scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Oct 9, 2019

സ്വാതന്ത്ര്യത്തിന്റെ ദുരവസ്ഥ

സ്വാതന്ത്ര്യത്തിന്റെ ദുരവസ്ഥ
       സച്ചിദാനന്ദന്‍

Image result for സച്ചിദാനന്ദന്‍തല്ലിക്കൊല തടയാന്‍ സത്വരനടപടികള്‍ എടുക്കണം എന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക്  തുറന്ന കത്തെഴുതിയ 49 ഇന്ത്യന്‍ കലാകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കുമെതിരായി അഡ്വക്കേറ്റ് സുധീര്‍ ഓഝ  മുസാഫര്‍പൂര്‍ ഹൈക്കോടതിയില്‍ രണ്ടു മാസം മുന്‍പ് ഫയല്‍ ചെയ്ത ഹര്‍ജ്ജി സ്വീകരിച്ചു കൊണ്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരി എഫ് ഐ ആര്‍-ന് ഉത്തരവിട്ട വാര്‍ത്ത ഇന്ത്യന്‍ ജനാധിപത്യവും നമ്മുടെ ഭരണഘടന പൌരര്‍ക്ക് ഉറപ്പു നല്‍കുന്ന   സ്വാതന്ത്ര്യങ്ങളും ഒപ്പം  നമ്മുടെ ജഡീഷ്യറിയും എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ  ഭീഷണമായ സൂചനയാണ്. 


അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനെഗള്‍ , അപര്‍ണ്ണാ സെന്‍, കൊങ്കണാ സെന്‍ ശര്‍മ,  മണി രത്നം, രേവതി, അനുരാഗ് കാശ്യപ്, ശുഭാ മുദ്ഗല്‍, രാമചന്ദ്ര ഗുഹ തുടങ്ങി ഇന്ത്യന്‍കലയ്ക്കും പൊതുജീവിതത്തിന്നും അനുപമമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ പ്രധാനമന്ത്രിയോട്  തികഞ്ഞ സുജനമര്യാദ പാലിച്ചു നടത്തിയ ഒരു തുറന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ  രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തല്‍, പൊതുജനശല്യം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് എടുക്കാനുള്ള അഭ്യര്‍ത്ഥന, ഭരണഘടന സംരക്ഷിക്കേണ്ട ഒരു കോടതി സ്വീകരിച്ചു എന്നതു തന്നെ യഥാര്‍ത്ഥരാജ്യസ്നേഹികളെ ഞെട്ടിക്കേണ്ടതാണ്. രാഷ്ട്രത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിച്ചു, പ്രധാനമന്ത്രിയുടെ ഗംഭീരമായ പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചു എന്നീ ആരോപണങ്ങളും ഈ ആത്മാഭിമാനികളായ പ്രതിഭാശാലികള്‍ക്കെതിരെ ഹരജിക്കാരന്‍ ഉന്നയിച്ചിട്ടുണ്ട്. 

സുധീര്‍ ഓഝ ഇതിനു മുന്‍പ് മന്‍മോഹന്‍ സിംഗ്, അരവിന്ദ് കേജരിവാള്‍, അന്നാ ഹസാരെ, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ , കത്രീനാ കൈഫ്‌ , സച്ചിന്‍ ടെണ്ടൂല്‍ക്കര്‍ തുടങ്ങിയവര്‍ക്കെതിരെയും ഇത്തരം പരാതികള്‍ ഉന്നയിച്ചിട്ടുള്ള ‘മഹാ’നാണ് എന്നതു ശരി;  സുപ്രീം കോടതിയില്‍ എത്തുംമുന്‍പേ പാറ്റ്ന ഹൈ ക്കോടതി തന്നെ ഈ പരാതി അസംബന്ധമെന്നു കണ്ടു തള്ളുമെന്ന് അപര്‍ണ്ണാ സെന്നിനെപ്പോലുള്ളവര്‍  പ്രത്യാശിക്കുന്നുണ്ടെന്നതും ശരി; അതൊന്നും ഈ അവസ്ഥയുടെ ഗൌരവം കുറയ്ക്കുന്നില്ല. കാരണം ഇത് ആദ്യമായി നടക്കുന്നതോ ഒറ്റപ്പെട്ടതോ ആയ സംഭവമല്ല തന്നെ. നരേന്ദ്ര ഢാബോല്‍ക്കര്‍ , ഗോവിന്ദ് പന്‍സാരെ, എം എം കാല്‍ബുര്‍ഗി, ഗൌരി ലങ്കേഷ് എന്നിവരുടെ കൊലകളും, മുസ്ലീങ്ങളും ദളിതരും  ആദിവാസികളും ഉള്‍പ്പെട്ടവരുടെ തല്ലിക്കൊലകളും   സ്ത്രീകളും അവര്‍ണ്ണവിഭാഗങ്ങളും നേരിടുന്ന വര്‍ദ്ധിച്ച  വിവേചനങ്ങളും  അവഹേളനങ്ങളും, എം എഫ് ഹുസൈന്‍, നന്ദിതാ ബോസ്, ദീപാ മേത്ത, യൂ. ആര്‍. അനന്തമൂര്‍ത്തി, ഗിരീഷ്‌ കര്‍ണ്ണാട് , എം ടി വാസുദേവന്‍ നായര്‍, കമല്‍, അമീര്‍ഖാന്‍, നസിറുദീന്‍ ഷാ, മല്ലികാ സാരാഭായ്,ഹബീബ് തന്‍ വീര്‍ , ആനന്ദ് പട് വര്‍ദ്ധന്‍, അരുന്ധതി റോയ്, റൊമീലാ ഥാപ്പര്‍, അസീം ത്രിവേദി, തീസ്താ സെത്തല്‍വാദ്, മേധാ പട്കര്‍, ഇന്ദിരാ ജയ്സിംഗ്,  ജ്യോത്സ്ന യാജ്ഞിക്, റാണാ അയ്യൂബ്, രവീഷ് കുമാര്‍  തുടങ്ങി ഭിന്നമേഖലകളില്‍  പെട്ട പ്രസിദ്ധര്‍ക്കെതിരായ  അധിക്ഷേപങ്ങളുംഅക്രമങ്ങളും നിയമനടപടികളും, സ്വന്തം പ്രത്യയശാസ്ത്ര പ്രചാരണത്തിന്നായി, ജനങ്ങളുടെ  നികുതിപ്പണം കൊണ്ട് നടത്തുന്ന വിവിധ പൊതു സാംസ്കാരിക സ്ഥാപനങ്ങള്‍ പിടിച്ചെടുത്തുള്ള ദുരുപയോഗം, പ്രതിപക്ഷകക്ഷികള്‍ക്ക് പുറമേ സിവില്‍ സര്‍വീസിലും ജഡീഷ്യറിയിലും ഉള്ളവര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിമര്‍ശകരെപ്പോലും തിരഞ്ഞു പിടിച്ചുള്ള പ്രതികാരനടപടികള്‍ : ഇവയുടെയെല്ലാം പശ്ചാത്തലത്തില്‍ വേണം ഈ നടപടിയെ കാണുവാന്‍.
കേന്ദ്രഭരണകക്ഷിയില്‍ പെട്ട ഗോഡ്സെ- പ്രകീര്‍ത്തകരും ബലാത്സംഗികളായ സംന്യാസിമാരും നിയമലംഘകരും  കുറ്റവാളികളുടെ സംരക്ഷകരായ “നിയമപാലക”രും ജനവഞ്ചകരായ ഔഷധവ്യാപാരികളും തനി കൊലപാതകികളും സംരക്ഷിക്കപ്പെടുക മാത്രമല്ലാ, പലപ്പോഴും സ്ഥാന-മാനങ്ങളാല്‍ ആദരിക്കപ്പെടുക പോലും ചെയ്യുമ്പോഴാണ് ജനാധിപത്യപരമായ  വിമര്‍ശനധര്‍മ്മം  നിര്‍വ്വഹിക്കുകയും അധികാരത്തോട് സത്യം പറയാന്‍ ധൈര്യപ്പെടുകയും ചെയ്യുന്ന പ്രതിഭാശാലികള്‍ അപമാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് എന്നു കൂടി കാണുമ്പോഴാണ് നമ്മുടെ ജനാധിപത്യത്തിന്റെ എല്ലാ തൂണുകള്‍ക്കും തുരുമ്പു പിടിച്ചിരിക്കുന്നു എന്ന് നാം തിരിച്ചറിയുക. 
ഇന്നും ഇന്ത്യയില്‍ ജനാധിപത്യം സുരക്ഷിതമാണ് എന്ന് വാദിക്കുന്നവര്‍,  സ്വാതന്ത്ര്യത്തിന്റെ ഈ ദുരവസ്ഥയ്ക്കെതിരെ പ്രതികരിക്കാത്തവര്‍,  മൌനത്തിലൂടെ തങ്ങള്‍ക്കു  രക്ഷപ്പെടാനാകും എന്ന് ധരിക്കുന്നവര്‍: അവരായിരിക്കും നാളെ ദേശദ്രോഹികളും ജനവഞ്ചകരുമായി തിരിച്ചറിയപ്പെടുക. നിതാന്തജാഗ്രത തന്നെയാണ് സ്വാതന്ത്ര്യത്തിന്റെ വില, അനുസ്യൂതമായ പ്രതിരോധം ജനാധിപത്യത്തിന്റെ യഥാര്‍ത്ഥലക്ഷണവും.

Share/Bookmark

No comments: