ഡോ. ലിയോണിഡ് റോഗോസോവ് - നിശ്ചയ ദാർഢ്യത്തിന്റെ പ്രതിരൂപം .
1961, അന്‍ററാര്‍ട്ടിക്ക.
പുതുതായി പണിത റഷ്യന്‍ ബേസില്‍, ആ പന്ത്രണ്ട് മനുഷ്യര്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയായിരുന്നു. പുറത്ത് അതിശക്തമായി വീശിയടിക്കുന്ന ശീതകാറ്റും, ഖനത്തില്‍ വര്‍ഷിക്കുന്ന മഞ്ഞും.
വേദന കടിച്ചമര്‍ത്തിക്കൊണ്ട് റോഗോസോവ് പുറത്തേക്ക് നോക്കി. ഇനിയും കാത്തിരുന്നിട്ട് കാര്യമില്ല. ഈ കാലാവസ്ഥയില്‍ പുറത്ത് നിന്ന് ഒരുതരത്തിലുള്ള സഹായവും ലഭിക്കില്ലെന്ന് മാത്രമല്ല, ക്യാമ്പില്‍ നിന്ന് പുറപ്പെടാന്‍ ശ്രമിച്ചാല്‍ നിമിഷ നേരം കൊണ്ട്, കാറ്റ് അവരുടെ ഹെലികോപ്ടര്‍ എടുത്ത് നിലത്തടിക്കും.
റഷ്യയുടെ ആറാമത്തെ അന്‍ററാര്‍ട്ടിക്കന്‍ പര്യവേഷണമായിരുന്നു അത്.
ഷിര്‍മാക്കര്‍ ഒയാസിസ് എന്നറിയപ്പെടുന്ന, 25 കിലോമീറ്റര്‍ നീളവും, മൂന്ന് കിലോമീറ്റര്‍ വീതിയുമുള്ള ഈ പീഠഭൂമി, ഒരു ധ്രുവ മരുപ്രദേശമായാണ് കണക്കാക്കപ്പെടുന്നത്. നൂറോളം ശുദ്ധജല തടാകങ്ങളുള്ള ആ പ്രദേശത്തായിരുന്നു, ഫെബ്രുവരി മാസത്തില്‍, അവരുടെ സ്റ്റേഷനായ Novolazarevskaya സ്ഥാപിച്ചത്.