ആലിയാ അറബിക് കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനം -
പങ്കെടുത്തവരുടെ അനുഭവക്കുറിപ്പിലൂടെ
2024 ഡിസംബർ 14 15 തീയതികളിൽ കാസർകോട് ആലിയ അറബിക് കോളേജിൽ വെച്ച് നടന്ന ആലിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്ത വിവിധ വർഷങ്ങളിൽ ആലിയാ കോളേജിലും മദ്രസയിലും ബനാത്തിലും പഠിച്ചവരുടെ സമ്മേളനത്തെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകൾ ഇവിടെ ക്രോഡീകരിക്കുന്നു
- ടി. ഇ. എം. റാഫി വടുതല
ആലിയാ, നീ എത്ര ധന്യം.
ചെമ്മനാട്ടുകാരേ, നിങ്ങൾ എത്ര ഹൃദ്യം .
*************************
കാസര്‍കോട് ആലിയ കോളേജിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം വളരെ ആവേശത്തോടെ സമാപിച്ചു.
അല്ലാഹുവിനു സ്തുതി.
ആദ്യ കാല ബാച്ചിലെ ഒ.പി. അബ്ദുസ്സാം മൗലവി മുതൽ അവസാന വർഷം പഠിച്ചിറങ്ങിയ വിദ്യാത്ഥി വിദ്യാത്ഥിനികൾ വരെയുള്ള നീണ്ട തലമുറകളുടെ ജനപ്രവാഹം.
നക്ഷത്രങ്ങൾ പുഞ്ചിരിച്ച സ്നേഹ സംഗമം.
പുസ്തകത്താളുകളിൽ നിന്ന് ജീവിതത്തിനു ദിശാ ബോധം നിണ്ണയിച്ചു തന്ന
ഗുരുവര്യന്മാർ .
കെ.വി. ഉസ്താദ്, കെ.എം. ഉസ്താദ്, സി.എൽ ഉസ്താദ്, ഹൈദർ ഉസ്താദ് ഇവർക്കൊപ്പം പല സന്ദർഭങ്ങളിലായി ആലിയയിൽ സേവനം ചെയ്ത ചിറ്റടി ഉസ്താദ് മുതലുള്ള നൂറോളം പൂർവ്വ അധ്യാപകർ.
ത്വാഈ ഉസ്താദ് മുതൽ...... എൻ. മുഹമ്മദ് ഉസ്താദ് വരെയുള്ള പരേതരായ ഗുരുനാഥന്മാർ. അല്ലാഹുവേ നീ അവരെ ആദരിക്കേണമേ നിൻ്റെ സ്വർഗത്തിൽ.
വാർദ്ധകൃത്തിൻ്റെ ഗരിമയും യുവത്വത്തിൻ്റെ പൊലിമയും ഉൾചേർന്ന വലിയ മഹാ സംഗമം.