മുഖ്യമന്ത്രിക്ക് ഒരു മുസ്ലിം ബാസ്റ്റഡ് എഴുതുന്നത്...
സഖാവ് പിണറായി വിജയന്,
അനുയായിയോ അനുഭാവിയോ അല്ല, താങ്കളുടെ നേതൃത്വത്തിൽ ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ വോട്ടു ചെയ്തില്ലെന്നു പോകട്ടെ ഒരു ഫേസ്ബുക്ക് ലൈക്കു കൊണ്ടുപോലും പിന്തുണ നൽകാത്ത ഒരുവനാണ്. വൻ ഭൂരിപക്ഷം നേടി ഇങ്ങള് അധികാരമേൽക്കുന്ന ചിത്രങ്ങൾ കണ്ടും ആവേശമെങ്ങും തോന്നിയിരുന്നില്ല. പക്ഷെ മുഖ്യമന്ത്രി പദമേറ്റ് ആദ്യമായി ഡൽഹിയിൽ എത്തി കേരളഹൗസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കേരള പൊലീസിലെ ആർ.എസ്.എസ് എലമെൻറുകൾ പ്രവർത്തിക്കുന്നത് തിരിച്ചറിഞ്ഞതായും പ്രശ്നങ്ങൾ വഷളാക്കാൻ നോക്കുന്ന അത്തരം ഉദ്യോഗസ്ഥരെ നിലക്കുനിർത്തുമെന്നും പ്രഖ്യാപിച്ചപ്പോൾ ഏറെ ആശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്തിരുന്നു. എന്തെന്നാൽ, പൊലീസിലെ വർഗീയവത്കരണം രാജ്യത്തെ സമാധാന ജീവിതം എത്ര മാത്രം കളങ്കപ്പെടുത്തുന്നുവെന്ന്, സാധാരണക്കാരുടെയും ആദിവാസി-ന്യൂനപക്ഷവിഭാഗങ്ങളുടെയും അന്യവത്കരണം എമ്മാതിരി ശക്തമാക്കുമെന്ന് ഗുജറാത്തിൽ നിന്നും രാജസ്ഥാനിൽ നിന്നും ഛത്തീസ്ഗഢിൽ നിന്നും മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ ഇടങ്ങളിൽ നിന്നും എത്തുന്ന ഇരകൾ വിവരിക്കുന്നത് പല തവണ നേരിട്ടു കേട്ടിട്ടുണ്ട്.