scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Dec 20, 2013

ആഘോഷങ്ങളില്‍ ആശംസ കൈമാറാമോ? - ഡോ. യൂസുഫുല്‍ ഖറദാവി

ആഘോഷങ്ങളില്‍ ആശംസ കൈമാറാമോ?
ഡോ. യൂസുഫുല്‍ ഖറദാവി

ഞാന്‍ മള്‍ട്ടി നാഷ്നല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. മുസ്ലിംകളോടൊപ്പം ക്രിസ്ത്യന്‍ സുഹൃത്തുക്കളും അവിടെയുണ്ട്. വളരെ നല്ല സൌഹാര്‍ദത്തിലാണ് ഞങ്ങളെല്ലാവരും ജീവിക്കുന്നത്. ക്രിസ്മസ് വേളകളില്‍ അവര്‍ ഞങ്ങളെ ഭക്ഷണത്തിന് ക്ഷണിക്കാറുണ്ട്. ഞങ്ങള്‍ അവര്‍ക്ക് ക്രിസ്മസ് ആശംസകളും അര്‍പ്പിക്കാറുണ്ട്. ആശംസകളര്‍പ്പിക്കുന്നതും ക്രിസ്മസ് പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതും ഇസ്ലാമികല്ലെന്ന് ചിലര്‍ പറയുന്നു. യാഥാര്‍ഥ്യമെന്ത്?


മുസ്ലിംകളും ക്രിസ്ത്യാനികളും ഇടകലര്‍ന്ന് ജീവിക്കുമ്പോള്‍, ആ സാഹചര്യം അനിവാര്യമാക്കുന്ന പല തരത്തിലുള്ള ബന്ധങ്ങളും അവര്‍ക്കിടയില്‍ ഉണ്ടാകും. അയല്‍വാസം, ജോലി സ്ഥലത്തെ സഹപ്രവര്‍ത്തനം, പഠന കാലഘട്ടത്തിലെ സൌഹൃദം തുടങ്ങിയവ ഉദാഹരണം. ഒരു മുസ്ലിം അമുസ്ലിമിന്റെ സഹായം അനുഭവിക്കുന്ന സവിശേഷ സന്ദര്‍ഭങ്ങളും ഉണ്ടാവാം. ആത്മാര്‍ഥമായി ഒരു മുസ്ലിം വിദ്യാര്‍ഥിയുടെ മേല്‍നോട്ടം വഹിക്കുന്ന പ്രഫസര്‍, നിഷ്കളങ്കമായി മുസ്ലിം രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍ മുതലായവര്‍ ഉദാഹരണം. അത്തരം ഘട്ടങ്ങളില്‍ അവര്‍ക്കിടയില്‍ അഗാധമായൊരു ബന്ധം രൂപപ്പെടാന്‍ ഇടയുണ്ട്. കവി പറഞ്ഞതുപോലെ: "നീ ജനങ്ങളോട് നല്ല നിലയില്‍ പെരുമാറുക. എങ്കില്‍ അവരുടെ ഹൃദയങ്ങള്‍ നിനക്ക് കീഴ്പ്പെടുത്താം. സല്‍പെരുമാറ്റം എത്രയാണ് ആളുകളെ കീഴ്പ്പെടുത്തിയിട്ടുള്ളത്.''
മുസ്ലിംകളോട് യാതൊരു വിധ ശത്രുതയും പുലര്‍ത്താതെ, തീര്‍ത്തും സൌഹൃദത്തോടെ പെരുമാറുന്ന അമുസ്ലിംകളോട് ഒരു മുസ്ലിമിന്റെ നിലപാട് എന്തായിരിക്കണം? മുസ്ലിംകളും അല്ലാത്തവരും തമ്മിലുണ്ടാവേണ്ട ബന്ധത്തിന്റെ രീതിശാസ്ത്രം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (സൂറത്തുല്‍ മുംതഹിന). ബിംബാരാധകരായ മുശ്രിക്കുകളെ കുറിച്ച് അതില്‍ അല്ലാഹു പറയുന്നു: മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍ നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍ നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍ നിന്ന് മാത്രമാണ് അല്ലാഹു നിങ്ങളെ വിലക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു (അല്‍മുംതഹിന: 8,9).
ഈ രണ്ട് സൂക്തങ്ങള്‍ മുസ്ലിംകളോട് സൌഹൃദം കാത്തുസൂക്ഷിക്കുന്നവരെയും ശത്രുത പുലര്‍ത്തുന്നവരെയും വേര്‍തിരിച്ച് കാണിക്കുന്നു. ഒന്നാമത്തെ വിഭാഗത്തോട് (സൌഹാര്‍ദത്തിന്റെ വക്താക്കളോട്) നീതി പാലിക്കാനും അതിലപ്പുറം ഔദാര്യവും സല്‍പെരുമാറ്റവും കാഴ്ചവെക്കാനും ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. അവകാശങ്ങള്‍ നേടിയെടുക്കലും ഒരു വ്യക്തിയുടെ അവകാശങ്ങള്‍ പൂര്‍ണമായും വകവെച്ച് കൊടുക്കലും നീതിയുടെ താല്‍പര്യമാണ്. നമ്മുടെ ചില അവകാശങ്ങള്‍ വിട്ടുകൊടുത്ത് കൊണ്ട് മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടതിനേക്കാള്‍ കൂടുതല്‍ വകവെച്ച് കൊടുക്കുക എന്നത് കൂടിയാണ് ബിര്‍റിന്റെ വിവക്ഷ.
എന്നാല്‍, ഖുറൈശികളും മക്കാ മുശ്രിക്കുകളും ചെയ്തതുപോലെ, ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ മുസ്ലിംകളോട് ശത്രുത പ്രകടിപ്പിക്കുകയും യുദ്ധം ചെയ്യുകയും അന്യായമായി നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്ന ആളുകളോട് ഉപരിസൂചിത നിലപാട് സ്വീകരിക്കുന്നതിനെ ഖുര്‍ആന്‍ വിലക്കുകയും ചെയ്യുന്നു.
മുസ്ലിംകളോട് സൌഹൃദത്തില്‍ വര്‍ത്തിക്കുന്നവരോടുള്ള പെരുമാറ്റത്തെ കുറിക്കാന്‍ ഖുര്‍ആന്‍ പ്രയോഗിച്ചത് ബിര്‍റ് എന്ന പദമാണ്. അതാകട്ടെ, അല്ലാഹുവിനോടുള്ള ബാധ്യത കഴിഞ്ഞാല്‍ ഒരു മനുഷ്യന്റെ മേലുള്ള ഏറ്റവും മഹത്തായ ബാധ്യതയെ (ബിര്‍റുല്‍ വാലിദൈന്‍) കുറിക്കാന്‍ ഖുര്‍ആന്‍ പ്രയോഗിച്ച പദമാണ്.
അസ്മാ(റ)യില്‍ നിന്ന് നിവേദനം. അവര്‍ പ്രവാചകസന്നിധിയിലെത്തി ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാവ് എന്റെ അടുത്തേക്ക് വന്നിരിക്കുന്നു. അവരാകട്ടെ ബഹുദൈവാരാധകയാണ്. അവരും ഞാനും തമ്മില്‍ ഊഷ്മള ബന്ധം നിലനില്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഞാന്‍ അപ്രകാരം ബന്ധം പുലര്‍ത്തട്ടെയോ? പ്രവാചകന്‍ പറഞ്ഞു: നീ നിന്റെ മാതാവുമായി ഊഷ്മള ബന്ധം പുലര്‍ത്തുക. (ബുഖാരി, മുസ്ലിം)
ഒരു ബഹുദൈവവിശ്വാസിനിയോടുള്ള സമീപനമാണിത്. വേദക്കാരോടുള്ള ഇസ്ലാമിന്റെ സമീപനം മുശ്രിക്കുകളോടുള്ള സമീപനത്തേക്കാള്‍ മൃദുലമാണെന്നത് സുവിദിതമാണല്ലോ. അവര്‍ അറുത്തത് ഭക്ഷിക്കുന്നതും അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതുമെല്ലാം ഖുര്‍ആന്‍ അനുവദനീയമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: വേദക്കാരുടെ ഭക്ഷണം നിങ്ങള്‍ക്കും നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാകുന്നു. സത്യവിശ്വാസിനികളായ ചാരിത്രവതികളും, നിങ്ങള്‍ക്കുമുമ്പ് വേദം ലഭിച്ചവരില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കന്നു (അല്‍ മാഇദ 5). വിവാഹത്തിന്റെ അനിവാര്യതയും അതിന്റെ ഫലവുമാണ് ദമ്പതികള്‍ക്കിടയിലുള്ള സ്നേഹം. അല്ലാഹു പറയുന്നു: അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നു തന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും - അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍ - നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു (അര്‍റൂം 21).
തന്റെ ഇണയും ഗൃഹനായികയും ജീവിത പങ്കാളിയും മക്കളുടെ മാതാവുമായവളെ ഒരാള്‍ എങ്ങനെ സ്നേഹിക്കാതിരിക്കും? ദമ്പതികള്‍ തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു (അല്‍ബഖറ 187). ഈ വിവാഹത്തിന്റെ മറ്റൊരു അനിവാര്യതയും ഫലവുമാണ് ഇരുകുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം. മനുഷ്യര്‍ക്കിടയിലെ അടിസ്ഥാനപരവും പ്രകൃതിപരവുമായ ബന്ധങ്ങളിലൊന്നാണത്. അല്ലാഹു പറയുന്നു: ജലത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനും അവന്‍ തന്നെയാകുന്നു. എന്നിട്ട് അവനില്‍ വംശപാരമ്പര്യത്തിന്റെയും വിവാഹത്തിന്റെയും രണ്ട് വ്യത്യസ്ത ബന്ധങ്ങളും ഉണ്ടാക്കി (അല്‍ഫുര്‍ഖാന്‍ 54).
അതുപോലെ, അതിന്റെ ഭാഗമാണ് മാതൃത്വവും ഇസ്ലാം മാതാവിന് നല്‍കുന്ന അവകാശങ്ങളും. വേദക്കാരിയായ മാതാവിനെ സംബന്ധിച്ചേടത്തോളം സുപ്രധാനമായൊരു ആഘോഷം കടന്നുവരികയും എന്നിട്ട് അവര്‍ക്ക് ആശംസ നല്‍കാതിരിക്കുകയും ചെയ്യുക എന്നത് ഇസ്ലാം വിഭാവന ചെയ്യുന്ന സല്‍പെരുമാറ്റത്തിന്റെയും ബിര്‍റിന്റെയും ഭാഗമാണോ? അതുപോലെ മാതാവിന്റെ ബന്ധുക്കളോടുള്ള നമ്മുടെ സമീപനം എന്തായിരിക്കണം? കുടുംബ ബന്ധത്തിന്റേതായ അവകാശങ്ങള്‍ അവര്‍ക്കുണ്ടല്ലോ. ഖുര്‍ആന്‍ പറയുന്നു: "..... എന്നാല്‍ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് കുടുംബബന്ധുക്കള്‍ സാധാരണ വിശ്വാസികളെയും മുഹാജിറുകളെയും അപേക്ഷിച്ച് പരസ്പരം കൂടുതല്‍ അവകാശമുള്ളവരത്രെ (അല്‍അഹ്സാബ് 6), നിശ്ചയം അല്ലാഹു നീതിയും നന്മയും പ്രവര്‍ത്തിക്കാനും കുടുംബ ബന്ധങ്ങള്‍ പുലര്‍ത്താനും അനുശാസിക്കുന്നു (അന്നഹ്ല്‍ 90).
ഇസ്ലാം പഠിപ്പിക്കുന്ന വിശിഷ്ട സ്വഭാവവും ഹൃദയ വിശാലതയും പ്രകടമാവുന്ന രൂപത്തിലുള്ള ബന്ധം ഒരു മുസ്ലിമിന് മാതാവിനോടും കുടുംബക്കാരോടും ഉണ്ടാവണമെന്ന് അവരോടുള്ള അവകാശം താല്‍പര്യപ്പെടുന്നുവെങ്കില്‍ മറ്റു അവകാശങ്ങള്‍ ഒരു സല്‍സ്വഭാവിയായ മനുഷ്യനായി പ്രത്യക്ഷപ്പെടാന്‍ ഒരു മുസ്ലിമിനെ ബാധ്യസ്ഥനാക്കുന്നു. ഒരിക്കല്‍ അബൂദര്‍റി(റ)നെ ഉപദേശിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു: നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. തിന്മയെ തുടര്‍ന്ന് നന്മ ചെയ്യുക. ആ നന്മ തിന്മയെ മായ്ച്ചുകൊള്ളും. ജനങ്ങളോട് ഉദാത്തമായ സ്വഭാവത്തോടെ പെരുമാറുകയും ചെയ്യുക. (തിര്‍മിദി, അഹ്മദ്). ഇവിടെ മുസ്ലിംകളോട് മാത്രം എന്നല്ല മറിച്ച് ജനങ്ങളോട് നല്ല നിലയില്‍ പെരുമാറുക എന്നാണ് പറഞ്ഞിട്ടുള്ളത്. അതുപോലെ പ്രവാചകന്‍ സൌമ്യമായി പെരുമാറാന്‍ പ്രോത്സാഹിപ്പിക്കുകയും തീവ്രതയെയും പരുഷതയെയും കുറിച്ച് ജാഗ്രത പാലിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. 
പ്രവാചക സന്നിധിയില്‍ ഏതാനും ജൂതന്മാര്‍ വന്ന് അസ്സാമു അലൈക എന്ന് അഭിവാദ്യം ചെയ്തു. (നാശം മരണം എന്നൊക്കെയാണ് അസ്സാം എന്നതിന്റെ അര്‍ഥം). ഇത് കേട്ട ആഇശ(റ) ഇങ്ങനെ പ്രതികരിച്ചു: അല്ലാഹുവിന്റെ ശത്രുക്കളേ, നിങ്ങള്‍ക്കും നാശവും ശാപവും ഉണ്ടാവട്ടെ. എന്നാല്‍, അതിന്റെ പേരില്‍ പ്രവാചകന്‍ ആഇശയെ ആക്ഷേപിക്കുകയാണുണ്ടായത്. അപ്പോള്‍ ആഇശ ചോദിച്ചു: അവര്‍ പറഞ്ഞത് താങ്കള്‍ കേട്ടില്ലേ? പ്രവാചകന്‍ പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ കേട്ടു. വഅലൈകും എന്ന് ഞാന്‍ മറുപടി പറയുകയും ചെയ്തു (നിങ്ങള്‍ പറഞ്ഞ പ്രകാരം നിങ്ങള്‍ക്കും സംഭവിക്കട്ടെ എന്ന് സാരം). ശേഷം പ്രവാചകന്‍ പറഞ്ഞു: എല്ലാ കാര്യത്തിലും അല്ലാഹു സൌമ്യത ഇഷ്ടപ്പെടുന്നു (ബുഖാരി, മുസ്ലിം).
ഇസ്ലാമിക ആഘോഷവേളകളില്‍ മുസ്ലിംകള്‍ക്ക് ആശംസ നേരാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് അവരുടെ ആഘോഷവേളകളില്‍ ആശംസകള്‍ നേരുക എന്നത് തീര്‍ച്ചയായും ഇസ്ലാം അംഗീകരിക്കുന്ന കാര്യമാണ്. നന്മക്ക് പകരം നന്മ ചെയ്യാനും അഭിവാദ്യങ്ങള്‍ക്ക് കൂടുതല്‍ ഉചിതമായ രീതിയിലോ നന്നേ ചുരുങ്ങിയത് തത്തുല്യമായോ പ്രത്യഭിവാദ്യം ചെയ്യാനും നാം കല്‍പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: മാന്യമായി അഭിവാദനം ചെയ്യപ്പെട്ടാല്‍ അതിലും ഭംഗിയായി അല്ലെങ്കില്‍ ചുരുങ്ങിയത് അതുപോലെയെങ്കിലും നിങ്ങള്‍ പ്രത്യഭിവാദനം ചെയ്യണം (അന്നിസാഅ് 86).
ആദരവിന്റെയും മറ്റു ഉല്‍കൃഷ്ട സ്വഭാവങ്ങളുടെയും കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ പിന്നില്‍ നില്‍ക്കുക ഒരു മുസ്ലിമിന് ഭൂഷണമല്ല. മാത്രമല്ല, അക്കാര്യത്തില്‍ മറ്റെല്ലാവരേക്കാളും മുന്‍പന്തിയില്‍ നില്‍ക്കേണ്ടവനാണ് മുസ്ലിം. പ്രവാചകന്‍ പറഞ്ഞു: വിശ്വാസികളില്‍ ഈമാന്‍ ഏറ്റവും പൂര്‍ണമായവന്‍ അവരില്‍ ഏറ്റവും ഉത്കൃഷ്ട സ്വഭാവമുള്ളവനാകുന്നു. (അഹ്മദ്, അബൂദാവൂദ്). മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ശ്രേഷ്ഠ സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനായാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. (ബുഖാരി/അല്‍ അദബുല്‍ മുഫ്റദ്).
അഗ്നിയാരാധകനായ ഒരാള്‍ ഇബ്നു അബ്ബാസിനോട് 'അസ്സലാമു അലൈകും' എന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം 'വ അലൈകുമുസ്സലാം വ റഹ്മത്തുല്ലാഹി' എന്ന് മറുപടി പറഞ്ഞു. അന്നേരം ചില ആളുകള്‍ പറഞ്ഞു: അയാള്‍ക്ക് അല്ലാഹുവിന്റെ കാരുണ്യമുണ്ടാവട്ടെ എന്ന് ആശംസിക്കുകയോ? ഇബ്നു അബ്ബാസ് പറഞ്ഞു: അല്ലാഹുവിന്റെ കാരുണ്യത്തിലല്ലേ അയാള്‍ ജീവിക്കുന്നത്?
അമുസ്ലിംകളെ ഇസ്ലാമിലേക്ക് ക്ഷണിക്കാനും ഇസ്ലാമുമായി അവരെ അടുപ്പിക്കാനും വിശ്വാസികളെ അവര്‍ക്ക് പ്രിയപ്പെട്ടവരാക്കാനും നാം ഉദ്ദേശിക്കുന്നുവെങ്കില്‍ അത് പരസ്പരമുള്ള അകല്‍ച്ചയിലൂടെ സാധ്യമാവില്ല എന്ന് ഇത് ഊന്നിപ്പറയുന്നു.
തന്നെയും അനുയായികളെയും പീഡിപ്പിച്ചുകൊണ്ടിരിക്കെ, മക്കാ ജീവിത കാലത്തുടനീളം ഖുറൈശികളിലെ മുശ്രിക്കുകളോട് വളരെ ആദരണീയവും ഉല്‍കൃഷ്ടവുമായ രീതിയിലായിരുന്നു പ്രവാചകന്‍ പെരുമാറിയിരുന്നത്. എത്രത്തോളമെന്നാല്‍, തങ്ങളുടെ വസ്തുക്കള്‍ സൂക്ഷിക്കാന്‍ പ്രവാചകനെയാണ് അവര്‍ ഏല്‍പിച്ചിരുന്നത്. മദീനയിലേക്ക് ഹിജ്റ പോയപ്പോള്‍ അവയെല്ലാം ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കാന്‍ നബി(സ) അലി(റ)യെ ചുമതലപ്പെടുത്തുകയുണ്ടായി.
അതിനാല്‍, ആഘോഷവേളകളില്‍ ഒരു മുസ്ലിം വ്യക്തിപരമായോ, അല്ലെങ്കില്‍ ഒരു ഇസ്ലാമിക സ്ഥാപനമോ സംഘമോ വേദക്കാര്‍ക്ക് വാക്കാലോ, ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ കുരിശ് പോലുള്ള ചിഹ്നങ്ങളോ പ്രസ്താവനകളോ ഇല്ലാത്ത കാര്‍ഡുകളിലൂടെയോ ആശംസ നേരുന്നതില്‍ തെറ്റില്ല. അത്തരം സന്ദര്‍ഭങ്ങളിലുള്ള സാമ്പ്രദായിക ആശംസാ വാചകങ്ങളില്‍ അവരുടെ മതത്തെ അംഗീകരിക്കുകയോ അതിനെ തൃപ്തിപ്പെടുകയോ ചെയ്യുന്ന ഒന്നുമില്ല. ജനങ്ങള്‍ ശീലമാക്കിയ ചില ഭംഗി വാക്കുകള്‍ മാത്രമാണവ.
അതുപോലെ അവരില്‍ നിന്ന് പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നതിലും തെറ്റില്ല. ഈജിപ്തിലെ മുഖൌഖിസ് രാജാവ് പോലുള്ളവരില്‍ നിന്ന് പ്രവാചകന്‍ പാരിതോഷികങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം അവ മുസ്ലിമിന് നിഷിദ്ധമായ വസ്തുക്കളാകരുത്. ഇബ്നു തൈമിയ്യയെ പോലുള്ള ചില പണ്ഡിതന്മാര്‍ വേദക്കാരുടെയും മുശ്രിക്കുകളുടെയും ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇഖ്തിദാഉ സ്സ്വിറാത്തില്‍ മുസ്തഖീം എന്ന ഗ്രന്ഥത്തില്‍ അത് കാണാം.
മുസ്ലിംകള്‍ വേദക്കാരുടെയും മുശ്രിക്കുകളുടെയും ആഘോഷങ്ങള്‍ കൊണ്ടാടുക എന്ന വിഷയത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ വീക്ഷണക്കാരനാണ്. ചില മുസ്ലിംകള്‍ ഈദുല്‍ ഫിത്വ്റും ഈദുല്‍ അദ്ഹായും പോലെ- ചിലപ്പോള്‍ ഒരു പടികൂടി മുന്നോട്ട് പോയി- ക്രിസ്മസും ആഘോഷിക്കുന്നത് കാണാം. ഇതൊരിക്കലും അനുവദനീയമല്ല. നമുക്ക് നമ്മുടെ ആഘോഷങ്ങളുണ്ട്. അവര്‍ക്ക് അവരുടേതും. അതേസമയം മറ്റു മതസ്ഥരുമായി കുടുംബബന്ധമോ അയല്‍പക്ക ബന്ധമോ സൌഹൃദമോ, സ്നേഹവും സല്‍പെരുമാറ്റവും ആവശ്യമായതും സര്‍വാംഗീകൃതവുമായ മറ്റു സാമൂഹിക ബന്ധങ്ങളോ ഉള്ളവര്‍ അവരുടെ ആഘോഷവേളകളില്‍ ആശംസകള്‍ അര്‍പ്പിക്കുന്നതില്‍ കുഴപ്പമുണ്ടെന്ന് എനിക്ക് അഭിപ്രായമില്ല.
ഇബ്നു തൈമിയ്യ തന്റെ സമകാലിക അവസ്ഥകള്‍ മുന്നില്‍ വെച്ചാണ് ഈ വിഷയത്തില്‍ ഫത്വ നല്‍കിയിട്ടുള്ളത്. അദ്ദേഹം ആധുനിക ലോകത്ത് ജീവിക്കുകയും ആളുകള്‍ പരസ്പരമുള്ള ബന്ധങ്ങളുടെ അടുപ്പവും ലോകം ഒരു ചെറിയ ഗ്രാമമായി ചുരുങ്ങിയതും മറ്റു മതസ്ഥരുമായുള്ള മുസ്ലിംകളുടെ സഹവര്‍ത്തിത്വത്തിന്റെ ആവശ്യകതയും - ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, നിരവധി വിജ്ഞാനീയങ്ങളിലും വ്യവസായങ്ങളിലും അവരാണ് മുസ്ലിംകളുടെ ഗുരുക്കള്‍- ഇതര മതവിഭാഗങ്ങളോട് അടുത്തിടപഴകുക എന്ന ഇസ്ലാമിക പ്രബോധനത്തിന്റെ താല്‍പര്യവും, ഒരു മുസ്ലിം ഇതര മതങ്ങളില്‍ പെട്ട അയല്‍വാസിക്കോ സുഹൃത്തിനോ അധ്യാപകനോ അവരുടെ ആഘോഷവേളകളില്‍ ആശംസ നേരുമ്പോള്‍ അത് അവരുടെ ആദര്‍ശമോ വിശ്വാസമോ അംഗീകരിച്ചുകൊണ്ടോ തൃപ്തിപ്പെട്ടു കൊണ്ടോ അല്ലെന്നും ബോധ്യപ്പെടുകയും ചെയ്തിരുന്നെങ്കില്‍- പൊതുവായി ക്രിസ്മസിന്റെയെല്ലാം മതകീയ മുഖം നഷ്ടപ്പെടുകയും അത് കേവലം തിന്നാനും കുടിക്കാനും അവധി ദിനങ്ങള്‍ ആസ്വദിക്കാനുമുള്ള സന്ദര്‍ഭമായി കാണുമ്പോള്‍ വിശേഷിച്ചും- അദ്ദേഹം തന്റെ നിലപാട് മാറ്റുകയോ അല്ലെങ്കില്‍ ലഘൂകരിക്കുകയോ ചെയ്യുമായിരുന്നു. കാലം, ദേശം, സാഹചര്യം എന്നിവയെല്ലാം തന്റെ ഫത്വകളില്‍ പരിഗണിച്ചിരുന്നയാളാണ് അദ്ദേഹം.
മതപരമായ ആഘോഷങ്ങളുടെ കാര്യമാണ് ഇതുവരെ വിശദീകരിച്ചത്. എന്നാല്‍, സ്വാതന്ത്യ്രദിനം, റിപ്പബ്ളിക് ദിനം പോലുള്ള ദേശീയ ആഘോഷങ്ങളിലും, മാതൃദിനം, ശിശുദിനം, തൊഴിലാളി ദിനം പോലുള്ള സാമൂഹിക ആഘോഷങ്ങളിലും ആശംസകള്‍ അര്‍പ്പിക്കാനും പൌരനെന്ന നിലയില്‍ ആ ആഘോഷങ്ങളില്‍ പങ്കെടുക്കാനും മുസ്ലിമിന് തടസങ്ങളില്ല. അത്തരം വേളകളിലുണ്ടായേക്കാവുന്ന നിഷിദ്ധതകളില്‍ പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നുമാത്രം. 
വിവ: അബൂദര്‍റ് എടയൂര്‍
കടപ്പാട് - പ്രബോധനം


Share/Bookmark

No comments: