scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Mar 18, 2019

അന്ന് നമ്മളൊറ്റക്ക് അവന്റെ മുന്നിലെത്തും'

അന്ന് നമ്മളൊറ്റക്ക് അവന്റെ മുന്നിലെത്തും'


 ✍🏻സി.ടി സുഹൈബ് 

'വരൂ, നമുക്കല്‍പനേരം ഈമാന്‍ വര്‍ധിപ്പിക്കാം' - ഭരണനിര്‍വഹണത്തിന്റെയും മറ്റും തിരക്കിനിടയില്‍ ഉമര്‍(റ) സഹപ്രവര്‍ത്തകരോട് ഇങ്ങനെ പറയാറുണ്ടായിരുന്നു. ജീവിതത്തിന്റെ തിരക്കുകള്‍ക്കും നെട്ടോട്ടങ്ങള്‍ക്കുമിടയില്‍ കുറച്ച് സമയം നമുക്ക് ഒറ്റക്കിരിക്കാന്‍ കഴിയണം. മറ്റെല്ലാ ആലോചനകളും മാറ്റിവെച്ച് അല്ലാഹുവിനെ കുറിച്ചും നമ്മളെ കുറിച്ചു തന്നെയും ഓര്‍ത്തെടുത്ത് അല്‍പസമയം മാറിയിരിക്കണം. നുബുവ്വത്ത് ലഭിച്ച ആദ്യനാളുകളില്‍, ഉത്തരവാദിത്തത്തെക്കുറിച്ച് പഠിപ്പിച്ചുകൊടുക്കുന്ന ആദ്യവേളയില്‍ രാത്രിനമസ്‌കാരത്തെ പ്രത്യേകം എടുത്തു പറയുന്നുണ്ട് റസൂലി(സ)നോട്. അതിനോട് ചേര്‍ത്തുപറയുന്ന ഒരു കാര്യമുണ്ട്; 'നിന്റെ നാഥന്റെ നാമം സ്മരിക്കുക, മറ്റെല്ലാറ്റില്‍നിന്നും വിട്ടൊഴിഞ്ഞ് അവനില്‍ മാത്രം മുഴുകുക' (അല്‍മുസ്സമ്മില്‍ 8). പരലോകത്ത് പ്രത്യേകമായി തണല്‍ നല്‍കപ്പെടുന്ന ചിലരെ പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ റസൂല്‍(സ) പറയുന്നുണ്ട്, 'അല്ലാഹുവിനെ ഓര്‍ത്ത് ഒറ്റക്കിരുന്ന് കണ്ണീരൊഴുക്കിയവരെ'ക്കുറിച്ച്.


ദൈവസ്മരണ ജീവിതത്തിന്റെ മുഴു സന്ദര്‍ഭങ്ങളിലും വിശ്വാസിയുടെ കൂട്ടിനുണ്ടാകേണ്ട ബോധമാണ്. അങ്ങനെയായിരിക്കുമ്പോള്‍ തന്നെയും ചില സമയങ്ങള്‍ അവനെ ഓര്‍ക്കാനും അവനോട് സംസാരിക്കാനുമായി മാത്രം മാറ്റിവെക്കേണ്ടതുണ്ട് എന്നതിലേക്കുള്ള സൂചനയാണ് മുകളില്‍ പറഞ്ഞ ഖുര്‍ആന്‍ സൂക്തവും റസൂലിന്റെ അധ്യാപനവും.

നമുക്കോരോരുത്തര്‍ക്കും ഓടിക്കൊണ്ടിരിക്കാന്‍ നമ്മുടേതായൊരു ലോകമുണ്ട്. ചിന്തിക്കാനും ആലോചിക്കാനും സന്തോഷിക്കാനും അസ്വസ്ഥപ്പെടാനുമൊക്കെ പല കാരണങ്ങളുണ്ട്. അതിനിടയില്‍ മറന്നുപോകുന്ന ചില യാഥാര്‍ഥ്യങ്ങളും ബോധ്യങ്ങളും തിരിച്ചുപിടിക്കാന്‍ തിരക്കുകളില്‍നിന്ന് മാറിയിരിക്കുന്ന ചില വേളകള്‍ നമുക്ക് വേണം. മനസ്സ് ശാന്തമാവാനും പ്രവര്‍ത്തനങ്ങളും ഇടപെടലുകളും കൃത്യപ്പെടാനും അത് ഉപകരിക്കും.

കച്ചവടത്തിരക്കുകള്‍, ജോലിഭാരങ്ങള്‍, പഠനത്തിന്റെ മടുപ്പുകള്‍, കുടുംബകാര്യങ്ങള്‍, ഉത്തരവാദിത്തങ്ങളുടെ ടെന്‍ഷനുകള്‍..... മനസ്സില്‍ ഏറെ സമയം കൊണ്ടുനടക്കുന്ന അത്തരം വിചാരങ്ങളെല്ലാം മാറ്റിവെച്ച് ഒന്നിരിക്കണം. ശാന്തമായ മനസ്സിലേക്ക് അല്ലാഹുവിനെ കൊണ്ടുവരണം. അവനെ കണ്‍മുന്നില്‍ കാണുന്നതായി തോന്നണം. 'നീ എത്ര വലിയവനാണ്! നിന്റെ തീരുമാനങ്ങള്‍ക്കുള്ളിലല്ലേ ഞാനിങ്ങനെ ഓടിക്കൊണ്ടിരിക്കുന്നത്. നിന്റെ നിശ്ചയങ്ങള്‍ക്കപ്പുറമൊന്നും എന്റെ ജീവിതത്തില്‍ സംഭവിക്കില്ലല്ലോ' എന്ന വിശ്വാസം മനസ്സിരുത്തണം. അപ്പോള്‍ മനസ്സിലെ ഭാരങ്ങള്‍ ഇറങ്ങിപ്പോകുന്നതായി തോന്നും. അവനെ സ്തുതിച്ചും മഹത്വങ്ങള്‍ വാഴ്ത്തിയും ചുണ്ടുകള്‍ തസ്ബീഹും തക്ബീറും തഹ്മീദുമൊക്കെ ഉരുവിട്ടു തുടങ്ങും. മനസ്സില്‍ അവനോടുള്ള സ്‌നേഹം നിറഞ്ഞുതുടങ്ങും. അവനെ മറന്നുപോയ സമയങ്ങളെ ഓര്‍ത്ത് ഉള്ള് വേദനിക്കും. അവിടെ നമ്മള്‍ അവനോട് സംസാരിച്ചു തുടങ്ങണം. നമ്മളെ കുറിച്ച് എല്ലാം അറിയുമെന്ന് നമുക്ക് ബോധ്യമുണ്ടെങ്കിലും ഓരോന്നായി അവന് മുന്നില്‍ എടുത്തു പറയണം. അവനോട് സംസാരിക്കാന്‍ ഭാഷയോ പദങ്ങളോ പ്രശ്‌നമാകേണ്ടതില്ല. അവന്‍ മനസ്സിന്റെ മിടിപ്പുകളെ വായിക്കുന്നവനല്ലേ! അവനോടുള്ള സംസാരങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ പ്രയാസം തോന്നേണ്ടതില്ല. നമുക്ക് മടുക്കുവോളം അവന് മടുക്കില്ലെന്ന് റസൂല്‍(സ) പറഞ്ഞിട്ടില്ലേ. അവന്റെ മുന്നില്‍ കണ്ണ് നിറയുന്നതിനോ തന്റെ കഴിവുകേടുകള്‍ ഏറ്റുപറയുന്നതിനോ മടി കാണിക്കേണ്ടതില്ല. അവന്റെ മുന്നില്‍ ദുര്‍ബലനാകുന്നത് വിനയവും അന്തസ്സുമാണല്ലോ. പശ്ചാത്താപം ആത്മാര്‍ഥമാണെങ്കില്‍ അല്ലാഹു കൂടുതല്‍ അടുത്തേക്ക് വരും. അവന്‍ കൂടെയുണ്ടെന്ന തോന്നല്‍ ശക്തമാവും. അവനാണ് കൂടെയുള്ളതെങ്കില്‍ പിന്നെ മറ്റാരില്ലെങ്കിലും എനിക്കെന്ത്! അവന്റെ സ്‌നേഹം നേടിയെങ്കില്‍ പിന്നെ മറ്റെന്ത് നഷ്ടപ്പെട്ടാലെന്ത്! അങ്ങനെ നമ്മുടെ വേദനകള്‍, സങ്കടങ്ങള്‍, പരിഭവങ്ങള്‍, ഭയാശങ്കകള്‍, പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍ എല്ലാം അവനു മുന്നില്‍ പറഞ്ഞുവെക്കുമ്പോള്‍ മനസ്സില്‍ പ്രത്യേകമായൊരു അനുഭൂതി നിറയും. അവിടെ നമ്മള്‍ തിരിച്ചറിയും, 'അതേ, ദൈവസ്മരണകൊണ്ട് മാത്രമേ മനസ്സുകള്‍ ശാന്തമാകൂ.'

നമ്മെ കുറിച്ചു തന്നെ ആലോചിക്കാനും ഇത്തരം ഒഴിഞ്ഞിരിക്കലുകള്‍ വേിവരും. നമ്മുടെ ഭൗതിക ആവശ്യങ്ങളെയും സാഹചര്യങ്ങളെയും കുറിച്ചാണല്ലോ അധികസമയവും നമ്മുടെ മനസ്സില്‍ ആലോചനകളും പദ്ധതികളും ഉണ്ടാകാറുള്ളത്. പഠനം, ജോലി, ആരോഗ്യം, കുടുംബം, സൗകര്യങ്ങള്‍, ഇതിനിടയില്‍ മനസ്സിലേക്കൊന്നിറങ്ങി അതിലെ കുറവുകളും പ്രശ്‌നങ്ങളും കണ്ടെടുക്കേണ്ടതുണ്ട്. വിശ്വാസത്തിന്റെ ദൃഢത എത്രത്തോളമുണ്ടെന്ന് വിവിധ സാഹചര്യങ്ങളില്‍ നമ്മള്‍ സ്വീകരിച്ച നിലപാടുകള്‍ വെച്ച് ഒന്നളന്നുനോക്കണം. നമസ്‌കാരങ്ങളിലെ കൃത്യതയും മനസ്സാന്നിധ്യവും എത്ര മാത്രമുണ്ടെന്ന് മനസ്സിരുത്തി ഒന്ന് ചിന്തിച്ചുനോക്കണം. ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ച്, മറ്റുള്ളവരോടുള്ള പെരുമാറ്റത്തെക്കുറിച്ച്, സംസാരങ്ങളിലെ സൂക്ഷ്മതയെക്കുറിച്ച്, ഖുര്‍ആനുമായുള്ള ബന്ധത്തെക്കുറിച്ച് ഇങ്ങനെ ഓരോന്നായി ആലോചിക്കുമ്പോള്‍ ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടെന്ന് മനസ്സിലാകും. പലതും സന്തുലിതമല്ല എന്ന് നമുക്കു തന്നെ തോന്നും. ചിലതൊക്കെ ശരിയാക്കിയെടുക്കേണ്ടതുണ്ടെന്ന തീരുമാനങ്ങളിലേക്ക് അത് നമ്മെ കൊണ്ടെത്തിക്കും.

ചിന്തകളെയും ആലോചനകളെയും മൂര്‍ച്ച കൂട്ടാന്‍ ഏകാന്തമായ ഇരുത്തങ്ങള്‍ സഹായിക്കും. ചുറ്റിലും നടക്കുന്ന സംഭവങ്ങള്‍, കേള്‍ക്കുന്ന കാര്യങ്ങള്‍, വായിക്കുന്ന എഴുത്തുകള്‍ എല്ലാം മനസ്സിലിട്ട് ഏകാഗ്രതയോടെ ആലോചിക്കുമ്പോള്‍ ചില ആശയങ്ങള്‍ രൂപപ്പെടും. ചില വെളിപാടുകള്‍ക്ക് അത് നിമിത്തമാകും. ജയിലറകളിലെ ഏകാന്തതയാണല്ലോ കനപ്പെട്ട പല ചിന്തകള്‍ക്കും എഴുത്തുകള്‍ക്കും അവസരമായിത്തീര്‍ന്നിട്ടുള്ളത്.

മുഴു സമയങ്ങളിലും മനസ്സിലുണ്ടാകേണ്ട ബോധമാണ് ദൈവസ്മരണ എന്നിരിക്കെത്തന്നെ വാചികമായ ദിക്‌റുകള്‍ റസൂല്‍(സ) പഠിപ്പിച്ചുതരുന്നുണ്ട്. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. റസൂലുല്ലാഹ് (സ) പറഞ്ഞു: 'നാവുകള്‍ക്ക് ഉച്ചരിക്കാനേറെ എളുപ്പമുള്ളതും നന്മയുടെ തുലാസില്‍ കനമുള്ളതും കാരുണ്യവാനായ നാഥന് ഏറെ ഇഷ്ടപ്പെട്ടതുമായ രണ്ട് വാചകങ്ങളുണ്ട്; സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹില്‍ അളീം.'

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. റസൂല്‍(സ) പറഞ്ഞു: 'ആരെങ്കിലും ഒരു ദിവസം നൂറു തവണ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍ എന്നു പറഞ്ഞാല്‍ അവന് പത്ത് അടിമകളെ മോചിപ്പിച്ചതുപോലെയാണ്. അവനുമേല്‍ നൂറ് നന്മകള്‍ എഴുതപ്പെടുകയും നൂറ് തിന്മകള്‍ മായ്ക്കപ്പെടുകയും ചെയ്യും. അന്നേ ദിവസം അവസാനിക്കും വരെ പിശാചില്‍നിന്നുള്ള സംരക്ഷണവും നല്‍കപ്പെടും.'

ഇത്തരം പ്രവാചകാധ്യാപനങ്ങളില്‍ പറയുന്ന ദിക്‌റുകള്‍ മനസ്സാന്നിധ്യത്തോടെ ഉരുവിടാന്‍ നമ്മുടെ തിരക്കുകള്‍ക്കിടയില്‍ സമയമുണ്ടാകേണ്ടതുണ്ട്.

നമസ്‌കാരങ്ങള്‍ക്കു ശേഷമുള്ള സമയങ്ങളിലെ ദിക്‌റുകള്‍ പലപ്പോഴും മനസ്സറിഞ്ഞ് ചൊല്ലാന്‍ പലര്‍ക്കും കഴിയാറില്ല. അതിനാല്‍തന്നെ, ചില ദിക്‌റുകള്‍ ഉള്ളറിഞ്ഞ് ചൊല്ലാനും പ്രാര്‍ഥിക്കാനുമൊക്കെ ഇടക്ക് ചില സമയങ്ങള്‍ മാറ്റിവെക്കണം. അത് നല്‍കുന്ന സമാധാനവും ആത്മധൈര്യവും വിലപ്പെട്ടതാണ്.

അല്ലാഹു പറയുന്നുണ്ട്; '(അന്ന്) അവരെല്ലാം ഒറ്റക്കൊറ്റക്ക് അവന്റെ അടുത്ത് വന്നെത്തും' (മര്‍യം 95). ഒരുനാള്‍ നമുക്കൊറ്റക്ക് അല്ലാഹുവിനെ കണ്ടുമുട്ടാനുണ്ട്. അതിനു മുമ്പ് ഇവിടെവെച്ച് അവനുമായി ഒറ്റക്കിരിക്കണം. ഞാനും അവനും തമ്മില്‍ മാത്രമായിരിക്കുന്ന ചില സമയങ്ങളുണ്ടാവണം. മനസിലെ മാലിന്യങ്ങളും അസ്വസ്ഥതകളും ഇടക്കിടക്ക് ഒഴിവാക്കിക്കൊണ്ടിരിക്കണം. അപ്പോള്‍ ചിരിക്കുന്ന മുഖത്തോടെ, നിര്‍വൃതിയുള്ള മനസ്സോടെ നാളെ അവനെ നമുക്ക് കണ്ടുമുട്ടാനാകും.

Share/Bookmark

No comments: