യമനികളുടെ റമദാന്‍
അറേബ്യന്‍ പെനിന്‍സുലയിലെ ഏറ്റവും കൂടുതല്‍ മുസ്ലിം ജന സംഖ്യയുള്ള രാഷ്ട്രമാണ് യമന്‍. അറബ് രാഷ്ട്രങ്ങളിലെ "ദരിദ്ര" രാഷ്ട്രമായിട്ടാണ് യമാനിനെ ലോകം എണ്ണിയിരിക്കുന്നത് . അറബ് ലോകത്തെ ഒരേയൊരു "റിപ്പബ്ലിക്കന്‍ " രാഷ്ട്രവും യമന്‍ തന്നെ. ഇന്ത്യയെപ്പോലെ യമനും ബ്രിട്ടീഷ് അധീനതയിലായിരുന്നു, തെക്കേ യമനും വടക്കേ യമനും നേരത്തെ രണ്ടു രാജ്യങ്ങളായിരുന്നു, ഏദന്‍ കേന്ദ്രമായ തെക്കേ യമന്‍ (സൗത്ത് യമന്‍ ) ബ്രിട്ടീഷ്‌കാരുടെ അധീനതയിലായിരുന്നു, എന്നാല്‍ വടക്കേ യമന്‍ ഭരിച്ചിരുന്നത് ഇമാമുമാരായിരുന്നു. 1967ല്‍ ബ്രിട്ടീഷ്കാര്‍ സ്ഥലം വിട്ടെങ്കിലും രണ്ടു യമനും കൂടി ഒരുമിക്കാന്‍ 1992വരെ കാത്തിരിക്കേണ്ടി വന്നു, സ്ഥാനബ്രഷ്ടനായ അലി സലെഹ് ആണ് യമനിനെ ഒന്നിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചത്
അറേബ്യന്‍ ചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ് യമനിന്റെ ചരിത്രവും. ഒരുപാട് ഗോത്രങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് യമന്‍ . യമന്‍ ജനതയുടെ പകുതിയില്‍ അധികവും സുന്നികളും ബാക്കി വരുന്നവര്‍ ഷിയാ വിഭാഗത്തില്‍ പെട്ട സെയ്ദികളുമാണ്. മറ്റു സ്ഥലങ്ങളില്‍ കണ്ടു വരുന്ന ഷിയാ സുന്നി പ്രശ്നങ്ങള്‍ യമനില്‍ താരതമ്യേന കുറവാണു. തലസ്ഥാന നഗരമായ സന്‍ആയില്‍ ഇവര്‍ പരസ്പരം ഒന്നിച്ചു ഒരേ പള്ളികളില്‍ തന്നെ നമ്സകരിക്കുന്നു.!!
നമ്മുടെ നാട്ടിലേക്ക് ഇസ്ലാം കടന്നു വന്നത് യമന്‍ വഴിയാണ് എന്നാണു ചരിത്രം, യമനികളുടെ ജീവിത രീതിയും കേരളീയരുടെ ജീവിത രീതിയും തമ്മില്‍ ഒരുപാട് സാമ്യതകള്‍ കാണാം, അവര്‍ ഉടുക്കുന്ന മുണ്ട് മുതല്‍ അരയി തിരുകുന്ന ജംബിയ (ഒരു തരം കത്തി) വരെ,നേരത്തെ മലപ്പുറം കത്തി എന്ന് നാട്ടില്‍ പറഞ്ഞു കേട്ടിരുന്നില്ലേ അത് പോലെ ഒരെണ്ണം. നമ്മുടെ കാരണവന്മാര്‍ ഉപയോഗിച്ചിരുന്ന അരപ്പട്ട, അവരുടെ ഭക്ഷണ രീതികള്‍ രൂപ സാദൃശ്യം പോലും നമ്മോട് അത്രയധികം സാമ്യമുള്ളതാണ്. മറ്റു അറബ് നാടുകളില്‍ നിന്നും വെത്യസ്തമായി ഇവര്‍ കൂടുതല്‍ ആതിഥേയ മര്യാദ കാണിക്കുന്നവരും വളരെ സൌഹാര്‍ദ്ദപരമായി നമ്മോട് സംസാരിക്കുന്നവരുമാണ്, തലസ്ഥാന നഗരമായ സന്‍ആ ഏറ്റവും സമധാന പ്രദേശങ്ങളില്‍ ഒന്നാണ്, ഒരു പെണ്‍കുട്ടിക്ക് പോലും ഏതു പാതിരാത്രിയിലും പേടി കൂടാതെ റോഡിലൂടെ സഞ്ചരിക്കുന്നതിനു യാതൊരു പ്രയാസവുമില്ല, നമ്മുടെ കൊച്ചു കേരളത്തില്‍ പകല്‍ പോലും മര്യാദയ്ക്ക് നമ്മുടെ പെണ്‍ കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ ഭയപ്പെടുന്ന ഈ സമയത്ത് ഇതിന്റെ പ്രത്യേകത എടുത്തു പറയേണ്ടത് തന്നെ.
മറ്റു മുസ്ലിം നാടുകള്‍ പോലെ തന്നെ യമനിലും റമദാനിനെ വരവേല്‍ക്കാന്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ തന്നെ നടത്താറുണ്ട്. ശഅബാന്‍ മാസം സമാഗതമായാല്‍, തങ്ങളുടെ ജീവിത രീതിയില്‍ മാറ്റം വരുത്തുന്നതില്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. റമദാന് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ഇവര്‍ കൂടിയ അളവില്‍ സ്വരൂപിക്കും, എരിവ് കുറഞ്ഞ മധുരം കൂടുതലുള്ള ഭക്ഷണങ്ങളാണ് കൂടുതലായും യമനികള്‍ ഇഷ്ടപ്പെടുന്നത്. ശഅബാന്‍ മാസത്തിലെ അവസാന ദിവസം ഇവിടെ അറിയപ്പെടുന്നത് ആത്മാവ് ആഗ്രഹിക്കുന്ന ദിവസം (بيوم يانفس ماتشتي ) എന്നാണ്. ഇതില്‍ നിന്നും തന്നെ മനസ്സിലാവും അവര്‍ എത്രമാത്രം റമദാനിനെ പ്രതീക്ഷിചിരിക്കുന്നു എന്ന്.
യമനികളില്‍ പൊതുവേ കണ്ടു വരുന്ന ശീലമാണ് ഖാത്ത് (ഒരു തരം ഇല) ചവയ്ക്കുക / കഴിക്കുക എന്നുള്ളത്, നമ്മുടെ നാട്ടില്‍ മുറുക്കാനോട് വേണമെങ്കില്‍ ഇതിനെ ഉപമിക്കാം, സനാനികളും തായിസ്, ഹദ്രമൌത്കാറുമാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്, ഏദനികള്‍ ഇത് വളരെ കുറച്ചു മാത്രമേ ഉപയോഗിക്കാറുള്ളൂ .. സ്ത്രീ പുരുഷ വെത്യാസമില്ലാതെ സാധാരണ ദിവസങ്ങളില്‍ ഉച്ച ഭക്ഷണ ശേഷവും രാത്രിയും ഒരുമിച്ചിരുന്നു ഇവര്‍ ഇത് ചവച്ചു കൊണ്ടേ ഇരിക്കും, കല്യാണവീടുകളില്‍ ഇതിനു വേണ്ടി മാത്രമായി പ്രത്യേക ടെന്റുകള്‍ തന്നെ ഒരുക്കും, റമദാന സമാഗതമാവുന്നതോടെ ഇവരുടെ പകലുകള്‍ രാത്രിയിലെക്കും രാത്രി പകലിലേക്ക്മായി വഴിമാറും. ഒട്ടു മിക്ക കമ്പനികളുടെയും ജോലി സമയത്തിലും ഈ മാറ്റം ദൃശ്യമാകും, പകല്‍ സമയങ്ങളില്‍ ളുഹര്‍ മുതല്‍ അസര്‍ അതായത് പന്ത്രണ്ടു മുതല്‍ മൂന്നു അല്ലെങ്കില്‍ ഒന്ന് മുതല്‍ നാല് മണി വരെയും രാത്രി ഒന്‍പതു മണി മുതല്‍ പന്ത്രണ്ടു ഒരു മണി വരെയാണ് റമദാന്‍ മാസത്തിലെ ജോലി സമയം. റമദാന്‍ മാസമായാല്‍ ഇവര്‍ രാത്രി ഉറങ്ങുന്നത് വളരെ കുറവാണ്. അത്താഴവും സുബുഹു നമസ്കാരവും കഴിഞ്ഞു ഇവര്‍ വീടണയും. രാവിലെ മുതല്‍ ഉച്ചവരെ സാധാരണ നിരത്തുകളൊക്കെയും വിജനമായിരിക്കും.
സുഹൂര്‍ അഥവാ അത്താഴം അത്രയധികം പ്രത്യേകതയോ പ്രാധാന്യമോ ഇവരുടെ ഭക്ഷണ കാര്യങ്ങളില്‍ നല്‍കാറില്ല, യമനി കാപ്പി പ്രധാനപ്പെട്ട ഒരു വിഭവമാണ്, അത് ഉണ്ടാക്കുന്ന രീതിക്കുമുണ്ട് പ്രത്യേകത. ചില പ്രത്യേക തരം ഇലകള്‍ കൂടി ഉള്പെടുത്തിയാണ് അത് തയ്യാറാക്കുന്നത് .. മുട്ടയാണ് ഈ സമയത്തെ പ്രധാന വിഭവങ്ങളില്‍ ഒന്ന്, കൂടെ ഉരുളക്കിഴങ്ങു കൊണ്ടുണ്ടാക്കുന്ന ഭക്ഷാന്വും, ഇവിടെ നമ്മുടെ നാട്ടില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വെത്യസ്തമായ ഉരുളക്കിഴങ്ങാണ് ലഭിക്കുക.
ഇഫ്താര്‍
യമനികളെ സംബന്ധിച്ചടത്തോളം റമദാനിലെ ഏറ്റവും പ്രാധാന്യമേറിയതാണ് നോമ്പ് തുറകള്‍ . വെത്യസ്തങ്ങളായ യമന്‍ വിഭവങ്ങളാണ് ഓരോ ഇഫ്താറുകളുടെയും പ്രത്യേകത .പ്രവാചക ചര്യ അനുസരിച്ച് ഇത്തപ്പഴം വെള്ളം എന്നിവ ഉപയോഗിച്ചാണ് നോമ്പ് മുറിക്കുക . കൂടെ ചെറിയ ജ്യൂസും സമൂസ, ലബന് (മോര്) ശഫൂത്ത് എന്നിവയാണ് കഴിക്കുക, അത് കഴിഞ്ഞു മഗ്രിബ് നമസ്കരിക്കാന്‍ പള്ളിയിലേക്ക്. അതിനു ശേഷമാണ് പ്രധാന വിഭവങ്ങള്‍ വിളംബാറുള്ളത്- ഇവരുടെ ഭക്ഷം കഴിക്കുന്ന രീതിക്കുമുണ്ടോ പ്രത്യേകത, നമ്മുടെ വീടുകളിലൊക്കെ സാധാരണ വിഭാവങ്ങള്‍ ഒരുമിച്ചാണ്
വിളംബാറുള്ളത് എന്നാല്‍ യമനില്‍ ഓരോന്നോരോന്നായിട്ടാണ് നല്‍കാറുള്ളത്, ഒന്ന് കഴിഞ്ഞു അടുത്തത് എന്നിങ്ങനെ, നിങ്ങള്‍ ആദ്യമായിട്ടാണ് അവരുടെ ആധിധേയത്വം സ്വീകരിക്കാന്‍ പോകുന്നതെങ്കില്‍ കുടുങ്ങിപ്പോകും!! പ്രധാന വിഭവങ്ങളായി ഒന്നുകില്‍ ഇറച്ചി, കോഴി അല്ലെങ്കില്‍ മീന്‍ (റമദാനില്‍ വളരെ കുറവാണ് ഉയോയോഗം, പക്ഷെ നമ്മുടെ നാട്ടില്‍ കണാത്തത്ര തരം മീനുകള്‍ യമനില്‍ ലഭ്യമാണ്) അവയുടെ പാചക രീതിയും ടെസ്റ്റും ഒക്കെ എടുത്തു പറയേണ്ടത് തന്നെ .. കുറച്ചു ചോറ്,റൊട്ടി, നാന്, കഫ്സ – കോഴിയം ആടും രണ്ടും ലഭ്യമാണ്, ചിലര്‍ മീന്‍ കൊണ്ടും ഉണ്ടാകും, നമ്മുടെ സാമ്പാര്‍ പോലെ പച്ചക്കറി കൊണ്ടുണ്ടാക്കുന്ന മുഷക്കല്‍ , സല്ത ഫാസ എന്നിങ്ങനെ പോകുന്നു അവരുടെ വിഭവങ്ങള്‍. സൂപ്പില്‍ നിന്നും ആരംഭിച്ചു ഫ്രൂട്സ് സലാടില്‍ അവസാനിക്കുന്ന തരത്തിലാണ് ഇവരുടെ ഭക്ഷണ ക്രമീകരണം – ഇപ്പറഞ്ഞ ഭക്ഷണമൊക്കെയും മുളക് തീരെ ഉപയോഗിക്കതെയോ വളരെ കുറച്ചു മാത്രം ഉപയോഗിച്ചോ ആണ് ചെയ്യുന്നത് . അധികവും ഇവര്‍ ഒരുമിച്ചിരുന്നു ഒരേ പത്രത്തില്‍ നിന്നുമാണ് ഭക്ഷണം കഴിക്കാറുള്ളത് .. മുട്ട കൊണ്ട് ഇവര്‍ പല തരത്തിലുള്ള വിഭാവങ്ങള്‍ ഉണ്ടാക്കും
ജീവിത രീതി
യമനികളുടെ ജീവിത രീതിയില്‍ ഏറ്റവും പ്രധാനപ്പെട്ട റോളാണ് ഖാത്തിനുള്ളത് എന്ന് സൂചിപ്പിച്ചല്ലോ, രാത്രി ഇഷാ നമസ്കാരവും തറാവീഹും കഴിഞ്ഞു പിന്നെ ഇവര്‍ ഖാത്ത് ചവക്കാന്‍ ഇരിക്കും, അതും സ്മ്ഘമായിട്ടു തന്നെയാണ് നിര്‍വ്വഹിക്കുക, ജോലി ഉള്ളവര്‍,ജോലി സ്ഥലത്തും ഇത് തുടര്‍ന്ന് കൊണ്ടിരിക്കും. ചില സ്ഥലങ്ങളില്‍ ഇത് അത്താഴം വരെ തുടര്‍ന്ന് പോകുന്നതായും കാണാം .
റമദാന്‍ പകുതിയാകുമ്പോള്‍ ഇവിടത്തെ ഒട്ടു മിക്ക പള്ളികളിലും ഖിയാമുല്ലൈല്‍ -രാത്രി നമ്സകാരം അരങ്ങേറും. രാത്രി ഒരു മണിക്ക് തുടങ്ങി നാല് മണി വരെ നീണ്ടു നില്‍ക്കും ഈ നമസ്കാരം, സന്‍ആയില്‍ മുജാഹിദ് സ്ട്രീറ്റിലെ മസ്ജിദ് ഹസ്സയിലാണ് കൂടുതല്‍ ആള്കാരും നമസ്കരിക്കാന്‍ വരിക, ജുമുഅ നമസ്കാരത്തിനു വരുന്നതിനേക്കാള്‍ കൂടുതല്‍ ആള്‍കാര്‍ ഈ സമയത്ത് പള്ളിയില്‍ എത്തിച്ചേരും. അവര്‍ ഇതിനു നല്‍കുന്ന പ്രാധ്യാന്യം സൂചിപ്പികനെ വേണ്ടിയാണ് അങ്ങനെ പറഞ്ഞത് .റമദാന്‍ അവസാന പത്തില്‍ പ്രവേഷിക്കുന്നതോട് കൂടി,പള്ളികളില്‍ ഇഹ്തികാഫ് ഇരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കും, അധിക ജനങ്ങളും കൂടുതല്‍ പ്രാര്‍ഥനയിലും നമസ്കാരത്തിലുമായി കഴിച്ചു കൂട്ടും. സ്ത്രീകളും കുട്ടികളുമടക്കമുള്ള വലിയ വിഭാഗം സുബ്ഹു അടക്കമുള്ള നമസ്കാരങ്ങളില്‍ പള്ളികളില്‍ ഹാജരാവും. സുബുഹിനു ശേഷം എല്ലാവരും വീട്ടില്‍ പോകും പിന്നെ ളുഹര്‍ ആകുമ്പോഴേ പുറത്ത് കാണൂ ..
സകാത്ത്, ഫിതര്‍ സകാത്ത്,
യമനികളില്‍ ഒട്ടു മിക്കപേരും സകാത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശുഷ്കാന്തി കാണിക്കുന്നവരാണ്. കമ്പനികളും വ്യകതികളും ഇതില്‍ വിഭിന്നമല്ല. ഫിതര്‍ സകാത്ത് നമ്മുടെ നാട്ടിലെ പോലെ അരി തന്നെയാണ് ഇവരും നല്‍കുന്നത്. ഒരാള്‍ക്ക് രണ്ടരകിലോ എന്നാ കണക്കില്‍ തന്നെ എല്ലാവരും നല്കുന്നു, അതില്‍ അധികവും പാവങ്ങളായ സ്ത്രീയ്ക്ള്‍ക്കും കുട്ടികള്‍ക്കുമാണ് നല്‍കുന്നത്, ഇതു ഒരു സംഘടിതമായി നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല.
റമദാന്‍ അവസാനത്തോടടുക്കുന്നതോടെ ജനത കൂടുതല്‍ ദാനധര്‍മ്മങ്ങളില്‍ വ്യപ്രുതരാവുന്നു. പിന്നെ പെരുന്നളിനുള്ള ഒരുക്കങ്ങളായി. കുട്ടികള്‍ക്ക് വേണ്ടിയുള്ള പുതു വസ്ത്രങ്ങളും കളിക്കൊപ്പുകളുമടക്കം എല്ലാം വാങ്ങി കൂട്ടുന്ന തിരക്കിലാവും എല്ലാവരും.
റമദാനിലെ കച്ചവടവും സാധാരണ മാസങ്ങളെ അപേക്ഷിച്ചു കൂടുതലായാണ് അനുഭവപ്പെടുന്നത്, ഉള്ളവനും ഇല്ലാത്തവനും എന്ന വെത്യസമില്ലാതെ ഇവര്‍ എല്ലാവരും റമദാനില്‍ നന്നായി ചിലവഴിക്കുന്നു .. കൂടുതല്‍ പേരെ നോമ്പ് തുറപ്പിച്ചും റമദാന്‍ / പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തും ഓരോരുത്തരും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ജനതക്ക് വേണ്ടി ചെയ്തു കൊടുക്കുന്നു
പെരുന്നാള്‍
മാനത്ത് ശവ്വാലംബിളി പിറക്കുന്നതോടെ ആഘോഷങ്ങള്‍ ആരംഭിക്കുകയായി. പള്ളികളില്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങുന്നതോടെ പെരുന്നാളിന്റെ ആരവം എങ്ങും അലയടിക്കും. ഫിത്വര്‍ സകാത്ത് വിതരണം തകൃതിയായി നടക്കും, കുട്ടികള്‍ പടക്കം പോട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷങ്ങളില്‍ പങ്കാളികളാവും. നമ്മുടെ നാട്ടിലെ പോലെ പെരുന്നാള്‍ തലേന്നും കച്ചവട സ്ഥാപനങ്ങള്‍ സുബഹ് വരെ പ്രവര്ത്തിക്കുന്നുണ്ടാവും. യമനി യുവാക്കള്‍ പെരുന്നാള്‍ വസ്ത്രം വാങ്ങുന്ന തിരക്കിലാവും. സാധാരണ അറബികള്‍ ധരിക്കുന്ന കന്തൂറയെ (തൌബ് ) കൂടാതെ നമ്മുടെ നാട്ടിലെ മുണ്ടിനോട് സാദൃശ്യം തോന്നിക്കുന്ന **** വസ്ത്രമാണ് ഇവര്‍ കൂടുതലായി ഉപയോഗിക്കുന്നത്. അതിന്റെ കൂടെ അരപ്പട്ടയും ജാംബിയ എന്ന് പറയുന്ന കട്ടാരയും കൂടെയുണ്ടാവും. സനാനികള്‍ സൂട്ടിന്റെ ബ്ലെസര്‍ കൂടി ഓവര്‍ കോട്ടായി ഉപയോഗിക്കും. സ്ത്രീകള്‍ നിഖാബോട് കൂടിയുള്ള പര്‍ദ്ദയനിഞ്ഞാണ് പൊതു വെതികളില്‍ പ്രത്യക്ഷപ്പെടാറു
പെരുന്നാള്‍ ദിവസം സുബഹ് നമസ്കാരത്തോടെ തന്നെ പെരുന്നാള്‍ നമസ്കാരത്തിനായി ആളുകള്‍ പള്ളികളിലെക്ക് ഒഴുകിത്തുടങ്ങും. സന്‍ആയിലെ ഏറ്റവും വലിയ പള്ളിയായ മസ്ജിദ് സാലെഹ് ലാണ് പ്രസിടന്റ്റ് അടക്കമുള്ളവര്‍ പെരുന്നാള്‍ നമസ്കാരത്തിനു പന്കെടുക്കാറു.
പെരുന്നാള്‍ ഖുതുബ കൂടി കഴിഞ്ഞാല്‍ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ചു ആലിംഗനം ചെയ്യും. കുട്ടികള്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും. പിന്നീട് എല്ലാവരും സ്വഗൃഹങ്ങളിലെക്ക് മടങ്ങും. ഉച്ച ഭക്ഷണത്തിനായി എല്ലാവരും അവരവരുടെ തറവാടുകളില്‍ ഒത്തു ചേരും ശേഷം കുടുംബ സന്ദര്‍ശനവും അതിനു ശേഷം പാര്‍ക്കുകളിലും മറ്റുമായി കുട്ടികളുമൊത്ത് സമയം ചിലവഴിക്കും. പാര്‍ക്കുകളില്‍ യമനി പുരുഷന്മാരുടെ പ്രത്യേക തരം ഡാന്‍സും അരങ്ങേറും
വിപ്ലവം നടന്നു കൊണ്ടിരുന്ന സന്ദര്‍ഭങ്ങളില്‍ പോലും റമദാനില്‍ സമധാന പരമായ ഒരന്തരീക്ഷമാണ് യമനില്‍ ദൃശ്യമായത്. കൂടുതല്‍ സ്നേഹമുല്ലവരാണ് യമന്‍ ജനത.
അവരുടെ അതിഥിയായി കഴിയുക എന്നത് ഒരു പക്ഷെ ഏതൊരു പ്രവാസിയുടെയും ആഗ്രഹാമായിരിക്കും. പ്രത്യേകിച്ചും റമദാനില്‍.
No comments:
Post a Comment