എ൯. മുഹമ്മദ് ഉസ്താദ് അല്ലാഹുവിലേക്ക് യാത്രയായി.
നാഥ൯ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീ൯
05-10-2019
വര്ഷങ്ങളായി ആലിയാ കോളേജിൽ തലമുറകൾക്ക് വിജ്ഞാനം പകരുന്ന ഗുരുനാഥൻ. വിദ്യാർത്ഥികളുടെ എൻ.എം. ഉസ്താദ്. ഒപ്പം പരവനടുക്കത്തുകാർക്ക് നാട്ടുകാരൻ. നാട്ടുകാരും വിദ്യാർത്ഥികളും എൻ എം എന്ന് വിളിച്ചിരുന്ന എൻ മുഹമ്മദ് മദീനി ശനിയാഴ്ച (5-10-2019) ഉച്ച തിരിഞ്ഞു അല്ലാഹുവിന്റെ വിളിക്കുത്തരമേകി.
അവസാന നാളുകളിൽ കിഡ്‌നി സംബന്ധമായ രോഗങ്ങളും ഉസ്താദിനെ അലട്ടിയിരുന്നു.
ഉസ്താദിനെക്കുറിച്ചു നാട്ടുകാരും അദ്ദേഹത്തിന്റെ വിദ്യാർത്ഥികളും എഴുതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കുറിപ്പുകൾ എല്ലാം ചേർത്ത് വെച്ചിരിക്കുകയാണ് ഇവിടെ. കണ്ണീരിൽ കുതിർന്നല്ലാതെ നിങ്ങൾക്കിത് വായിച്ചു മുഴുമിപ്പിക്കാൻ സാധിക്കില്ല!
ഇതിൽ ഇനി വല്ല കൂട്ടിച്ചേർക്കലുകൾ നടത്താനും ആഡ് ചെയ്യാനും നിങ്ങൾ ഇവിടെ കമന്റ് ചെയ്യുകയോ എനിക്ക് മെയിൽ വഴി അയച്ചു തരികയോ ചെയ്യുക . hafeezkv@hotmail.com
ഒരു തലമുറയുടെ ചരിത്രവും ത്യാഗവും രേഖപ്പെടുത്തിവെക്കേണ്ടതും അത് പുതു തലമുറക്കും ഇനി വരുന്നവർക്കു തങ്ങളുടെ മുൻ ഗാമികളെ കുറിച്ച് അറിഞ്ഞിരിക്കാൻ സഹായിക്കുകയും ചെയ്യും
കനപ്പെട്ട സ്മരണികകൾ ലഭിക്കുന്ന മുറക്ക് നമുക്കിത് ഒരു pdf വേര്ഷനായി പുറത്തിറക്കാൻ സാധിക്കും.
ഉസ്താദിനെ അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാക്കാട്ടെ
എ൯. മുഹമ്മദ് ഉസ്താദ് നിസ്വാർത്ഥനായ ഗുരുവര്യ൯
അറബി സാഹിത്യത്തിലെ പണ്ഡിത ഗാംഭീര്യം എ൯. മുഹമ്മദ് മദീനി നാഥനിലേക്ക് യാത്രയായി
നീണ്ട വർഷം അത്യുത്തരകേരളത്തിലെ പ്രമുഖ ഇസ് ലാമിക കലാലയമായ കാസർകോട് ആലിയ അറബിക് കോളേജ് അധ്യാപകനായിരുന്നു ആലിയയിലെ പഠന ശേഷം മദീന ഇസ് ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഉന്നത ബിരുദം കരസ്ഥമാക്കിയ, എൻ.എം അധ്യാപകനായി തിളങ്ങിയ വൃക്തിത്വമാണ്.
അറബി ഭാഷയും സാഹിത്യവും അനവധി തലമുറകൾക്ക് അദ്ദേഹം പകർന്നു നൽകിയിട്ടുണ്ട്
സൗമ്യ സാന്നിധ്യമായ പണ്ഡിത വര്യ൯ അറിവുകൾ പകർന്നു നൽകുക എന്നതിനപ്പുറം ഭൗതികമായി യാതൊന്നും പിടിച്ചെടുക്കണമെന്ന ചിന്ത ഇല്ലാതിരുന്ന നിസ്വാർഥ ഗുരുവായിരുന്നു അദ്ദേഹമെന്ന് വിദ്യാർഥികൾ ഓർമിക്കുന്നു. അനാരോഗ്യാവസ്ഥയിലും നിറ പുഞ്ചിരിയോടെ നടന്നകന്ന വെെജ്ഞാനിക തേജസ്....
നാഥ൯ സ്വർഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ...
إنا لله وإنا إليه راجعون
ജ്ഞാനം വിനയാന്വിതരാക്കുന്നവരാണ്, പണ്ഡിതന്മാർ. അവരിൽത്തന്നെ കടഞ്ഞെടുക്കപ്പെട്ട ചിലരുണ്ട്. ഭൂമിക്ക് ഒരിക്കൽപ്പോലും ഭാരമാവാത്തവർ. തൂവൽസ്പർശം പോലെ മൃദുലമായാവും ഭൂമിക്കുമേൽ അവരുടെ പാദങ്ങൾ പതിയുക. കാൽപ്പാദങ്ങളാൽ ഭൂമിയെ ഇത്തിരിപ്പോലും വേദനിപ്പിക്കാതെയാവും അവരുടെ നടത്തവും.
ദുനിയാവിനോടുള്ള വിരക്തിയാണവരുടെ മുഖമുദ്ര. ഒന്നും അവരെ മോഹിപ്പിക്കുന്നില്ല. സാധ്യമാകുമായിരുന്നിട്ടും, കൈപ്പിടിയിലൊതുങ്ങുമായിരുന്നിട്ടും ആഗ്രഹങ്ങളുടെ പിന്നാലെ അവരൊരിക്കലും പോകുന്നില്ല. ദുനിയാവിനെയും കുടുംബത്തെയും ഒപ്പം കൊണ്ടുനടക്കുന്ന സൂഫികൾ. അവരിലൊരാളായിരുന്നു, ഇന്നലെ അന്തരിച്ച ഞങ്ങളുടെ പ്രിയപ്പെട്ട എൻ. മുഹമ്മദ് ഉസ്താദ്. വര്ഷങ്ങളായി ആലിയാ കോളേജിൽ തലമുറകൾക്ക് വിജ്ഞാനം പകരുന്ന ഗുരുനാഥൻ. വിദ്യാർത്ഥികളുടെ എൻ.എം. ഉസ്താദ്. ഒപ്പം പരവനടുക്കത്തുകാർക്ക് നാട്ടുകാരൻ.
ആലിയയായിരുന്നു ഉസ്താദിന്റെ തട്ടകം. ആലിയാ കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ജാമിയ ദാറുസ്സലാം ഉമറാബാദിലും, പിന്നെ മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലും ഉന്നത പഠനം. വിദേശ ജോലി അനിവാര്യമാക്കുന്ന ജീവിത സാഹചര്യമുണ്ടായിട്ടും അതിനു ശ്രമിക്കാതെ, വീണ്ടും ആലിയയിൽത്തന്നെ ജോയിൻ ചെയ്തു, അധ്യാപകനായി. ഇന്നലെ അന്ത്യംവരെയും അവിടെ അധ്യാപകനായി തുടർന്നു.
ഉൾക്കാമ്പുള്ള, സാത്വികനായ പണ്ഡിതൻ. ഖുർആനും അറബി ഭാഷയും സാഹിത്യവും പഠിപ്പിച്ച അദ്ദേഹത്തിന്റെ ക്‌ളാസ്സുകൾ ഉന്നത നിലവാരം പുലർത്തുന്നവയായിരുന്നുവെന് നത് ശിഷ്യന്മാരുടെ സാക്ഷ്യം. അറബി ഭാഷയിൽ ഒരു അതോറിറ്റി തന്നെയായിരുന്നു അദ്ദേഹം. ഗഹനമായ വിഷയങ്ങൾ സരളമായ ശൈലിൽ പഠിപ്പിച്ചു. 'കതിർക്കനമുള്ള, എന്നാൽ അറിവുകൊണ്ട് ബഹളം വെക്കാത്ത പണ്ഡിതൻ' എന്നാണ് അദ്ദേഹത്തിന്റെ ശിഷ്യൻ Abdul Gafoor ഈയ്യിടെ എഴുതിയത്.
വിദ്യാർത്ഥികളോടൊപ്പം എല്ലാറ്റിനും സൗമ്യസാന്നിധ്യമായി അദ്ദേഹമുണ്ടായിരുന്നു.. മാറിയിടാൻ തനിക്ക് കുപ്പായമില്ലാത്തത് മനസ്സിലാക്കി ഉസ്താദ് സ്വകാര്യമായി തന്റെ മുറിയിലേക്ക് വിളിച്ച അനുഭവം ഗഫൂർ എഴുതുന്നു:
'നിനക്കൊരു പുതിയ കുപ്പായം വാങ്ങിത്തരട്ടേ ഞാൻ.? മറ്റാരും അറിയില്ല, ഞാനും നീയും ഒഴിച്ച് '
അദ്ദേഹം എന്റെ മുഖത്ത് നോക്കാതെ ചോദിച്ചു. ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു അപ്പോൾ!
"വേണ്ട ഉസ്താദേ, എനിക്ക് വേറൊരു കുപ്പായം കൂടിയുണ്ട്. നാളത്തേക്ക് ഉണങ്ങും'
അത്ര മനുഷ്യപ്പറ്റുള്ള മറ്റൊരു ഗുരുവും തന്റെ വിദ്യാർത്ഥി ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നാണ് ഗഫൂർ അവസാനിപ്പിക്കുന്നത്.
ദിസവങ്ങളോളം നീണ്ടു നിൽക്കുന്ന ഒരു തർജ്ജമ വർക്ക് താൻ വഴി നടത്തികൊടുത്തതിനു ഉസ്താദ് അഞ്ച് പൈസ പ്രതിഫലം വാങ്ങിയില്ലെന്ന്' Abu Thai എഴുതിയിരുന്നു. 'സമ്പന്നത', 'സാമ്പത്തിക ഭദ്രത' തുടങ്ങിയ പദങ്ങളൊക്കെ ഒരു അലർജി എന്നോണം അകറ്റി നിർത്താൻ ഉസ്താദ് ശ്രദ്ധിച്ചുവെന്ന് അദ്ദേഹത്തിന്റെ സതീര്‍ഥ്യന്‍ അനുസ്മരിക്കുന്നു. സാമ്പത്തികമായി അങ്ങേയറ്റം പ്രയാസപ്പെടുമ്പോഴും അതായിരുന്നു ഉസ്താദ്. ഇസ്സുദ്ദീൻ മൗലവി, ത്വായീ ഉസ്താദ് തുടങ്ങിയ നിസ്വാർത്ഥമതികളുടെ ശരിയായ താവഴി..
പലതരം രോഗങ്ങളാൽ അങ്ങേയറ്റം പ്രയാസപ്പെട്ടിരുന്ന അദ്ദേഹം പക്ഷെ, അതൊന്നും വകവയ്ക്കാതെ കോളേജിലും പള്ളിയിലുമെത്തി. സ്വത:സിദ്ധമായ ആ സൗമ്യമായ പുഞ്ചിരിയോടെ എല്ലാവരെയും എതിരേറ്റു. പതിഞ്ഞ വാക്കുകളിൽ ആവശ്യത്തിന് മാത്രം സംസാരിച്ചു.
അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകുക സമയത്തിന്റെ മാത്രം പ്രശ്നമാണ്. പക്ഷെ, ജീവിതത്തിലുടനീളം അതിന് ഒരുങ്ങിയിരിക്കുക അവൻ തിരഞ്ഞെടുത്തവർക്ക് മാത്രം സാധ്യമാകുന്നതും. റബ്ബ് തആലാ അദ്ദേഹത്തെ സ്വീകരിക്കുമാറാകട്ടെ!
N മുഹമ്മദ് മദീനി അല്ലാഹുവിലേക്ക് യാത്രയായി. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഹൂൻ.ആലിയാ അറബിക് കോളേജിൽ ദീർഘ കാലം അധ്യാപകനായ വിനയാന്വിതനായ പണ്ഡിതവര്യൻ.
ആ നടത്തത്തിൽ തന്നെ ഇബാദ്‌ഹുറഹ്മാന്റെ എല്ലാ ഗുണങ്ങളും വായിച്ചെടുക്കാം. അറബി സാഹിത്യത്തിലും തഫ്സീറുകളിലും അഗാധമായ അറിവും കഴിവും ആ പണ്ഡിതവര്യനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസുകൾ ഒരു വലിയ ചർച്ചാ വേദിയായിരുന്നു. പാണ്ഡിത്യത്തിന്റെ പേരിൽ വലിയ സിംഹാസനങ്ങളിൽ വിരാചിക്കാനല്ല മറിച്ചു സാധാരണക്കാരിൽ ഒരാളായി മാറാനാണു ആ മഹാനുഭാവൻ ശ്രമിച്ചത്.
പ്രിയ ഗുരുവര്യന് അള്ളാഹു സ്വർഗം നൽകട്ടെ
പണ്ഡിത കേസരിയായിരുന്ന അഹംഭാവം തൊട്ടു തീണ്ടിയിട്ടില്ലാത്ത എളിമയുടെ പര്യായമായ പച്ചയായ ഒരു മനുഷ്യൻ..
ഇതായിരുന്നു NM ഉസ്താദ് എന്നറിയപ്പെട്ടിരുന്ന പരേതനായ നെച്ചിപ്പടുപ്പ് അദ്ലയിൻച്ചാന്റെ മകൻ N മുഹമ്മദ് ഉസ്താദ്. ആലിയാ കോളേജ് അധ്യാപകനായിക്കൊണ്ട് നൂറ് കണക്കിനാളുകൾക്ക് ഇൽമിന്റെ മജ്ലിസൊരുക്കി വിനയത്തിന്റെ ഭാഷയിൽ വിജ്ഞാനം പകർന്ന മനീഷിയായിരുന്നു ഉസ്താദ്. റാബിത്വത്തുൽ ആലമി എന്ന ലോക പണ്ഡിത സഭയുടെ ഒരു പ്രതിനിധിയായിരുന്നു ഉസ്താദ്. നടത്തത്തിലും വേഷത്തിലും സംസാരത്തിലും ജീവിതത്തിലും എളിമയും വിനയവുമുണ്ടായിരുന്ന ഒരു ഉസ്താദായിരുന്നു NM.
ദീർഘകാലമായി അസുഖ ബാധിതനായിരുന്നുവെങ്കിലും സാധ്യമാവുന്ന എല്ലാ വെള്ളിയാഴ്ചയിലും ആലിയ പള്ളിയിൽ ജുമുഅക്ക് എത്തുമായിരുന്നു. ഇന്നലെത്തെ ജുമുഅക്കും പള്ളിയിൽ വരികയും എല്ലാവരോടും മുസാഫഹത്ത് നടത്തുകയും ചെയ്തിരുന്നു.
നേടിയ വിജ്ഞാനം തന്റെ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുന്നതിൽ ഒരു ലുബ്ധും കാണിക്കാത്ത ഉസ്താദിന്റെ മഗ്ഫിറത്തിനും മർഹമത്തിനുമായി കണ്ണീരോടെ കരുണാമയനോട് യാചിക്കാനേ ഈ സമയത്താവുന്നുള്ളൂ. നാഥാ..
മുത്തഖീങ്ങളിൽ നീ നിന്റെ സ്വർഗ്ഗപൂങ്കാവനത്തിൽ ഞങ്ങളുടെ ഉസ്താദിനെ ഉൾപ്പെടുത്തേണമേ... ആമീൻ..
കഴിഞ്ഞ 30 ദിവസത്തിനകം പതിനഞ്ചോളം ഖബറാണ് ചെമ്മനാട് പള്ളി ഖബർസ്ഥാനിൽ കുഴിക്കേണ്ടിവന്നത്... മലക്കുൽ മൗത്ത് റബ്ബിന്റെ ഉത്തരവ് കാത്ത് റെഡിയായി നിൽക്കയാണ്.. ഏത് നേരത്ത് ആരുടെ റൂഹാണ് എടുക്കുക എന്ന് നമുക്കറിയില്ല, വിളി വരുമ്പോൾ പോവേണ്ടവർ നമ്മൾ, നമ്മുടെ യാത്രക്കുള്ള പാഥേയങ്ങൾ ശരിയായ രീതിയിൽ തയാറാക്കാൻ നമ്മൾ ശ്രമിക്കുക.
നാഥാ ഞങ്ങൾക്ക് നീ കാമിലായ ഈമാനോട് കൂടി, ആഖിർ കലാം ലാഇലാഹ ഇല്ലല്ലാഹ് മൊഴിഞ്ഞ് മരിക്കാൻ കഴിയുന്ന ഭാഗ്യം ഏകണേ തമ്പുരാനേ... ഞങ്ങളുടെ മുൻഗാമികളായി മരണപ്പെട്ടവരുടെ ബർസഖീ ജീവിതം എളുപ്പമാക്കിക്കൊടുക്കണമേ നാഥാ, അവർക്കൊക്കെ നിന്റെ പരിശുദ്ധമാക്കപ്പെട്ട സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ നാഥാ...
ആമീൻ
എ൯. മുഹമ്മദ് ഉസ്താദ് നിസ്വാർത്ഥനായ ഗുരുവര്യ൯
നീണ്ട വർഷം അത്യുത്തരകേരളത്തിലെ പ്രമുഖ ഇസ് ലാമിക കലാലയമായ കാസർകോട് ആലിയ അറബിക് കോളേജ് അധ്യാപകനായിരുന്നു ആലിയയിലെ പഠന ശേഷം മദീന ഇസ് ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഉന്നത ബിരുദം കരസ്ഥമാക്കിയ, എൻ.എം അധ്യാപകനായി തിളങ്ങിയ വൃക്തിത്വമാണ്.
അറബി ഭാഷയും സാഹിത്യവും അനവധി തലമുറകൾക്ക് അദ്ദേഹം പകർന്നു നൽകിയിട്ടുണ്ട്
സൗമ്യ സാന്നിധ്യമായ പണ്ഡിത വര്യ൯ അറിവുകൾ പകർന്നു നൽകുക എന്നതിനപ്പുറം ഭൗതികമായി യാതൊന്നും പിടിച്ചെടുക്കണമെന്ന ചിന്ത ഇല്ലാതിരുന്ന നിസ്വാർഥ ഗുരുവായിരുന്നു അദ്ദേഹമെന്ന് വിദ്യാർഥികൾ ഓർമിക്കുന്നു. അനാരോഗ്യാവസ്ഥയിലും നിറ പുഞ്ചിരിയോടെ നടന്നകന്ന വെെജ്ഞാനിക തേജസ്.... നാഥ൯ സ്വർഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ...
കതിർക്കനമുള്ള അറിവിന്റെ കനത്താൽ തല താഴ്ത്തി മാത്രം നടന്ന, അറിവുകൊണ്ട് ബഹളം വെച്ചു നടക്കാതിരുന്ന പണ്ഡിതൻ. ആ മഹാനവർകൾ വിട്ടേച്ചു പോകുന്ന വിടവ് നികത്താൻ യോഗ്യരായവരെ കണ്ടെത്തുക എളുപ്പമാവില്ല. അല്ലാഹു അദ്ദേഹത്തെ ജന്നാത്തുൽ ഫിർദൗസിൽ മാന്യമായ ഇടം നൽകി സന്തോഷിപ്പിക്കട്ടെ. ആമീൻ
എൻ മുഹമ്മദ് അല്ലാഹുവിലേക്ക് മടങ്ങി.... إنا لله وانا اليه راجعون
ചെമ്മനാട് ജുമാ മസ്ജിദിൽ ഞായറാഴ്ച രാവിലെ കബറടക്കം നടത്തി |
1969- 74 കാലയളവിൽ ആലിയ വിദ്യാർത്ഥി ആയിരുന്ന എന്റെ സീനിയർ ആയിരുന്നു മുഹമ്മദ്.
ചായക്കടകളിൽ ബേക്കറി പലഹാരങ്ങൾ വിതരണം ചെയ്തു കുടുംബ ചിലവ് കണ്ടെത്തിയിരുന്ന പിതാവിനെ ജോലിയിൽ സഹായിച്ചും തുച്ഛമായ ശമ്പളത്തിന് മദ്റസയിൽ പഠിപ്പിച്ചും വളരെ ചെറിയ ഒരു കുടിലിൽ കിടന്നുറങ്ങിയും ജീവിച്ചു പോന്ന സാത്വികനായ ഒരു പണ്ഡിതൻ.
സാഹചര്യങ്ങൾ അനുകൂലമായപ്പോഴും ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനോ, ആഡംബര ജീവിതം നയിക്കാനോ, അതിന് വേണ്ടി ശ്രമിക്കാനോ ചിന്തിച്ചില്ല. ഒന്ന് മനസ്സ് വെച്ചാൽ സർകാർ ശമ്പളം കിട്ടുന്ന ജോലി എളുപ്പം തരപ്പെടുത്താൻ കഴി യുമായിരുന്നിട്ടും ആ വഴിക്ക് ചിന്തിച്ചില്ല. സൗദി അറേബ്യയിലെ മദീനയിൽ ഉപരി പഠനത്തിന് പോയപ്പോഴും സാമ്പത്തിക ഭദ്രത ഉണ്ടാക്കാൻ ഞാൻ അടക്കമുള്ള മറ്റു പലരെയും പോലെ മുഹമ്മദിനും കഴിയുമായിരുന്നു. സമ്പന്നത , സാമ്പത്തിക ഭദ്രത എന്നീ പദങ്ങൾ ഒക്കെ ഒരു അലർജി എന്നോണം അകറ്റി നിർത്താൻ ശ്രദ്ധിക്കുക ആയിരുന്നു.
ചെമ്മനാട് ജുമാ മസ്ജിദ് കബറിസ്ഥാൻ |
....ആലിയയുമായി ബന്ധപ്പെട്ട ഓർമകളിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ മേൽ പറഞ്ഞ കാര്യങ്ങളിൽ ഇപ്പൊൾ ജീവിച്ചിരിക്കുന്നവരും വിട്ടു പോയവരുമായ അഭിവന്ദ്യ ഗുരുനാഥന്മാർ സമാന സ്വഭാവമുള്ളവർ ആയിരുന്നു എന്ന് മനസ്സിലാകുന്നു. ആദരണീയരായ ത്വായീ ഉസ്താദ്, ഇസ്സുദ്ദീൻ മൗലവി.....തുടങ്ങിയവരും ഇപ്പൊൾ സ്ഥാപനത്തിന്റെ അമരക്കാരായ കെ വീ ഉസ്താദ്, സി എൽ അബ്ദുൽ കാദർ ഉമരി, അബുൽ ഗ്വൈസ് നദ്‌വി, ഹൈദർ ഉസ്താദ്.......തുടങ്ങിയവരും ഒന്ന് കളം മാറി ചവിട്ടിയിരുന്നെങ്കിൽ അത്ഭുതം സൃഷ്ടിക്കാമായിരുന്നു. ആലിയയുമായി കൂടുതൽ അടുത്ത് നിന്നപ്പൊഴാണ് സി എൽ ഉസ്താദിന്റെ തോട്ടങ്ങളും, ടെക്സ്റ്റൈൽ ബിസിനെസ്സ്കളും താഴോട്ട് പോയത്. ചെറുതായൊന്നു വേഷം മാറിയിരുന്നു എങ്കിൽ കെവീ ഉസ്താദിന് രാജകീയ ജീവിതം നയിക്കാമയിരുന്നൂ. വിദേശത്ത് സർകാർ അതിഥി ആയി വന്നപ്പോഴും അനുവദിക്കപ്പെട്ട സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ആ വലിയ മനസ്സ് പാകപ്പെടാ ത്തതായി ഞാൻ കണ്ടിട്ടുണ്ട്. ഊണിലും ഉറക്കത്തിലും "ആലിയ" എന്ന ഒറ്റ ചിന്ത മാത്രം. ഉള്ളത് കൊണ്ട് തൃപ്തിയായി കഴിയുക എന്നത് ഒരു ജീവിത ചര്യയായി കൊണ്ട് നടക്കുന്ന റബ്ബിന്റെ പൊരുത്തം മാത്രം കാംക്ഷിച്ച് മുന്നോട്ട് നീങ്ങുന്ന ഒരു ചെറു സമൂഹം. പ്രതീക്ഷിക്കാത്ത മാർഗത്തിലൂടെ സഹായവും സഹകരണവും ആലിയക്ക് ലഭിക്കുന്നതും ഇൗ നിസ്വാർത്ഥ സേവകരൂടെ സാന്നിധ്യം കൊണ്ട് തന്നെ അല്ലേ.....
നാഥാ...... ഞങ്ങളുടെ"ആലിയക്കും", പ്രിയപ്പെട്ട ഞങ്ങളുടെ ഗുരുനാഥന്മാർ ക്കും എന്നുമെന്നും നിന്റെ കരുണാ കടാക്ഷവും, കാവലും ഉണ്ടാകെണമെ .... ആമീൻ,
Hamza Nadvi
ഇന്നാലില്ലാഹി .....
എന്റെ സഹപാഠി
പല വിഷയങ്ങളിലും ഞങ്ങൾ തമ്മിലായിരുന്നു മത്സരം. മണൽ തരിയെ പോലും ചവുട്ടി നോവിക്കാത്ത , ആരോടും വഴക്ക് കൂടാത്ത ഇത്ര നല്ലൊരു മനുഷ്യനെ ഞാൻ ഇതേവരെ വേറെ കണ്ടിട്ടില്ല.
അല്ലാഹുവേ ഞങ്ങളുടെ എന്നെമ്മിനെ നീ സ്വർഗ പൂങ്കാവനത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കേണമേ... ആമീൻ
NM ഉസ്താദിന്റെ ഓഫീസ് |
VA
انا لله وانا اليه راجعون
ജീവിതത്തിൽ ഓർമ്മയിൽ നിലനിൽക്കുന്ന വ്യക്തികൾ കുറവാണ്. ഓർമ്മയിൽ എന്നും തങ്ങിനിൽക്കുന്ന ഒരാളാണ് ശാന്ത സ്വഭാവിയും മിതഭാഷിയും സാത്വികനും ഭൂമിയെ പോലും നോവിക്കാതെ നടന്നു നീങ്ങുന്നN.M ഉസ്താദ് .
ആലിയയിലെ പരന്ന സിലബസുകളിൽ പലതും പഠിക്കുമ്പോഴും ശേഷവും മനസ്സിലാവാത്തവയുണ്ട്. എന്നാൽ N.M ഉസ്താദിന്റെ വിഷയങ്ങൾ ഇന്നും ഓർമ്മയിൽ മങ്ങാതെയുണ്ട്. المختصر അതിൽ പ്രധാനപ്പെട്ടതാണ്.
1992 ൽ പുറത്തിറങ്ങിയ ബാച്ചിൽ ഞാനും ബഷീർ ശിവപുരം, K .. അബ്ദുറഷീദ്, മൂസ കുട്ടി.... തുടങ്ങി 7 പേർ. യാത്രയയപ്പ് വേളയിൽ N.M ഉസ്താദ് ഞങ്ങൾക്കോ രോരുത്തർക്കും സമ്മാനമായി നൽകിയത് رياض الصالحين ന്റെ ഓരോ ഗ്രന്ഥമായിരുന്നു. ഇന്നും ഞാനത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഒരു صدقة جارية ആയി.
നാഥാ ഞങ്ങളുടെ പ്രിയപ്പെട്ട ഉസ താദിന്റെ സയ്യി ആത്തുകൾ പൊറുത്തു കൊടുത്ത് ഹസനാത്തുകൾ സ്വീകരിച്ച് സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കണേ.
Azeez Thavarath
കഴിഞ്ഞ വർഷം അവസാനത്തിൽ കോളേജിൽ വെച്ച് N M ഉസ്താദിനെ കണ്ട സമയത്ത് കണ്ണിൽ വെള്ളം നിറഞ്ഞു പോയി ആരോഗ്യം അത്രയും മോശമായിരുന്നു.
എനിക്ക് ഓർമ്മ വന്നത് പ്രവാചകനെ ആയിരുന്നു പനിബാധിച്ച പ്രവാചകൻ വേച്ച് വേച്ച് പള്ളിയിലേക്ക് വന്നിരുന്നു ആ രീതിയിൽ നമ്മുടെ ഈ ഗുരുവും അവസാനം വരെക്കും തന്റെ അറിവ് വിദ്യാർത്ഥികൾക്ക് പകർന്ന് നൽകാൻ കോളേജിൽ എത്തിയിരുന്നു. ദുൻയാവിനോടുളള വിരക്തി അദ്ദേഹത്തിന്റെ നടത്തത്തിലും വസ്ത്രത്തിലും മറ്റ് രീതികളിലും മുഴച്ച് കണ്ടിരുന്നു. പഠിപ്പിക്കുന്ന രിതിയും ശൈലിയും ഒരിക്കലും നമുക്ക് മറക്കാൻ പറ്റില്ല,
അറബി സാഹിത്യത്തെ അതിന്റെ ചൈതന്യം ചോർന്ന് പോകാത്ത രീതിയിൽ അർത്ഥം പറയുന്നതിൽ പ്രത്യേകം ശ്രദ്ധ കൊടുക്കുകയും ഒപ്പം നമ്മുടെ കാര്യം സംസാരിക്കുമ്പോൾ നാടൻ ശൈലിയും. (കൊതുകിനെ ഞാൻ വധിച്ചു കളഞ്ഞു എന്ന് അർത്ഥം പറഞ്ഞ സമയത്ത് ചിരിച്ച സമയത്ത് " അത് എന്ത് ന്ന് ചിരിക്ക്ന്ന് എന്ന ആ വാക്ക് ഞാൻ ഓർക്കുന്നു ആരെയും പ്രയാസപ്പെടുത്തുകയോ വെറുപ്പിക്കുകയോ ചെയ്യാത്ത സരളമായ ശൈലിയുടെ ഉടമയായിരുന്നു. അറബി സാഹിത്യത്തിന്റെ നിറകുടം അദ്ധ്യാപനത്തിന് വേണ്ടി ജീവിതം മുഴുവനും നീക്കിവെച്ച പ്രിയപ്പെട്ട ഉസ്താദ്. അതിനെ അന്വർത്ഥമാക്കി കൊണ്ട് ലോക അദ്യാപക ദിനത്തിൽ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി നമ്മോട് വിടപറഞ്ഞു.
അല്ലാഹു അദ്ദേഹത്തിന് പൊറുത്ത് കൊടുക്കുകയും അവന്റെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ ആമീൻ
റഫീഖ് റഹ്‌മാൻ മൂഴിക്കൽ
ബഹുമാന്യ ഗുരുവര്യരേ
യാത്ര മംഗളംഇന്നലെ രാത്രിയിൽ തണുപ്പിൽ വെള്ളപുതച്ച് താങ്കൾ ഉറങ്ങിയപ്പോൾതന്റെ കാരുണ്യവാനായ നാഥനെ കണ്ടുമുട്ടാനുള്ളസന്തോഷ കിടത്തമാണെന്ന്ഞങ്ങൾ സമാധാനിക്കുന്നു.അറിവുകൾ അടുക്കി വെച്ച അലമാരകൾക്കടുത്താണല്ലൊ കിടന്നത്.അത് പകർന്ന് തന്ന് മടങ്ങുന്ന ധന്യ ആത്മാവേ,തന്റെ റബ്ബിലേക്ക് സംതൃപ്തിയോടെ പൊയ്കൊള്ളുക.നാഥൻ താങ്കളിലും സംതൃപ്തനാണ്.തീർച്ച
انا لله وانا اليه راجعون اللهم اغفر له و ارحمه واعف عنه واسكنه فسيح جناتك وايانا واعذه من عذاب القبر و من عذاب النار يارب العالمين اللهم اجرهم في مصيبتهم واخلف لهم خيرا منه آمين
انا لله وانا اليه راجعون اللهم اغفر لاستاذي الكريم وارحمه و عافه واعف عنه واكرم نزله ووسع مدخله و اغسله بالماء والثلج والبرد ونقه من الخطايا كما ينقي الثوب الابيض من الدنس وابدله دارا خيرا من داره و اهلا خيرا من اهله و أدخله الجنة وايانا واعذه من عذاب القبر و من عذاب النار... اللهم اجرنا في مصيبتنا واخلف لنا خيرا منه آمين يارب العالمين
എൻ എം ഉസ്താദിന്റെ നിര്യാണത്തിൽ ആലിയ അദ്ധ്യാപകരും ഉസ്താദിന്റെ വിദ്യാർത്ഥികളും അനുസ്മരണം നടത്തി.
അനുസ്മരണ പരിപാടിയുടെ ഫോട്ടോ കൂടി ഇവിടെ ചേർക്കുന്നു.
KM Usthad & my beloved father KV Aboobakar Omari |
Reference:
No comments:
Post a Comment