scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Jul 21, 2019

തിളങ്ങുന്ന മുഖങ്ങൾ

തിളങ്ങുന്ന മുഖങ്ങൾ.
ചെറുകഥ. 
ഹക്കീം മൊറയൂർ. 
==============.

     അടുത്തതായി നമ്മുടെ മുഖ്യാതിഥി പ്രിയപ്പെട്ട മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയി നിങ്ങളുമായി സംവദിക്കുന്നതാണ്. 

    വലിയ അധരങ്ങളിൽ തേച്ച ചുവന്ന ലിപ്സ്റ്റിക് പടരാതിരിക്കാൻ വളരെ ശ്രദ്ധാപൂർവം പറഞ്ഞു കൊണ്ട് വിദ്യ മിസ്സ്‌ സദസ്സിൽ നിറഞ്ഞിരിക്കുന്ന വിദ്യാർത്ഥിനികളെ നോക്കി. പിന്നെ സാവധാനം കട്ടി മേക്കപ്പിട്ട മുഖത്ത് പൊടിഞ്ഞ വിയർപ്പ് മെല്ലെ തൂവാല കൊണ്ട് ഒപ്പിയെടുത്തു. 

   മാഡം പ്ലീസ്. 

വളരെ ഔപചാരികമായി കളക്ടറെ ക്ഷണിച്ചു കൊണ്ട് വിദ്യ മിസ്സ്‌ തന്റെ കസേരയിലേക്ക് അമർന്നു ചുറ്റും നോക്കി. 

   കോളേജ് ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു ഇരിക്കുകയാണ് കുട്ടികൾ. അവർക്ക് ചെറുതായി പേടിയുണ്ടായിരുന്നു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജ് ആണെങ്കിലും വികൃതി ഒപ്പിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല അവരെന്ന് അനുഭവങ്ങൾ പലപ്പോഴും അടിവരയിട്ട് ഓർമിപ്പിക്കുന്നുണ്ട്. 


    കഴിഞ്ഞ തവണത്തെ കോളേജ് ഡേക്ക് സ്ഥലം എംഎൽഎ യെ വരെ കൂവി തോൽപിച്ചു വിട്ട കുട്ടികളാണ്. 

Related image
   ഭഗവാനെ. ഒന്നും വരുത്തല്ലേ. 

മൂകമായി പ്രാർത്ഥിച്ചു കൊണ്ട് വിദ്യ മിസ്സ്‌ സദസ്സിലേക്ക് തന്നെ നോക്കി. 

   ഗുഡ് മോർണിംഗ് ഡിയർ ഫ്രണ്ട്‌സ്. 

മനോഹരമായി ചിരിച്ചു കൊണ്ട് കളക്ടർ സദസ്സിനെ അഭിസംബോധന ചെയ്തു. 

   എല്ലാവരും കളക്ടറെ തന്നെ നോക്കി ഇരിക്കുകയാണ്. 

   വളരെ മെലിഞ്ഞു കഴുത്തൊപ്പം വെട്ടിയ മുടിയും നീണ്ടു മെലിഞ്ഞ കഴുത്തുമുള്ള ഒരു നാടൻ പെണ്ണ്. നരച്ച ഒരു കോട്ടൺ സാരിയാണ് വേഷം. ചെറിയ മുഖത്തെ വലിയ കണ്ണുകൾ മറച്ചു കൊണ്ട് കറുത്ത ഫ്രെയിം ഉള്ള കണ്ണട ധരിച്ചിരിക്കുന്നു. ഇരുണ്ട നിറമുള്ള മുഖത്തെ വെളുത്ത പല്ലുകൾ അല്പം പുറത്തേക്ക് തള്ളിയിരിക്കുന്നു. 

  ഇതിനുമൊക്കെ അപ്പുറത്ത് കയ്യിൽ കെട്ടിയ വാച്ചല്ലാതെ അവർ മറ്റു ആഭരണങ്ങൾ ഒന്നും ധരിച്ചിട്ടില്ല. അതിലേറെ കുട്ടികളെ അത്ഭുതപ്പെടുത്തിയത് അവർ മുഖത്ത് പൗഡർ പോലും ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ്. 
   
    ഇംഗ്ലീഷിലാണ് സംസാരം. ഒന്ന് രണ്ട് മിനുട്ട് മാത്രമേ അവർ സംസാരിച്ചുള്ളൂ എങ്കിലും അവരുടെ വാക്കുകളിൽ ഒരു വല്ലാത്ത നിശ്ചയ ദാർഢ്യം നിറഞ്ഞു നിന്നിരുന്നു. 

   നിങ്ങളുടെ മനസ്സുകളിൽ എന്തൊക്കെയോ ചോദ്യങ്ങൾ ബാക്കി ഉണ്ടെന്നു എനിക്ക് തോന്നുന്നു. എന്തായാലും ചോദിക്കാം. 

   സദസ്സിലെ പിറുപിറുക്കലുകൾ കേട്ട് ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു. 

   മാഡത്തിന്റെ പേരെന്താ ഇങ്ങനെ?. 

ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ വായാടി ഹിബയാണ് അത്‌ ചോദിച്ചത്. 

Image result for mica mines in jharkhand
  എന്റെ പേര് റാണി എന്നാണ്. സോയമോയി എന്റെ കുടുംബ പേരാണ്.  ഞാൻ ജാര്ഖണ്ഡ് സ്വദേശിനിയാണ്. 

   ഓഹ്. നമ്മുടെ ധോണിയുടെ നാട്. 

  പെട്ടെന്നാരോ വിളിച്ചു പറഞ്ഞു. 

  അതെ. ധോണിയുടെ ജാർഖണ്ഡ് തന്നെ. ധോനിയെ നിങ്ങൾക്ക് ഒരു പാട് ഇഷ്ടമാണെന്നു തോന്നുന്നു. 

  എനിക്ക് കൊഹ്‌ലിയെ ആണ് ഇഷ്ടം. 

മറ്റാരോ ഉടനെ വിളിച്ചു പറഞ്ഞു. കോറസ്സായി ഓരോരോ പേരുകൾ ഓരോരുത്തരായി വിളിച്ചു പറയാൻ തുടങ്ങി. സദസ്സ് ആകെ ശബ്ദമുഖരിതമായി. 

  സൈലെൻസ് പ്ലീസ്. 

Image result for mica mines in jharkhandവിദ്യ മിസ്സ്‌ ഉറക്കെ വിളിച്ചു പറഞ്ഞു. സദസ്സ് പൊടുന്നനെ നിശബ്ദമായി. 

  സോറി മാഡം. 

വിദ്യ മിസ്സ്‌ അവരുടെ നേരെ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു. 

  ഇട്സ് ഓക്കേ. 

പുഞ്ചിരിച്ചു കൊണ്ട് കളക്ടർ പറഞ്ഞു. 

   ഇനി മറ്റെന്തെങ്കിലും ചോദിക്കാനുണ്ടോ?.

സദസ്സിൽ നിന്നും നീണ്ടു മെലിഞ്ഞ ഒരു പെൺകുട്ടി എഴുന്നേറ്റു നിന്നു. 

  ചോദിക്കൂ കുട്ടീ. 

മാഡം എന്താണ് മുഖത്തു മേക്കപ്പ് ഒന്നും ഉപയോഗിക്കാത്തത്?. 

   കളക്ടറുടെ മുഖം പെട്ടെന്ന് വിവർണ്ണമായി. മെലിഞ്ഞ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. മുഖത്തെ പുഞ്ചിരി മാഞ്ഞു പോയി. സദസ്സ് പെട്ടെന്ന് നിശബ്ദമായി. 

Image result for mica mines in jharkhand   അവർ മേശപ്പുറത്തു വെച്ചിരുന്ന വെള്ളക്കുപ്പി തുറന്നു അല്പാല്പമായി വെള്ളം കുടിച്ചു. പിന്നെ ചോദിച്ച കുട്ടിയോട് മെല്ലെ ഇരിക്കാൻ ആംഗ്യം കാണിച്ചു. പിന്നെ മെല്ലെ പറയാൻ തുടങ്ങി. 

   ഒരു കുഴപ്പം പിടിച്ച ചോദ്യമാണ് കുട്ടി ചോദിച്ചിരിക്കുന്നത്. ഒറ്റ വാക്കിൽ ഒരിക്കലും ഉത്തരം പറയാൻ കഴിയാത്ത ഒന്നാണ് അത്‌. അതിന്റെ ഉത്തരമായി എന്റെ ജീവിത കഥ തന്നെ നിങ്ങളോട് പറയേണ്ടതുണ്ട്. നിങ്ങളുടെ വിലപ്പെട്ട ഒരു പത്തു മിനുട്ട് എന്റെ കഥക്കായി നിങ്ങൾ മാറ്റി വെക്കാൻ തയ്യാറാണെങ്കിൽ ഞാൻ പറയാം. 

   തയ്യാറാണ്. 

സദസ്സ് ഒന്നടങ്കം പറഞ്ഞു. 

  വളരെ നന്ദി. 

  ഞാൻ റാണി. നിങ്ങൾ പറഞ്ഞ ധോണിയുടെ ജാർഖണ്ഡ് സ്വദേശിനിയാണ് ഞാനും. അദ്ദേഹം റാഞ്ചിയിൽ നിന്നാണ്. ഞാൻ ആദിവാസി മേഖലയിൽ നിന്നും. അദ്ദേഹത്തിന്റെ നാട്ടിൽ 76 ശതമാനം സാക്ഷരത ആണെങ്കിൽ എന്റെ നാട്ടിൽ അത്‌ വട്ട പൂജ്യമാണ്. അപ്പൊ നിങ്ങൾക്ക് മനസ്സിലായി കാണും എന്റെ നാടിന്റെ സ്ഥിതി എന്താണെന്ന്. 

    റാണി ഒന്ന് നിർത്തി സദസ്സിനെ നോക്കി. അതീവ ശ്രദ്ധയോടെ റാണിയുടെ സ്ഫുടമായ ഇംഗ്ലീഷ് കേട്ട് ഇരിക്കുകയാണ് അവർ. 

   മൈക്ക മൈൻസുകൾ നിറഞ്ഞ കോഡെർമ ജില്ലയിലെ ആദിവാസി മേഖലയിലെ ഒരു കൊച്ചു കുടിലിൽ ആയിരുന്നു എന്റെ ജനനം. 

Image result for mica mines in jharkhand    എന്റെ അച്ഛനും അമ്മയും മൈൻസിലെ ജോലിക്കാർ ആയിരുന്നു. എനിക്ക് മേലെ രണ്ട് ചേട്ടന്മാരും താഴെ ഒരു അനിയത്തിയും ഉണ്ടായിരുന്നു. മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഒരു കൊച്ചു കൂരയിൽ ആയിരുന്നു ഞങ്ങളുടെ താമസം. 

    മറ്റൊരു ജോലിയും കിട്ടാത്തത് കൊണ്ടായിരുന്നു എന്റെ അച്ഛനമ്മമാർ തുച്ഛമായ വേതനത്തിന് മൈൻസുകളിൽ ജോലി ചെയ്തിരുന്നത്. വളരെ കുഴപ്പം പിടിച്ച ഒരു ജോലി ആയിരുന്നു അത്‌. 

    എനിക്ക് നാലു വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയും രണ്ടു ചേട്ടന്മാരും ഓരോ അസുഖങ്ങളുമായി കിടപ്പിലായത്. മൈൻസുകളിലെ മാരകമായ മൈക്ക പൊടി ശ്വസിച്ചാണ് അസുഖം ഉണ്ടായത് എന്ന അറിവ് അക്കാലത്തു അവർക്ക് ഉണ്ടായിരുന്നില്ല. 

    എനിക്ക് അഞ്ചു വയസ്സ് ആവുമ്പോഴാണ് ചേട്ടന്മാർ അസുഖം മൂർച്ഛിച്ചു മരിച്ചു പോയത്. 

   ഒരു ചെറിയ ഇടർച്ചയോടെ റാണി സംസാരം നിർത്തി കൈലേസു കൊണ്ട് നിറഞ്ഞ കണ്ണുകൾ ഒപ്പി. 

   മിക്ക ദിവസങ്ങളിലും പച്ച വെള്ളവും ഒന്നോ രണ്ടോ റൊട്ടിയും ആയിരുന്നു ഞങ്ങളുടെ ഭക്ഷണം. രോഗം മൂർച്ഛിച്ചു പട്ടിണി കിടന്നാണ് എന്റെ രണ്ടു ചേട്ടന്മാരും ഈ ലോകം വിട്ടു പോയത്. എന്റെ ഗ്രാമത്തിൽ ഒരു ഡോക്ടർ പോയിട്ട് സ്കൂളിന്റെ പടി കടന്നവർ കൂടെ ഉണ്ടായിരുന്നില്ല. സ്കൂളോ ആശുപത്രിയോ എന്തിനു പേരിനു പോലും ഒരു കക്കൂസ് പോലുമില്ലാത്ത വൈദ്യുതി എത്താത്ത ഒരു ഗ്രാമം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ ആവുമോ?. 

  സദസ്സ് മുഴുവൻ മിണ്ടാട്ടമില്ലാതെ ഇരിപ്പാണ്. 

ഒരു ദിവസം പട്ടിണി കിടന്നു എല്ലും തോലുമായ എന്റെ കൈ പിടിച്ചു അച്ഛൻ ഏന്തി വലിഞ്ഞു നടന്നു ചെന്നത് തകര ഷീറ്റ് കൊണ്ട് മറച്ച ഒരു വലിയ ഖനിയിൽ ആണ്. 

   കാലപ്പഴക്കം കൊണ്ട് കുപ്രസിദ്ധി ആർജിച്ച ഒരു മൈക്ക മൈൻസ് ആയിരുന്നു അത്‌. 

  മൈക്ക കുഴിച്ചെടുത്തു കുഴിച്ചെടുത്തു പാതാളം വരെ താണ് പോയ പുരാതനമായ ഒരു ഖനി. ഏറ്റവും അടിയിലുള്ള കഷ്ടിച്ച് നൂണ്ടു പോകാവുന്ന ചെറിയ ഗുഹകളിലൂടെ ഇഴഞ്ഞു ചെന്നു മൈക്ക അയിരുകൾ ശേഖരിക്കുന്ന ജോലിയായിരുന്നു എനിക്ക്. പത്തു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടികൾക്ക് മാത്രമേ അതിനു കഴിയുമായിരുന്നുള്ളൂ. 

   ജീവിതത്തിൽ ആദ്യമായി അന്നാണ് ഞാൻ വയറു നിറച്ചു റൊട്ടി കഴിച്ചത്. പക്ഷെ അന്ന് ഞാൻ ഛർദിച്ചു പോയി. 

    ഒന്നാം ക്ലാസ്സിൽ പഠിക്കേണ്ട പ്രായത്തിൽ ഞാൻ വിഷപൊടികൾ ശ്വസിച്ചു പേടിപ്പെടുത്തുന്ന ഇരുട്ടറകളിലൂടെ നൂഴ്ന്നു മൈക്ക വാരി എടുക്കുകയായിരുന്നു. 

   ഇടക്കിടെ ഉണ്ടാവുന്ന മണ്ണിടിച്ചിലിൽ നിര്ഭാഗ്യവാന്മാരായ കുട്ടികൾ മരിച്ചു പോവുന്നത് അവിടെ പതിവായിരുന്നു. പിന്നെ ഇടക്കിടെ ചിലർ മാരകമായ അസുഖങ്ങളാലും. 

   എട്ടു മണിക്കൂർ ജോലി ചെയ്താലാണ് ഒരു നേരത്തെ റൊട്ടി വാങ്ങാനുള്ള കാശെങ്കിലും കിട്ടുന്നത്. പട്ടിണിയും വിഷപുകയും കാരണം ഞാൻ ഓരോ ദിവസവും മെലിഞ്ഞു ഉണങ്ങി കൊണ്ടിരുന്നു. 

   ഒരു വർഷം കഴിഞ്ഞപ്പോൾ എന്റെ അനിയത്തിയും ഖനിയിലെ ജോലിക്ക് പോവാൻ തുടങ്ങി. അല്പം അസുഖം ഭേദമായ ഉടനെ അച്ഛനും അമ്മയും ഞാനും അനിയത്തിയും കൂടി ജോലി ചെയ്തു പട്ടിണി ഇല്ലാതെ കഴിയാം എന്ന ഒരു നില വന്നു. 

   പക്ഷെ വിധി മറ്റൊരു രൂപത്തിൽ ഞങ്ങളെ വേട്ടയാടാൻ തുടങ്ങിയിരുന്നു. വല്ലാത്ത പനി കാരണം ഞാൻ ജോലിക്ക് പോവാത്ത ഒരു ദിവസം പെട്ടെന്ന് മഴ പെയ്തു. ഖനിയുടെ അടിത്തട്ടിൽ ജോലി ചെയ്യുന്നവരുടെ മുൻപിൽ ഖനി ഇടിഞ്ഞു നൂറോളം ആളുകൾ മരിച്ചു പോയി. കൂട്ടത്തിൽ എന്റെ അച്ഛനും അമ്മയും അനിയത്തിയും. 

   റാണിയുടെ ഇരു കണ്ണുകളിലൂടെയും കണ്ണുനീർ ചാലിട്ടൊഴുകാൻ തുടങ്ങി. സദസ്സിലുള്ള എല്ലാവരും ശ്വസിക്കാൻ പോലും മറന്നു നോക്കി നിൽക്കുകയായിരുന്നു. പലരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. 
  എനിക്കന്നു കേവലം ആറു വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നോർക്കണം. 

  ഒടുവിൽ ഞാൻ സർക്കാരിന്റെ അഗതി മന്ദിരത്തിൽ എത്തിച്ചേർന്നു. അവിടെ എനിക്ക് വിദ്യാഭ്യാസം കിട്ടി. എന്റെ ഗ്രാമത്തിൽ നിന്നും ആദ്യമായി ഞാൻ അക്ഷരങ്ങൾ പഠിച്ചു. ഒടുക്കം ഇതാ കളക്ടറായി നിങ്ങളുടെ മുൻപിലും. 

   ഇതും ഞാൻ മേക്കപ്പ് ഉപയോഗിക്കാത്തതും തമ്മിൽ എന്താണ് ബന്ധം എന്നായിരിക്കും നിങ്ങളുടെ സംശയം. 

    സദസ്സിലൂടെ ഒന്ന് കണ്ണോടിച്ചു കൊണ്ട് അവർ തുടർന്നു. 

   അന്ന് ഇരുട്ടിലൂടെ ഇഴഞ്ഞിഴഞ്ഞു ഞാൻ ശേഖരിച്ച മൈക്ക മുഴുവൻ ഉപയോഗിക്കുന്നത് മേക്കപ്പ് സാധനങ്ങളിലാണെന്നു പിന്നെയാണ് ഞാൻ തിരിച്ചറിഞ്ഞത്. 

   ഒന്നാം തരം പിയർസെന്റ് സിലിക്കേറ്റ് ധാതുക്കൾ ആണ് മൈക്ക. നിരവധി വലിയ കോസ്മെറ്റിക് കമ്പനികൾ ഓഫർ ചെയ്യുന്ന മിനറൽ മേക്കപ്പുകളിൽ നിങ്ങളുടെ ചർമത്തിനു  തിളക്കമേറ്റുന്നത് ഇരുപതിനായിരത്തോളം കൊച്ചു കുട്ടികൾ സ്വന്തം ജീവൻ പണയപ്പെടുത്തി വാരി എടുക്കുന്ന പല നിറങ്ങളിലുള്ള മൈക്ക ആണ്. 
Image result for mica mines in jharkhand
   കരിഞ്ഞു പോയ അവരുടെ സ്വപ്നങ്ങളും പൊലിഞ്ഞു പോയ അവരുടെ ജീവനും പാറക്കൂട്ടങ്ങൾക്കിടയിൽ ചതഞ്ഞരഞ്ഞ അവരുടെ മാംസവും ചോരയും ചേർന്നാണ് നിങ്ങളുടെ കവിളുകളിൽ റോസാപ്പൂവിന്റെ മൃദുലത വിരിയിക്കുന്നത്. 

   കോടിക്കണക്കിനു ഡോളർ മൂല്യമുള്ള മൈക്കയാണ് ഇന്നും ഖനികളിൽ നിന്നും കുഞ്ഞിക്കൈകൾ  വാരി എടുക്കുന്നത്. നമ്മുടെ ഒക്കെ സൗന്ദര്യത്തിനു  മാറ്റ് കൂട്ടാൻ. 

   ഇനി നിങ്ങൾ പറയൂ. 

ഞാൻ എങ്ങനെയാണ് എന്റെ മുഖത്ത് മേക്കപ്പ് സാധനങ്ങൾ പുരട്ടുക?.  പട്ടിണി കിടന്നു മരിച്ചു പോയ സഹോദരങ്ങളുടെ ഓർമയിൽ ഞാൻ എങ്ങനെയാണു വയർ നിറച്ചു ഭക്ഷണം കഴിക്കുക?. കീറി പറിയാത്ത തുണി സ്വപ്നം പോലും കാണാത്ത എന്റെ അമ്മയുടെ ഓർമയിൽ ഞാൻ എങ്ങനെ ആണ് വില കൂടിയ പട്ടു വസ്ത്രങ്ങൾ ധരിക്കുക?. 

    സദസ്സ് മുഴുവൻ സ്തംഭിച്ചു ഇരിക്കുകയാണ്. 

എന്നെ ശ്രവിച്ചതിനു നന്ദി. 

   ഒരു ചെറുപുഞ്ചിരിയോടെ നിറഞ്ഞ മിഴികൾ തുടക്കാതെ തല ഉയർത്തി പിടിച്ചു അവർ നടന്നു നീങ്ങുമ്പോൾ അറിയാതെ സദസ്സ് മുഴുവൻ എഴുന്നേറ്റു നിന്നു. 

   അവരുടെ ഒക്കെ മിഴികളിൽ നിന്നും ഒലിച്ചിറങ്ങിയ ചുടുകണ്ണീരിൽ മുഖത്തെ മേക്കപ്പുകൾ ഒലിച്ചു തുടങ്ങിയിരുന്നു അപ്പോൾ. 
...............................
(അവസാനിച്ചു ).

   വായനക്ക് നന്ദി. 

സ്നേഹത്തോടെ. 
ഹക്കീം മൊറയൂർ.  
ഹക്കീം മൊറയൂർ

Image result for mica mines in jharkhand  ( ഏറ്റവും ഗുണ നിലവാരം കൂടിയ മൈക്ക കുഴിച്ചെടുക്കുന്നത് ഇപ്പോഴും ജാർഖണ്ഡ് നിന്നാണ്. 20,000 അധികം കൊച്ചു കുട്ടികൾ പഠിക്കാൻ പോവാതെ അവിടെ ജോലി ചെയ്യുന്നു. ചിലർ മണ്ണിടിഞ്ഞും ചിലർ അസുഖങ്ങൾ ബാധിച്ചും വാടി കരിഞ്ഞു പോവുന്നു. 

   നമ്മുടെ മുഖം തിളങ്ങാൻ വേണ്ടി കൊഴിഞ്ഞു പോയ ആ കുസുമങ്ങൾക്ക് ആദരാഞ്ജലികൾ. )

Share/Bookmark

No comments: