scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Sep 7, 2011

നിങ്ങളറിയുമോ ഇറോം ശര്‍മ്മിളയെ?
നിങ്ങളറിയുമോ ഇറോം ശര്‍മ്മിളയെ?8ട്ടാളം എന്നത് മലയാളിയെ സംബന്ധിച്ച് ദേശസ്നേഹത്തിന്‍റെ അടയാളമാണ്.  സിനിമകളില്‍ പോലും  പട്ടാളക്കാരെ കാണുമ്പോള്‍ , അവരുടെ ധീരതയും ദേശസ്നേഹവും കണ്ട് നമ്മുടെ രോമകൂപങ്ങളില്‍ മുക്കുറ്റി വിരിയാറുമുണ്ട്. പട്ടാളക്കാര്‍ക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അയാളെ ദേശദ്രോഹിയും കുറ്റവാളിയുമാക്കാനാണ് നമുക്കിഷ്ടം. മലയാളി അങ്ങനെയാണ്.
എന്നാലോ തിരഞ്ഞെടുപ്പ് സമയങ്ങളിലല്ലാതെ നമ്മള്‍ ഏകെ 47 ഏന്തിയ പട്ടാളക്കാരെ അധികമൊന്നും കണ്ടിട്ടുമില്ല. നമ്മുടെതന്നെ രാജ്യത്ത്, മണിപ്പൂരില്‍ കഴിഞ്ഞ പത്തുവര്‍ഷമായി പട്ടാളക്കാരുടെ അതിക്രമങ്ങള്‍ക്കെതിരെ ഒരു യുവതി നിരാഹാരം കിടക്കുന്നു എന്ന വാര്‍ത്ത അത്ര സുഖമുളളതല്ല.
പട്ടാളം സ്വന്തം നാട്ടുകാരെ ക്രൂരമായി പീഢിപ്പിക്കുന്നത് കണ്ടാണ് ഇറോം ഷര്‍മ്മിള എന്ന യുവതി കഴിഞ്ഞപത്തുവര്‍ഷമായി നിരാഹാരം കിടക്കുന്നത്. മണിപ്പൂരില്‍ നിന്നും പട്ടാള നിയമമായAFSPA പിന്‍വലിക്കണമെന്നതാണ് ശര്‍മ്മിളയുടെ ആവശ്യം.കേരളത്തിന്‍റെ സുഖകരമായ കാലാവസ്ഥയില്‍ ഒരു പക്ഷേ നമ്മുടെയൊന്നും ആലോചനയ്ക്കുപോലും അപ്പുറമാണ് പട്ടാളത്തില്‍ നിന്ന് മണിപ്പൂരിലെ ജനത പീഢനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. സ്വന്തം പട്ടാളത്തില്‍ നിന്നുതന്നെ ഒരു ജനത മോചനമാവശ്യപ്പെടുകയാണിവിടെ.
എന്തായിരുന്നു  ഇത്ര കടുത്ത തീരുമാനമെടുക്കാന്‍ ഇറോം ഷര്‍മ്മിളയെന്ന മണിപ്പൂരി പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്? അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണിവിടെ
അഹിംസകൊണ്ട് സ്വാതന്ത്ര്യം നേടിയെന്നഹങ്കരിക്കുന്ന രാജ്യത്തെ ഇറോം ഷര്‍മ്മിളയെപോലുളളവര്‍ പത്തുവര്‍ഷത്തെ നിരാഹാരത്തിലൂടെ മറുപടി പറയിപ്പിക്കുകയാണ്. ഒരുനാള്‍ ഈ സമരം വിജയം കാണും,  എന്നാല്‍ അപ്പോഴേക്കും അവരുടെ  ശരീരത്തെ രോഗങ്ങള്‍ പൂര്‍ണമായും കീഴടക്കികഴിഞ്ഞിരിക്കും…
ആത്മഹത്യാശ്രമം എന്ന കുറ്റം ചുമത്തി കേസെടുത്ത് മൂക്കിലൂടെ ട്യൂബിട്ട് നിര്‍ബന്ധമായി ഭക്ഷണം നല്‍കിയാണ് ഈ സമരത്തെ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെറുക്കുന്നത്.ആത്മഹത്യാശ്രമത്തിന് നിയമാനുസൃതമായി നല്‍കാവുന്ന പരമാവധി ശിക്ഷ ഒരുവര്‍ഷം തടവാണ്. അതുകൊണ്ട് ഓരോ വര്‍ഷം കഴിയുമ്പോഴും ശര്‍മ്മിള ജയില്‍ മോചിതയാകും. മൂന്നോ നാലോ ദിവസത്തിനുളളില്‍ വിട്ടയച്ച പോലീസുകാര്‍ തന്നെ വീണ്ടും അറസ്റ്റുചെയ്യും. ആത്മഹത്യാശ്രമം എന്ന അതേ കുറ്റത്തിന്. നിരായുധയായ ഒരു സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ എത്ര നിസ്സഹായരാണ് നമ്മുടെ നിയമവും നിയമപാലകരും.
പത്തുവര്‍ഷമായി ഇറോം ശര്‍മ്മിള ചാനു ഉമിനീരുപോലും ഇറക്കിയിട്ടില്ല. മുടിയില്‍ എണ്ണതേക്കുകയോ കെട്ടുകയോ ചെയ്തിട്ടില്ല. കാലില്‍ ചെരുപ്പിട്ടിട്ടില്ല. സ്വന്തം പല്ല് തേച്ച്‌ കുലുക്കുഴിഞ്ഞിട്ടില്ല. ഒരിറ്റു വെള്ളമെങ്ങാനും ഇറങ്ങിപ്പോയാലോ? ഇതെല്ലാം അവര്‍ക്ക് സമരത്തിന്‍റെ ഭാഗമാണ്. മൂക്കിലൂടെ വയറിലേക്ക് നീളുന്ന പ്ലാസ്റ്റിക്ക് ട്യൂബുകളിലൂടെ നല്‍കുന്ന ഭക്ഷണമാണ് ഇറോംശര്‍മ്മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
എന്തായിരുന്നു  ഇത്ര കടുത്ത തീരുമാനമെടുക്കാന്‍ ഇറോം ഷര്‍മ്മിളയെന്ന മണിപ്പൂരി പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്? അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണിവിടെ.

കൈക്കൂലി ഉണ്ടോ? ജോലി കിട്ടും

മണിപ്പൂരിനെ സംബന്ധിച്ചിടത്തോളം 1972 പ്രതീക്ഷയുടെ വര്‍ഷമായിരുന്നു. ആ വര്‍ഷം ജനുവരിയിലാണ് ഇന്ത്യയിലെ സംസ്ഥാനമെന്ന പദവി പൂര്‍ണമായി മണിപ്പൂരിന് കിട്ടുന്നത്. 1972 മാര്‍ച്ച് 14നായിരുന്നു ശര്‍മ്മിളയുടെ ജനനം. ഇറോം നന്ദാ സിംഗിന്‍റേയും ശാക്കി ദേവിയുടേയും ഒന്‍പതാമത്തെ മകളായിട്ടാണ് ശര്‍മ്മിള ജനിച്ചത്. ശര്‍മ്മിളയെ പ്രസവിക്കുമ്പോള്‍ അമ്മ ശാക്കി ദേവിക്ക് പ്രായം 45.
സ്ക്കൂളിലെ ടെക്സ്റ്റ്ബുക്കുകളുടെ പഠനത്തില്‍ ശര്‍മ്മിള ഒരിക്കലും മിടുക്കിയായിരുന്നില്ല. ആദ്യ തവണ പത്താംക്ലാസ് പരീക്ഷയില്‍ തോറ്റു. ഇതേ വര്‍ഷംതന്നെ അച്ഛന്‍ നന്ദാ സിംഗ് രക്താര്‍ബുദം ബാധിച്ച് മരിച്ചതോടെ അവളുടെ കുടുംബം കൂടുതല്‍ കഷ്ടത്തിലായി.
അഞ്ച് ചേട്ടന്‍മാരും മൂന്ന് ചേച്ചിമാരുമുണ്ടായിരുന്നെങ്കിലും രണ്ട് പേര്‍ക്ക് മാത്രമാണ് ജോലിയുണ്ടായിരുന്നത്. ശര്‍മ്മിളയുടെ രണ്ട് ചേച്ചിമാര്‍ ബിഎ, ബിഎസ്‍സി ബിരുദധാരികളും രണ്ട് ചേട്ടന്‍മാര്‍ മണിപ്പൂരിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് കഴിഞ്ഞവരുമായിരുന്നു.
ഒരുനാള്‍ ഈ സമരം വിജയം കാണും,  എന്നാല്‍ അപ്പോഴേക്കും ശര്‍മ്മിളയുടെ  ശരീരത്തെ രോഗങ്ങള്‍ പൂര്‍ണമായും കീഴടക്കികഴിഞ്ഞിരിക്കും…
ഇതൊന്നും മണിപ്പൂരില്‍ ജോലി കിട്ടുന്നതിനുളള യോഗ്യതയല്ല. കൈക്കൂലി കൊടുക്കാന്‍ പണമുണ്ടോ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജോലി കിട്ടും.

“നിങ്ങള്‍ എത്രയോഗ്യത ഉളളവരാണെങ്കിലും മണിപ്പൂരില്‍ ജോലി ലഭിക്കുക എളുപ്പമല്ല. എന്‍റെ ചേച്ചിക്ക് പലപ്പോഴും ജോലി കിട്ടാഞ്ഞത് കൈക്കൂലി കൊടുക്കാത്തതുകൊണ്ടാണ്. മണിപ്പൂരില്‍ സര്‍ക്കാര്‍ ജോലി മാത്രമാണുളളത്. ഇവക്ക് വലിയതോതില്‍ കൈക്കൂലി വാങ്ങുന്നത് സാധാരണയാണ്. കുറേ വര്‍ഷം പരീക്ഷകളെഴുതിയതിനുശേഷമാണ് ഹോംഗാര്‍ഡിന്‍റെ ജോലി ചേച്ചിക്ക്(ബിജോയന്തി) കിട്ടിയത്. കൈക്കൂലിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ചുരുക്കം ജോലികളിലൊന്നായിരുന്നു അത്”ശര്‍മ്മിള
വിദ്യാസമ്പന്നരായ സഹോദരങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും ശര്‍മ്മിളയെ സ്വാധീനിച്ചിരിക്കാം. മൂന്നാമത്തെ ശ്രമത്തിലാണ് ശര്‍മ്മിള പത്താംതരം ജയിച്ചത്. പഠനം പന്ത്രണ്ടാം ക്ലാസ് വരെ ഉന്തിത്തളളി പോയെങ്കിലും അവിടെ വീണ്ടും ശര്‍മ്മിള തോറ്റു.

“പാഠപുസ്തകങ്ങളെ ശത്രുക്കളായാണ് ഞാന്‍ കരുതിയിരുന്നത്. ചുറ്റുംനടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലായിരുന്നു എനിക്കിഷ്ടം”ശര്‍മ്മിള.
പിന്നീടാണ് ചില ഉപകാരമുളള കാര്യങ്ങള്‍ പഠിക്കാന്‍ ശര്‍മ്മിള ശ്രമിക്കുന്നത്. അങ്ങനെ ടൈപ്പിംഗും ഷോര്‍ട്ട്ഹാന്‍റും പഠിച്ചു, തുന്നല്‍ പഠിച്ചു പിന്നെ ജേര്‍ണലിസവും. അപ്പോഴാണ് ശര്‍മ്മിളയുടെ യഥാര്‍ത്ഥ കഴിവുകള്‍ പുറത്തുവന്നു തുടങ്ങിയത്. എഴുത്തിന്‍റെ ആദ്യരൂപം കവിതകളായിട്ടാണ് പുറത്തുവന്നത്. പതുക്കെ അവര്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. താമസിയാതെ പ്രാദേശിക പത്രമായ ഹ്യുന്‍ ലാന്‍‍‍പൊ (Huyen Lanpao)യില്‍ ശര്‍മ്മിളയുടെ കോളവും പ്രത്യക്ഷപ്പെട്ടു.
2000 സെപ്തംബറില്‍ ശര്‍മ്മിള മനുഷ്യാവകാശസംഘടനയായ എച്ച്ആര്‍എയുടെ (Human Rights Alert) ഒരു മാസം നീളുന്ന ഇന്‍റേണ്‍ഷിപ്പിനായി ചേര്‍ന്നു. ഈ സംഘടന എഎഫ്എസ്പിഎ എന്ന നിയമം മണിപ്പൂരിനെ മാറ്റിയതിനെക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചു. നിരവധിപേര്‍ ഈ കിരാതനിയമത്തിന്‍റെ ദുരനുഭവങ്ങള്‍ ഏറ്റുവാങ്ങി സമൂഹത്തിലുണ്ടായിരുന്നു. ഇവരുടെ അനുഭവങ്ങള്‍ നേരിട്ട് ശേഖരിക്കുന്നതിന് എച്ച്ആര്‍എ ഒരു സ്വതന്ത്രകമ്മറ്റിയെ ചുമതലപ്പെടുത്തി. മുംബൈ ഹൈക്കോടതി ജഡ്ജിയായിരുന്ന എച്ച് സുരേഷായിരുന്നു കമ്മറ്റിയുടെ തലവന്‍. ഈ കമ്മറ്റിയില്‍ അംഗമാകാന്‍ ഇറോം ഷര്‍മ്മിളക്കായി.
കമ്മീഷന്‍ ഒക്‍‍ടോബര്‍ 21-26 ദിവസങ്ങളില്‍ നാട്ടുകാരില്‍ നിന്നും വക്കീലന്‍മാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നുമെല്ലാം നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു. ഒരു നിയമം വരുത്തിവെച്ച ദുരന്തങ്ങളുടെ നേരറിവുകള്‍ ശര്‍മ്മിളക്ക് അങ്ങനെയാണ് ലഭിക്കുന്നത്. ‌
2000 നവംബര്‍ രണ്ടിന് ഇംഫാല്‍ വിമാനത്താവളത്തിനു സമീപത്തുളള മാലോം എന്ന ഗ്രാമത്തില്‍ ബസ്സുകാത്തുനിന്ന പത്തു ഗ്രാമീണരെ സൈന്യം വെടിവെച്ചു കൊന്നു. മാലോമിനു സമീപത്തെ അസംറൈഫിളിന്‍റെ എട്ടാം ക്യാമ്പില്‍ അജ്ഞാതര്‍ അന്ന് രാവിലെ സ്‍‍ഫോടനം നടത്തിയിരുന്നു. അക്രമികളെ കിട്ടാത്തതിന് പകരം നടപ്പാക്കിയ കാട്ടുനീതിയായിരുന്നു ബസ് സ്റ്റോപ്പില്‍ കണ്ടത്. സാധാരണപോലെ അന്നും ബസുകാത്തുനിന്ന ആ ഗ്രാമീണര്‍ക്ക് മരണം വന്നു പോയതിനുശേഷമായിരിക്കണം സംഭവിച്ചതിനെക്കുറിച്ച് മനസിലായത്.
sharmila-irom
മാലോം കൂട്ടക്കൊലയില്‍ മണിപ്പൂരാകെ ഞെട്ടിത്തരിച്ചുപോയി, ശര്‍മ്മിളയും. ഇതിനു പുറകെ നവംബര്‍ അഞ്ചിനാണ് ഇറോം ശര്‍മ്മിള നിരാഹാരം പ്രഖ്യാപിക്കുന്നത്. പട്ടാളകിരാത നിയമമായ AFSPA പിന്‍വലിക്കുക എന്നതാണ് ശര്‍മ്മിളയുടെ  പ്രധാന ആവശ്യം. പട്ടാളനിയമം പിന്‍വലിക്കാത്തതിനാല്‍ ഇന്നുവരെ ശര്‍മ്മിള ഭക്ഷണമോ വെളളമോ ഒരു തുളളി ഉമിനീരോ ഇറക്കിയിട്ടില്ല.
തീര്‍ച്ചയായും ശര്‍മ്മിള ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനമല്ല ഇത്. മാലോം കൂട്ടക്കൊല ഒരു കാരണമായിരുന്നെങ്കിലും ഒരിക്കലും അത് മാത്രമായിരുന്നില്ല കാരണം. നിരവധി കാരണങ്ങളിലൊന്ന് മാത്രമായിരുന്നു.

നീതിയില്ലാത്ത നിയമം

ബ്രിട്ടീഷുകാര്‍ 1942ലെ ‘ക്വിറ്റ് ഇന്ത്യാ’ സമരത്തെ അടിച്ചമര്‍ത്താന്‍ പാസാക്കിയ ഒരു ഓര്‍ഡിനന്‍സിന്‍റെ പേര് Armed Force (Special Powers) Ordinance എന്നായിരുന്നു. 1942 ആഗസ്ത് 15 മുതല്‍ AFSPO  ഇന്ത്യ മുഴുവന്‍ ബാധകമാക്കി. ക്വിറ്റ് ഇന്ത്യാ സമരത്തെ അടിച്ചമര്‍ത്താനായിരുന്നു അത്.

ആവശ്യമെന്ന് തോന്നിയാല്‍ ക്യാപ്റ്റനും അതിന് മുകളിലുളള അധികാരികള്‍ക്കും ആരെയും വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടാന്‍ AFSPO അധികാരം നല്‍കുന്നു. അക്കാലത്ത് രാജഭരണത്തിനു കീഴിലായിരുന്ന മണിപ്പൂര്‍ ഈ നിയമത്തിന്‍റെ പരിധിയിലുണ്ടായിരുന്നില്ല. എന്നാല്‍ ഈ നിയമത്തിന്‍റെ ഇന്ത്യന്‍ പതിപ്പായ AFSPA(Armed Forses Special Powers Act)സൃഷ്ടിച്ച ദുരന്തങ്ങള്‍ മണിപ്പൂര്‍ ഇപ്പോഴും അനുഭവിക്കുന്നു.
ഹൃദയത്തിനു ചുറ്റും അനുഭവത്തിന്‍റെ കരുത്തുളള അമ്മമാരാണ് മണിപ്പൂരിന്‍റെ ജീവന്‍. ഇവര്‍ ഇല്ലായിരുന്നെങ്കില്‍ ആ നാട് എന്നേ ചരിത്രമായേനെ
ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചു പോയ ഈ നിയമത്തിന്‍റെ ഇന്ത്യന്‍ പതിപ്പിനെ ആസമിലാണ് ആദ്യമായി പരീക്ഷിച്ചത്, 1955ല്‍. അസം ഡിസ്റ്റര്‍ബ്ഡ് ആക്ട് എന്നായിരുന്നു പുതിയ പേര്.  ബ്രിട്ടീഷുകാരുടെ നിയമപ്രകാരം ക്യാപ്റ്റനും അതിനു മുകളിലും റാങ്കുളളവര്‍ക്കായിരുന്നു ആരെയും വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടാനുളള അധികാരമുണ്ടായിരുന്നത്. നമ്മള്‍ അത് ശിപായിക്കു മുകളിലുളള ഏതൊരു പട്ടാളക്കാരനും എന്നാക്കി മാറ്റി. അസമിലെ നാഗ തീവ്രവാദികളെ നേരിടാനായിരുന്നു ഈ നിയമം ഉപയോഗിച്ചത്.

ആഭ്യന്തര സുരക്ഷ തകരാതിരിക്കാനെന്ന പേരില്‍ AFSPA  ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കുന്നത് 1958ലാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലും ഇന്ത്യന്‍ സര്‍ക്കാര്‍ അസമിലും നടപ്പാക്കിയ നിയമത്തിന്‍റെ അതേ വാചകങ്ങളായിരുന്നു AFSPAയുടെ അടിസ്ഥാനം. രാജ്യത്ത് മൊത്തമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ കൊച്ചു കൊച്ചു അടിയന്തരാവസ്ഥാ കേന്ദ്രങ്ങള്‍ സൃഷ്ടിക്കാന്‍ ഈ നിയമത്തിനായി. ഏറ്റവും ചുരുക്കി നീതിയില്ലാത്ത നിയമമെന്ന് ഈ നിയമത്തെ വിശേഷിപ്പിക്കാം.
സമാധാനം വീണ്ടെടുക്കുന്നതുവരെയുളള താത്ക്കാലിക പോംവഴിയെന്ന് പ്രഖ്യാപിച്ചാണ് 1980ല്‍ AFSPA മണിപ്പൂരില്‍ നടപ്പാക്കുന്നത്. AFSPAയുടെ നിഴലില്‍ മണിപ്പൂര്‍ ഇന്നും ഇന്ത്യയിലെ സംഘര്‍ഷബാധിത പ്രദേശങ്ങളിലൊന്നായി തുടരുന്നു.
ഹൃദയത്തിനു ചുറ്റും അനുഭവത്തിന്‍റെ കരുത്തുളള അമ്മമാരാണ് മണിപ്പൂരിന്‍റെ ജീവന്‍. ഇവര്‍ ഇല്ലായിരുന്നെങ്കില്‍ ആ നാട് എന്നേ ചരിത്രമായേനെ. ശര്‍മ്മിള നിരാഹാരം തുടങ്ങിയതിനുശേഷം സ്വന്തം അമ്മയെ (ഇറോം ശാക്കി ദേവി) നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സമരം വിജയിച്ചതിനുശേഷം മാത്രമേ നേരില്‍ കാണൂ എന്നത് ആ അമ്മക്കും മകള്‍ക്കുമിടയിലെ ധാരണയാണ്. സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി ആ അമ്മ കാത്തിരിക്കുകയാണ്.
രാജഭരണകാലം തൊട്ടുതന്നെ മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് സവിശേഷമായ സ്ഥാനമുണ്ടായിരുന്നു. മെയ്‍‍രാ പെയ്ബീസ് എന്ന് വിളിക്കുന്ന മണിപ്പൂരിന്‍റെ അമ്മമാരെക്കുറിച്ച്

പന്തമേന്തിയ അമ്മമാര്‍

മറന്നുപോയോ നമ്മള്‍ മനോരമാ ദേവിയെ? സൈനികര്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ബന്ധം ആരോപിച്ച് പാതിരാത്രി അറസ്റ്റ് ചെയ്തുകൊണ്ടുപോയതിന്‍റെ പിറ്റേന്ന് ദേഹമാകെ മുറിവുകളുമായി റോഡരികില്‍ ജീവനറ്റ് കിടന്ന തന്‍ജിം മനോരമ ദേവിയെ.

meira-paibis-manipur

2004 ജൂലൈ 11ന് രാത്രിയിലാണ് അസം റൈഫിളിന്‍റെ 17ാമത് ബറ്റാലിയന്‍ മനോരമയുടെ വീട്ടിലേക്ക് ഇരച്ചു കയറുന്നത്. തീവ്രവാദി ഗ്രൂപ്പായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുണ്ടെന്ന സംശയത്താല്‍ അറസ്റ്റു ചെയ്യുന്നു എന്നാണ് വാറണ്ടില്‍ പറഞ്ഞിരിക്കുന്നത്. അവരുടെ വീട്ടില്‍ നിന്നും 5000 രൂപയും ആഭരണങ്ങളും അടുക്കളയില്‍ നിന്നും ഒരു കത്തി പോലും സൈനികര്‍ എടുത്തു. ഒപ്പം തങ്ങള്‍ യാതൊരു കുഴപ്പവും കാണിച്ചിട്ടില്ലെന്ന രേഖയില്‍ വീട്ടിലുളളവരെക്കൊണ്ട് ബലമായി ഒപ്പിടീക്കുകയും ചെയ്തു. അതാണ് അവിടുത്തെ ഒരു രീതി. മനോരമ ദേവിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്തതിന്‍റെ റിപ്പോര്‍ട്ട് ഇതുവരെ പുറംലോകം കണ്ടിട്ടില്ല.

AFSPA നിലവില്‍ വന്നതിനുശേഷം മണിപ്പൂരില്‍ നടന്ന അതിക്രമങ്ങളുടെ ചെറുപട്ടികയാണിത്
  • പതിനാലു കൂട്ടക്കൊലകളിലായി നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു (1980-2000)
  • 57 കോടതി കാണാത്ത സൈനിക വിചാരണകള്‍ (1980-2005)
  • സൈനിക കസ്റ്റഡിയില്‍ പീഢനം അനുഭവിക്കേണ്ടി വന്നവര്‍ 83 (1994-2004)
  • ബലാല്‍സംഗം 10 (1974-2004)
  • സൈനിക നടപടികളുമായി ബന്ധപ്പെട്ട് കാണാതായവര്‍ 18.
ഈ എല്ലാ കേസുകളിലും സൈനികരെ രക്ഷിക്കുന്നത് നീതിയില്ലാത്ത നിയമമായ AFSPA യാണ്. 23.88 ലക്ഷം ജനസംഖ്യയുളള ഒരു കൊച്ച് സംസ്ഥാനത്ത് നടക്കുന്നതാണിത്.
ശക്തമായി പ്രതികരിക്കാന്‍ മണിപ്പൂരിലെ അമ്മമാര്‍ (മെയ്‍‍രാ പെയ്ബീസ്) തീരുമാനിച്ചു.
പട്ടാപ്പകല്‍ പരിപൂര്‍ണ നഗ്നകളായി- INDIAN ARMY, RAPE US എന്നെഴുതിയ ബാനര്‍‍‍കൊണ്ട് മാത്രം ശരീരത്തെ മറച്ച് 12 അമ്മമാര്‍ കംഗ്ലയിലെ അസം റൈഫിളിന്‍റെ ആസ്ഥാനത്തേക്ക് ഇരച്ചു കയറി. പ്രതിഷേധക്കാരെ തടയാന്‍ സര്‍വ്വസന്നാഹങ്ങളുമായി നിന്ന സൈനികരും ഭരണാധികാരികളും ഞെ‍ട്ടി. മണിപ്പൂരിലെ ഭരണക്കാര്‍ മാത്രമല്ല അങ്ങ് ദില്ലില്‍ അധികാരം താങ്ങുന്ന തടിച്ച തൂണുകള്‍ പോലും ഈ അമ്മമാര്‍ക്കു മുന്നില്‍ വിറച്ചു പോയി.
indian-army-rape-us
മണിപ്പൂരിന്‍റെ മുക്കിലും മൂലയിലും മെയ്‍‍രാ പെയ്ബി സംഘങ്ങളുണ്ട്. ഇവിടുത്തെ സാധാരണക്കാരായ വീട്ടമ്മമാരാണ് സംഘങ്ങളുടെ നേതൃത്വത്തിലുളളത്. രാത്രിയില്‍ മെയ്‍‍രാ പെയ്ബിമാര്‍ കയ്യില്‍ പന്തവും പിടിച്ച് സംഘങ്ങളായി റോന്തു ചുറ്റും. മണിപ്പൂരില്‍ സാധാരണക്കാര്‍ക്കു നേരെയുളള അതിക്രമം വ്യാപിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണിത്. മണിപ്പൂരില്‍ അസ്വാഭാവികമായി എന്തു സംഭവിച്ചാലും ആദ്യം ഓടിയെത്തുക ഇവരായിരിക്കും. ആവശ്യമെങ്കില്‍ അയല്‍പ്രദേശങ്ങളിലെ സംഘങ്ങളും സഹായിക്കാനുണ്ടാകും.
ഒരുവശത്ത് സൈന്യവും മറുവശത്ത് നക്സലുകളും അസ്വസ്ഥമാക്കുന്ന മണിപ്പൂരിനെ സംരക്ഷിക്കുന്നത് ഈ അമ്മമാരുടെ കൂട്ടായ്മയാണ്.

രാജകല്‍പനയെ തിരുത്തിയവര്‍

എല്ലാക്കാലത്തും മണിപ്പൂരിലെ സ്ത്രീകളുടെ വാക്കുകള്‍ക്ക് വിലയുണ്ടായിരുന്നു. സ്ത്രീകള്‍ ശക്തമായി വാദിച്ചതിനെ തുടര്‍ന്ന് വധശിക്ഷയില്‍ പോലും രാജാക്കന്‍മാര്‍ ഇളവ് നല്‍കിയിട്ടുണ്ട്.
മണിപ്പൂര്‍ ഭരിച്ചിരുന്ന മഹാരാജ ചന്ദ്രകീര്‍ത്തിയുടെ(1834-1844) കാലത്തുണ്ടായ ഒരു സംഭവകഥയിങ്ങനെ. ഒരു ദിവസം രാജാവ് വിചിത്രമായ ഒരുത്തരവിട്ടു. കൊട്ടാരത്തിലേക്ക് ആവശ്യമായ ആനകളെ പിടിക്കാന്‍ രാജ്യത്തെ എല്ലാ പുരുഷന്‍മാരും കാട്ടിലേക്ക് പോകണം. എന്നാല്‍ ഈ രാജകല്‍പനയെ സ്ത്രീകള്‍ അതിശക്തമായി എതിര്‍ത്തു.

വിളവെടുപ്പ് കാലമാണ് വരാന്‍ പോകുന്നതെന്നും പുരുഷന്‍മാരുടെ സഹായമില്ലാതെ വിളവെടുപ്പ് സമയത്തിന് നടക്കില്ലെന്നതുമായിരുന്നു അവരുടെ എതിര്‍പ്പിന് കാരണം. എതിര്‍പ്പിന്‍റെ സത്യസന്ധത ബോധ്യപ്പെട്ട രാജാവ് വിളവെടുപ്പ് തീരുന്നതുവരെ ആനപിടുത്തം നീട്ടിവെച്ചു എന്നാണ് കഥ.
ഒരു കൊച്ചു രാജ്യമായതിന്‍റെ നിരവധി പ്രശ്നങ്ങള്‍ മണിപ്പൂരിനുണ്ടായിരുന്നു. ഓരോ നാല്‍പ്പതു ദിവസം കഴിയുമ്പോഴും പത്തുദിവസം നാടിനുവേണ്ടി സേവനം ചെയ്യാന്‍ നാട്ടിലെ എല്ലാ പുരുഷന്‍മാരും നിര്‍ബന്ധിതരായിരുന്നു. ഇത് അവിടുത്തെ നിയമമായി അംഗീകരിക്കപ്പെട്ടിരുന്നു.  പുരുഷന്‍മാരുടെ അസാന്നിധ്യം നാടിനേയും വീടിനേയും നയിക്കാന്‍ മണിപ്പൂരിലെ അമ്മമാരെ പ്രാപ്തരാക്കി. ഈ അനുഭവങ്ങളാണ് മണിപ്പൂരിലെ സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയത്.

സ്ത്രീകളുടെ നാട്

മണിപ്പൂരിന്‍റെ ചരിത്രത്തിലെ വലിയൊരു മുറിവാണ് മണിപ്പൂര്‍ ‍-ബര്‍മ്മ(1819- 26) യുദ്ധം. മണിപ്പൂരിലെ ആണുങ്ങളെ ബര്‍മ്മക്കാര്‍ യുദ്ധത്തടവുകാരായി കൊണ്ടുപോയി. നികുതിയും ധാന്യവുമെല്ലാം ബര്‍മ്മീസ് പട്ടാളക്കാര്‍ക്ക് എത്തിക്കേണ്ട ചുമതല സ്ത്രീകള്‍ക്കായി. ഈ യുദ്ധത്തിലൂടെയാണ് ലൈംഗികപീഢനങ്ങളുടേയും കൊലപാതകങ്ങളുടേയും കാണാതാവലുകളുടേയുമെല്ലാം രൂക്ഷത മണിപ്പൂര്‍ അനുഭവിക്കുന്നത്.1891ല്‍ ബ്രിട്ടീഷുകാരുമായി ഉണ്ടായ യുദ്ധവും മണിപ്പൂരില്‍ ആഴത്തില്‍ മുറിവുകളുണ്ടാക്കി. ഈ രണ്ട് യുദ്ധങ്ങളുടെ ഫലമായിട്ടാണ് മണിപ്പൂരിലെ പുരുഷന്‍മാരുടെ എണ്ണം വളരെ കുറഞ്ഞത്. മണിപ്പൂരിന്‍റെ സ്വഭാവരൂപീകരണത്തില്‍ ഈ യുദ്ധങ്ങള്‍ക്ക് വലിയൊരുപങ്കുണ്ട്.

മണിപ്പൂരിന്‍റെ ചരിത്രത്തില്‍ ന്യൂപി ലാന്‍(സ്ത്രീകളുടെ യുദ്ധം) പ്രക്ഷോഭങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. രണ്ടാം ന്യൂപി ലാന്‍ യുദ്ധത്തില്‍(1939) പങ്കെടുത്തയാളായിരുന്നു ഇറോം ഷര്‍മ്മിളയുടെ അമ്മൂമ്മയായ ഇറോം ടോന്‍സിജ ദേവി.

അമ്മൂമ്മയും മറ്റ് അമ്മമാരും പകര്‍ന്ന തീ

ഇറോം ഷര്‍മ്മിളയില്‍ അമ്മൂമ്മയായ ഇറോം ടോന്‍സിജ ദേവിക്ക് വലിയ വലിയ സ്വാധീനമുണ്ട്. കുഞ്ഞു ശര്‍മ്മിളക്ക് അമ്മൂമ്മ പറഞ്ഞുകൊടുത്ത കഥകള്‍ പലതും ന്യൂപി ലാന്‍(സ്ത്രീകളുടെ യുദ്ധം) പോരാട്ടവുമായി ബന്ധമുളളവയായിരുന്നു. ടോന്‍സിജ ദേവി 35 വയസ്സുളളപ്പോഴാണ് രണ്ടാം ന്യൂപി ലാനില്‍ ‍(1939ല്‍ ‍) പങ്കെടുക്കുന്നത്.
irome-tonsija-devi

“അന്നത്തെ കാലത്ത്(1939) 30കിലോ നെല്ലിന് 25 പൈസയായിരുന്നു വില. ഇത് പെട്ടെന്നൊരു ദിവസം മൂന്നു മുതല്‍ നാലുവരെയാക്കി. അതോടെ ആളുകള്‍ക്ക് അരിവാങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായി. ഞങ്ങള്‍ പട്ടിണി കിടക്കുമ്പോഴും മണിപ്പൂരിന് പുറത്തേക്ക് അരി കയറ്റി അയക്കുന്നുണ്ടായിരുന്നു.

ഇതിനെതിരെ മണിപ്പൂരിലെ സ്ത്രീകള്‍ ഒത്തുകൂടി. ഞങ്ങള്‍ രാജകൊട്ടാരത്തിനു മുന്നില്‍ ദിവസങ്ങളോളം സമരം നടത്തി. ഒടുവില്‍ ഞങ്ങള്‍ക്ക് പറയാനുളളത് കേള്‍ക്കാന്‍ രാജാവ് തയ്യാറായി. നെല്ലിന്‍റെ വില കുറക്കുന്നതിന് അദ്ദേഹം നടപടി സ്വീകരിച്ചു. അങ്ങനെ സമരം വിജയിച്ചു. ഞങ്ങള്‍ വീടുകളിലേക്ക് മടങ്ങി” ടോന്‍സിജ ദേവി ഓര്‍ക്കുന്നു.
ന്യൂപി ലാന്‍ സമര‍‍ത്തില്‍ പങ്കെടുത്തിട്ടുളള ടോന്‍സിജ ദേവിയെ കാണാന്‍ ധാരാളം മെയ്‍‍ര പെയ്ബിമാര്‍ വരാറുണ്ടായിരുന്നു. അങ്ങനെയാണ് മെയ്‍‍ര പെയ്ബി പ്രസ്ഥാനവുമായി ശര്‍മ്മിള അടുക്കുന്നത്. 1990കളുടെ തുടക്കമാകുമ്പോഴേക്കും ശര്‍മ്മിള മെയ്‍‍ര പെയ്ബി പ്രസ്ഥാനത്തില്‍ സജീവമായി.
സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ 1970കളിലാണ് മെയ്‍‍ര പെയ്ബി(പന്തമേന്തിയ സ്ത്രീകള്‍) പ്രസ്ഥാനം മണിപ്പൂരില്‍ സജീവമാകുന്നത്. മദ്യനയത്തില്‍ വെളളം ചേര്‍ത്തതോടെ നാട്ടിലെങ്ങും കളളുഷാപ്പുകളായി. ഇത് മണിപ്പൂരിലെ നിരവധി കുടുംബങ്ങളെ തകര്‍ത്തു. കൂടുതല്‍ വരുമാനത്തില്‍ മാത്രമായിരുന്നു സര്‍ക്കാരിന്‍റെ ചിന്ത.

ഭര്‍ത്താവിനെ അന്വേഷിച്ചുവന്ന ഒരു മണിപ്പൂരി സ്ത്രീയെ കളളുഷാപ്പിലിട്ട് ഷാപ്പുടമ തല്ലിയതാണ് വഴിത്തിരിവായത്.
ഇതിനെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ തീരുമാനിച്ചു. രാത്രികളില്‍ കത്തിച്ചുപിടിച്ച പന്തങ്ങളുമായി അവര്‍ വ്യാജമദ്യശാലകള്‍ റെയ്ഡ് നടത്തി. മദ്യം നശിപ്പിച്ചു കുടിയന്‍മാരുടെ കുത്തിന് പിടിച്ച് പിഴ ചുമത്തി. ഇത് പതുക്കെ മണിപ്പൂരിലെങ്ങും വ്യാപിച്ചു. നാട്ടുകാര്‍ ഇവരെ മെയ്‍‍ര പെയ്ബീസ്(പന്തമേന്തിയ സ്ത്രീകള്‍) എന്ന് വിളിച്ചു തുടങ്ങി.
കൂടുതല്‍ മേഖലകളിലേക്ക് മെയ്‍‍രാ പെയ്ബീസ് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. വിലവര്‍ധനക്കും സ്ത്രീധനത്തിനും അക്രമങ്ങള്‍ക്കും ലൈംഗികപീഢനങ്ങള്‍ക്കുമെല്ലാമെതിരെ അവര്‍ കൂട്ടായി പ്രതികരിച്ചു. മണിപ്പൂരില്‍ സൈന്യം വന്ന കാലത്ത് മെയ്‍‍രാ പെയ്ബികള്‍ അവരെ എതിര്‍ത്തിരുന്നില്ല. പിന്നീട് അവര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ പറ്റാത്ത വിധം സൈന്യത്തിന്‍റെ അതിക്രമങ്ങള്‍ വളര്‍ന്നു. സ്വാഭാവികമായും സൈനിക അതിക്രമങ്ങളെ മെയ്‍‍രാ പെയ്ബീസ് ചോദ്യം ചെയ്തു തുടങ്ങി.
 
(MY BODY MY WEAPON- നിരാഹാരസമരം ഏഴു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഇറോം ശര്‍മ്മിളയെക്കുറിച്ച് കവിതാ ജോഷി എടുത്ത ഡോക്യുമെന്‍ററി)

തങ്ങളുടെ വഴിതെറ്റിയ മക്കളായിട്ടാണ് തീവ്രവാദികളെ അവര്‍ വിശേഷിപ്പിക്കുന്നത്. ഈ അമ്മമാരുടെ ജാഗ്രതയാണ് മണിപ്പൂരിന്‍റെ ജീവന്‍. എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ മണിപ്പൂരുകാര്‍ എന്താണ് ചെയ്യുകയെന്നോ. ഒരു കല്ലെടുത്ത് അടുത്തുകാണുന്ന ഇരുമ്പ് വിളക്കുകാലിനു നേരെ എറിയും. അവര്‍ക്കറിയാം ആ ശബ്ദം കേട്ടാല്‍ അടുത്തെവിടെ നിന്നെങ്കിലും മെയ്‍‍രാ പെയ്ബീസ് ഓടിയെത്തുമെന്ന്.
അമ്മൂമ്മയും മണിപ്പൂരിലെ ഈ അമ്മമാരും ശര്‍മ്മിളക്ക് നല്‍കിയ- നല്‍കിയിട്ടുളള ഊര്‍ജ്ജം വളരെ വലുതാണ്. മൂക്കിലൂടെ വയറുവരെ നീളുന്ന പ്ലാസ്റ്റിക് ട്യൂബുകള്‍ വഴി നല്‍കുന്ന ഭക്ഷണമല്ല ഇവയെല്ലാമാണ് ശര്‍മ്മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.ഇറോം ശര്‍മ്മിളയുടെ തൊണ്ടയിലൂടെ ഒരിറ്റുവെളളമിറങ്ങിയിട്ട് പത്തുവര്‍ഷമായി. ഇനി നിരാഹാരസമരം വിജയിച്ചാലും ഭക്ഷണത്തോട് അവരുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല. ടൂബിലൂടെ നല്‍കുന്ന ഭക്ഷണം ശര്‍മ്മിളയുടെ ജീവന്‍ നിലനിര്‍ത്തുമെന്ന ധൈര്യത്തിലാണ് സര്‍ക്കാരുകളുടെ പ്രവര്‍ത്തനം.

‘ആളിക്കത്തുന്ന തീയും അമര്‍ന്നു കത്തുന്ന തീയും ഒന്നാണ്’ ഇറോം ഷര്‍മ്മിള ആളിക്കത്തുന്നില്ല എന്നതിനാല്‍ അവരുടെ തീക്ക് ചൂടില്ലെന്ന് ആരും തെറ്റിദ്ധരിക്കരുത്.
വിവരങ്ങള്‍ക്ക് കടപ്പാട്

Share/Bookmark

No comments: