(സകാത്ത് സംബന്ധമായ സംശയങ്ങള്‍ക്കുള്ള മറുപടി ചോദ്യോത്തര രൂപത്തില്‍)
|
ഇസ്ലാമിക ശരീഅത്തില്‍ സകാത്തിനുള്ള സ്ഥാനമെന്താണ്?
ഇസ്ലാമിന്റെ അഞ്ച് മൌലിക കാര്യങ്ങളില്‍ ഒന്നാണ് സകാത്ത്. ഇസ്ലാമാകുന്ന കെട്ടിടം താങ്ങിനിര്‍ത്തുന്ന പഞ്ചസ്തംഭങ്ങളില്‍ ഒന്ന്. നബി(സ) പ്രസ്താവിച്ചു.
"ഇസ്ലാം അഞ്ച് സ്തംഭങ്ങളിലാണ് പണിതുയര്‍ത്തപ്പെട്ടിട്ടുള്ളത്: അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, റമദാനില്‍ നോമ്പനുഷ്ഠിക്കുക, പരിശുദ്ധ കഅ്ബാ മന്ദിരത്തില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക.''
വിശുദ്ധ ഖുര്‍ആനിലെ ഇരുപത്തിയേഴ് സൂക്തങ്ങളില്‍ നമസ്കാരത്തിന്റെ കൂടെ സകാത്തും പരാമര്‍ശിക്കപ്പെട്ടിട്ടുണട്. ആരാധനാകര്‍മങ്ങളില്‍ നമസ്കാരത്തിനു ശേഷം സകാത്തിനാണ് കൂടുതല്‍ സ്ഥാനമെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. പൂര്‍വകാല പ്രവാചകന്മാര്‍ക്കും അവരുടെ അനുചരന്മാര്‍ക്കും നമസ്കാരംപോലെ സകാത്തും നിര്‍ബന്ധമാക്കപ്പെട്ടിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഇബ്റാഹീം നബിയെക്കുറിച്ചും അദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍പെട്ട മറ്റു ചില പ്രവാചകന്മാരെക്കുറിച്ചും പരാമര്‍ശിച്ച ശേഷം അല്ലാഹു പറയുന്നു: "നാം അവരെ നമ്മുടെ ആജ്ഞാനുസാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളുമാക്കി. അവര്‍ക്കു നാം ദിവ്യബോധനം വഴി സില്‍ക്കര്‍മങ്ങള്‍ ചെയ്യാനും നമസ്കാരം നിലനിര്‍ത്താനും സകാത്ത് നല്‍കാനും നിര്‍ദേശം നല്‍കി. അവര്‍ നമുക്ക് കീഴ്പ്പെട്ട് ജീവിക്കുന്നവരായിരുന്നു'' (അല്‍ അന്‍ബിയാഅ് 73).
ഇസ്മാഈല്‍(അ), ഈസാ(അ) എന്നീ പ്രവാചകന്മാരെക്കുറിച്ചും ഖുര്‍ആന്‍ ഇപ്രകാരം പറഞ്ഞിട്ടുണട് (മര്‍യം 31, 55).നബി(സ)യുടെ മക്കാ ജീവിതകാലത്തുതന്നെ സകാത്ത് സംബന്ധിച്ച വിധി അവതീര്‍ണമായിരുന്നുവെങ്കിലും വിശദാംശങ്ങള്‍ അറിയിക്കപ്പെട്ടത് ഹിജ്റ രണടാം വര്‍ഷമാണ്.സകാത്ത് നല്‍കാന്‍ പ്രേരണ നല്‍കുന്ന ധാരാളം സൂക്തങ്ങള്‍ ഖുര്‍ആനിലുണട്. ഒരു സൂക്തത്തില്‍ നബി(സ)യോട് സമ്പന്നരില്‍നിന്ന് സകാത്ത് വാങ്ങാന്‍ കല്‍പിക്കുന്നു:
"അവരുടെ ധനങ്ങളില്‍നിന്ന്, അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന ദാനം നീ വസൂല്‍ ചെയ്യുക'' (അത്തൌബ 103).പാരത്രികലോകത്ത് സ്വര്‍ഗാവകാശികളുടെ ഉത്തമ ഗുണങ്ങള്‍ വിവരിക്കവെ അല്ലാഹു പറഞ്ഞു:
"അവരുടെ ധനങ്ങളില്‍ ആവശ്യക്കാര്‍ക്കും അഗതികള്‍ക്കും അവകാശമുണട്'' (അദ്ദാരിയാത്ത് 19).
ദൈവികസഹായത്തിന് അര്‍ഹരാവുന്ന സത്യവിശ്വാസികളുടെ സവിശേഷത വിവരിച്ചുകൊണട് അല്ലാഹു പറയുന്നു:
"നാം അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കുകയാണെങ്കില്‍ അവര്‍ നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നതാണ്'' (അല്‍ ഹജ്ജ് 41).അധികാരലബ്ധിയുടെ സുപ്രധാനമായ ഒരു ലക്ഷ്യം സകാത്ത് വ്യവസ്ഥയുടെ സംസ്ഥാപനമാണെന്ന് ഈ ഖുര്‍ആന്‍ സൂക്തം വ്യക്തമാക്കുന്നു.
സകാത്ത് നിയമമാക്കിയതിന്റെ ലക്ഷ്യമെന്താണ്?
സകാത്ത് നിര്‍ബന്ധമാക്കിയതിന് രണട് ലക്ഷ്യമുണട്:
ഒന്ന്, സകാത്ത് ദാതാവുമായി ബന്ധപ്പെട്ടതാണ്.
രണട്, സകാത്തിന്റെ ഉപഭോക്താക്കളുമായും ഇസ്ലാമിക സമൂഹവുമായും ബന്ധപ്പെട്ടത്. ദാതാവുമായി ബന്ധപ്പെട്ട ലക്ഷ്യം അയാളുടെ ആത്മസംസ്കരണവും പരക്ഷേമതല്‍പരതയുമാണ്.
താന്‍ അധ്വാനിച്ചുണടാക്കിയ ധനത്തില്‍നിന്ന് സമൂഹത്തിലെ അവശര്‍ക്ക് നിശ്ചിത ശതമാനം നല്‍കുകവഴി ആ വ്യക്തിയുടെ ആത്മസംസ്കരണം സാധിക്കുകയും ധനം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു.സകാത്തിന്റെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട കാര്യം, വിവിധ തരം വിഷമതകള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് സകാത്ത് വലിയ ആശ്വാസം നല്‍കുന്നു എന്നതാണ്. ഇസ്ലാമിക സമൂഹത്തിന്റെ പല പൊതു ആവശ്യങ്ങള്‍ക്കും സകാത്ത് വ്യവസ്ഥ സഹായകമാവുന്നു. സകാത്ത് എന്ന വാക്കിന്റെ അര്‍ഥം തന്നെ സംസ്കരണം, വളര്‍ച്ച എന്നൊക്കെയാണ്.
സകാത്ത് നല്‍കാത്തവരുടെ വിധിയെന്താണ്?
ഇസ്ലാമിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നായ സകാത്ത് നിര്‍ബന്ധമാണെന്ന വസ്തുത ആരെങ്കിലും നിഷേധിച്ചാല്‍ അയാള്‍ ഇസ്ലാമികവൃത്തത്തില്‍നിന്ന് പുറത്തുപോകും. സകാത്ത് നിര്‍ബന്ധമാണെന്ന കാര്യം അംഗീകരിക്കുകയും എന്നാല്‍ നല്‍കാതിരിക്കുകയുമാണെങ്കില്‍ ഇസ്ലാമില്‍നിന്ന് പുറത്തുപോവുകയില്ലെങ്കിലും അതൊരു മഹാപാതകമായാണ് എണ്ണപ്പെടുക. ബലപ്രയോഗത്തിലൂടെ അയാളില്‍നിന്ന് സകാത്ത് പിടിച്ചുവാങ്ങാന്‍ ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്ക് അധികാരമുണട്.
സകാത്ത് എല്ലാവര്‍ക്കും നിര്‍ബന്ധമുണേടാ?
നമസ്കാരം പോലെ സകാത്ത് എല്ലാവര്‍ക്കും നിര്‍ബന്ധമില്ല. സകാത്ത് ബാധകമാകുന്ന ഒരു നിശ്ചിതതുക കൈവശമുള്ളവര്‍ക്കേ അത് ബാധകമാവൂ.
ആ നിശ്ചിത തുക ഒരാളുടെ കൈവശം വന്നാല്‍ ഉടനെ അതിന്റെ സകാത്ത് നല്‍കണമോ? ഉടന്‍ നല്‍കേണടതില്ല. അയാളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വാഹനം, തൊഴിലുപകരണങ്ങള്‍ എന്നീ അത്യാവശ്യങ്ങള്‍ കഴിച്ചുള്ളതായിരിക്കണം ആ തുക. ഒരു വര്‍ഷം ആ സംഖ്യ അയാളുടെ കൈവശം സ്റോക്കുണടായിരിക്കുകയും വേണം. സകാത്ത് നിര്‍ബന്ധമാകുന്ന അത്ര തുക കൈവശം വന്ന അന്നുമുതലാണ് വര്‍ഷം കണക്കാക്കേണടത്. വര്‍ഷം കൊണടുള്ള ഉദ്ദേശ്യം ചാന്ദ്രവര്‍ഷമാണ്. പൂര്‍വികരും സമകാലികരുമായ ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായമാണിത്. എന്നാല്‍ പുതുതായി കൈയില്‍ വരുന്ന ധനത്തിന് സകാത്ത് ബാധകമാകാന്‍ വര്‍ഷം തികയേണടതില്ല എന്ന അഭിപ്രായവും പണ്ഡിതന്മാര്‍ക്കുണട്.
ഒരാളുടെ കൈവശം സകാത്ത് നിര്‍ബന്ധമാകുന്നത്ര ധനമുണട്. അയാള്‍ക്ക് കടവുമുണട്. എങ്കില്‍ അയാള്‍ സകാത്ത് നല്‍കേണടതുണേടാ?
കടം വീട്ടിക്കഴിഞ്ഞാലും സകാത്ത് നിര്‍ബന്ധമാകുന്ന അത്ര ധനം കൈവശമുള്ളവര്‍ മാത്രമേ സകാത്ത് നല്‍കേണടതുള്ളൂ. അതില്‍ കുറവാണെങ്കില്‍ സകാത്ത് നിര്‍ബന്ധമില്ല.
സകാത്ത് നിര്‍ബന്ധമുള്ള ഒരു വ്യക്തി മരണപ്പെടുകയാണെങ്കില്‍ അയാളുടെ അനന്തര സ്വത്തില്‍ നിന്ന് അത് നല്‍കേണടതുണേടാ?
സകാത്ത് നിര്‍ബന്ധമായ വ്യക്തി അത് നല്‍കാതെ മരണപ്പെടുകയാണെങ്കില്‍ അയാളുടെ അനന്തര സ്വത്തില്‍ നിന്ന് അത് നല്‍കല്‍ അനന്തരാവകാശികളുടെ ബാധ്യതയാണ്. വസ്വിയ്യത്തും കടവും കഴിച്ചാണ് അനന്തരസ്വത്ത് ഭാഗിക്കേണടതെന്ന് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞിരിക്കുന്നു. അല്ലാഹുവിനുള്ള കടമാണല്ലോ സകാത്ത്. സകാത്ത് നല്‍കുന്ന ആള്‍ നല്‍കപ്പെടുന്ന ആളോട് സകാത്ത് സംഖ്യയാണ് എന്ന് പറയേണടതുണേടാ? പറയേണടതില്ല. സകാത്ത് ഒരാരാധനാ കര്‍മമായതിനാല്‍ 'നിയ്യത്ത്' (ഉദ്ദേശ്യം) ഉണടായിരിക്കണമെന്നു മാത്രം. അല്ലാഹു നിര്‍ബന്ധമാക്കിയ സകാത്ത് അവന്റെ മാത്രം പ്രീതി ഉദ്ദേശിച്ച് ഞാന്‍ നല്‍കുന്നു എന്ന് മനസ്സില്‍ കരുതിയാല്‍ മതി.
സകാത്ത് നിര്‍ബന്ധമായ വ്യക്തി അത് ഉടനെ നല്‍കേണടതുണേടാ?
സകാത്ത് നിര്‍ബന്ധമായ വ്യക്തി അത് ഉടനെ നല്‍കുകയാണ് വേണടത്. അകാരണമായി അത് പിന്തിക്കാന്‍ പാടില്ല. നല്‍കുന്നതിന് എന്തെങ്കിലും തടസ്സമുണടാവുകയാണെങ്കില്‍ അത് നീങ്ങുന്നതുവരെ പിന്തിക്കുന്നതിന് വിരോധമില്ല. സമയമാകുന്നതിനു മുമ്പ് ഒരാള്‍ തന്റെ സകാത്ത് നല്‍കുകയാണെങ്കില്‍ അത് സാധുവാകുമോ? സാധുവാകും. സാമൂഹികാവശ്യം പരിഗണിച്ച് ഒരാള്‍ തന്റെ സകാത്ത് ഒന്നോ രണേടാ വര്‍ഷം മുമ്പ് നല്‍കുകയാണെങ്കില്‍ അതിന് വിരോധമില്ല. നബി(സ) പിതൃവ്യന്‍ അബ്ബാസി(റ)ല്‍ നിന്ന് രണടു വര്‍ഷത്തെ സകാത്ത് മുന്‍കൂറായി വാങ്ങിയതാണ് ഇതിന് തെളിവ്.
സകാത്ത് ബാധകമാകുന്ന സമ്പത്ത്
ഏതെല്ലാം സമ്പത്തിലാണ് സകാത്ത് നിര്‍ബന്ധമാകുന്നത്?
സ്വര്‍ണം, വെള്ളി, കാര്‍ഷികോല്‍പന്നങ്ങള്‍, കച്ചവടച്ചരക്കുകള്‍, കാലികള്‍, ഖനിജവസ്തുക്കള്‍, കണടുകിട്ടുന്ന നിക്ഷേപവസ്തുക്കള്‍ എന്നിവയാണ് സകാത്ത് നിര്‍ബന്ധമാകുന്ന പ്രധാന സമ്പത്തുക്കള്‍.
നാണയരൂപത്തിലുള്ള സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് ബാധകമാണോ?
നിര്‍ബന്ധമാണ്. നബി(സ)യുടെ കാലത്തെ നാണയങ്ങള്‍ -ദീനാറും ദിര്‍ഹമും- സ്വര്‍ണവും വെള്ളിയുമായിരുന്നു. നബി തിരുമേനി രണടിനും സകാത്ത് വസൂലാക്കിയിരുന്നു. സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് നിര്‍ബന്ധമാകാന്‍ എത്ര തൂക്കം വേണം? സ്വര്‍ണത്തിന് സകാത്ത് നിര്‍ബന്ധമാകാന്‍ 85 ഗ്രാം തൂക്കം വേണം. പ്രവാചകന്റെ കാലത്തെ 20 ദീനാറിന് തുല്യമാണിത്. വെള്ളിക്ക് 595 ഗ്രാം തൂക്കം വേണം. നബി(സ)യുടെ കാലത്തെ 200 ദിര്‍ഹമിന് സമമാണിത്.
ഒരാളുടെ വശം കുറച്ച് സ്വര്‍ണവും കുറച്ച് വെള്ളിയുമുണട്. ഓരോന്നും തനിച്ച് സകാത്ത് നിര്‍ബന്ധമാകുന്ന അത്രയില്ല. എങ്കില്‍ രണടും ചേര്‍ത്ത് സകാത്ത് നല്‍കേണടതുണേടാ?
രണടും കൂടി ചേര്‍ത്ത് നല്‍കേണടതില്ല. ഓരോന്നും സ്വന്തമായി സകാത്ത് നിര്‍ബന്ധമാകുന്ന അത്രയുണെടങ്കിലേ സകാത്ത് നല്‍കേണടതുള്ളൂ.
ഇന്ന് ക്രയവിക്രയം നടക്കുന്നത് സ്വര്‍ണത്തിലും വെള്ളിയിലുമല്ലല്ലോ. പകരം ബാങ്ക് നോട്ടുകളും മറ്റുമാണ് ഉപയോഗിക്കുന്നത്. അതിന് സകാത്ത് നിര്‍ബന്ധമാണോ? എങ്കില്‍ അതിന്റെ വിധിയെത്രയാണ്?
ഇന്ന് ക്രയവിക്രയത്തിന് ഉപയോഗിക്കുന്നത് മുമ്പത്തെപോലെ സ്വര്‍ണവും വെള്ളിയുമല്ലെങ്കിലും അവയുടെ സ്ഥാനത്ത് നില്‍ക്കുന്ന വസ്തുക്കളാണ്. ബാങ്ക് നോട്ട്, നാണയങ്ങള്‍, വിസാ കാര്‍ഡ്, ഡിമാന്റ് ഡ്രാഫ്റ്റ്, കാഷ് ചെക്ക് തുടങ്ങി പലതും സൌകര്യത്തിനുവേണടി ഉപയോഗിക്കുന്നു. അവയെല്ലാം ആവശ്യമെങ്കില്‍ സ്വര്‍ണവും വെള്ളിയുമായി മാറ്റാവുന്നതാണ്. ആ നിലക്ക് അവക്കും സകാത്ത് നിര്‍ബന്ധമാകുന്നു. 85 ഗ്രാം സ്വര്‍ണത്തിന്റെയോ 595 ഗ്രാം വെള്ളിയുടെയോ മൂല്യമെത്തിയാല്‍ അവക്കും സകാത്ത് നല്‍കേണടതാകുന്നു. മൂല്യനിര്‍ണയത്തിന് സ്വര്‍ണത്തെയാണോ വെള്ളിയെയാണോ അടിസ്ഥാനമാക്കേണടത് എന്ന കാര്യം ഗവേഷണപരമാണ്. പ്രവാചകന്റെ കാലത്ത് 20 ദീനാറും 200 ദിര്‍ഹമും (85 ഗ്രാം സ്വര്‍ണവും 595 ഗ്രാം വെള്ളിയും) തുല്യമൂല്യമുള്ളതായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് സ്വര്‍ണത്തിന്റെ ഉപയോഗവും വിലയും വര്‍ധിച്ചു. അതോടെയാണ് മൂല്യനിര്‍ണയത്തിന് സ്വര്‍ണത്തെയാണോ വെള്ളിയെയാണോ അടിസ്ഥാനമാക്കേണടത് എന്ന പ്രശ്നം ഉദ്ഭവിച്ചത്. സമകാലിക പണ്ഡിതന്മാരില്‍ ഇരു അഭിപ്രായങ്ങളും സ്വീകരിച്ചവരുണട്.
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ആഭരണങ്ങള്‍ക്ക് സകാത്ത് നല്‍കേണടതുണേടാ?
പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണട് ഇക്കാര്യത്തില്‍. പ്രധാനമായും മൂന്ന് വീക്ഷണങ്ങളാണുള്ളത്:
ഒന്ന്, സ്വര്‍ണവും വെള്ളിയും ആഭരണമാക്കിയതുകൊണടുമാത്രം സകാത്തില്‍നിന്ന് ഒഴിവാകുകയില്ല. ഇമാം അബൂഹനീഫ(റ)യുടെ അഭിപ്രായം ഇതാണ്. ഈ അഭിപ്രായമനുസരിച്ച് ഒരാളുടെ കൈയില്‍ 85 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണമോ 595 ഗ്രാം തൂക്കം വരുന്ന വെള്ളിയാഭരണമോ ഉണെടങ്കില്‍ വര്‍ഷം തോറും അതിന് രണടര ശതമാനം സകാത്ത് നല്‍കണം.
രണടാമത്തെ വീക്ഷണം, ആഭരണത്തിന് -അതെത്രയായാലും- സകാത്തില്ല എന്നതാണ്. ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്മദുബ്നു ഹമ്പല്‍ എന്നിവരുടെ അഭിപ്രായമാണിത്.
മൂന്നാമത്തെ അഭിപ്രായം, ഒരു സ്ത്രീ സാധാരണ ധരിക്കുന്ന ആഭരണത്തിന് സകാത്തില്ല; അത് സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് നിര്‍ബന്ധമാകുന്ന പരിധി കവിഞ്ഞാലും ശരി. സ്ഥിരമായി ധരിക്കാതെ സൂക്ഷിച്ചുവെക്കുന്നതും സാധാരണയില്‍ കവിഞ്ഞ് അണിയുന്നതുമായ ആഭരണങ്ങള്‍ 85 ഗ്രാം എത്തിയാല്‍ അതിന് സകാത്ത് നിര്‍ബന്ധമാണ്. ഈ മൂന്ന് വീക്ഷണം വെച്ചു പുലര്‍ത്തുന്നവര്‍ക്കും അവരുടെ വീക്ഷണത്തിന് ഉപോദ്ബലകമായ തെളിവുകളുണട്. ആഭരണം സ്ത്രീകള്‍ക്ക് അവശ്യവസ്തുപോലെ ആയതിനാല്‍ അവര്‍ സാധാരണ ധരിക്കുന്ന ആഭരണത്തിന് സകാത്ത് നല്‍കേണടതില്ല എന്ന അഭിപ്രായം യുക്തിപൂര്‍വമാണെങ്കിലും, തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സൂക്ഷ്മമായത്, സകാത്ത് നിര്‍ബന്ധമാകുന്ന പരിധിയെത്തിയാല്‍ ആഭരണത്തിനും സകാത്ത് കൊടുക്കുക എന്ന അഭിപ്രായമാണ്.
കിട്ടാനുള്ള കടത്തിന് സകാത്ത് നല്‍കേണടതുണേടാ?
കിട്ടാനുള്ള കടം രണട് തരമാണ്: ഒന്ന്, ആവശ്യമനുസരിച്ച് തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷയുള്ളത്. രണടാമത്തേത്, തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷയില്ലാത്തത്. തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷയുള്ള കടം ഒരാളുടെ കൈയില്‍ സൂക്ഷിപ്പുള്ള സംഖ്യപോലെയാണ്. സമയമാകുമ്പോള്‍ അതിന് സകാത്ത് നല്‍കണം. തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷയില്ലാത്ത കടമാണെങ്കില്‍ അതിന് വര്‍ഷം തോറും നല്‍കേണടതില്ല. തിരിച്ചുകിട്ടിയാല്‍ ഒരു വര്‍ഷത്തെ സകാത്ത് നല്‍കിയാല്‍ മതി.
കച്ചവടത്തിന്റെ സകാത്ത് എങ്ങനെയാണ് കണക്കാക്കേണടത്?
സകാത്ത് നിര്‍ബന്ധമാകുന്ന മറ്റെല്ലാ സ്വത്തുക്കളെയും പോലെ നിശ്ചിത സംഖ്യക്കുള്ള കച്ചവടത്തിനു മാത്രമേ സകാത്ത് നല്‍കേണടതുള്ളൂ. 85 ഗ്രാം സ്വര്‍ണത്തിന്റെയോ 595 ഗ്രാം വെള്ളിയുടെയോ വിലയ്ക്ക് തുല്യമായ കച്ചവടത്തിനാണ് സകാത്ത് നല്‍കേണടത്. ഓരോ വര്‍ഷവും നല്‍കണം. വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സ്റോക്കുള്ള വില്‍പനച്ചരക്കുകളുടെ വാങ്ങിയ വിലയും കൈവശമുള്ള ലാഭസംഖ്യയും കിട്ടുമെന്ന് പ്രതീക്ഷയുള്ള കടവും കൂട്ടി അതിന്റെ രണടര ശതമാനമാണ് സകാത്ത് നല്‍കേണടത്. ഫര്‍ണിച്ചറുകള്‍, ഡെക്കറേഷന്‍ സാധനങ്ങള്‍ മുതലായവക്ക് സകാത്ത് നല്‍കേണടതില്ല.
ഒരു ജ്വല്ലറി ഉടമ സകാത്ത് നല്‍കേണടത് സ്വര്‍ണത്തിന്റെ സകാത്തായിട്ടാണോ, അതോ കച്ചവടത്തിന്റെ സകാത്തായിട്ടോ?
കച്ചവടച്ചരക്ക് എന്തായിരുന്നാലും ഒരേ തോതിലാണ് കച്ചവടത്തിന് സകാത്ത്. ജ്വല്ലറിയുടമയും സൂപ്പര്‍മാര്‍ക്കറ്റുകാരനും കന്നുകാലിക്കച്ചവടക്കാരനും റിയല്‍ എസ്റേറ്റ് ബിസിനസ്സുകാരനും മരക്കച്ചവടക്കാരനുമെല്ലാം രണടര ശതമാനമാണ് സകാത്ത് നല്‍കേണടത്. ആ നിലയില്‍ ജ്വല്ലറിയുടമ സകാത്ത് നല്‍കുന്നത് അത് സ്വര്‍ണത്തിന്റെ സകാത്തായിട്ടല്ല, കച്ചവടത്തിന്റെ സകാത്തായിട്ടാണ്. ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയ കാര്‍ഷികോല്‍പന്നങ്ങളുടെ സകാത്തിന്റെ വിധിയെന്താണ്? ഇതര സമ്പാദ്യങ്ങളെപ്പോലെ കൃഷിവിഭവങ്ങള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇസ്ലാം സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു.
ഖുര്‍ആനില്‍ പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ച നല്ല വസ്തുക്കളില്‍നിന്നും നാം നിങ്ങള്‍ക്ക് ഭൂമിയില്‍നിന്ന് ഉല്‍പാദിപ്പിച്ചുതന്ന വസ്തുക്കളില്‍നിന്നും നിങ്ങള്‍ ചെലവു ചെയ്യുക'' (അല്‍ ബഖറ 268).
'പന്തലില്‍ പടര്‍ത്തപ്പെടുന്നതും അല്ലാത്തതുമായ പലതരം തോട്ടങ്ങളും ഈത്തപ്പനത്തോപ്പുകളും ഉണടാക്കിയത് അല്ലാഹുവാകുന്നു; വിവിധതരം ഭോജ്യങ്ങള്‍ ലഭിക്കുന്ന വിളവുകളുണടാക്കിയതും. രൂപത്തില്‍ സാദൃശ്യമുള്ളതും രുചിയില്‍ വ്യത്യാസമുള്ളതുമായ ഫലങ്ങളുണടാവുന്ന ഒലീവിന്റെയും ഉറുമാന്‍പഴത്തിന്റെയും വൃക്ഷങ്ങളുണടാക്കിയതും അവനാകുന്നു. അവ കായ്ക്കുമ്പോള്‍ അവയുടെ ഫലങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. വിളവെടുപ്പു കാലത്ത് അല്ലാഹുവിന്റെ അവകാശം നല്‍കുകയും ചെയ്യുക'' (അല്‍ അന്‍ആം 141).
'ചെലവു ചെയ്യുക', അല്ലാഹുവിന്റെ അവകാശം നല്‍കുക' എന്നിങ്ങനെയാണ് ഈ സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളതെങ്കിലും പ്രധാനമായും ഇവിടെ ഉദ്ദേശിക്കുന്നത് നിര്‍ബന്ധദാനമായ സകാത്താണ്. നബി(സ)യുടെ കാലത്ത് മുഖ്യ കാര്‍ഷിക വിഭവങ്ങളായ കാരക്ക, മുന്തിരി, യവം, ഗോതമ്പ് എന്നിവയില്‍നിന്നെല്ലാം സകാത്ത് ശേഖരിച്ചിരുന്നു.
കാര്‍ഷികോല്‍പന്നങ്ങളില്‍ സകാത്ത് നിര്‍ബന്ധമാകാന്‍ അവ എത്രയുണടായിരിക്കണം? എത്ര ശതമാനമാണ് സകാത്തായി നല്‍കേണടത്?
കാര്‍ഷികോല്‍പന്നങ്ങളില്‍ സകാത്ത് നിര്‍ബന്ധമാകുവാന്‍ ഒരു വര്‍ഷത്തില്‍ അഞ്ച് 'വസഖ്' വിളവുണടായിരിക്കണം. നബി(സ)യുടെ കാലത്തെ ഒരളവായിരുന്നു വസഖ്. നബി തിരുമേനി പറഞ്ഞു: "അഞ്ച് വസഖില്‍ താഴെയുള്ളതിന് സകാത്തില്ല.'' നിലവിലുള്ള തൂക്കമനുസരിച്ച് 653 കി. ഗ്രാം ആണ് അഞ്ച് വസഖ്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക്, തേവി നനച്ചുണടാക്കുന്നതാണെങ്കില്‍ അഞ്ച് ശതമാനവും തേവാതെ മഴവെള്ളം കൊണേടാ പുഴയിലെയും തോട്ടിലെയും വെള്ളം കൊണേടാ വളരുന്നതാണെങ്കില്‍ പത്ത് ശതമാനവുമാണ് സകാത്ത്. ഉല്പന്നങ്ങളില് അളക്കാന്‍ പറ്റുന്നവയും പറ്റാത്തവയുമുണട്. അവയുടെയെല്ലാം സകാത്ത് കണക്കാക്കുന്നതിന് വ്യത്യസ്ത രീതികളാണുള്ളത്.
കാലിസമ്പത്തിന് എപ്പോഴാണ് സകാത്ത് നിര്‍ബന്ധമാവുക?
ആട്, മാട്, ഒട്ടകം എന്നീ വളര്‍ത്തു മൃഗങ്ങള്‍ക്കാണ് സകാത്ത് നിര്‍ബന്ധം. അവക്ക് സകാത്ത് നിര്‍ബന്ധമാകാനുള്ള ഉപാധികള്‍:
1. അവ നിശ്ചിത എണ്ണം ഉണടായിരിക്കുക.
2. ഒരു വര്‍ഷം പൂര്‍ത്തിയാവുക.
3. വര്‍ഷത്തില്‍ അധികകാലവും മേഞ്ഞ് തിന്നുന്നതായിരിക്കുക. ഒട്ടകത്തിന് സകാത്ത് നിര്‍ബന്ധമാകുന്ന പരിധി അഞ്ചെണ്ണമുണടാവുക എന്നതാണ്;
അതായത് ഒരാളുടെ വശം അഞ്ച് ഒട്ടകത്തിലും മുപ്പത് മാട്ടിലും നാല്‍പത് ആട്ടിലും കുറവാണുള്ളതെങ്കില്‍ അതിന് സകാത്തില്ല.
കുതിര, കോവര്‍ കഴുത, കഴുത തുടങ്ങിയ മൃഗങ്ങള്‍ക്ക് സകാത്തുണേടാ?
സകാത്ത് നിര്‍ബന്ധമില്ല. കാലികളില്‍ ആട്, മാട്, ഒട്ടകം എന്നിവക്കാണ് സകാത്ത്. പക്ഷേ, ഏത് മൃഗവും വില്‍പനക്കുള്ളതാണെങ്കില്‍ അത് കച്ചവടച്ചരക്കായി പരിഗണിക്കുന്നതും അതിന് കച്ചവടത്തിന്റെ സകാത്ത് ബാധകമാവുന്നതുമാണ്.
ഒരാള്‍ക്ക് നിധികിട്ടിയാല്‍ സകാത്ത് നല്‍കേണടതുണേടാ?
നല്‍കണം. കിട്ടിയ ഉടനെയാണ് നല്‍കേണടത്. അഞ്ചിലൊന്ന്, അതായത് ഇരുപത് ശതമാനം ആണ് നിധിയുടെ സകാത്ത്.
ഒരാളുടെ കൈവശം വരുമാനമൊന്നുമില്ലാത്ത കുറേ ഭൂമിയോ കെട്ടിടങ്ങളോ ഉണട്. അതിന് സകാത്ത് നല്‍കേണടതുണേടാ?
വരുമാനമില്ലാത്ത ഭൂമിക്കും കെട്ടിടങ്ങള്‍ക്കും സകാത്ത് നിര്‍ബന്ധമില്ല. എന്നാലവ ഭൂവില്‍പനക്കാരന്റെ കൈവശമുള്ള വില്‍പനച്ചരക്കാണെങ്കില്‍ അതിന് വര്‍ഷം തികയുമ്പോള്‍ രണടര ശതമാനം സകാത്ത് നല്‍കണം.
വാടക കെട്ടിടങ്ങള്‍ക്ക് സകാത്തുണേടാ? ഉണെടങ്കില്‍ എത്ര ശതമാനം?
വാടകക്ക് കൊടുക്കുന്ന കെട്ടിടങ്ങള്‍ക്ക് സകാത്തില്ല. കെട്ടിടങ്ങളില്‍നിന്ന് ലഭിക്കുന്ന വാടകസംഖ്യക്കാണ് സകാത്തുള്ളത്. വാടകസംഖ്യ സകാത്ത് നിര്‍ബന്ധമാകുന്ന തുകയെത്തിക്കഴിഞ്ഞാല്‍ വര്‍ഷംതോറും അതിന്റെ രണടര ശതമാനം സകാത്ത് നല്‍കണം.എന്നാല്‍ വാടകസംഖ്യയെ കാര്‍ഷികോല്‍പന്നങ്ങളെപ്പോലെ കണക്കാക്കി പത്ത് ശതമാനമാണ് നല്‍കേണടതെന്ന് സമകാലികരായ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
ഒരു സ്ഥാപനത്തിന് വിവിധ തരത്തിലുള്ള കുറേ വഖ്ഫ് സ്വത്തുക്കളുണട്. അതിന് സകാത്ത് നിര്‍ബന്ധമാണോ?
വഖ്ഫ് സ്വത്തുക്കള്‍ക്ക് സകാത്ത് നിര്‍ബന്ധമില്ല. കാരണം അത് ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതല്ല. കൂടാതെ സകാത്ത് കൊണട് നിര്‍വഹിക്കപ്പെടുന്ന ചില കാര്യങ്ങള്‍ തന്നെയാണ് വഖ്ഫ് സ്വത്തുക്കള്‍കൊണടും നിര്‍വഹിക്കപ്പെടുന്നത്.
ഒരാള്‍ ഇസ്ലാമിക് ബാങ്കില്‍ ഒരു സംഖ്യ നിക്ഷേപിച്ചിട്ടുണട്. വര്‍ഷാവസാനം ബാങ്കില്‍നിന്ന് മൂന്നോ നാലോ ശതമാനം ലാഭം ലഭിക്കുന്നു. അയാള്‍ സകാത്ത് നല്‍കേണടത് നിക്ഷേപത്തുകക്കാണോ, അതോ ലഭവിഹിതത്തിനോ?
നിക്ഷേപത്തുകക്കും ലാഭവിഹിതത്തിനും സകാത്ത് നല്‍കണം, രണടര ശതമാനം. എപ്പോഴും പിന്‍വലിക്കാന്‍ പറ്റുന്ന നിക്ഷേപമായതിനാല്‍ കൈയില്‍ സൂക്ഷിപ്പുള്ള സംഖ്യപോലെത്തന്നെയാണത്.
ഒരാള്‍ ബിസിനസ്സ് തുടങ്ങാനോ മറ്റോ ഉദ്ദേശിച്ച് ഒരു സംഖ്യ സ്വരൂപിച്ചുവെക്കുന്നു. അതിന് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സകാത്ത് നല്‍കേണടതുണേടാ?
നല്‍കേണടതുണട്. കാരണം ഒരാള്‍ എന്ത് ഉദ്ദേശ്യം വെച്ചുകൊണടാണെങ്കിലും തന്റെ ഉടമസ്ഥതയില്‍ ഒരു സംഖ്യ സ്വരൂപിക്കുകയും അത് സകാത്ത് നിര്‍ബന്ധമാകുന്ന പരിധിയിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയാവുകയുമാണെങ്കില്‍ അതിന് സകാത്ത് നിര്‍ബന്ധമാണ്.
ഒരാളുടെ ഉടമസ്ഥതയില്‍ വാടകക്ക് കൊടുക്കുന്ന വാഹനങ്ങളുണട്. അതിന്റെ സകാത്ത് എങ്ങനെയാണ് കൊടുക്കേണടത്?
വാടകക്ക് കൊടുക്കുന്ന വാഹനങ്ങള്‍ക്ക് സകാത്തില്ല. അതില്‍നിന്ന് ലഭിക്കുന്ന ലാഭത്തിനാണ് സകാത്ത് നല്‍കേണടത്. വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ലാഭം കണക്കാക്കി അതിന്റെ രണടര ശതമാനം സകാത്തായി നല്‍കണം.
സകാത്തിന്റെ അവകാശികള്‍
സകാത്തിന്റെ അവകാശികള്‍ ആരെല്ലാമാണ്?
സകാത്തിന്റെ അവകാശികള്‍ എട്ട് വിഭാഗമാണ്. അവരെ അല്ലാഹു തന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്:
"നിര്‍ബന്ധദാനം അഗതികള്‍, ദരിദ്രന്മാര്‍, സകാത്ത് ജോലിക്കാര്‍, മനസ്സുകള്‍ ഇണക്കപ്പെടേണടവര്‍ എന്നിവര്‍ക്കും അടിമത്തമോചനത്തിനും കടക്കാരെ സഹായിക്കുന്നതിനും ദൈവികമാര്‍ഗത്തിനും സഞ്ചാരികളെ സേവിക്കുന്നതിനും മാത്രമുള്ളതാകുന്നു. ഇത് അല്ലാഹുവിങ്കല്‍നിന്നുള്ള നിര്‍ബന്ധ നിയമമാണ്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു'' (അത്തൌബ 60).
ഇവിടെ അഗതികള്‍ (ഫുഖറാഅ്) എന്നതുകൊണട് ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ തീരെ സാമ്പത്തിക ശേഷിയില്ലാത്തവരെയും
ദരിദ്രര്‍ (മസാകീന്‍) എന്നതുകൊണട് ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ അല്‍പം വരുമാനമുണെടങ്കിലും അത് ആവശ്യത്തിന് തികയാത്തവരെയുമാണ് ഉദ്ദേശിക്കുന്നത്. രണട് വിഭാഗത്തിനും സകാത്തില്‍ അവകാശമുണട്.
മൂന്നാമത് പറഞ്ഞ 'സകാത്ത് ജോലിക്കാര്‍' സകാത്ത് സംഭരണ-വിതരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. ഒരു ഇസ്ലാമിക രാഷ്ട്രത്തില്‍ ഭരണകൂടമായിരിക്കും സകാത്ത് ശേഖരിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുക. ആ നിലയില്‍ സകാത്തിന്റെ കണക്കെടുപ്പുകാര്‍, ചുമട്ടുകാര്‍, സൂക്ഷിപ്പുകാര്‍, വിതരണക്കാര്‍ തുടങ്ങി സകാത്ത് വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുള്ള കൂലി/ശമ്പളം സകാത്തില്‍നിന്ന് നല്‍കാവുന്നതാണ്.
'മനസ്സുകള്‍ ഇണക്കപ്പെടേണടവര്‍' എന്നതു കൊണടുദ്ദേശിക്കുന്നത് ഇസ്ലാമിനോടും മുസ്ലികളോടും മമതയും സൌഹൃദവും നിലനിര്‍ത്തുന്ന വിവിധ മതവിഭാഗങ്ങളാണ്.
'അടിമത്ത മോചനം' ആണ് നാലാമത്തേത്. മുന്‍കാലങ്ങളില്‍ മനുഷ്യരെ അടിമകളാക്കിവെക്കുകയും അവരെ വില്‍പനച്ചരക്കാക്കി കണക്കാക്കുകയും ചെയ്യുന്ന ദുരവസ്ഥയുണടായിരുന്നു. അവരുടെ മോചനത്തിനുവേണടി ഇസ്ലാം നടപ്പാക്കിയ വിവിധ പദ്ധതികളില്‍ ഒന്നാണിത്.
'കടബാധ്യതയുള്ളവര്‍' എന്നു പറഞ്ഞതില്‍ സ്വന്തം ആവശ്യത്തിന് കടം വാങ്ങി അത് വീട്ടാന്‍ സാധിക്കാത്തവരും, മറ്റുള്ളവരുടെ ബാധ്യതകള്‍ ഏറ്റെടുത്ത് അത് പൂര്‍ത്തീകരിക്കാന്‍ പരസഹായം ആവശ്യമായി വരുന്നവരും ഉള്‍പ്പെടും.
'ദൈവികമാര്‍ഗം' എന്നതിന്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ ദീനിന്റെ സംസ്ഥാപനത്തിനും നിലനില്‍പിനും ആവശ്യമായ വിവിധതരം പ്രവര്‍ത്തനങ്ങളാണ്.
'സഞ്ചാരികള്‍' എന്നു പറഞ്ഞതിന്റെ വിവക്ഷ യാത്രയില്‍ ഇടക്കുവെച്ച് പരസഹായം ആവശ്യമായി വരുന്നവരാകുന്നു. അവര്‍ അവരുടെ നാട്ടില്‍ സമ്പന്നരായിരിക്കാമെങ്കിലും താല്‍ക്കാലിക ആവശ്യം പരിഗണിച്ച് സകാത്ത് ഫണടില്‍നിന്ന് അവരെ സഹായിക്കാവുന്നതാണ്.
ഒരു ദരിദ്രന് സകാത്തില്‍നിന്ന് എത്രയാണ് നല്‍കേണടത്?
സകാത്തിന്റെ പ്രധാന ലക്ഷ്യം ദാരിദ്യ്രനിര്‍മാര്‍ജനമാണ്. അത് സാധിക്കണമെങ്കില്‍ ദരിദ്രന്മാര്‍ക്ക് അവരുടെ ആവശ്യം നിവര്‍ത്തിക്കാന്‍ കഴിയുന്ന അത്ര തുക സകാത്ത് ഫണടില്‍നിന്ന് നല്‍കണം. ഒരു വര്‍ഷം സകാത്ത് വാങ്ങിയ ആള്‍ക്ക് അടുത്ത വര്‍ഷം സകാത്ത് ആവശ്യമില്ലാത്തവിധം സ്വയംപര്യാപ്തനാകത്തക്ക നിലയില്‍ സകാത്ത് നല്‍കുകയാണെങ്കില്‍ അതാണ് ഏറ്റവും ഉത്തമം. ഖലീഫ ഉമറുല്‍ ഫാറൂഖ്(റ) പറയാറുണടായിരുന്നു: 'നിങ്ങള്‍ നല്‍കുകയാണെങ്കില്‍ വാങ്ങുന്നവര്‍ സ്വയം പര്യാപ്തരാകുംവിധം നല്‍കുക.'
ആരോഗ്യവാനായ, സമ്പാദിക്കാന്‍ ശേഷിയുള്ള ആള്‍ക്ക് സകാത്ത് നല്‍കാമോ?
ആരോഗ്യവാനായ, അധ്വാനിക്കാന്‍ ശേഷിയുള്ള ആള്‍ അധ്വാനമൊന്നും ചെയ്യാതെ അലസനായിരിക്കുകയാണെങ്കില്‍ അവന് സകാത്ത് നല്‍കാന്‍ പാടില്ല. എന്നാല്‍ അധ്വാനിക്കാന്‍ ശേഷിയുള്ള ഒരാള്‍ ജോലിയെടുക്കാന്‍ സന്നദ്ധനാണ്, പക്ഷേ എത്ര ശ്രമിച്ചിട്ടും അനുയോജ്യമായ ഉപജീവനമാര്‍ഗം തുറന്നുകിട്ടുന്നില്ല. എങ്കില്‍ അയാള്‍ നിസ്സഹായനാണ്. അങ്ങനെയുള്ള ആള്‍ക്ക് സകാത്ത് നല്‍കാം. തൊഴില്‍രഹിതനായ ഒരാള്‍ക്ക് തൊഴില്‍ ചെയ്യാന്‍ സഹായകമാകും വിധം സകാത്ത് ഫണടില്‍നിന്ന് നല്‍കുകയാണെങ്കില്‍ അതാണ് ഉത്തമം. നബി(സ) പറയുകയുണടായി: "സാമ്പത്തിക ശേഷിയുള്ളവന്നും അധ്വാനശേഷിയുള്ളവന്നും ദാനം അനുവദനീയമല്ല.
''സകാത്ത് വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ സമ്പന്നരാണെങ്കില്‍ അവര്‍ക്ക് സകാത്തില്‍നിന്ന് പ്രതിഫലം വാങ്ങാമോ?
വാങ്ങാം. അതുകൊണടാണ് സകാത്തിന്റെ അവകാശികളില്‍ അവര്‍ക്ക് പ്രത്യേക സ്ഥാനം നല്‍കിയത്.
സകാത്ത് നല്‍കുന്നത് റമദാന്‍ മാസത്തില്‍ ആവണമെന്നുണേടാ?
സകാത്ത് നല്‍കുന്നത് റമദാനിലാവണമെന്ന ഉപാധിയൊന്നുമില്ല. കാര്‍ഷികോല്‍പന്നങ്ങളുടേത് വിളവുകാലത്തും മറ്റു സമ്പത്തുക്കളുടേത് വര്‍ഷം പൂര്‍ത്തിയായ ശേഷവുമാണ് നല്‍കേണടത്. റമദാനില്‍ സല്‍ക്കര്‍മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്നതിനാലാണ് ആളുകള്‍ ഈ പുണ്യമാസത്തില്‍ സകാത്ത് നല്‍കുന്നത്.