാറുണ്ട്.
ഹജ്ജിന്റെ മാത്രം കാര്യമല്ല ഇത്. നമ്മുടെ പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍, വിവാഹം, വീടു നിര്‍മാണം എന്നിവയിലെല്ലാം ഇത് കാണാം. ആരാധനകളിലും ആത്മീയ കാര്യങ്ങളിലും നിഷ്ഠ പുലര്‍ത്തുന്നവര്‍ പോലും വിശാലമായ ജീവിതരംഗങ്ങളില്‍ ദീനിന്റെ ആത്മാവിനെ മറക്കുന്നു. ധൂര്‍ത്തും ദുര്‍വ്യയവും ഹലാല്‍ ഹറാമുകളെക്കുറിച്ച അലംഭാവവും നമ്മുടെ ജീവിത രംഗങ്ങളില്‍ പ്രകടമാണ്. ഇത് പലപ്പോഴും നാശത്തിന്റെ കുഴിതോണ്ടുന്നതുവരെ ചെന്നെത്തുന്നു. വ്യക്തിതലത്തിലും സമുദായം കൂട്ടായും ഇക്കാര്യത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്. വീടുവെക്കാനും വിവാഹത്തിനും ബാങ്കില്‍നിന്നും 'ബ്ലേഡില്‍'നിന്നും കടമെടുത്ത്, അവസാനം കുടുംബനാഥന്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥവരെ ഉണ്ടാകുന്നു. കുടുംബങ്ങള്‍ കൂട്ടായി ജീവനൊടുക്കുന്ന സ്ഥിതിവിശേഷവും അപൂര്‍വമല്ല. ഒരു വിവാഹത്തോടു കൂടി, വീടുനിര്‍മാണത്തോടു കൂടി സമൂഹത്തില്‍ അപമാനിതനായി മാറുന്ന മനുഷ്യന്‍ അവസാന വിശകലനത്തില്‍ എന്താണ് നേടുന്നത്?
സാന്ദര്‍ഭികമായ ഒരു ഉദാഹരണം നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങളുടേതാണ്. ഈദുല്‍ ഫിത്വ്‌റിന് സകാത്തുല്‍ ഫിത്വ്‌റും ഈദുല്‍ അദ്ഹാക്ക് ബലിയും നാം ഏറെ ആവേശത്തോടെയാണ് നല്‍കുന്നത്. ഈ സമുദായത്തിന്റെ ഈമാനിക വികാരമാണ് അതില്‍ പ്രകടമാവുന്നത്. അല്ലാഹുവിനു സ്തുതി. എന്നാല്‍, ആ പുണ്യകര്‍മങ്ങളില്‍ നാം ചെലവിടുന്ന പണവും അധ്വാനവും ഫലപ്രദമാവുന്നുണ്ടോ എന്നു കൂടി ആലോചിക്കണം. അശാസ്ത്രീയമായ വിതരണ രീതി കൊണ്ട് അര്‍ഹതയുള്ളവര്‍ അവഗണിക്കപ്പെടുകയും മഹത്തായ ഒരു പുണ്യകര്‍മം അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്താതെ പോവുകയും ചെയ്യുന്നു. സകാത്തിന്റെ കാര്യം ഇതിനേക്കാള്‍ കഷ്ടമാണ്. ഒരു പഠനമനുസരിച്ച് ഇന്ത്യന്‍ മുസ്‌ലിംകളുടെ മൊത്തം സകാത്ത് ഒരു വര്‍ഷം 12500 കോടി വരുമത്രെ. ശാസ്ത്രീയമായി വിതരണം ചെയ്താല്‍ ഈ സമുദായത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ആ തുക മതിയാകും. എന്നാല്‍, ഫലത്തില്‍ സംഭവിക്കുന്നതോ? മഹാ ഭൂരിപക്ഷവും സകാത്ത് കൊടുക്കുന്നതേയില്ല. നിര്‍വഹിക്കുന്നവര്‍ തന്നെ അശാസ്ത്രീയമായി നല്‍കുന്നതുകൊണ്ട് സമുദായത്തെ കൂടുതല്‍ ദരിദ്രമാക്കുകയും യാചകപ്പടക്ക് പ്രോത്സാഹനം നല്‍കി അപമാനിക്കുകയുമാണ് ചെയ്യുന്നത്. അതിലുപരി, ദരിദ്രമായ സമുദായത്തിന്റെ സമ്പത്തും വിഭവങ്ങളും പാഴായിപ്പോവുന്ന അവസ്ഥവരെയുണ്ടാവുന്നു. മഹല്ലുതലത്തില്‍ നടക്കുന്ന ഫിത്വ്ര്‍ സകാത്തിന്റെയും ബലിമാംസത്തിന്റെയും വിതരണത്തിലെ അസന്തുലിതത്വം പോലെ സംസ്ഥാന തലത്തിലും ദേശീയതലത്തിലുമുള്ള അസന്തുലിതത്വവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. കേരളത്തിലെ ചില മഹല്ലുകളില്‍ നൂറു കണക്കിന് ആടുമാടുകളെ അറുത്ത്, അതും ഒരേ ദിവസം വീട്ടിലെ ഫ്രിഡ്ജില്‍ സ്ഥലം തികയാതെ അടുത്ത വീടുകളിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് അവസാനം കുപ്പത്തൊട്ടിയിലെറിയുന്ന സാഹചര്യം വരെയുണ്ട്. അതേസമയം, തൊട്ടടുത്ത മഹല്ലില്‍ ആവശ്യക്കാര്‍ ഞെരുങ്ങുന്നതും കാണാം. ദേശീയതലത്തില്‍ സ്ഥിതി ഇതിലേറെ പരിതാപകരമാണ്. ഉദാഹരണമായി ഗുജറാത്തിലെയും ആസ്സാമിലെയും അഭയാര്‍ഥി ക്യാമ്പുകളില്‍ ലക്ഷങ്ങള്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ, നോമ്പും പെരുന്നാളും തിരിച്ചറിയാതെ നരകിക്കുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം. സത്യവിശ്വാസികള്‍ സഹോദരന്മാരാണെന്നും അവര്‍ ഒരു ശരീരം പോലെ, ഒരവയവത്തിനു പനിച്ചാല്‍ ശരീരം മുഴുവന്‍ ഉറക്കമൊഴിക്കുമെന്നും തിരുവചനമുദ്ധരിച്ച് നാം അഭിമാനം കൊള്ളാറുണ്ട്. പക്ഷേ, നിലവിലുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ അതിനോട് നീതി പുലര്‍ത്തുന്നതാണോ നമ്മുടെ സമീപനം? ആഗോളതലത്തില്‍ ഹജ്ജിന്റെ സന്ദര്‍ഭത്തിലെ ബലിമാംസത്തിന്റെ പ്രശ്‌നവും ഇതേ അവസ്ഥയിലായിരുന്നു. ഭാഗ്യവശാല്‍ ഇന്ന് സുഊദി ഭരണകൂടത്തിന്റെയും റാബിത്വയുടെയും ആഭിമുഖ്യത്തില്‍ ഒരു പരിഹാരമുണ്ടായിരിക്കുന്നു. ബലിമാംസം സംസ്‌കരിച്ച് ആഫ്രിക്കയിലെയും ഏഷ്യയിലെയും ദരിദ്ര മുസ്‌ലിം രാഷ്ട്രങ്ങളില്‍ വിതരണം ചെയ്തുവരുന്നു. മഹാഭൂരിപക്ഷം ദരിദ്രരായ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് കൂടി അതിന്റെ പ്രയോജനം നേടിയെടുക്കാന്‍ ഉന്നതങ്ങളില്‍ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളുടെ സകാത്തിന്റെ കാര്യവും സമുദായ നേതൃത്വത്തിന്റെ സജീവ ശ്രദ്ധക്ക് വിധേയമാകേണ്ടതാണ്.
ആരാധനകളിലും ആഘോഷങ്ങളിലും എന്നപോലെ, സേവന പ്രവര്‍ത്തനങ്ങളിലുള്ള മുന്‍ഗണനാക്രമത്തെക്കുറിച്ചും നാം ആലോചിക്കണം. ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ആസൂത്രണവും പരസ്പര ധാരണയുമില്ലാത്തതിനാല്‍ ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയിലെത്താതെ പോവുന്നുണ്ടോ എന്നും പഠിക്കണം. ഉദാഹരണമായി കേരളത്തിലെ ഗള്‍ഫ് സഹോദരന്മാര്‍ വീടു നിര്‍മാണത്തിനും വിവാഹത്തിനും മറ്റുമായി കോടാനുകോടി രൂപ വര്‍ഷം തോറും ചെലവഴിക്കുന്നുണ്ട്. അഭിമാനകരമായ ഈ സല്‍കര്‍മം ധൂര്‍ത്തിനും ദുര്‍വ്യയത്തിനും ഇടയാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഒന്നിനും കഴിവില്ലാത്തവര്‍ ലക്ഷങ്ങള്‍ സ്ത്രീധനം നല്‍കുന്നതും വിവാഹമാമാങ്കത്തിനായി പണം പൊടിക്കുന്നതും ഒരിക്കലും ന്യായീകരിക്കാനാവില്ല. ഇതിന്റെ മറുവശത്ത് ബീഹാറിലെയും ബംഗാളിലെയും നമ്മുടെ സഹോദരന്മാരുടെ സ്ഥിതി കൂടി നാം കണക്കിലെടുക്കണം. 15000 രൂപ ചെലവഴിച്ചാല്‍ ഒരു വിവാഹവും 25000 രൂപ ചെലവഴിച്ചാല്‍ ഒരു വീടും തരപ്പെടുത്താന്‍ കഴിയുന്ന ആ സഹോദരന്മാര്‍ അവയൊക്കെ ജീവിതത്തിലൊരിക്കലും സഫലമാകാത്ത സ്വപ്നമായി കൊണ്ട് നടക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം.
ഈയടുത്ത കാലത്തായി കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ദൈന്യാവസ്ഥ കണക്കിലെടുത്ത് സേവന പ്രവര്‍ത്തനങ്ങളില്‍ അവരെ കൂടി പങ്കാളികളാക്കാന്‍ മുന്നോട്ടുവരുന്നുവെന്നത് സന്തോഷകരമാണ്. എന്നാല്‍, ഇവിടെയും മുന്‍ഗണനാക്രമങ്ങളുടെയും ആസൂത്രണത്തിന്റെയും അഭാവം മുഴച്ചുനില്‍ക്കുന്നു. അഖിലേന്ത്യാ തലത്തില്‍ സ്വന്തമായി വളണ്ടിയര്‍മാരോ നെറ്റ്‌വര്‍ക്കോ ഇല്ലാത്തവര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവായി ചെയ്യുന്ന രീതി സമ്പത്തും വിഭവങ്ങളും ആരെയെങ്കിലും ഏല്‍പിച്ച് രക്ഷപ്പെടലാണ്. എന്റെ തന്നെ അനുഭവം പറയാം. കശ്മീരില്‍ ഭൂകമ്പമുണ്ടായപ്പോള്‍ ആഴ്ചകളോളം ദുരിതബാധിത പ്രദേശങ്ങളില്‍ തങ്ങി ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ അവസരമുണ്ടായി. പിന്നീട് ബീഹാറില്‍ കോസി അണക്കെട്ട് തകര്‍ന്ന് 4 ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും ദുരിത ബാധിത പ്രദേശങ്ങളില്‍ ഏറെ ദിവസങ്ങള്‍ ചെലവഴിക്കാന്‍ അവസരം ലഭിച്ചു. അപ്പോഴൊക്കെ കണ്ട കാഴ്ച, ധാരാളം പബ്ലിസിറ്റി കൊടുത്ത് ശേഖരിച്ച പണവും വിഭവങ്ങളും വഴിവക്കില്‍ കണ്ട ഏതെങ്കിലും സംഘടനയെ ഏല്‍പിച്ച് ഫോട്ടോ എടുത്ത് സ്ഥലം വിടുന്ന എന്‍.ജി.ഒകളെയും സംഘടനകളെയുമാണ്. അതുകൊണ്ട്, വിദൂര ഗ്രാമങ്ങളിലും കഷ്ടപ്പെട്ടു മാത്രം എത്തിച്ചേരാന്‍ കഴിയുന്ന മലമടക്കുകളിലും ഉള്ള അര്‍ഹരായ ആളുകള്‍ക്ക് ഒന്നും ലഭിക്കാതെ പോവുന്നുവെന്നത് മാത്രമല്ല, ആദ്യമെത്തുന്ന റോഡരികിലുള്ളവര്‍ക്ക് ആവശ്യത്തിലേറെ കിട്ടുകയും ചെയ്യുന്നു. അല്‍പം ആസൂത്രണവും മുന്നൊരുക്കവുമുണ്ടെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. ഇപ്പോള്‍ ബോഡോ കലാപത്തിനിരയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സഹായിക്കാന്‍ കേരളത്തിലെ പ്രമുഖ സംഘടനകള്‍ മുന്നിലുണ്ട്. ദുരിതാശ്വാസം എന്നാല്‍ അല്‍പം അരിയും തുണിയും മാത്രമല്ലല്ലോ. കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷ, നിയമപരിരക്ഷക്കു വേണ്ടിയുള്ള പോരാട്ടം, പുനരധിവാസം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ അവധാനപൂര്‍വം ചിന്തിക്കാനും സാധ്യമാവുന്ന ആസൂത്രണങ്ങള്‍ നടത്താനും നമ്മുടെ പണവും അധ്വാനവും അര്‍ഹരായ മനുഷ്യര്‍ക്ക് എത്തുംവിധം ക്രമീകരിക്കാനും സംഘടനകളും നേതാക്കളും ഒത്തുചേര്‍ന്ന് പരസ്പര ധാരണയോടെ മുന്നോട്ടുപോകാന്‍ കഴിഞ്ഞാല്‍, ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് തന്നെ മഹത്തായ ഒരു മാതൃകയാവും. ഈ വഴിക്കു ചിന്തിക്കുന്ന പലരും സമുദായ നേതൃത്വത്തിലുണ്ട്. അവര്‍ മുന്നോട്ടു വന്ന് ഒരുമിച്ചിരിക്കാനും കൂട്ടായ സ്ട്രാറ്റജിക്ക് രൂപം നല്‍കാനും കഴിഞ്ഞാല്‍ മുസ്‌ലിം ഇന്ത്യയുടെ ഭാഗധേയം മാറ്റിക്കുറിക്കാന്‍ സാധിക്കുമെന്നത് നിസ്തര്‍ക്കമാണ്.
courtesy :
No comments:
Post a Comment