ദീപികക്കെതിരെ ദേശാഭിമാനി; 'വർഗീയത ആളിക്കത്തിക്കാനാണ് കോട്ടയം പത്രത്തിന്‍റെ ശ്രമം
പാലാ ബിഷപ്പിൻെറ വിദ്വേഷ പ്രസ്‌താവനയെ പിന്തുണക്കുന്ന സീറോ മലബാർ സഭയുടെ മുഖപത്രമായ ദീപികക്കെതിരെ സി.പി.എം മുഖപത്രം ദേശാഭിമാനി. ബിഷപ്പിന്‍റെ പ്രസ്‌താവനയെ തുടർന്നുള്ള മുതലെടുപ്പ് ശ്രമത്തെ സമൂഹം ഒറ്റക്കെട്ടായി നേരിടുമ്പോൾ ആളിക്കത്തിക്കാനാണ് ഒരു കോട്ടയം പത്രത്തിന്‍റെ ശ്രമമെന്ന് ദീപികയെ പേരെടുത്ത് പറയാതെ പറയുന്നു. മുതലെടുപ്പുകാർക്ക് ഉപയോഗിക്കാവുന്ന നിലയിലാണ് പരമ്പരകളും ലേഖനങ്ങളും മുഖപ്രസംഗവുമെന്നും 'ദീപം വെളിച്ചം പകരാനാകണം, കത്തിക്കാനാകരുത്' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.
'ചേരിതിരിവുണ്ടാക്കി ചോരകുടിക്കാൻ
കാത്തിരിക്കുന്ന സംഘപരിവാറിനും മറ്റു ചില ശക്തികൾക്കും ഊർജം പകരുന്നതാണിവ. രാഷ്‌ട്രീയ നിലപാട് തുറന്നു പറയുമ്പോഴും കാലുഷ്യത്തിന് വളമിട്ട് കൊടുക്കാറില്ല മാധ്യമങ്ങൾ. എന്നാൽ, പാരമ്പര്യം ഏറെയുള്ള ഈ പത്രത്തിന്‍റെ റിപ്പോർട്ടുകളിൽ പലതും സാമുദായിക ചേരിതിരിവിന് 'തീ ' പകരുന്നതാണ്. പേരിലെ 'ദീപം' സമൂഹത്തിന് വെളിച്ചം പകരാനാണ്; ഇരുട്ടിലാക്കാനല്ല ഉപയോഗിക്കേണ്ടത്. കാന്ധമാലും സ്‌റ്റാൻസ്വാമിയും ഗ്രഹാംസ്‌റ്റെയിനും കുട്ടികളും 98ൽ തെക്കൻ ഗുജറാത്തിലുണ്ടായ കലാപവുമടക്കം എത്ര ആക്രമണങ്ങൾ ഉണ്ടായി. 20 പള്ളി ഒന്നിച്ച് സംഘപരിവാർ കത്തിച്ചതും ചരിത്രമാണ്. ഇതൊക്കെ മറന്നതായി നടിച്ച് പത്രം പറയുന്നു; 'ലൗ, നർകോട്ടിക് ജിഹാദ് ഇല്ലാതാക്കാൻ യുട്യൂബ് നോക്കിയും അഡ്വ. ജയശങ്കറും മറ്റും പറയുന്നത് കേട്ടും അന്വേഷിക്കണം ' !