scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

May 8, 2011

ഇറോം ശര്മിളയും അന്നാ ഹസാരെയുംsalvXm_v Bew മണിപ്പൂരില്‍ ഗാന്ധിയന്‍ മാതൃകയില്‍ ആറുവര്‍ഷമായി നിരാഹാരസമരം നടത്തുന്ന ഇറോം ചാരു ശര്‍മിള, 2006ല്‍ രാഷ്ട്രം പരിഗണിക്കുമെന്ന 

പ്രതീക്ഷയില്‍ തന്റെ സമരം മണിപ്പൂരിലെ ജെ.എന്‍ ഹോസ്പിറ്റലിലെ വാര്‍ഡില്‍ നിന്നു ഡല്‍ഹിയിലെ ജന്തര്‍ മന്ദറിലേക്കു മാറ്റി. കലാപത്തെയും ഭീകരപ്രവര്‍ത്തനത്തെയും നേരിടാനെന്ന ന്യായത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് അമിതാധികാരം നല്‍കുന്ന കാടന്‍നിയമമായ അഫ്സ്പ പിന്‍വലിക്കുന്നതിനായി 2000 നവംബര്‍ തൊട്ട് നിരാഹാര സമരത്തിലായിരുന്നു അവര്‍. എന്നാല്‍, ശര്‍മിളയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും അവരെ ഡല്‍ഹിയിലേക്കു മാറ്റുക അത്ര എളുപ്പമായിരുന്നില്ല; പ്രത്യേകിച്ചും സംസ്ഥാന ഗവണ്‍മെന്റ് ആ നീക്കത്തെ എതിര്‍ത്തതിനാല്‍. ഏതായാലും 2006 ഒക്ടോബര്‍ രണ്ടിന് അവര്‍ സഹപ്രവര്‍ത്തകരോടൊപ്പം അധികൃതരുടെ കണ്ണുവെട്ടിച്ചു ഡല്‍ഹിയിലെത്തി. മണിപ്പൂരിലെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനായ ബബ്ലു ലൊയ്താഗ് ബാം പറയുന്നു:
"ശര്‍മിളയോടൊപ്പം ഇംഫാല്‍ വിടാന്‍ സാധിക്കുമെന്നു ഞങ്ങള്‍ കരുതിയിരുന്നില്ല.''
ഡല്‍ഹിയിലെത്തിയ ഉടനെ ശര്‍മിള രാജ്ഘട്ടിലെ ഗാന്ധിസമാധിയിലേക്കാണു പോയത്. അന്നു വൈകീട്ടവര്‍ ജന്തര്‍ മന്ദറില്‍ തന്റെ നിരാഹാരസമരം തുടര്‍ന്നു. 2011ല്‍ മറ്റൊരു ഭക്തഗാന്ധിയനായ അന്നാ ഹസാരെ ജന്‍ ലോക്പാല്‍ ബില്ല്  നിയമമാക്കുന്നതിനുവേണ്ടി ജന്തര്‍ മന്ദറില്‍ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചു. ഹസാരെയും ഡല്‍ഹിയിലെത്തിയപ്പോള്‍ ആദ്യം രാജ്ഘട്ടിലേക്കാണു പോയത്.  എന്നാല്‍, ഹസാരെക്ക് സംസ്ഥാനം വിടുന്നതിന് ഒരു തടസ്സവുമുണ്ടായില്ല. സത്യത്തില്‍, പുറപ്പെടുന്നതിനു മുമ്പുതന്നെ അഴിമതിവിരുദ്ധ ആക്റ്റിവിസ്റുകളും സംഘടനകളും അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഹസാരെ എത്തി ഒരു ദിവസം കൊണ്ടുതന്നെ ജന്തര്‍ മന്ദര്‍ മേഖല തഹ്രീര്‍ സ്ക്വയറായി പ്രഖ്യാപിക്കപ്പെട്ടു. ഈജിപ്തില്‍ മുബാറക്കിനെതിരായി നടന്ന ജനകീയപ്രക്ഷോഭം പോലെയുള്ള ഒന്നാണു ഹസാരെ നടത്തുന്നതെന്ന് പ്രചരിപ്പിക്കാനായിരുന്നു അത്. തുടര്‍ന്നു ജന്തര്‍ മന്ദറില്‍ എന്താണ് നടന്നതെന്നു നമുക്കറിയാം. മാധ്യമസ്ഥാപനങ്ങള്‍ ഓരോ മിനിറ്റിലും ആ മഹാസംരംഭത്തിന്റെ വിശദാംശങ്ങള്‍ നമുക്കു നല്‍കിക്കൊണ്ടിരുന്നു. മറ്റു പല നഗരങ്ങളിലും സഹതാപസമരങ്ങള്‍ നടന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഗുജറാത്തിലെ റലഗാവ് സിദ്ദി ഗ്രാമത്തിലെ ദൈവവും രക്ഷകനുമായ ഹസാരെ രാജ്യത്തിന്റെ ദൈവവും രക്ഷകനുമായി മാറി. അഴിമതിക്കെതിരായി ഹസാരെ നടത്തുന്ന കാംപയിന് പിന്തുണ നല്‍കിയവരില്‍ അഴിമതി നടത്തിയതിനു വിചാരണ നേരിടുന്ന ജയലളിതയും ലളിത് മോഡിയും മാത്രമല്ല, വര്‍ഗീയതയ്ക്കും വംശവെറിക്കും കുപ്രസിദ്ധിനേടിയ സംഘടനകളുമുണ്ടായിരുന്നു. 

'പൌരസമൂഹ'ത്തിന്റെ പ്രതിനിധികളും പിന്തുണയ്ക്കാന്‍ തിരക്കിട്ടുവന്നു. സ്വാമി അഗ്നിവേശ് പറഞ്ഞപോലെ, ഹസാരെയും പ്രസ്ഥാനവും ഭരണകൂടത്തെ 
പിടിച്ചുകുലുക്കി. വെറും 87 മണിക്കൂറിനുള്ളില്‍ ഗവണ്‍മെന്റ് ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. 

മാധ്യമസ്ഥാപനങ്ങള്‍ വിളിച്ചുകൂവി: 'ഇന്ത്യ വീണ്ടും ജയിക്കുന്നു.'

എന്നാല്‍, ഇറോം ശര്‍മിളയ്ക്കെന്തുപറ്റി; അവരുടെ സമരമെവിടെയെത്തി; അവരും മണിപ്പൂര്‍ ജനതയും അതുപോലെ വിജയിച്ചുവോ?  സംഭവിച്ചതിങ്ങനെ: ശര്‍മിള വന്നശേഷം ചെറുസംഘങ്ങള്‍ അവരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു; മിക്കവരും മണിപ്പൂരില്‍നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും.  അന്നാ ഹസാരെയുടെ സമരത്തില്‍നിന്നു വ്യത്യസ്തമായി മൂന്നുദിവസത്തിനുള്ളില്‍ ഡല്‍ഹി പോലിസ് ഒക്ടോബര്‍ ആറിന് അര്‍ധരാത്രി ഇറോം ശര്‍മിളയെ അറസ്റ്റ് ചെയ്തു. അവരെ അനുകൂലിക്കുന്നവര്‍, ഞങ്ങള്‍ മറികടക്കുകതന്നെ ചെയ്യുമെന്ന പ്രസിദ്ധമായ ഗാനം (വി ഷാല്‍ ഓവര്‍കം) ആലപിക്കുന്നതിനിടയിലാണ് നൂറുകണക്കിനു പോലിസുകാര്‍ അവരെ കസ്റ്റഡിയിലെടുക്കുന്നത്. ശര്‍മിളയുടെ ആരോഗ്യനില മോശമായതുകൊണ്ട് അവരെ ആശുപത്രിയിലെത്തിക്കുക എന്നതു മാത്രമായിരുന്നു പോംവഴി 
എന്നൊരു പോലിസുദ്യോഗസ്ഥന്‍ വിശദീകരിച്ചു.
ആദ്യം ഡോ. രാംമനോഹര്‍ 
ലോഹ്യ ആശുപത്രിയിലേക്കും പിന്നെ എയിംസിലേക്കും മാറ്റിയ ശര്‍മിളയ്ക്കു വമ്പിച്ച പോലിസ് കാവലുണ്ടായിരുന്നു. തന്നെ പിന്തുണയ്ക്കുന്നവരെയോ മാധ്യമപ്രവര്‍ത്തകരെയോ കാണാന്‍ അവരെ അനുവദിച്ചില്ല. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശര്‍മിളയെ മണിപ്പൂരിലേക്കു കൊണ്ടുപോയി. അവരിപ്പോഴും നിരാഹാരം തുടരുന്നു. കഴിഞ്ഞവര്‍ഷം നവം. നാലിന്  ഏറ്റവുമധികം കാലം ഉപവാസമനുഷ്ഠിച്ച ഗാന്ധിയനായി മാറി ശര്‍മിള.  ഒരു ലോക റെക്കോഡ്. മിക്കവാറും മരണം വരെ ഉപവസിക്കുന്ന ഏക ഗാന്ധിയനും അവരായിരിക്കും. കാരണം, അഫ്സ്പ പിന്‍വലിക്കാനുള്ള ഒരു നീക്കവും കാണുന്നില്ല.  


അരുണാചല്‍പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, ത്രിപുര, കശ്മീര്‍ എന്നിങ്ങനെ അസ്വസ്ഥബാധിതമെന്നു വിളിക്കപ്പെടുന്ന 
പ്രവിശ്യകളില്‍ വര്‍ഷങ്ങളായി അഫ്സ്പ പോലുള്ള പ്രാകൃതനിയമങ്ങളാല്‍ നൂറുകണക്കിനു സാധാരണമനുഷ്യര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്.  
നിയമവിരുദ്ധമായ കൊലകളും തടങ്കലും ബലാല്‍സംഗവും പീഡനവും അവിടങ്ങളില്‍ സര്‍വസാധാരണമാണ്. മര്‍ദ്ദനത്തിന്റെയും വെറുപ്പിന്റെയും 
വിവേചനത്തിന്റെയും അധികാരമുഷ്ക്കിന്റെയും പ്രതീകമാണ് അഫ്സ്പ. പൌരന്മാരുടെ അന്തസ്സും ജീവനും സ്വാതന്ത്യ്രവും സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെയാണ് ആ അക്രമങ്ങള്‍ ചെയ്യുന്നത്. 


അഴിമതിയേക്കാള്‍ നാശകാരിയും പ്രത്യാഘാതനിര്‍ഭരവുമാണ് അഫ്സ്പ, യു.എ.പി.എ, പി.എസ്.എ പോലുള്ള നിയമങ്ങള്‍. മറ്റൊരു പോംവഴിയുമില്ലാതെ. 

ജനങ്ങളെ ആത്യന്തികനടപടികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന മര്‍ദ്ദനോപകരണങ്ങളാണവ. അധികാരത്തില്‍ വരുന്ന ഒരു കക്ഷിക്കും അതിന്റെ ഇരകളായ ജനങ്ങളെപ്പറ്റി യാതൊരു ഉല്‍ക്കണ്ഠയുമില്ല. കാരണം, 'സാധാരണ' ഇന്ത്യക്കാരുടെ അജണ്ടകളില്‍ അതില്ല.  

അവര്‍ നൂറുകണക്കിന് ഇന്ത്യന്‍ പൌരന്‍മാരെ മര്‍ദ്ദിക്കുന്ന, കൊല്ലുന്ന, ബലാല്‍സംഗം ചെയ്യുന്ന വിഭാഗങ്ങളെ ഇഷ്ടപ്പെടുന്നു. അവര്‍ ഇന്ത്യന്‍ 
സൈന്യത്തെ സ്നേഹിക്കുന്നു. അതിനാല്‍ സുരക്ഷാവിഭാഗങ്ങള്‍ക്കു നല്‍കിയ ഇത്തരം അമിതാധികാരങ്ങള്‍ പിന്‍വലിക്കാന്‍ ഭരണകൂടത്തിനു സാധിക്കില്ല. ഇന്ത്യന്‍ സൈന്യത്തിന്റെയും മറ്റു സുരക്ഷാ ഏജന്‍സികളുടെയും അതിക്രമങ്ങളെ എതിര്‍ക്കുകയും അനാവരണം ചെയ്യുകയും ചെയ്യുന്ന ആര്‍ക്കും ഇന്ത്യക്കാരുടെ പിന്തുണ ലഭിക്കില്ല; അവര്‍ എത്ര വലിയ ഗാന്ധിയന്മാരായാലും. നമ്മുടെ നാട്ടില്‍ പിന്തുണ കിട്ടാന്‍ വെറും ഗാന്ധിയനായാല്‍ പോരാ. പ്രത്യേകതരം ഗാന്ധിയനാവണം; ഗാന്ധിയുടെ കൊലപാതകികളോടൊപ്പം ഇരിക്കുന്ന ഗാന്ധിയന്‍; മഹാത്മാഗാന്ധിയുടെ നാട്ടില്‍ വംശഹത്യ നടത്തിയവരെ പ്രശംസിക്കുന്ന ഗാന്ധിയന്‍; ഫാഷിസത്തെയും വംശവെറിയെയും അനുകൂലിക്കുന്ന ഗാന്ധിയന്‍.  'നിര്‍ഭാഗ്യത്തിന്' അത്തരമൊരു ഗാന്ധിയനാവാനുള്ള യോഗ്യതകള്‍ ശര്‍മിളയ്ക്കുണ്ടായിരുന്നില്ല. എന്നാല്‍, ആ നിര്‍ഭാഗ്യത്തില്‍ അവര്‍ അഭിമാനംകൊള്ളുന്നതാണെന്ന് എനിക്കുറപ്പാണ്

തേജസ്‌ ദിനപത്രം ഏപ്രില്‍ 26

Share/Bookmark

No comments: