എന്‍ഡോസള്‍ഫാന്‍ - മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്
എം.എ. റഹ്മാന്‍
കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലധികമായി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷബാധിത മേഖലകളിലെ സഹജീവികളുടെ ദുരന്തം നേരിട്ടറിയുന്ന ഒരു പൗരന്‍ എന്ന നിലയിലാണ് ഈ തുറന്ന കത്തെഴുതുന്നത്. കഴിഞ്ഞ ചില ദിവസങ്ങളിലായി മാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ഒരു പ്രസ്താവന നിറഞ്ഞുനില്‍ക്കുന്നു. ആ പ്രസ്താവനക്കു കാരണമായ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് ആരോഗ്യ വകുപ്പ് അയച്ച ഒരു കത്തും അതിലെ ഉള്ളടക്കവും ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. മെഡിക്കല്‍ കോളേജിന്റെ ആരോഗ്യ റിപ്പോര്‍ട്ട് കുറ്റമറ്റതാക്കാനാണ് ആരോഗ്യവകുപ്പ് കത്തയച്ചത് എന്ന് തുറന്നു സമ്മതിച്ചതില്‍ താങ്കളെ അഭിനന്ദിക്കുന്നു. പക്ഷേ, ഇങ്ങനെ തുറന്നു സമ്മതിച്ച് ആ കത്തിനെ പിന്താങ്ങുമ്പോള്‍ നിഷ്പക്ഷമായി കാര്യങ്ങള്‍ ചെയ്യുമെന്ന് സത്യപ്രതിജ്ഞ ചെയ്ത താങ്കള്‍ അത് ലംഘിക്കുകയല്ലേ ചെയ്തിരിക്കുന്നത്.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രമാദമായ ഒരു കേസിലെ പ്രധാന പ്രതി സര്‍ക്കാരും കീടനാശിനി നിര്‍മാണ കമ്പനിയുമാണ്. നിര്‍മാണ കമ്പനിയുടെ പ്രതിനിധിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കയക്കാന്‍ കത്തയക്കുമ്പോള്‍ താങ്കള്‍ വേട്ടക്കാരുടെ പക്ഷം ചേരുകയാണ് എന്നു തോന്നിപ്പോകുന്നു. യു.എന്‍. അംഗീകരിച്ച ആഗോള നിരോധവും സുപ്രീംകോടതി നിരോധവും വന്നതോടെ ഇരകളുടെ കൂടെ നില്‍ക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നിരിക്കേ താങ്കള്‍ പ്രത്യക്ഷമായിത്തന്നെ പ്രതിഭാഗത്ത് ചേര്‍ന്നിരിക്കുന്നു. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ കൈകടത്താന്‍ സര്‍ക്കാറിനോ, കമ്പനിക്കോ ഒരവകാശവുമില്ല. ഏറ്റവും കുറ്റമറ്റ റിപ്പോര്‍ട്ടാണ് കോടതി നിയോഗിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ചിരിക്കുന്നത്. അതില്‍ കുഴപ്പമുണ്ടെങ്കില്‍ കോടതിയാണ് കണ്ടെത്തുക. കീടനാശിനി കമ്പനിയല്ല. കീടനാശിനി പ്രതിനിധിക്ക് പരാതിയുണ്ടെങ്കില്‍ കോടതിയിലാണ് അത് നല്‍കേണ്ടത്. സര്‍ക്കാറും കീടനാശിനി കമ്പനിയും പ്രതിയായ ഒരു കേസില്‍ പ്രതിയെ വിദഗ്ധസമിതിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഒരു കത്തിനെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അത് ഭരണഘടനാ വിരുദ്ധമായ ഒരു പ്രവൃത്തിയായി മാറുകയല്ലേ?
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രമാദമായ ഒരു കേസിലെ പ്രധാന പ്രതി സര്‍ക്കാരും കീടനാശിനി നിര്‍മാണ കമ്പനിയുമാണ്. നിര്‍മാണ കമ്പനിയുടെ പ്രതിനിധിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കയക്കാന്‍ കത്തയക്കുമ്പോള്‍ താങ്കള്‍ വേട്ടക്കാരുടെ പക്ഷം ചേരുകയാണ് എന്നു തോന്നിപ്പോകുന്നു. യു.എന്‍. അംഗീകരിച്ച ആഗോള നിരോധവും സുപ്രീംകോടതി നിരോധവും വന്നതോടെ ഇരകളുടെ കൂടെ നില്‍ക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നിരിക്കേ താങ്കള്‍ പ്രത്യക്ഷമായിത്തന്നെ പ്രതിഭാഗത്ത് ചേര്‍ന്നിരിക്കുന്നു. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ കൈകടത്താന്‍ സര്‍ക്കാറിനോ, കമ്പനിക്കോ ഒരവകാശവുമില്ല. ഏറ്റവും കുറ്റമറ്റ റിപ്പോര്‍ട്ടാണ് കോടതി നിയോഗിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ചിരിക്കുന്നത്. അതില്‍ കുഴപ്പമുണ്ടെങ്കില്‍ കോടതിയാണ് കണ്ടെത്തുക. കീടനാശിനി കമ്പനിയല്ല. കീടനാശിനി പ്രതിനിധിക്ക് പരാതിയുണ്ടെങ്കില്‍ കോടതിയിലാണ് അത് നല്‍കേണ്ടത്. സര്‍ക്കാറും കീടനാശിനി കമ്പനിയും പ്രതിയായ ഒരു കേസില്‍ പ്രതിയെ വിദഗ്ധസമിതിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഒരു കത്തിനെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അത് ഭരണഘടനാ വിരുദ്ധമായ ഒരു പ്രവൃത്തിയായി മാറുകയല്ലേ?
കീടനാശിനി പ്രതിനിധി സുപ്രീംകോടതിയില്‍ പോകുമെന്ന് പറഞ്ഞ് വക്കീല്‍ നോട്ടീസയച്ചപ്പോഴാണ് റിപ്പോര്‍ട്ട് കുറ്റമറ്റതാക്കാന്‍ ഈ കത്തയച്ചതെന്ന് താങ്കള്‍ തുറന്നു സമ്മതിക്കുന്നു. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നിര്‍ദേശങ്ങള്‍ അപ്പടി സ്വീകരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. കീടനാശിനി പ്രതിനിധിയെ സുപ്രീംകോടതിയില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നില്ലേ ഭരണഘടനാപരമായ നീതി. പകരം പ്രതിനിധിയുടെ ആവശ്യം അനുവദിച്ചു കൊടുക്കാനുള്ള നടപടികള്‍ ഭരണകൂടം കൈക്കൊള്ളുമ്പോള്‍ റിപ്പോര്‍ട്ട് കുറ്റമറ്റതാവുകയല്ല മറിച്ച് ആ കുറ്റത്തില്‍ സര്‍ക്കാര്‍ പങ്കാളിയാവുകയാണ് ചെയ്യുന്നത്. ഇതേ പ്രതിനിധി തന്നെയാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെ മുമ്പ് വക്കീല്‍ നോട്ടീസയച്ചത്. യഥാര്‍ഥത്തില്‍ ആ വക്കീല്‍നോട്ടീസുകള്‍ സത്യസന്ധമായി സേവനം ചെയ്യുന്ന ആരോഗ്യശാസ്ത്രജ്ഞര്‍ക്കുള്ള ഭീഷണികളായിരുന്നു. അന്ന് അവര്‍ക്ക് സുരക്ഷയും സംരക്ഷണവും നല്‍കുന്ന ഒരു നടപടിയും സര്‍ക്കാര്‍ എടുത്തില്ല, ഡോക്ടര്‍മാര്‍ സര്‍ക്കാറിന് പരാതി നല്‍കിയിട്ടു കൂടി. എന്നാല്‍ , കീടനാശിനി പ്രതിനിധി കോടതിയില്‍ പോകുമെന്ന് പറഞ്ഞ് വക്കീല്‍ നോട്ടീസ് അയച്ചപ്പോള്‍ സര്‍ക്കാര്‍ അയാളുടെ ആവശ്യം നിര്‍വഹിക്കാന്‍ തത്രപ്പെട്ടു. പരമോന്നത കോടതിയില്‍ നടക്കുന്ന, ലോകം ഉറ്റുനോക്കുന്ന ഒരു പ്രൊസീഡിങ്ങിനുവേണ്ടി സേവനം ചെയ്യുന്ന ഡോക്ടര്‍മാരെ തടസ്സപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ച കീടനാശിനി പ്രതിനിധിയുടെ പേരില്‍ ക്രിമിനല്‍ കേസെടുക്കുന്നതിനു പകരം അയാളെ കാണാന്‍ താല്‍പര്യമുണ്ടോ എന്ന് ആ ഡോക്ടര്‍മാരോട് ആവശ്യപ്പെടുന്നത് നീതിയുക്തമാണോ?
2003 ല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്കുപേഷനല്‍ ഹെല്‍ത്തിന്റെ എന്‍ഡോസള്‍ഫാന്‍ കുറ്റവാളിയെന്ന് പ്രഖ്യാപിച്ച ആധികാരിക പഠനം ഐ.സി.എം.ആര്‍ അവതരിപ്പിച്ചപ്പോള്‍ അതിനെയും അട്ടിമറിച്ചത് ഇതേ പ്രതിനിധിയാണ്. ഈ വിവരം താങ്കള്‍ക്കും സര്‍ക്കാറിനും അറിയാത്തതല്ല. അന്ന് ആ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ തെളിവായി എത്തിയിരുന്നെങ്കില്‍ ഈ ഒരു ദശകത്തെ നരകജീവിതമോ സമരസന്നാഹങ്ങളോ ഇരകള്‍ക്ക് വേണ്ടിവരുമായിരുന്നില്ല. അന്ന് ആ പഠനത്തെ തള്ളിക്കളഞ്ഞ് കേന്ദ്ര കൃഷിവകുപ്പ് സ്വീകരിച്ചത് കേരള സര്‍ക്കാര്‍ ഒത്താശയില്‍ (അന്നും താങ്കളുടെ സര്‍ക്കാര്‍ തന്നെയാണ് കേരളം ഭരിച്ചിരുന്നത്) പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തയാറാക്കിയ പഠനമാണ്. എന്‍ഡോസള്‍ഫാന്‍ കുറ്റവാളിയല്ലെന്ന് പ്രഖ്യാപിച്ച, കേരളത്തിന്റെ ഖജനാവില്‍നിന്ന് എട്ടു ലക്ഷം രൂപ ചെലവാക്കിയ ആ വ്യാജ പഠനവും മറ്റു തിരിമറികളും ഒരു ദശകം മുമ്പത്തെ ഇതേ പോലുള്ള അവിശുദ്ധ ഇടപെടലായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം.
കോഴിക്കോട് മെഡിക്കല്‍ കോളജാണ് അത് തയാറാക്കിയതെങ്കിലും കറതീര്‍ത്ത് ഊതിക്കാച്ചിയെടുത്ത വിലപ്പെട്ട ഒരു ആരോഗ്യരേഖയാണത്. അതിനു മുകളില്‍ കീടനാശിനി ലോബിയുടെ അവിശുദ്ധമായ കയ്യൊപ്പ് പതിയാന്‍ ഇടവരുത്തുന്ന ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നീചമായ ഇടപെടലാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അതിനെ ന്യായീകരിക്കുമ്പോള്‍ താങ്കള്‍ നിസ്സഹായരായ ഇരകളെ നരകത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് താങ്കള്‍ പറയുന്നു. മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച 120 കോടി രൂപയുടെ നഷ്ടപരിഹാരം സാമൂഹികക്ഷേമ വകുപ്പും ആരോഗ്യ വകുപ്പും പ്രതിയായ പ്ലാന്റേഷന്‍ കോര്‍പറേഷനോട് സര്‍ക്കാറിലേക്ക് ഗഡുക്കളായി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നല്ലോ. അതിലെ ആദ്യത്തെ ഗഡുവായ 58 കോടി രൂപ ചോദിച്ചപ്പോള്‍ അത് നിരാകരിച്ച പ്ലാന്റേഷന്‍ കോര്‍പറേഷനോട് അത് നല്‍കേണ്ടതില്ലെന്ന് അറിയിച്ചതും താങ്കളുടെ മന്ത്രിസഭയാണ്. ഇതിന് രണ്ടു മാസം മുമ്പ് ആ ഉത്തരവില്‍ ഒപ്പിട്ട ചീഫ് സെക്രട്ടറിയോടാണ് ഇപ്പോള്‍ താങ്കള്‍ നഷ്ടപരിഹാര പ്രൊപോസല്‍ ഉണ്ടാക്കാനാവശ്യപ്പെടുന്നത്. നഷ്ടപരിഹാരം ഇനി ആര് നല്‍കുമെന്നും അന്ന് ആ ഉത്തരവില്‍ പറഞ്ഞിട്ടില്ല. ഇതിലെ പ്രധാന പ്രതിയായ പ്ലാന്റേഷന്‍ കോര്‍പറേഷന് 2010 ല്‍ ഏതാണ്ട് 70 കോടി രൂപ ലാഭം കിട്ടിയതായി അറിയാം. എന്‍ഡോസള്‍ഫാന്‍ തളി നിര്‍ത്തിയപ്പോഴാണത്. അവരുടെ വാര്‍ഷിക വരുമാനം 122 കോടിയായി ഉയര്‍ന്നിട്ടുമുണ്ട്. കഴിഞ്ഞ 34 കൊല്ലമായി അവര്‍ പാട്ടക്കുടിശ്ശിക ഇനത്തില്‍ 70 കോടിയില്‍ അധികം കേരള സര്‍ക്കാറിലേക്ക് അടക്കാനുമുണ്ട്. ഇത്തവണ അവര്‍ കാസര്‍ക്കോട് കശുവണ്ടി സംസ്കരണ ഫാക്ടറി തുറക്കുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഏതാണ്ട് 60 കോടിയാണത്രേ അതിന്റെ ചെലവ്. ഒരു ദിനം ഒരാള്‍ മരിക്കുന്ന ഞങ്ങളുടെ മണ്ണിലേക്ക് സംസ്കരണ ഫാക്ടറികള്‍ തന്നെയാണാവശ്യം. പക്ഷേ അത് കശുവണ്ടിക്കാവരുത്. കാസര്‍ക്കോടിന്റെ 5000 ഹെക്ടര്‍ ഭൂമിയും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈയിലാണ്. എന്നിട്ടും അവരുടെ കൈയില്‍ പണമില്ലെന്ന് പറയുമ്പോള്‍ അവരെ ഒഴിവാക്കി അവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കി താങ്കള്‍ ചീഫ് സെക്രട്ടറിയോട് നഷ്ടപരിഹാരത്തിനുള്ള വേറെ പ്രൊപ്പോസല്‍ തയാറാക്കാന്‍ ആവശ്യപ്പെടുന്നു.
ഈ ഇരകള്‍ക്ക് ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച ആശ്വാസധനമാണ് അങ്ങ് അടിയന്തരമായി നല്‍കേണ്ടത്. മരിച്ചവര്‍ക്ക് അഞ്ചു ലക്ഷവും ജീവിച്ചിരിക്കുന്നവര്‍ക്ക് മൂന്നു ലക്ഷവുമാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച ആശ്വാസധനം. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്ലാന്റേഷന്‍ കോര്‍പറേഷനില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം. അവര്‍ തയാറായില്ലെങ്കില്‍ നിയമപരമായി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം; പാവപ്പെട്ട ഇരകളുടെ നികുതിയും ബാങ്ക് ലോണും പിടിച്ചെടുക്കുന്ന പോലെ. കേന്ദ്ര മെഡിക്കല്‍ കോളജ് കേന്ദ്ര സര്‍വകലാശാലാ ആസ്ഥാനമായ കാസര്‍കോടുതന്നെ സ്ഥാപിക്കുകയും ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും ചെയ്യുമ്പോള്‍ സ്വാതന്ത്രൃാനന്തര കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഭീകരതയിലെ പരാജയപ്പെട്ട ഈ ഇടപെടലിന്നെതിരായ പ്രായശ്ചിത്തവുമാവും അത്. നഷ്ടപരിഹാരം എന്നത് ഭരണകൂട പരീക്ഷണശാലയിലെ ഓരോ ജീവിക്കും ഇതിന്റെ പിന്നാലെ നടപ്പിലാക്കേണ്ട ഭരണഘടനാപരമായ ഒരവകാശമാണെന്നതും താങ്കള്‍ മറക്കാതിരിക്കുക. അത് ഈ പാതകങ്ങള്‍ മുഴുവന്‍ ചെയ്ത പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ആസ്തിയില്‍നിന്നും ലാഭത്തില്‍നിന്നുമാണ് ഈടാക്കേണ്ടത്. അല്ലാതെ നികുതിദായകന്റെ വിയര്‍പ്പില്‍നിന്നല്ല. കീടനാശിനി കമ്പനിയില്‍നിന്ന് അത് നേടിയെടുക്കാന്‍ സര്‍ക്കാറിന്റെ മെഷിനറിയായ പ്ലാന്റേഷന്‍ കോര്‍പറേഷന് ബാധ്യതയുണ്ട്. മേയ് പത്തിന് കാസര്‍കോട്ട് ഒപ്പു മരച്ചുവട്ടില്‍ കേരളത്തിന്റെ സാംസ്കാരിക കൂട്ടായ്മ ഈയാവശ്യത്തിനായി ഒത്തുചേരുകയാണ്, ഇരകള്‍ക്കുവേണ്ടി.
1 comment:
കത്ത് കൊള്ളാം പ്രിയാ
ആശംസകൾ
Post a Comment