scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Sep 12, 2011

ഡോ. കെ അയ്യപ്പപ്പണിക്കര്‍

¦ÇáÈßµÄÏáæ¿ ¦ºÞøcX



ചടങ്ങുകളില്‍ തൊപ്പി ധരിച്ചെത്താറുള്ള അയ്യപ്പപ്പണിക്കരോട് ഒരിക്കല്‍ ഒരാള്‍ ചോദിച്ചു: ''സാറെന്തിനാ ഇൌ തൊപ്പി ധരിക്കുന്നത്? മറുപടി: ''തോറ്റുതൊപ്പിയിട്ടപ്പോള്‍ ധരിച്ചുതുടങ്ങിയതാ."" അദ്ഭുതത്തോടെ അയാള്‍ വീണ്ടും ചോദിച്ചു: ''സാര്‍ എവിടെയെങ്കിലും തോറ്റിട്ടുണ്ടോ?""



മറുപടി: ''ഉണ്ട്, ജീവിതത്തില്‍ "" കറുത്ത ഹാസ്യം എന്തെന്നു മലയാളിയെ പഠിപ്പിച്ച കവിയാണ് അയ്യപ്പപ്പണിക്കര്‍. രസകരമാകും കഥകള്‍ പറയാനല്ലോ മര്‍ത്ത്യാ മാനുഷജന്‍മം എന്നു പാടിയ കവിയെപ്പറ്റി ഇഷ്ടക്കാര്‍ക്ക് ഓര്‍ക്കാനുള്ള കഥകള്‍ പറഞ്ഞാല്‍ തീരില്ല. അയ്യപ്പപ്പണിക്കര്‍ ചരിത്രവൃത്താന്തങ്ങളില്‍ ഒന്നിങ്ങനെ: പണിക്കര്‍ സാര്‍ പഠിപ്പിക്കുന്ന ശിഷ്യന്‍മാരില്‍ ഒരാളായ പാട്രിക്, കോളജ് വരാന്തയില്‍വച്ചു സാറിനു മുന്നില്‍ പെട്ടപ്പോള്‍ ബഹുമാനിക്കാനായി ഒന്നു ചുവടുമാറ്റിച്ചവിട്ടി. ചുവടുതെറ്റി പാട്രിക് ചടപടേയെന്നു താഴെവീണു. അയ്യപ്പപ്പണിക്കര്‍ ഉടന്‍ ചോദിച്ചു: ''പാട്രിക്, വാട്ട് ട്രിക് ഈസ് ദിസ്?


ട്രിക്കുകള്‍ പണിക്കരുടെ കുസൃതിവര്‍ത്തമാനങ്ങളിലേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ചില കവിതകളിലെ പൊട്ടിച്ചിരികളിലും. മൂര്‍ച്ചയുള്ള ഒരു കത്തിയെപ്പോലെ, ആ കവിതകളുടെ അറ്റം ചോര കണ്ടിട്ടുണ്ട്. അല്ലെങ്കില്‍, ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ മറ്റു പല കവിമഹാനുഭാവന്‍മാരും ബിംബകല്‍പ്പനകളിലൂടെ വെട്ടിച്ചൊഴിഞ്ഞുമാറിയപ്പോള്‍ പണിക്കര്‍ ഇങ്ങനെ തുറന്നടിക്കുകയില്ലായിരുന്നല്ലോ: ''കടിക്കല്ലേ, പിടിക്കല്ലേ, കടുപ്പം കാട്ടല്ലേ, എന്റമ്മച്ചീ, ഈ കടുക്ക ഞാന്‍ കുടിച്ചോളാം.''

ആധുനിക മലയാളകവിതയെ നിര്‍വചിച്ച് അതിന്റെ ഭാവുകത്വത്തെയും രൂപത്തെയും തിളക്കി മലയാളത്തെ ധന്യമാക്കിയ പണിക്കര്‍ പില്‍ക്കാലത്ത് ആഘോഷിക്കപ്പെട്ട ഉത്തരാധുനികതയുടെയും തലതൊട്ടപ്പനായിരുന്നു. 'ആധുനികതയുടെ ഉത്തരം' എന്ന പേരില്‍ മലയാള മനോരമ ഞായറാഴ്ചപ്പതിപ്പില്‍ അദ്ദേഹം എഴുതിയ ലേഖനം ആഗോളതലത്തില്‍ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഉത്തരാധുനികത എന്ന അവസ്ഥ കടന്നുവരുന്നതിന്റെ ആദ്യത്തെ പ്രഘോഷണമായിരുന്നു. ഏതു പ്രസ്ഥാനത്തില്‍ കവിതയെഴുതിയാലും വാക്കുകളെയും ആശയങ്ങളെയും ശക്തിമുറ്റിയൊരു കുസൃതിയില്‍ അട്ടിമറിക്കുന്ന അസൂയാവഹമായ ശീലമായിരുന്നു അയ്യപ്പപ്പണിക്കരുടെ അടയാളം. ജന്മനാടായ കാവാലത്തിന്റെ മറ്റൊരു കവിയും സതീര്‍ഥ്യനുമായ കാവാലം നാരായണപ്പണിക്കര്‍ പറഞ്ഞപോലെ, ''വാക്കുകള്‍ക്കു കക്ഷിയെ പേടിയാണ്. അവയ്ക്കു രക്ഷപ്പെടാന്‍ ഒക്കില്ല. മാറ്റിമറിക്കാതെ ഒരക്ഷരത്തെപ്പോലും വെറുതേവിടില്ല.""


കാല്‍പ്പനികതയുടെ കൊടിപിടിച്ചുകൊണ്ട് എഴുതിത്തുടങ്ങിയ പണിക്കര്‍ വ്യവസ്ഥാപിത കാല്‍പ്പനികതയുടെ നടപ്പുദീനങ്ങളെയൊക്കെ അട്ടിമറിക്കുന്ന ഉപഹാസം കവിതയില്‍ വിതച്ചു. 'ഇത്രയേറെ കാല്‍പ്പനികത്വം കലര്‍ത്തിയാല്‍ കത്രിക വേണ്ടിവരുമെന്നു മാത്രമേ ഇപ്പോള്‍ പറയേണ്ടതുള്ളൂ' എന്ന് അടുത്തകാലത്തു പണിക്കരുടെ ഒരു കവിത പറഞ്ഞു. 'കേട്ടോ പ്രഭാകരാ' എന്നൊരു കവിത വേറെയുണ്ട്. അതില്‍ കാമുകി പറഞ്ഞുതുടങ്ങുന്നു: ''കേട്ടോ പ്രഭാകരാ, നിന്റെയെഴുത്തുകള്‍ കൂട്ടിക്കശക്കി ഞാന്‍ തീയിലിട്ടു.'' പറഞ്ഞുപറഞ്ഞു കാമുകി തുടരുന്നു: ''കേട്ടോ സുധാകരാ, തെറ്റി, പ്രഭാകരാ....''


നര്‍മംകൊണ്ടിങ്ങനെ സിദ്ധാന്തങ്ങളെ അട്ടിമറിക്കുമ്പോഴും മറ്റുള്ളവര്‍ തരളിതഭാവങ്ങള്‍ക്കായി നീക്കിവച്ച വാക്കുകളെ മൃത്യുപൂജയ്ക്കും ഗോത്രാന്വേഷണങ്ങള്‍ക്കും മനുജകുലത്തിന്റെ ആത്മാന്വേഷണങ്ങള്‍ക്കുമായി മാറ്റിവയ്ക്കുകയായിരുന്നു പണിക്കര്‍. മരണത്തെ പണിക്കര്‍ വിളിച്ചത് ഇങ്ങനെയായിരുന്നു: ''വരിക, കുളിരിളകുന്ന ചെറുതെന്നലേറി നീ, തരിക തളിരധലദല താംബൂല മാധുരി.'' ആ മൃത്യു ഇപ്പോള്‍ ഒരു പ്രസാദാത്മകതയെ കൂട്ടിക്കൊണ്ടു പോയിരിക്കുന്നു.



കവിതയുടെ രൂപത്തിനുമേലും പണിക്കരുടെ കുസൃതികള്‍ മേഞ്ഞുനടന്നു. വാക്കും അതിന്റെ ശബ്ദവും തമ്മിലുള്ള അടിച്ചോട്ടംകളി രസകരമായി പണിക്കര്‍കവിതകളില്‍ നിറഞ്ഞു. പട്ടുപോലുള്ള മുയലിനെപ്പറ്റി പറയുമ്പോള്‍ 'മുയല്‍, അയല്‍ക്കാരപ്പയല്‍, വയല്‍വാരത്തിലെ ചമയല്‍, എന്തൊരു ഫതുഫതുപ്പ്' എന്നു പണിക്കരെഴുതി. മരംകൊത്തി മരത്തില്‍ കൊത്തിക്കൊത്തിക്കയറുന്നതിന്റെ ഡബ്ബിങ്ങാണ് 'കുഠാകു' എന്ന കവിത. കഥയും കവിതയും നാടകവും പുരാണവുമൊക്കെ രംഗം മാറി വേഷം മാറി പണിക്കര്‍കവിതയില്‍ കളിച്ചു. 


ശ്വാസകോശരോഗംകൊണ്ടു വലഞ്ഞു സംസാരിക്കാന്‍ ബുദ്ധിമുട്ടുന്ന നേരത്തു ഫോണില്‍ വിളിച്ചയാളോടു പണിക്കര്‍ പറഞ്ഞു: സംസാരദുഃഖമാണ്. അങ്ങനെ, ഒരു പൊട്ടിച്ചിരി അന്തരീക്ഷത്തില്‍ നിര്‍ത്തി അദ്ദേഹം.



ഡോ. കെ. അയ്യപ്പപ്പണിക്കര്‍: ജീവിതരേഖ
1930 സെപ്റ്റംബര്‍ 12നു കുട്ടനാട് കാവാലം കരയില്‍ ജനിച്ചു. അമേരിക്കയിലെ ഇന്‍ഡ്യാന സര്‍വകലാശാലയില്‍ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങള്‍ നേടി. കോട്ടയം സി.എം.എസ്. കോളജ്, തിരുവനന്തപുരം മഹാത്മാഗാന്ധി കോളജ്, യൂണിവേഴ്സിറ്റി കോളജ്, ഇന്‍ഡ്യാന സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനും കേരള സര്‍വകലാശാലയുടെ ഇംഗീഷ് വകുപ്പു മേധാവിയുമായിരുന്നു. 1981 82ല്‍ യേല്‍, ഹാര്‍വാഡ് എന്നീ സര്‍വകലാശാലകളില്‍ (അമേരിക്ക) ഡോക്ടര്‍ ബിരുദാനന്തര ഗവേഷണം നടത്തി. 1990 ഒക്ടോബര്‍ മുതല്‍ സാഹിത്യ അക്കാദമിയുടെ മധ്യകാല ഭാരതീയ സാഹിത്യം എന്ന ബൃഹദ് സമാഹാരത്തിന്റെ ചീഫ് എഡിറ്റര്‍.




അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 
പൂച്ചയും ഷേക്സ്പിയറും (വിവര്‍ത്തനം), മയകോവ്സ്കിയുടെ കവിതകള്‍, ക്യൂബന്‍ കവിതകള്‍, ഗുരുഗ്രന്ഥസാഹബ് (സംഗ്രഹവിവര്‍ത്തനം), ഗോത്രയാനം, കുരുക്ഷേത്രം (വിവര്‍ത്തനങ്ങളും പഠനങ്ങളും), ഇന്ത്യന്‍ സാഹിത്യ സിദ്ധാന്തം പ്രസക്തിയും സാധ്യതയും, സംഭാഷണങ്ങള്‍ തുടങ്ങിയവ മുഖ്യ മലയാള കൃതികള്‍. ഇന്ത്യന്‍ റിനൈസന്‍സ്, മലയാളം അന്തോളജി, മലയാളം ഷോര്‍ട്ട് സ്റ്റോറീസ്, എ പെഴ്സ്പക്ടിവ് ഒാഫ് മലയാളം ലിറ്ററേച്ചര്‍, ഇന്ത്യന്‍ ഇംഗീഷ് ലിറ്ററേച്ചര്‍, വി.കെ. കൃഷ്ണമേനോന്‍, തകഴി ശിവശങ്കരപ്പിള്ള എന്നീ കൃതികള്‍ ഇംഗീഷില്‍. മിഷിഗണ്‍ സര്‍വകലാശാല പ്രസിദ്ധപ്പെടുത്തുന്ന ജേര്‍ണല്‍ ഒാഫ് സൌത്ത് ഏഷ്യന്‍ ലിറ്ററേച്ചറിന്റെ അസോഷ്യേറ്റ് എഡിറ്ററും മക്മില്ലന്‍ കമ്പനി പ്രസിദ്ധീകരണമായ കേരള റൈറ്റേഴ്സ് ഇന്‍ ഇംഗീഷ് എന്ന പരമ്പരയുടെ ജനറല്‍ എഡിറ്ററും. വിശ്വസാഹിത്യമാല, ഷേക്സ്പിയര്‍ സമ്പൂര്‍ണ കൃതികള്‍ എന്നിവ എഡിറ്റ് ചെയ്തു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും എസ്. പി. സി. എസ്. അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ പുരസ്കാരം, മഹാകവി കുട്ടമത്ത് പുരസ്കാരം, സമസ്ത കേരള സാഹിത്യ പരിഷത് അവാര്‍ഡ്, പന്തളം കേരളവര്‍മ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, ഗംഗാധര്‍ മെഹര്‍ അവാര്‍ഡ് (ഒറീസ), കബീര്‍ സമ്മാനം (മധ്യപ്രദേശ്), ആശാന്‍ പ്രൈസ് (ചെന്നൈ), സരസ്വതി സമ്മാനം തുടങ്ങിയവയും ലഭിച്ചു.


Share/Bookmark

No comments: