മൗലാനാ മൗദൂദിയും കെ. കരുണാകരനും
മാളക്കടുത്ത് ചക്കാംപറമ്പിലെ അമ്പലത്തില്‍ ഉത്സവം നടക്കുകയായിരുന്നു. ധാര്‍മിക ബോധമില്ലാത്ത രണ്ട് മുസ്‌ലിം കുട്ടികള്‍ ഉത്സവത്തിനിടയില്‍ ചെറിയ തല്ലുണ്ടാക്കി. ആലപ്പുഴയിലെ പ്രബല കുടുംബാംഗമായ എച്ച്.ഒ അബ്ദുല്‍ ഖാദറാണ് അന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പത്തിലായിരുന്നു. തല്ലുകേസ് അദ്ദേഹത്തിന്റെ അടുത്തെത്തി. രണ്ട് പേരില്‍ ഒരാളെ വിളിച്ച് അദ്ദേഹം ശക്തമായി ശകാരിച്ചു. ഒന്ന് വിരട്ടി വിടുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോള്‍ അവനും അവന്റെ ഉപ്പയും സ്റ്റേഷനിലേക്ക് കയറിവന്നു. ഹറാംപിറന്നവന്‍ തുടങ്ങിയ തെറിവിളികള്‍ ഡി.വൈ.എസ്.പിക്ക് നേരെ ചൊരിഞ്ഞു. കേട്ട തെറിയുടെ ആഘാതത്തില്‍ അദ്ദേഹം സ്തംഭിച്ചുനിന്നു. സര്‍വീസില്‍ ഇങ്ങനെ ഒരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല. ആ ദിവസം അങ്ങനെ തീര്‍ന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അഞ്ച് ജീപ്പ് നിറയെ പോലീസ് മാളയിലെത്തി. അവര്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. പലരെയും അറസ്റ്റ് ചെയ്തു. ചിലരെ മര്‍ദിച്ചു. മറ്റു ചിലരെ ചോദ്യം ചെയ്തു. പോലീസ് പ്രദേശത്ത് തമ്പടിച്ചു. മുസ്‌ലിം സമുദായത്തിലെ ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. ലീഗിന്റെ പ്രാദേശിക നേതാവ് ഉള്‍പ്പെടെ പലരും ഒളിവില്‍ പോയി. ഈ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് ഒരു പിടിത്തവുമില്ല. പല വഴികളും ആലോചിച്ചുകൊണ്ടിരിക്കെ ഇബ്‌റാഹിം സുലൈമാന്‍ സേട്ടിന്റെ ചിത്രം മനസ്സില്‍ തെളിഞ്ഞു. എറണാകുളത്തുള്ള അഡ്വക്കറ്റ് പി.കെ കുഞ്ഞാലുവുമായി ബന്ധപ്പെട്ട് സുലൈമാന്‍ സേട്ട് സാഹിബിനെ കാണാന്‍ ഏര്‍പ്പാട് ചെയ്തു. ഞങ്ങള്‍ എറണാകുളത്ത് ചെന്നു. കുഞ്ഞാലു വക്കീലിനെ കണ്ട ശേഷം സേട്ടിന്റെ വീട്ടില്‍ പോയി. മാളയിലെ ഭീകരാവസ്ഥ അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുകയും പരിഹാരമുണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ ഇപ്പോള്‍ തന്നെ ഫോണ്‍ ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. താങ്കള്‍ ഞങ്ങളുടെ കൂടെ മാളയിലേക്ക് വരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. 'അത് വേണോ?' എന്ന് സേട്ട് സാഹിബ്. 'വന്നേ പറ്റൂ' എന്ന് ഞങ്ങളും. അങ്ങനെ അദ്ദേഹം ഞങ്ങളുടെ കൂടെ പോന്നു. നേരെ മാള ജുമുഅത്ത് പള്ളിയിലേക്കാണ് പോയത്. സേട്ട് വന്ന വിവരം അറിഞ്ഞപ്പോള്‍ ആളുകള്‍ തടിച്ചുകൂടി (എറണാകുളത്തുനിന്ന് മാളയിലേക്കുള്ള യാത്രക്കിടെ നടന്ന സംഭവങ്ങളെല്ലാം അദ്ദേഹത്തിന് കൃത്യമായി വിശദീകരിച്ചുകൊടുത്തിരുന്നു). പള്ളിയില്‍നിന്നും സ്റ്റേഷനിലേക്ക് പോകാന്‍ കാറ് തയാറായി. കാറ് വേണ്ട, നടന്നുപോകാം എന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. ആ പറച്ചിലിന് വ്യക്തമായ ഉദ്ദേശ്യമുണ്ടായിരുന്നു. മുസ്‌ലിംകള്‍ അനാഥരല്ല എന്ന് അങ്ങാടിയിലുള്ള വിവിധ ജാതിമതവിഭാഗങ്ങള്‍ അറിയട്ടെ. മുസ്‌ലിംകള്‍ക്കും നേതാക്കളുണ്ടെന്ന് ബോധ്യപ്പെടട്ടെ. അതിനു വേണ്ടിയാണ് അങ്ങാടിയിലൂടെ നടക്കാന്‍ തീരുമാനിച്ചത്. സേട്ട് സാഹിബും ഞങ്ങളും അങ്ങാടിയിലേക്കിറങ്ങി. അദ്ദേഹത്തിന്റെ വേഷവും വ്യക്തിപ്രഭാവവും ഗാംഭീര്യവും കണ്ട് ജനങ്ങള്‍ അന്തംവിട്ട് നിന്നു. ആളാരാണെന്ന് അറിയാന്‍ അവര്‍ക്ക് ആകാംക്ഷയായി. ഞങ്ങള്‍ സ്റ്റേഷനിലെത്തി. എസ്.ഐ, എ.എസ്.ഐ തുടങ്ങിയവരോട് സേട്ട് സാഹിബ് സംസാരിച്ചു. ഞങ്ങള്‍ പറഞ്ഞതിന് നേര്‍വിപരീതമായ കാര്യങ്ങളാണ് അവര്‍ അദ്ദേഹത്തോട് പറഞ്ഞത്. അത് കേട്ടുകൊണ്ടിരിക്കെ ഇടക്കിടെ സേട്ട് സാഹിബ് ഞങ്ങളുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ശേഷം ഡി.വൈ.എസ്.പിയെ കാണാന്‍ മാളയില്‍നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോയി. പക്ഷേ, കാണാന്‍ പറ്റിയില്ല. ഫോണില്‍ വിളിച്ച് കിട്ടിയതുമില്ല. സേട്ട് സാഹിബ് വന്ന വിവരം അറിഞ്ഞ് ഒഴിഞ്ഞുമാറിയതായിരിക്കാം. തൃശൂരിലേക്ക് പോയി ഡി.എസ്.പിയെ കണ്ട് വിശദമായി സംസാരിച്ചു. സേട്ട് സാഹിബിന്റെ നിര്‍ബന്ധം പരിഗണിച്ച് ഡി.എസ്.പി ഉത്തരവാദപ്പെട്ടവരെ ഫോണില്‍ വിളിച്ചു. ആരെയും അന്വേഷിച്ച് ഇനി മാളയിലേക്ക് ചെല്ലേണ്ടതില്ല എന്ന് നിര്‍ദേശിച്ചു. അതോടെ മാളയിലുള്ളവര്‍ക്ക് ശ്വാസം വീണു. ഡി.എസ്.പി ചക്കേരിയുടെ കൈയില്‍ പിടിച്ച് ഞാന്‍ പറഞ്ഞു: 'സാറേ, മാളയില്‍ 95 ശതമാനവും മീന്‍പിടിത്തക്കാരും ചുമട്ടു തൊഴിലാളികളുമാണ്. ഒരു ദിവസം പണിക്ക് പോയില്ലെങ്കില്‍ കുടുംബം പട്ടിണിയിലാകും. അതുകൊണ്ട് കേസ് ഒഴിവാക്കണം.' അദ്ദേഹം എന്റെ മുഖത്തേക്ക് വല്ലാതെ തുറിച്ചുനോക്കി. ഒന്നും പറഞ്ഞില്ല. എന്തായാലും, മാസങ്ങള്‍ കഴിഞ്ഞ് കോടതി കേസ് വിളിച്ചു. ഡി.വൈ.എസ്.പി എച്ച്. ഒ അബ്ദുല്‍ ഖാദര്‍ ഹാജരായില്ല. അങ്ങനെ കേസ് തള്ളപ്പെട്ടു. എല്ലാവരും രക്ഷപ്പെട്ടു.
ഈ സംഭവത്തില്‍, പോലീസിന്റെ ക്രൂരമര്‍ദനത്തിനിരയായ കുഞ്ഞുമോന്‍ എന്നയാളെ ചികിത്സിക്കാനും പറവൂരില്‍ ഉഴിച്ചില്‍ നടത്താനും ആവശ്യമായ ചെലവ് ഞങ്ങള്‍ വഹിച്ചു. കൊടിയ ജമാഅത്ത് വിരോധിയായിരുന്നു കുഞ്ഞുമോന്‍.
1969-ല്‍ ആണെന്ന് തോന്നുന്നു, ആര്‍.എസ്.എസ്സിനെയും ജമാഅത്തെ ഇസ്‌ലാമിയെയും നിരോധിക്കണമെന്ന് എ.ഐ.സി.സി പ്രമേയം പാസ്സാക്കി. ഉടന്‍ ജമാഅത്ത് കേന്ദ്രത്തില്‍നിന്ന് സര്‍ക്കുലര്‍ വന്നു. കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കളെ സന്ദര്‍ശിച്ച് ജമാഅത്തിനെ പരിചയപ്പെടുത്തുകയും തെറ്റിദ്ധാരണ നീക്കുകയും ചെയ്യണമെന്ന് നിര്‍ദേശമുണ്ടായി. അതനുസരിച്ച്, ഞാനും പുത്തന്‍ചിറ ഹമീദ് മാഷും മാരേക്കാട് ഖാദര്‍കുട്ടി മാഷും ചേര്‍ന്ന് കെ. കരുണാകരന്റെ അപ്പോയിന്‍മെന്റ് വാങ്ങി. അദ്ദേഹം അന്ന് എം.എല്‍.എ ആണ്. മാളയിലെ കോണ്‍ഗ്രസ് ഓഫീസില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. പ്രശ്‌നം സംസാരിച്ചപ്പോള്‍ കണ്ണിറുക്കി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ജമാഅത്തിനെ വലിച്ചിട്ടത് തൂക്കം ഒപ്പിക്കാനാണ്.' എന്നാലും എ.ഐ.സി.സി യോഗം ചേരുമ്പോള്‍ തെറ്റിദ്ധാരണ നീക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. കേന്ദ്ര നിര്‍ദേശപ്രകാരം 'ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം', 'ഇസ്‌ലാമിനെ പരിചയപ്പെടുക' എന്നീ പുസ്തകങ്ങള്‍ കരുണാകരന് നല്‍കി. കരുണാകരന്‍ പുസ്തകം കൈയിലെടുത്തു. ചട്ടയില്‍ മൗലാനാ മൗദൂദി എന്ന പേര് കണ്ടതും ആവേശത്തോടെ അദ്ദേഹം പറഞ്ഞു: 'മൗലാനാ മൗദൂദിയോ, അത് ഞങ്ങളുടെ ആളാണ്.' ഞങ്ങള്‍ അത്ഭുതപ്പെട്ടു. 'സാറേ, മൗലാനാ മൗദൂദി ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവാണ്.' അപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: 'ഏത് സ്ഥാപക നേതാവായാലും മൗദൂദി ഞങ്ങളുടെ ആളാണ്.' അങ്ങനെ പറയാനുള്ള കാരണം ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമാക്കി: 'മൗലവിക്കറിയില്ലേ, ഇന്ത്യാ വിഭജന പ്രക്ഷോഭം നടക്കുന്ന സന്ദര്‍ഭം. വിഭജനത്തിനെതിരെ മൗലാനാ ആസാദിനെ പോലെ ശക്തമായി പോരാടിയ വ്യക്തിയാണ് മൗദൂദി. ഈ വിഷയത്തിലുള്ള മൗദൂദിയുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും എ.ഐ.സി.സി ഇന്ത്യയൊട്ടുക്കും സൗജന്യമായി വിതരണം ചെയ്തിരുന്നു.' രണ്ട് കൈപടങ്ങളും നീട്ടി അഭിമാനത്തോടെ കരുണാകരന്‍ തുടര്‍ന്നു: 'ഇതാ ഈ കൈകള്‍കൊണ്ട് ധാരാളം ലഘുലേഖകള്‍ ഞാനും വിതരണം ചെയ്തിട്ടുണ്ട്.'