അസ്സലാമു അലൈകും യാ ശഹ്റു റമദാന്‍
മാനത്ത് ശ്വ്വാലംബിളി ദൃശ്യമായി, പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ വിട പറയുകയാണ്, ഒരു മാസത്തോളമായി വിശ്വാസി നെഞ്ചില്‍ കൊണ്ട് നടന്ന റമദാന് പരിസമാപ്തി കുറിക്കപ്പെടുകയാണ്. കരഞ്ഞു തളര്‍ന്ന കണ്ണുമായി വിശ്വാസി റമദാനെ യാത്രയയക്കുമ്പോള്‍ , നമ്മില്‍ പലരും വളരെ വേദനയോടെ ഇനിയൊരു റമദാനെ പുല്‍കാന്‍ തനിക്കൊരവസരം ഉണ്ടാകുമോ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയാത്തത്ര നിസ്സഹായരാണ്. കാരണം ജനന മരണങ്ങള്‍ തീര്‍പ്പാക്കുന്നത് മനുഷ്യനല്ല എന്നത് തന്നെ.
"സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ തഖ്വയുള്ളവരാവാന്‍ വേണ്ടി''(അല്‍ബഖറ 183) എന്നാണു വിശുദ്ധ വേദ ഗ്രന്ദം റമദാനെ കുറിച്ച് പറഞ്ഞിട്ടുള്ളത്. അല്ലാഹു ചില വ്യക്തികളെ മറ്റു ചില വ്യക്തികളെക്കാളും, ചില സ്ഥലങ്ങളെ മറ്റു ചില സ്ഥലങ്ങളെക്കാളും, ചില മാസങ്ങളെ മറ്റു ചില മാസങ്ങളെക്കാളും, ചില ദിവസങ്ങളെ മറ്റു ചില ദിവസങ്ങളെക്കാളും, ചില സമയങ്ങളെ മറ്റു ചില സമയങ്ങളെക്കാളും ശ്രേഷ്ഠമാക്കിയിരിക്കുന്നു. റമദാന്‍ ഇങ്ങനെ ആദരിക്കപ്പെട്ട മാസങ്ങളിലൊന്നാണ്. അതിന്റെ ആദരം പിടിച്ചെടുക്കാന്‍ അക്ഷരാര്‍ത്ഥത്തില്‍ വിശ്വാസികള്‍ മത്സരിക്കുകയായിരുന്നു, തങ്ങള്‍ക്കാകുന്ന വിധത്തില്‍ , സമ്പത്ത് കൊണ്ടാനുഗ്രഹിപ്പെട്ടവര്‍ അത് അര്‍ഹാര്‍ക്ക് (?) വിതരണം ചെയ്തും, അല്ലാത്തവര്‍ തന്റെ ശരീരം കൊണ്ടും.
യുക്തിജ്ഞനായ അല്ലാഹുവിന്റെ എല്ലാ കല്‍പനകളും നിരോധങ്ങളും നടപടിക്രമങ്ങളും വ്യക്തമായ യുക്തിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. "ഇബാദത്തുകളുടെ അടിസ്ഥാനം അല്ലാഹുവന്റെ കല്‍പനകള്‍ക്ക് വിധേയമായും സൃഷ്ടികളുടെ മേലുള്ള അവന്റെ അവകാശമെന്ന നിലക്കും അവന്റെ അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിപ്രകാശനമായും അത് നിര്‍വഹിക്കപ്പെടുകയെന്നതാണ്. ഈ ഇബാദത്തുകള്‍ക്ക് മനുഷ്യന്റെ ഭൌതിക ജീവിതത്തില്‍ എന്തെങ്കിലും പ്രതിഫലനങ്ങളും ഉപകാരങ്ങളും ഉണ്ടാവുക അനിവാര്യമല്ല. മനുഷ്യന്റെ പരിമിതമായ ബുദ്ധിക്ക് ബോധ്യപ്പെടുന്ന യുക്തിയും അതിനുണ്ടായിക്കൊള്ളണമെന്നില്ല. കാരണം മനുഷ്യന് തന്റെ റബ്ബിനോടുള്ള വിധേയത്വം മനസ്സിലാക്കുകയാണതിന്റെ ലക്ഷ്യം. അതിന്റെ വിശദാംശങ്ങളുടെ രഹസ്യം മനസ്സിലാക്കുന്നതില്‍ അര്‍ഥമൊന്നുമില്ല. കാരണം അടിമ അടിമയും ഉടമ ഉടമയുമാണ്. മനുഷ്യന്‍ അവന്റെ പരിമിതി തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ അവനെത്ര ഭാഗ്യവാന്‍. മനുഷ്യന്‍ തന്റെ പരിമിതമായ ബുദ്ധിക്ക് യോജിച്ചതും യുക്തിക്ക് ബോധ്യപ്പെടുന്നതുമായ കാര്യങ്ങളിലേ അല്ലാഹുവിന് ഇബാദത്ത് ചെയ്യുകയുള്ളൂവെന്ന് ശഠിക്കുകയും മറ്റു കാര്യങ്ങളില്‍ അവന്‍ വിമുഖത കാണിക്കുകയുമാണെങ്കില്‍ യഥാര്‍ഥത്തില്‍ അവന്‍ ഇബാദത്ത് ചെയ്യുന്നത് തന്റെ യജമാനനും ഉടമയുമായ അല്ലാഹുവിനല്ല, സ്വന്തം ബുദ്ധിക്കും ദേഹേഛക്കുമാണ്'' (ഡോ. യൂസുഫുല്‍ ഖറദാവി - 'ഇബാദത്തുകള്‍ ഇസ്ലാമില്‍' പേജ് 217,218).
ഖുദ്സിയായ ഒരു ഹദീസില്‍ നബി(സ) അരുളി: "മനുഷ്യന്റെ എല്ലാ കര്‍മങ്ങളും അവനുള്ളതത്രെ; നോമ്പൊഴികെ. അതെനിക്കുള്ളതാണ്. ഞാനാണതിന് പ്രതിഫലം നല്‍കുന്നത്.'' മനുഷ്യന്‍ അനുഷ്ഠിക്കുന്ന എല്ലാ ഇബാദത്തുകളും അല്ലാഹുവിനായിരിക്കെ നോമ്പിനെ അല്ലാഹു പ്രത്യേകം തന്നിലേക്ക് ചേര്‍ത്തുപറഞ്ഞത് അത് മറ്റു ഇബാദത്തുകളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യനെ ജീവിതാസ്വാദനങ്ങളില്‍നിന്നും ജഡികേഛകളില്‍നിന്നും തടയുന്നതുകൊണ്ടും നോമ്പ് മനുഷ്യനും അല്ലാഹുവും തമ്മിലുള്ള സ്വകാര്യമായ ഒരു കര്‍മമായതുകൊണ്ടുമാണെന്ന് ഇമാം ഖുര്‍ത്വുബി അഭിപ്രായപ്പെടുന്നു. ആര്‍ക്കാണ് സ്വര്‍ഗം എന്ന ചോദ്യത്തിന് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന ഉത്തരം 'ആര്‍ അല്ലാഹുവിനെ ഭയപ്പെടുകയും സ്വന്തത്തെ ദേഹേഛയില്‍നിന്ന് തടയുകയും ചെയ്യുന്നുവോ അവന്റെ വാസസ്ഥലം സ്വര്‍ഗമത്രെ' എന്നാണ്. ഈ ആയത്തുകളെ ശഹീദ് സയ്യിദ് ഖുത്വ്ബ് വിശദീകരിക്കുന്നതിങ്ങനെ: "സ്വന്തത്തെ ദേഹേഛയില്‍നിന്ന് തടയുകയാണ് അല്ലാഹുവിനുള്ള അനുസരണത്തിന്റെ പരിധിയില്‍ ഉറച്ചുനില്‍ക്കുന്നതിനുള്ള വഴി. എല്ലാ അതിക്രമങ്ങളുടെയും പരിധി ലംഘനത്തിന്റെയും തെറ്റിന്റെയും ശക്തമായ പ്രചോദനം ദേഹേഛയാണ്. എല്ലാ വിപത്തുകളുടെയും അടിസ്ഥാനവും തിന്മയുടെ ഉറവിടവും അതുതന്നെ.'' ദേഹേഛയുടെ കുത്തൊഴുക്കിന്റെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ അല്ലാഹുവിനെക്കുറിച്ച ഭയത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം തുടര്‍ന്നെഴുതുന്നു. നോമ്പിലൂടെ വിശ്വാസി യഥാര്‍ഥത്തില്‍ സാധിക്കുന്നതും സാധിക്കേണ്ടതും ഇതുതന്നെയാണ്.
മണ്ണിന്റെയും വിണ്ണിന്റെയും അംശങ്ങള്‍- ശരീരവും ആത്മാവും- കൂടിച്ചേര്‍ന്നതാണ് മനുഷ്യന്‍ . ശരീരത്തിന് പോഷണങ്ങള്‍ ആവശ്യമുള്ളതുപോലെ ആത്മാവിനും പോഷണങ്ങള്‍ ആവശ്യമാണ്. ശരീരത്തിന്റെ പോഷണം ഭക്ഷണപാനീയങ്ങളാണെങ്കില്‍ ആത്മാവിന്റേത് മൂല്യങ്ങളാണ്. ഇവ രണ്ടിനെയും പരിപോഷിപ്പിച്ച് ശരീരവും ആത്മാവും തമ്മിലുള്ള സന്തുലനം കാത്തുസൂക്ഷിക്കുമ്പോഴാണ് മനുഷ്യന്‍ ഒരു മാതൃകാ വ്യക്തിത്വം ആയിത്തീരുന്നത്. ഇതാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസി ആര്ജിചെടുക്കേണ്ടത്. ഇങ്ങനെയുള്ള ഒരു വ്യക്തിതം അതാവണം ഇനി നമ്മുടെ ലക്‌ഷ്യം. അപ്പോള്‍ അവിശ്വാസി കൂടുതലായി നിന്നിലെക്കടുക്കുകയും, നിന്റെ സാമീപ്യം ഇഷ്ടപ്പെടുകയും ചെയ്യും.
കഴിഞ്ഞ ഒരു മാസമായി താന്‍ തന്റെ ദേഹെച്ചയോടു നടത്തിയ യുദ്ധമായിരുന്നു റമദാന്‍ , അത് മറ്റുള്ളവര്‍ക്ക് കാണിക്കാനോ, അല്ലെങ്കില്‍ അവരെ ബോധിപ്പിക്കാനോ വേണ്ടിയായിരുന്നില്ല, തന്റെ ഹൃദയത്തില്‍ നിന്നുള്ള ഉള്‍വിളിയായിട്ടാണ് വിശ്വാസി നിര്‍വഹിച്ചത്. അവന്‍ സ്വയം മാറ്റത്തിന് വിധേയനാവുകയായിരുന്നു. അതാണല്ലോ ലൈലത്തുല്‍ കദറിന്റെ രാവുകളില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിച്ചത് . പ്രാര്‍ത്ഥനാ നിരതനായി പടച്ചവന്റെ മുന്‍പില്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി നമ്മള്‍ ചിലവഴിച്ചത് , സ്വന്തം ദേഹെച്ചക്കെതിരെ തന്നെയായിരുന്നില്ലേ? നബി(സ) അരുളി: "സ്വര്‍ഗം ക്ളിഷ്ടതകള്‍ കൊണ്ട് നിറക്കപ്പെട്ടിരിക്കുന്നു. നരകമാകട്ടെ ആസ്വാദനങ്ങള്‍ കൊണ്ടും.'' അഥവാ ദുരിതങ്ങളുടെയും പ്രതിസന്ധികളുടെയും പരീക്ഷണങ്ങളുടെയും ഗിരിശൃംഗങ്ങള്‍ താണ്ടിയാലേ സ്വര്‍ഗത്തിലെത്താനാവൂ. അത് ഒഴുക്കിനെതിരെയുള്ള നീന്തലാണ്, അതിനാല്‍ തന്നെ ആയാസകരവും. ദേഹേഛക്കൊത്തുള്ള ജീവിതം ഒഴുക്കിനൊത്തുള്ള നീന്തലാണ്, എളുപ്പമാണ്. പക്ഷേ, അന്ത്യം വിനാശകരമാണ്. അതിനാല്‍ ദേഹേഛക്കെതിരെയുള്ള യുദ്ധമായ നോമ്പിലൂടെ സ്വയം അഗ്നിസ്ഫുടം ചെയ്തെടുത്തേ ശാശ്വത നരകത്തില്‍നിന്ന് രക്ഷപ്പെടാനാവൂ.
മനോബലവും നിശ്ചയദാര്‍ഢ്യതയുമാണ് എല്ലാ വിജയങ്ങളുടെയും പുരോഗതിയുടെയും അടിസ്ഥാനം. ആധുനിക മനഃശാസ്ത്ര പഠനങ്ങളെല്ലാം അക്കാര്യം അടിവരയിടുന്നുണ്ട്. മനസ്സിനെ നിര്‍വചിക്കാന്‍ ഇന്നും ശാസ്ത്രത്തിനായിട്ടില്ലെങ്കിലും മനോനില മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ പക്ഷാന്തരമില്ല. തീരുമാനങ്ങളെടുക്കാനും അതിലുറച്ച് നിന്ന് മുന്നോട്ട് പോകാനും കഴിയാത്തതിനാല്‍ ജീവിതത്തില്‍ ഒന്നും നേടാനാവാത്ത എത്ര ആളുകളാണ് നമുക്ക് ചുറ്റുമുള്ളത്. പ്രതിഭയും അനുകൂല ജീവിത ചുറ്റുപാടുകളുമുണ്ടായിട്ട് പോലും അവര്‍ മത്സരത്തില്‍ നിന്ന് പുറത്താകുന്നു. ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ പരിശീലനമാവശ്യമുള്ളത് പോലെ മനോബലം വര്‍ധിപ്പിക്കാനും പരിശീലനമാവശ്യമാണ്. അതാണ് നാം ഈ നോമ്പിലൂടെ ആര്‍ജിച്ചെടുത്തത്. ഇനി അത് കാത്തു സൂക്ഷിക്കലാണ് നമുക്ക് മുന്‍പിലുള്ള ഏറ്റവും വലിയ വെല്ലു വിളി. നമുക്ക് ചുറ്റിലുമുള്ള എല്ലാ ജാഹിലിയത്തിനോടും നമുക്ക് സലാം പറഞ്ഞു പിരിയാന്‍ മാറി നില്‍കാന്‍ സാധിക്കണം, ആ ഒരു വിധാനതിലേക്ക് നമ്മളുടെ ഇമാന്‍ ഉയര്‍ത്താന്‍ നമു ക്ക് സാധിക്കേണ്ടതുണ്ട്. ഇവിടെ വെച്ച് നമുക്ക് ഒരു തീരുമാനമെടുക്കാന്‍ സാധിക്കേണ്ടതുണ്ട്, ഇനിയെങ്കിലും എന്റെ ജീവിതം ഞാന്‍ രസൂലിന്റെ മാതൃക പിന്‍പറ്റിക്കൊണ്ട് ജീവിക്കുമെന്ന്. എന്റെ ദേഹേഛയോടായിരിക്കും എന്റെ ഏറ്റവും വലിയ സമരമെന്ന്. എന്നാല്‍ നമ്മള്‍ വിജയിച്ചു. ആ വിജയം പടച്ച നാഥന്‍ തമ്പുരാന്‍ നമുക്ക് നല്‍കുമറാകട്ടെ. അമീന്‍
വിശാസികള്‍ക്ക് രണ്ടാഘോഷങ്ങളാണ്ളളതെന്നു പ്രവാചകന്‍ ഉണര്‍ത്തുന്നു. ശവ്വാല്‍ അമ്പിളി വാനില്‍ ദ്രിശ്യമായ ഉടനെ തക്ബീര്‍ ധ്വനികളോടെ പെരുന്നാളിനെ ആവേശത്തോടെ സ്വീകരിക്കാനുള്ള ഒരുക്കം തുടങ്ങുകയായി. പെരുന്നാളിന് ആരും പട്ടിണി കിടക്കെരുതെന്നു ഉദ്ദേശിച്ചു കൊണ്ട് ഫിതര്‍ സകാത്ത് നല്കാന് കല്പിക്കപീട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ അരങ്ങേറുന്ന പെരുന്നാള്‍ ദിന കോപ്രായങ്ങള്‍ എന്തിന്റെ പേരിലാണ് നമുക്ക് ഇവരെ പിന്തുണക്കാന്‍ സാധിക്കുക? ഇതിനു ആരാണ് ഇവര്‍ക്ക് അനുവാദം നല്‍കിയത്.?കഴിഞ്ഞ പെരുന്നാളിനുണ്ടായ അനിഷ്ട സംഭവങ്ങള്‍ പൊതു സമൂഹത്തിനു ഇനിയും മറക്കാന്‍ സാധിക്കുമോ? പടക്കം പൊട്ടിച്ചും, ബൈക്ക് റാലി സംഘടിപ്പിച്ചുമല്ല നിങ്ങള്‍ , നിങ്ങളുടെ ഹുങ്ക് പ്രദര്‍ശിപ്പിക്കേണ്ടത്, മറിച്ചു ഒരു നേരത്ത ഭക്ഷണത്തിന്, അര ചാണ്‍ വയറു നിറക്കാന്‍ പാട് പെടുന്ന പാവങ്ങള്‍ക്ക് പെരുന്നാള്‍ വിഭാവമെത്തിചിട്ടാവണം.പ്രലോഭനങ്ങളിലും പ്രകൊപനങ്ങളിലും നമ്മള്‍ വശം വതരാകാന്‍ പാടില്ല. പല തരത്തിലും നമ്മളെ പ്രകൊപിപ്പിക്കാനുള്ള ശ്രമങ്ങള്‍ സമൂഹത്തിന്റെ പല ഭാഗത്ത് നിന്നും നടന്നു വരുന്നുണ്ട്. പ്രലോഭനങ്ങളെ വിജയകരമായി അതിജയിക്കുന്നവര്‍ പോലും ചിലപ്പോള്‍ പ്രകോപനങ്ങളുടെ മുമ്പില്‍ കാലിടറി വീഴുന്നു. നോമ്പ് പ്രലോഭനങ്ങള്‍ക്കെതിരിലുള്ളതെന്ന പോലെ പ്രകോപനങ്ങള്‍ക്കെതിരിലുമുള്ള സംയമനത്തിന്റെയും ക്ഷമയുടെയും പരിചയാണ്. നബി(സ) അരുളി "നോമ്പ് പരിചയാണ്. നിങ്ങള്‍ നോമ്പുകാരനായിരിക്കെ അശ്ളീലം പ്രവര്‍ത്തിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത്. അവനെയാരെങ്കിലും ആക്ഷേപിക്കുകയോ അവനോടാരെങ്കിലും കലഹിക്കുകയോ ചെയ്താല്‍, അവന്‍ നോമ്പു കാരനാണെന്ന് പറഞ്ഞു കൊള്ളട്ടെ". നോമ്പിലൂടെ നാം ആര്‍ജിച്ചെടുത്ത ഈ ഗുണം ഒറ്റ ദിവസം കൊട്നു തന്നെ കളഞ്ഞു കുളിക്കാന്‍ ഇട വരുത്തരുത്. "എന്നെ ഉപദേശിച്ചാലും'' എന്ന് പറഞ്ഞ് ഒരാള്‍ സമീപിച്ചപ്പോള്‍ നബി(സ) അദ്ദേഹത്തോട് പറഞ്ഞത് കോപിക്കരുതെന്നാണ്. കോപാന്ധനാകുമ്പോള്‍ നിലയും വിലയും മറക്കുകയും മൃഗസമാനനായി പരിസരബോധം മറന്ന് പ്രതികരിക്കുകയും ചെയ്യുന്നു. അതിനാലാണ് നബി(സ) പറഞ്ഞത്: "മല്‍പ്പിടുത്തത്തില്‍ പ്രതിയോഗിയെ തോല്‍പിക്കുന്നവനല്ല ശക്തന്‍, പ്രത്യുത കോപം വരുമ്പോള്‍ നിയന്ത്രിക്കുന്നവനാണ്'' എന്ന്. "റമദാന്‍ സമാഗതമാവുകയും എന്നിട്ട് പാപങ്ങള്‍ പൊറുക്കപ്പെടാതെ ആ മാസം കഴിഞ്ഞു പോവുകയും ചെയ്തവര്‍ക്ക് നാശം'' എന്ന് ഒരു വിഭാഗത്തെ നബി(സ്) കുറിച്ച് അരുള്‍ ചെയ്തിട്ടുണ്ട്, ഒരു പക്ഷെ പെരുന്നാള്‍ തലേന്നു നടത്തുന്ന ഇത്തരം ഹീന കൃത്യങ്ങള്‍ കാരണം നമ്മളും ഇതില്‍ ഉള്‍പെട്ടു പോയേക്കാം, അതിനിടിയായിക്കൂടാ. നേരത്തെ ഇവിടെ സൂചിപ്പിച്ചത് പോലെ അവസാനം ടൌണില്‍ വരുന്നവര്‍ എങ്ങനെയെങ്കിലും സ്വരുക്കൂട്ടിയ / സദകയായി ലഭിച്ച നാണയത്തുട്ടുകള്‍ ഉപയോഗിച്ച് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പെരുന്നാള്‍ ഉടുപ്പുകളും മറ്റും വാങ്ങാന്‍ വരുന്നവരായിരിക്കും, നിങ്ങളുടെ ചെയ്തികള്‍ മൂലം അവരുടെ പെരുന്നാളുകള്‍ കൂടി നഷ്ടപ്പെടുന്നു എന്നോര്‍ക്കുന്നത് നന്ന്. അതിനിടവരരുത്തരുത്. എന്നാലെ നമ്മുടെ കഴിഞ്ഞ മുപ്പതു ദിവസത്തെ പ്രാര്‍ത്ഥന അര്‍ത്ഥവതതാവുകയുള്ളൂ . കാസര്‍കോട് ടൌണിലെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പള്ളി ഇമാമുകള്‍ ചേര്‍ന്ന് സംഘടിതമായി മുന്നോട്ടു വന്നത് നല്ല കാര്യം, എന്നാല്‍ അക്രമികള്‍ ആരായാലും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി ബന്ദപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും വേണം. ഇപ്രാവശ്യമെങ്കിലും കാസര്‍കൊട്കാര്‍ ഒരു സമാധാന പൂര്‍ണമായ പെരുന്നാള്‍ ആഘോഷിക്കാം എന്ന് നമുക്ക് പ്രതീക്ഷിക്കാം.
എല്ലാ വായനക്കാര്‍കും ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍
No comments:
Post a Comment