വീണ്ടും ഒരു ബിരിയാണി കഥ
ആമുഖം
തൊണ്ണൂറുകളുടെ അവസാനത്തിൽ തന്നെ കേരളം കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും അണുകുടുംബ രീതിയിലേക്ക് മാറാൻ തുടങ്ങിയിരുന്നു. അത് രണ്ടായിരത്തി പത്തോടു കൂടി മൂർദ്ധന്യത്തിലായി, കൂട്ടത്തിൽ ഫ്‌ളാറ്റ് സംസ്കാരം കൂടി കയറി വന്നു, ഫ്‌ളാറ്റ് വന്നതിന്റെ ഏറ്റവും വലിയ പ്രശ്നം, അയൽപക്ക ബന്ധങ്ങൾ പാടെ ഇല്ലാതായി എന്നാണു. നാട്ടിൻപുറങ്ങളിൽ പോലും ഇതിന്റെ അനുരണനങ്ങൾ കാണാനായി.
ഇവിടെ തുടങ്ങാം
വീട്ടിൽ അച്ഛനും അമ്മയും ഇല്ലാത്തതിനാൽ കുറച്ചു ആഴ്ചകൾ അവളൊറ്റക്കായിരുന്നു, കൂട്ടിനു ഒന്ന് രണ്ടു സ്ത്രീ ജനങ്ങളെ കൂടെ കൂട്ടിയിരുന്നു. ഇപ്പോഴത്തെ ജീവിത രീതിയിൽ നിന്നുള്ള മാറ്റം കൂട്ട് നിൽക്കാൻ വന്നവർക്കും മുറുമുറുപ്പ് ഉണ്ടാക്കി, അവരുടെ ഇഷ്ടക്കേട് പല അർത്ഥത്തിലും പുറത്ത് പ്രകടമായിരുന്നു.!!
അയൽപക്കത്ത് ധാരാളം വീടുകൾ ഉണ്ടായിരുന്നെങ്കിലും എത്തിനോട്ടം പഴയതു പോലെ പതിവായി ഉണ്ടായിരുന്നില്ല. അത്യാവശ്യങ്ങൾ മൊബൈൽ കോൾ വഴി നിറവേറ്റപ്പെടുന്നത് കൊണ്ട് തന്നെ അയൽക്കാർ അടുത്ത് വരാത്തതോ ഇടപെടാത്തതോ അവൾക്ക് വിഷയമായി തോന്നിയില്ല. അല്ലെങ്കിലും പ്രവാസികളുടെ ഭാര്യമാർക്ക് ക്ഷമ അൽപ്പം കൂടുതൽ തന്നെയാണ് (അവൾ ആതംഗതം ചെയ്തു)
അങ്ങനെയിരിക്കെ അയൽവീടുകളിൽ ഒന്നിൽ കല്യാണം നടന്നു. കൂടെ ചെല്ലാൻ ആളില്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് കല്യാണത്തിന് പങ്കെടുക്കാൻ സാധിച്ചില്ല. കുട്ടികൾ പോകണമെന്ന് വാശി പിടിച്ചെങ്കിലും അവളുടെ സ്വത സിദ്ധമായ കണ്ണുരുട്ടലിൽ അവർ പേടിച്ചു പിന്മാറി.
പകലിലെ കളിക്കിടയിൽ കല്യാണ കാര്യം മറക്കുകയും ചെയ്തു. അവർ അവരുടേതായ കളികളുടെ ലോകത്തായിരുന്നു. ഈ കാലത്തും മൊബൈലിൽ അല്ലാതെയും (കുറച്ചു സമയമെങ്കിലും) കളിക്കുന്ന കുട്ടികളെ കാണുന്നത് അത്ഭുതം തന്നെ!!!
രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞു കഥ പറഞ്ഞിരിക്കുമ്പോൾ, ജന വാതിലിൽ കൂടി ആരും ക്ഷണിക്കാത്ത അഥിതിയായി അവൾ കടന്നു വന്നു, നേരത്തെ നടന്ന കല്യാണത്തിലെ ബിരിയാണിയുടെ മണം. കുട്ടികൾക്ക് ബിരിയാണി തിന്നാൻ ആശയായി, ഉച്ചക്ക് നിങ്ങൾക്ക് കല്യാണത്തിന് പോകാമായിരുന്നില്ലേ?" എന്നവൾ അവരോടു പരിഭവം പറഞ്ഞു, ഒറ്റയ്ക്ക് പോകാൻ സമ്മതിക്കാഞ്ഞിട്ടല്ലേ എന്നായി കുട്ടികൾ... അവർ ജനൽ തുറന്നു വെച്ച് മൂക്കിലൂടെ മണം പിടിക്കാൻ തുടങ്ങി, അവർക്ക് ബിരിയാണി മാത്രമല്ല,കൂട്ടത്തിൽ ജ്യൂസിന്റെയും മറ്റു പലതിന്റെയും മണം മൂക്കിലൂടെ അടിച്ചു കയറുന്നതായി തോന്നി. വായിൽ കപ്പലോടി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അകലെ കാണുന്ന കല്യാണ വീട്ടിലെ പ്രകാശം നോക്കി അവർ, തങ്ങൾക്ക് ലഭിക്കാത്ത ബിരിയാണിയുടെ രുചി മൂക്കിൽ കൂടി ആസ്വദിച്ചു കിടന്നുറങ്ങി. രാത്രി വൈകിയതിനാൽ കടയിൽ നിന്നും ദിവസം ബിരിയാണി വാങ്ങി നൽകാം എന്ന് സമാധാനിപ്പിച്ചു അവൾ അവരെ ഉറക്കി..
പാതിരാവിലെപ്പോഴോ അവളുടെ സ്വപ്നത്തിൽ വന്ന ഭർത്താവിനോട് അവളീ സംഭവം വിവരിച്ചപ്പോൾ, അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും അറിയാതെ ചുടു നീര് തുള്ളികളായി ബെഡിൽ പതിച്ചു!!! ഭാഗ്യത്തിന് അതവൾ കണ്ടില്ല .
ഒരു കഥ എഴുതാനുള്ള ശ്രമത്തിലായിരുന്നു..
ഇതിപ്പോൾ കഥയായോ ഇല്ലേ എന്നൊക്കെ നിങ്ങൾ തീരുമാനിക്കുക.
ഏതായാലും ഞാൻ ഇതിങ്ങനെ അവസാനിപ്പിക്കാം ..
അണു കുടുംബത്തിന്റെ പ്രാരാബ്ദങ്ങളിൽ പെട്ട് പോകുന്ന ഇങ്ങനെയും ചില ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പ്രത്യേകിച്ചും പ്രവാസിയുടെ നാട്ടിലെ കുടുംബങ്ങൾ, അതിൽ ചിലതിൽ അടുപ്പിൽ പുക ഉയരാത്തതും ഉണ്ടെന്നത് നാട്ടിലുള്ളവർക്ക് ഒരു പക്ഷെ അവിശ്വസനീയമായി തോന്നാം. ഇങ്ങനെയും ചില യാഥാർഥ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ബിരിയാണി എന്നത് ഇപ്പോഴും ഒരു ആഢംബരമായി കാണുനനവരും ഒരു നേരം അതൊന്നു കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിക്കുന്നവരും നമ്മുടെ ചുറ്റും ഇഷ്ടം പോലെയുണ്ട് എന്ന യാഥാർഥ്യമാണ്.