scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Jan 31, 2011

"നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് പ്രതിരോധിക്കുക.


അസിമാനന്ദയുടെ മനം മാറ്റിയ കലീം
ശൈഖ് മുഹമ്മദ് കാരകുന്ന്

സംഘ്പരിവാര്‍ നടത്തിയ ചില സ്ഫോടനങ്ങളുടെ പേരില്‍ നിരപരാധികളായ നിരവധി ചെറുപ്പക്കാര്‍ പോലീസ് പിടിയിലായി. കൊടിയ പീഡനങ്ങള്‍ അവരുടെ ജീവിതം തകര്‍ത്തു. അവരില്‍ പലരും ഇപ്പോഴും ജയിലിലാണ്. ഇതിനൊക്കെയും കാരണക്കാരായ സംഘ്പരിവാര്‍ നേതാക്കളില്‍ പ്രധാനിയാണ് സ്വാമി അസിമാനന്ദ. ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള കടുത്ത പകയും ശത്രുതയുമാണ് ഈ ക്രൂരകൃത്യങ്ങള്‍ക്ക് അയാളെ പ്രേരിപ്പിച്ചത്. ഹിംസയുടെയും ഹീനതയുടെയും ആള്‍ രൂപമാവുകയായിരുന്നു സ്വാമി അസിമാനന്ദ.
എന്നാലിപ്പോള്‍ അസിമാനന്ദ ചെയ്ത തെറ്റുകളൊക്കെയും ദല്‍ഹി തീസ്ഹസാരി കോടതി മജിസ്ട്രേറ്റ് മുമ്പാകെ ഏറ്റു പറഞ്ഞിരിക്കുന്നു. കൂട്ടത്തില്‍ സ്ഫോടനങ്ങള്‍ക്ക് പണം നല്‍കിയത് ആര്‍.എസ്.എസ് ദേശീയ നേതാവ് ഇന്ദ്രേഷ് കുമാറാണെന്നും സ്ഫോടനങ്ങള്‍ നടത്താന്‍ ആര്‍.എസ്.എസ് പ്രചാരകരുടെ ഒരു സംഘം പ്രവര്‍ത്തിച്ചുവെന്നും വ്യക്തമാക്കുകയുണ്ടായി.

ഇവിടെ കുറ്റം ഏറ്റുപറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഒരു മുസ്ലിം ചെറുപ്പക്കാരന്റെ സമീപനമാണ്. മക്കാ മസ്ജിദ് സ്ഫോടനവുമായി ബന്ധപ്പെട്ട് തടവിലായ, നിരപരാധിയായ മുസ്ലിം യുവാവിനോടൊന്നിച്ചായിരുന്നു അസിമാനന്ദ ഹൈദരാബാദ് ജയിലില്‍. മരണശിക്ഷ ലഭിച്ചേക്കാമെന്ന് അറിഞ്ഞുകൊണ്ടുതന്നെ കുറ്റസമ്മതം നടത്താന്‍ തന്നെ പ്രേരിപ്പിച്ച സംഭവം അദ്ദേഹം മജിസ്ട്രേറ്റിനോട് പറഞ്ഞു:
"സര്‍, ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ് ജയിലില്‍ എന്നെ താമസിപ്പിച്ചപ്പോള്‍ എന്റെ സഹതടവുകാരിലൊരാള്‍ അബ്ദുല്‍ കലീം എന്ന മുസ്ലിം ചെറുപ്പക്കാരനായിരുന്നു. കലീമുമായുള്ള എന്റെ സഹവാസത്തിനിടെ, അജ്മീര്‍ സ്ഫോടനക്കേസിലാണ് അദ്ദേഹത്തെ അറസ്റ് ചെയ്തതെന്നും ഒന്നരവര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും മനസ്സിലായി. എന്റെ ജയില്‍വാസ സമയത്ത് കലീം എന്നെ ഒരുപാട് സഹായിച്ചു. എപ്പോഴും വെള്ളവും ഭക്ഷണവും മറ്റും കൊണ്ടുവന്നു തന്നു. കലീമിന്റെ സല്‍സ്വഭാവം എന്റെ മനസ്സിനെ ഇളക്കി. യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുകയും നിരപരാധികള്‍ വിട്ടയക്കപ്പെടുകയും ചെയ്യുന്ന തരത്തില്‍ കുറ്റസമ്മതം നടത്തി, ഇതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് അന്നു തന്നെ എന്റെ മനസ്സ് എന്നോടാവശ്യപ്പെട്ടു.''

തന്റെ ജയില്‍വാസത്തിന് കാരണക്കാരനായ അസിമാനന്ദയോട് കലീം സ്വീകരിച്ച സമീപനത്തിന്റെ വാര്‍ത്ത വായിച്ച, ഖുര്‍ആനെ സംബന്ധിച്ച് സാമാന്യ ജ്ഞാനമുള്ളവരിലെല്ലാം ഒരു വിശുദ്ധ വചനം തെളിഞ്ഞു വന്നിട്ടുണ്ടാവും. നാല്‍പത്തി ഒന്നാം അധ്യായത്തിലെ മുപ്പത്തിനാലും മുപ്പത്തിയഞ്ചും സൂക്തങ്ങള്‍: "നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് പ്രതിരോധിക്കുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായി മാറുന്നത് നിനക്കു കാണാം. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.''

ഇതിന്റെ വിശദീകരണത്തില്‍ ആധുനിക കാലത്തെ ഏറ്റവും ശ്രദ്ധേയനായ ഇസ്ലാമിക പണ്ഡിതന്‍ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി എഴുതുന്നു: "തിന്മയെ കേവലം നന്മകൊണ്ട് നേരിടുക എന്നല്ല, പ്രത്യുത വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള നന്മകൊണ്ട് നേരിടുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. അതായത് ഒരാള്‍ നിങ്ങളോട് തിന്മ ചെയ്യുകയും നിങ്ങള്‍ അയാള്‍ക്ക് മാപ്പ് കൊടുക്കുകയുമാണെങ്കില്‍ അത് വെറുമൊരു നന്മയാണ്. നിങ്ങളോട് ദുഷിച്ച രീതിയില്‍ പെരുമാറിയ ആളോട് നിങ്ങള്‍ക്ക് അവസരം കിട്ടുമ്പോള്‍ ഏറ്റവും ശ്രേഷ്ഠമായ രീതിയില്‍ പെരുമാറുക എന്നതാണ് ഉന്നത നിലവാരത്തിലുള്ള നന്മ. ബദ്ധശത്രു പോലും പിന്നീട് ആത്മമിത്രമായിത്തീരുന്നു എന്നതാണ് അതിന്റെ ഫലമായി പറഞ്ഞിട്ടുള്ളത്. എന്തുകൊണ്ടെന്നാല്‍ അതാണ് മനുഷ്യ പ്രകൃതി. ശകാരത്തിന്റെ മുമ്പില്‍ നിങ്ങള്‍ മൌനം പാലിച്ചാല്‍ തീര്‍ച്ചയായും അതൊരു നന്മയാണ്. പക്ഷേ, അതുകൊണ്ട് ശകാരക്കാരന്റെ നാവടക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ ശകാരത്തിന് മറുപടിയായി ശകാരിക്കുന്നവനുവേണ്ടി പ്രാര്‍ഥിക്കുകയാണെങ്കില്‍ ഏറ്റവും നിര്‍ലജ്ജനായ ശത്രുപോലും ലജ്ജിച്ചു പോവും. പിന്നെ വളരെ പ്രയാസത്തോടു കൂടിയേ നിങ്ങളെ പുലഭ്യം പറയാന്‍ വാ തുറക്കാന്‍ അയാള്‍ക്ക് കഴിയുകയുള്ളൂ. ഒരാള്‍ നിങ്ങളെ ദ്രോഹിക്കാന്‍ കിട്ടുന്ന ഒരവസരവും കൈവിടാതിരിക്കുകയും നിങ്ങള്‍ അയാളുടെ അതിക്രമങ്ങളെല്ലാം നിശ്ശബ്ദം സഹിച്ചുപോരുകയും ചെയ്താല്‍ അയാള്‍ തന്റെ ദുഷ്ടതകളില്‍ കൂടുതല്‍ ഉത്സുകനായി എന്നു വരാം. പക്ഷേ, അവന് കഷ്ടത വരുന്ന ഒരവസരമുണ്ടാകുമ്പോള്‍ നിങ്ങളവനെ രക്ഷിക്കുകയാണെങ്കില്‍ അവന്‍ നിങ്ങളുടെ കാല്‍ക്കീഴില്‍ വരും. കാരണം, ആ നന്മയെ നേരിടുക ഏത് ദുഷ്ടതക്കും നന്നെ പ്രയാസകരമാണ്. എന്നാല്‍, ഉന്നത നിലവാരത്തിലുള്ള ഈ നന്മകൊണ്ട് ഏതു ശത്രുവും ആത്മമിത്രമായിത്തീരുക അനിവാര്യമാണെന്ന് ഈ പൊതുതത്ത്വത്തില്‍ അര്‍ഥം കല്‍പിക്കുന്നത് ശരിയായിരിക്കുകയില്ല. ഈ ലോകത്ത് ദുഷ്ട മനസ്സായ ചില ആളുകള്‍ ഇങ്ങനെയുണ്ട്. അവരുടെ അതിക്രമങ്ങള്‍ പൊറുക്കുന്നതിലും തിന്മയെ നന്മകൊണ്ടും ശ്രേഷ്ഠത കൊണ്ടും മറുപടി കൊടുക്കുന്നതിലും നിങ്ങള്‍ എത്ര തന്നെ പൂര്‍ണത കാണിച്ചാലും അവരുടെ വിഷസഞ്ചിയില്‍ അണു അളവ് കുറവുണ്ടാവില്ല. എങ്കിലും ഇത്തരം ദുഷ്ടതയുടെ പ്രതിരൂപമായ ആളുകള്‍ നന്മയുടെ പ്രതിരൂപമായ ആളുകളോളം തന്നെ വിരളമായേ കാണപ്പെടൂ'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ ഭാഗം: 4 പുറം: 420).

വെട്ടാന്‍ വരുന്നവനോട് വേദമോതുന്നത് വെറുതെയാണെന്ന വാദം പ്രായോഗിക സത്യത്തിന്റെ പ്രകാശനമായി പ്രത്യക്ഷത്തില്‍ തോന്നിയേക്കാം. പരുക്കന്‍ പ്രകൃതിയിലെ പ്രാകൃതത്വത്തിന് ദാര്‍ശനിക പരിവേഷം നല്‍കുന്നതും ആ വാദം തന്നെ. എന്നാല്‍ മുഷ്കും മുഷ്ടിയും മേധാവിത്തം പുലര്‍ത്തുന്ന പകയുടെയും പാരുഷ്യത്തിന്റെയും ലോകം പണിയാന്‍ വ്യഗ്രത പുലര്‍ത്തുന്നവര്‍ മാത്രമേ ഈ വാദമുന്നയിക്കുകയുള്ളൂ.
ഇരുട്ടിനെ ഇരുട്ടുകൊണ്ട് ഇല്ലാതാക്കുക സാധ്യമല്ല. തിന്മയെ തിന്മകൊണ്ടു തടയണമെന്ന വിചാരം വിവേകികളുടേതല്ല. വാളിനെ വിനയത്താലും വിട്ടുവീഴ്ചയാലും വിജയിക്കുന്നവരാണ് വിചാര ശീലര്‍. മര്‍ദകന്റെ മനസ്സുമാറ്റാന്‍ പീഡിതന്റെ പകരം ചോദിക്കലുകളേക്കാള്‍ ഫലപ്രദം പൊറുത്തുകൊടുക്കലുകളത്രെ. പ്രതികാരത്തിന് കരുത്തുണ്ടായിരിക്കെ വിശേഷിച്ചും.

വാക്കുകളെ കത്തികളാക്കി മുറിവേല്‍പിക്കുന്നവരെയും വടികൊണ്ട് അടിക്കുന്നവരെയും ആയുധംകൊണ്ട് ആക്രമിക്കുന്നവരെയും അതേപടി നേരിടുന്നതില്‍ ഔന്നത്യമില്ല. കിരാത യുഗത്തില്‍ കാട്ടാളര്‍ ചെയ്തിരുന്നത് അതാണ്. ശത്രുക്കളെ മിത്രങ്ങളും പരാക്രമികളെ പരോപകാരികളും മര്‍ദകരെ മനുഷ്യസ്നേഹികളും ക്രൂരന്മാരെ കരുണാര്‍ദ്രരുമാക്കി മാറ്റുന്നതിലാണ് മഹത്വം. വിവേകവും വിനയവും വിട്ടുവീഴ്ചയും വിശാല മനസ്കതയുമാണ് അതിന്റെ വഴി.

പ്രതികാരത്തിലൂടെ ശത്രുവിനെ ശാരീരികമായി തകര്‍ക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, മാനസികമായി കീഴ്പ്പെടുത്താനാവില്ല. എന്നാല്‍ വിട്ടുവീഴ്ചയും മാപ്പും എതിരാളിയുടെ ശരീരത്തോടൊപ്പം മനസ്സിനെയും കീഴ്പ്പെടുത്തുന്നു. അകന്നവന്‍ അതിലൂടെ അടുക്കുന്നു. ശത്രു ആത്മമിത്രമായി മാറുന്നു. എങ്കിലും മര്‍ദകനോട് മമത പുലര്‍ത്താനും മാര്‍ദവമായി പെരുമാറാനും ഏറെ പേര്‍ക്കും സാധ്യമല്ല. അസാമാന്യ ക്ഷമയുള്ളവര്‍ക്കേ അതിനു കഴിയുകയുള്ളൂ. ഖുര്‍ആന്‍ വ്യക്തമാക്കിയതുപോലെ മഹാഭാഗ്യവാന്മാര്‍ക്കും

Share/Bookmark

No comments: