തിളങ്ങുന്ന മുഖങ്ങൾ.
ചെറുകഥ.
ഹക്കീം മൊറയൂർ.
==============.
അടുത്തതായി നമ്മുടെ മുഖ്യാതിഥി പ്രിയപ്പെട്ട മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയി നിങ്ങളുമായി സംവദിക്കുന്നതാണ്.
വലിയ അധരങ്ങളിൽ തേച്ച ചുവന്ന ലിപ്സ്റ്റിക് പടരാതിരിക്കാൻ വളരെ ശ്രദ്ധാപൂർവം പറഞ്ഞു കൊണ്ട് വിദ്യ മിസ്സ് സദസ്സിൽ നിറഞ്ഞിരിക്കുന്ന വിദ്യാർത്ഥിനികളെ നോക്കി. പിന്നെ സാവധാനം കട്ടി മേക്കപ്പിട്ട മുഖത്ത് പൊടിഞ്ഞ വിയർപ്പ് മെല്ലെ തൂവാല കൊണ്ട് ഒപ്പിയെടുത്തു.
മാഡം പ്ലീസ്.
വളരെ ഔപചാരികമായി കളക്ടറെ ക്ഷണിച്ചു കൊണ്ട് വിദ്യ മിസ്സ് തന്റെ കസേരയിലേക്ക് അമർന്നു ചുറ്റും നോക്കി.
കോളേജ് ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു ഇരിക്കുകയാണ് കുട്ടികൾ. അവർക്ക് ചെറുതായി പേടിയുണ്ടായിരുന്നു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജ് ആണെങ്കിലും വികൃതി ഒപ്പിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല അവരെന്ന് അനുഭവങ്ങൾ പലപ്പോഴും അടിവരയിട്ട് ഓർമിപ്പിക്കുന്നുണ്ട്.